2012, ഏപ്രിൽ 10, ചൊവ്വാഴ്ച

ഞാൻ ഹിന്ദുമതക്കാരനല്ല; ഹിന്ദുമതം എന്നൊരുമതവും ഇല്ല


1960കളിൽ (1970കളിലും ആകാം) ഭാരതത്തിലെ ഒരു പ്രശസ്തമായ വാരികയിൽ “ഞാൻ എന്തുകൊണ്ടു് ഹിന്ദു ആയി” എന്ന ഒരു ലേഖനപരമ്പര വരികയുണ്ടായി. അതു വായിച്ചപ്പോൾ മുതൽ ആലോചന തുടങ്ങി, ‘ഞാൻ ഹിന്ദു ആണോ’ എന്നതിനെപ്പറ്റി. ആ ചിന്താധാരയിലൂടെയുള്ള യാത്രയിൽ മനസ്സിലായ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
ചിന്ത മുന്നോട്ടു പോയപ്പോൾ ഹിന്ദു ആണെന്നു തോന്നിത്തുടങ്ങി. “ഹിന്ദു” ആണെന്നു തോന്നിത്തുടങ്ങിയപ്പോൾ ഈ “ഹിന്ദു” എന്താണെന്നു തേടിനോക്കി. അപ്പോൾ മൻസ്സിലായി ശരിക്കും പറഞ്ഞാൽ അങ്ങനെ ഒന്നില്ല എന്നു്. കൂടുതൽ അന്ന്വഷിച്ചപ്പോൾ മനസ്സിലായി ഇതു് ചില വിദേശികളുടെ ഭാരതത്തിന്‍റെ ദാർശനികതയെക്കുറിച്ചുള്ള അറിവില്ലായ്മയും ഭാരതീയ ഭാഷകളെക്കുറിച്ചുള്ള അറിവില്ലായ്മയും, ആ ഭാഷകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകേടും ചേർന്നുണ്ടാക്കിയ ഒരു തെറ്റാണെന്നു്. (ഇതു് മനഃപൂർവ്വമായി ചെയ്താണുന്നും സംശയിക്കണം. അതിനെപ്പറ്റി ഇനിയൊരിക്കൽ ചിന്തിക്കാം.) ആ തെറ്റിനെ എതിർത്തില്ലാ എന്ന തെറ്റു് ഭാരതീയരായ നമ്മുടെ പൂർവ്വികരുടേതു തന്നെ. കൂടാതെ അതിനെത്തന്നെ ഖണ്ഡങ്ങളാക്കി, ബുദ്ധമതം, ജൈനമതം, ശൈവമതം, ശക്തി മതം, വൈഷ്ണവമതം എന്നെല്ലാം പേരുകൾ നല്കിയതിനെയും എതിർത്തില്ല എന്നതും നമ്മുടെ പൂരവ്വികരുടെ മറ്റൊരു തെറ്റ്. ആ തെറ്റുകളെയെല്ലാം അംഗീകരിക്കുകയും അവയ്ക്കനുസരിച്ചു ഭരതത്തിന്‍റെ ആത്മീയതയെ തരം താഴ്ത്തി മതങ്ങളുടെ പട്ടികയിലാക്കിയതിനെയും നമ്മുടെ പൂരവ്വികർ എതിർത്തില്ല. തന്നെയുമല്ല അവർ സ്വയം അതു പ്രഖ്യാപിച്ചു നടക്കുകയും ചെയ്തു. പിന്തുടർച്ചക്കാരായ നമ്മളും അതുതന്നെ ചെയ്തു.
ഈ തെറ്റുകളെയെല്ലാം തിരുത്തേണ്ട സമയം ആയി. അതിനെ എതിർക്കേണ്ടതും അത്യാവശ്യം ആയിരിക്കുന്നു. ഭാരതത്തിന്‍റെ ആത്മീയതയുടെ കുത്തകക്കാർ എന്നു സ്വയം നടിച്ചു നടക്കുകയും, അങ്ങനെ തന്നേ എന്നു വളരെപ്പേർ സമ്മതിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള സംഘടനകളും സാമൂഹ്യ-സാംസ്കാരിക-ആത്മീയ നേതാക്കളും ഇനിയെങ്കിലും ‘ഹിന്ദുത്വത്തെ’യും ‘ഹിന്ദുമതം മറ്റുള്ളമതങ്ങൾ പോലെയല്ല’ എന്ന വാദത്തേയും വിട്ടിട്ട്; ‘ഞങ്ങളുടേതു ഒരു വെറും മതമല്ലാ, ഈ സനാതനമായ ധർമ്മം, ജീവാത്മ-പരമാത്മ ഏകോപനമായ മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം ആണെന്നും, ഇതു മതങ്ങൾക്കെല്ലാം അതീതമായ അദ്ധ്യാത്മജ്ഞാന-വിജ്ഞാനത്തിന്‍റെയും ആത്മീയജ്ഞാന-വിജ്ഞാനത്തിന്‍റെയും ശാസ്ത്രം ആണെന്നും’, ഉദ്ഘോഷിക്കേണ്ട സമയം ആണിത്. അതിനവർക്കു് സാധിക്കട്ടേ – നമുക്കും - എന്നു് ആഗ്രഹിക്കുന്നു.

ഭാരതത്തിന്‍റെ ആത്മീയത; സനാതനമായ ഈ ധർമ്മം വെറും ഒരു മതതത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല. മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു ഈ സനാതനമായധർമ്മം - അത്മീയജ്ഞാനത്തിന്‍റെ ശാസ്ത്രം. ഇതു് ആദിയും അന്തവും ഇല്ലാത്തതും; ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്‍റെ ശാസ്ത്രം ആണു്, അത്മാവിന്‍റെ ശാസ്ത്രം, അതീതമായ സത്യത്തിന്‍റെ ശാസ്ത്രം, ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്‍റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി ഇതിനെ അനുസരിക്കുന്നവർക്കും പരിശീലിക്കുന്നവർക്കും ഇതു വഴങ്ങും. അപ്പോൾ അത്മീയവും പഞ്ചഭൂതാത്മകവും ആയ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യാം. എല്ലാവർക്കും ഉല്കൃഷ്ട്ട ജീവിതം കൈവരിക്കുവാൻ; സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സർവ്വോല്കൃഷ്ടമായ ഒരു ജീവനമാർഗ്ഗമാണു സനാതനമായ ഈ ധർമ്മം. ഈ സനാതനമായ ധർമ്മം സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല, മറിച്ച് ജീവാത്മ-പരമാത്മ ഏകോപനത്തിനുള്ള (ആ ഏകോപനമാണു മോക്ഷം
അതാണു ജീവാത്മാവിന്‍റെ അന്തിമ ലക്ഷ്യം.) ബഹുമുഖമായ രാജവീഥിയാണു്. ഇതിനു സമാനമായി ഇതു മാത്രമേ ഉള്ളൂ. ഇതിനേ അളക്കാനുള്ള അളവു കോൽ എവിടെയും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കൊച്ചു കുഴികളും; സനാതനധർമ്മം ആ കുഴികളിൽ കുട്ടികൾക്കു ജലക്രീഡയ്ക്കായി ജലം അനവരതം പ്രദാനം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഭാവിയിലും ചെയ്യുവാൻ കഴിവുള്ളതും ആയ ഒരു അനന്തമായ മഹാസാഗരവും ആണെന്ന സത്യം ർക്കുക.
മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനമായ ധർമ്മത്തിന്‍റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്‍റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്‍റെ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. ഞാൻ വിശ്വസിക്കുന്നതു് ഈ ബ്രഹ്മവിദ്യയിലാണു്; ഇതു ഹിന്ദു മതം അല്ല. ഇതൊരു മതമേ അല്ല. അപ്പോൾ ഞാൻ ഹിന്ദു അല്ല, എനിക്കൊരു മതവും ഇല്ല. “ഹിന്ദു” മതം എന്നൊരു മതവും ഇല്ല.
ഔം നമഃ ശിവായഃ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ