2012, മാർച്ച് 16, വെള്ളിയാഴ്‌ച

ഗുരുദേവസൂക്തങ്ങൾ, മതഗ്രന്ധവാക്യങ്ങൾ, സംശയങ്ങൾ, തെറ്റിദ്ധാരണകൾ - ഒന്നാം ഭാഗം.


“മതമേതയാലും മനുഷ്യനന്നായാല്‍ മതി”
പലപ്പോഴും ഗുരുദേവസൂക്തങ്ങളെ കൃസ്തുമതത്തിലെയും ഇസ്ലാം മതത്തിലെയും ഗ്രന്ധങ്ങളിലെ വാചകങ്ങൾക്കു തുല്ല്യമാണന്നുള്ള ആശയം പലരും പ്രകടിപ്പിക്കാറുണ്ടു്. ഇയ്യിടെ ഒരാൾ “മതമേതയാലും മനുഷ്യനന്നായാല്‍ മതി” എന്ന ഗുരുദേവ സൂക്തത്തിനു സമാനമായെതെന്ന രീതിയിൽ രണ്ടു ഖുര്‍ആൻ വാക്യങ്ങൾ എടുത്തുകാട്ടുകയുണ്ടായി. അദ്ദേഹം എഴുതിയ വാചകങ്ങൾ താഴെക്കൊടുക്കുന്നു.
1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ആശയം വിശുദ്ധ ഖുര്‍ആൻ പറയുന്നു. (1) ‘സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങൾ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.’ (വിശുദ്ധ ഖുര്‍ആന്‍. 5-69) (2) ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കർമ്മങ്ങൾ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു് അവരുടെ നാഥന്‍റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവർ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.’ (വിശുദ്ധ ഖുര്‍ആന്‍. 2-62)”.
ഗുരുദേവസൂക്തങ്ങൾ നന്നായി പഠിച്ചവർ എന്നു കരുതപ്പെടുന്ന പലരും തന്നെ മുകളിൽ ഉദ്ധരിച്ചവപോലെയുള്ള വാക്യങ്ങളും ഗുരുദേവ സൂക്തവും സമാനമാണെന്നു പറയുന്നതും സാധാരണമാണു്. എന്നാൽ ഗുരുദേവ സൂക്തത്തോടു് അല്പം സാദൃശ്യം തോന്നുമെങ്കിലും, ഗുരുദേവന്‍റെ സൂക്തത്തിനു സമാനമായവയല്ല സുഹൃത്തു് ചൂണ്ടിക്കാട്ടിയ ഖുര്‍ആൻ വാചകങ്ങൾ എന്നു പറയട്ടെ. അപ്പോൾ ഗുരുദേവസൂക്തങ്ങൾ നന്നായി പഠിച്ചവർ പോലും എന്തുകൊണ്ടു് പിന്നെ അവ സമാനമാണെന്നു പറയുന്നു എന്നു ചോദിക്കാം. അവർ ഇങ്ങനെ പറയുന്നതിനു താഴെപ്പറയുന്ന കാരണങ്ങൾ മുഴുവനുമോ അതിൽ ചിലതോ കാണാൻ സാദ്ധ്യതയുണ്ടു്. ഒന്നു് – താരതാമ്യപഠനം ചെയ്യുന്ന മറുവശത്തുള്ളവരുടെ നീരസം ഒഴിവാക്കുക അല്ലെങ്കിൽ അവരെ “വേദനിപ്പിക്കാതെയിരിക്കുക”. രണ്ടു് – ഗുരുദേവ സൂക്തങ്ങൾ ശരിയായവിധം പഠിച്ചിട്ടില്ലായ്ക. മൂന്നു – ആത്മീയത ഇങ്ങനെ പറയുന്നവർക്കൊരു ധനാഗമമാർഗ്ഗം മാത്രം ആണു്.
പലപ്പോഴും ഗുരുദേവ സൂക്തങ്ങൾ ശരിയായവിധം പഠിച്ചു എന്നു നാം കരുതുന്ന പലരും വാസ്തവത്തിൽ അതിന്‍റെ ഉപരിപ്ലവമായ വാക്ക്യാർദ്ധം മാത്രം ആണു പഠിച്ചിരിക്കുക. ഗുരുദേവന്‍റെ ഏതു സൂക്തവും, അതിന്‍റെ ആത്മീയതലത്തിലെ ശരിയായ അർദ്ധം മനസ്സിലാകണം ങ്കിൽ സൂക്തങ്ങൾ മാത്രം വായിച്ചൽ പോരാ. അവയുടെ ശരിയായ ആത്മീയാർദ്ധത്തിലും ആത്മീയവ്യാപ്തിയിലും മനസ്സിലാക്കണമെങ്കിൽ നാം ഗുരുദേവന്‍റെ കൃതികൾ മുഴുവനും അതോടൊപ്പം ഭാരതത്തിന്‍റെ ആത്മീയ ശാസ്ത്രം മുഴുവനും തന്നെ പഠിക്കണം. ഇതു കാണുമ്പോൾ പലരും അതിന്‍റെ ആവശ്യം ഇല്ല. എന്‍റെ അറിവില്ലായ്മകൊണ്ടും അഹംങ്കാരം കൊണ്ടും ആണങ്ങനെ പറയുന്നതെന്നു പറയാറുണ്ടു്. എന്നാൽ ഒരു തുറന്ന മനസ്സോടുകൂടി വസ്തു നിഷ്ടമായി ഗുരുദേവസൂക്തത്തേയും ആ ഖുർ ആൻ വാചകങ്ങളേയും മനസ്സിലാക്കാൻ പലപ്പോഴും ആളുകൾ മിനക്കെടാറില്ലാ എന്നതാണു് എങ്ങനെ അവർക്കു തോന്നാൻ കാരണം.
അങ്ങനെ ശ്രമിക്കാതിരുന്നതു പ്രത്യക്ഷത്തിൽ ചെയ്യുന്ന ഒരു തെറ്റായും കാണേണ്ടതില്ല. നിഷ്പക്ഷവും വസ്തുനിഷ്ടവുമായ ഒരു പഠനം നടത്തണം എന്ന ചിന്ത മനസ്സിൽ ഉദിക്കാതെ പോയതാണതിനു കാരണം. അങ്ങനെ ഒരു ചിന്ത ഉദിക്കണമെങ്കിലും അതു മാത്രം വായിച്ചൽ പോരാ ഗുരുദേവന്‍റെ കൃതികൾ മുഴുവനും അതോടൊപ്പം ഭാരതത്തിന്‍റെ ആത്മീയശാസ്ത്രം മുഴുവനും തന്നെ പഠിക്കണം” എന്നതു തന്നെയാണിതിനും കാരണം.
ഗുരുദേവസൂക്തവും മുകളിൽ കാട്ടിയിരിക്കുന്ന ഖുര്‍ആൻ വാക്യങ്ങളും സമാനമാണെന്നു കരുതുന്നവരുടെ അറിവിലേക്കായി നമുക്കിവിടെ അവയെ തമ്മിൽ ഒന്നു തമതുലിത പഠനം നടത്തിനോക്കാം.
ഗുരുദേവ സൂക്തം “മനുഷ്യ”കുലത്തെ മൊത്തത്തിലും കണക്കിലെടുത്തു കൊണ്ടാണു്. ഒരു മനുഷ്യൻ നന്നായാൽ അതു മറ്റുമനുഷ്യർക്കും നല്ല അനുഭവം ഉണ്ടാക്കും. മനുഷ്യർക്കു മാത്രം അല്ല മറിച്ചു് ഭൂമിയിലെ സകലത്തിനും നല്ല അനുഭവങ്ങൾ ഉണ്ടാക്കും. അതു് ബ്രഹ്മാണ്ഡത്തിനു മുഴുവനും നല്ലതു വരുത്തും എന്ന തത്ത്വം ആണതിൽ അടങ്ങിയിരിക്കുന്നു. മനുഷ്യൻ അവന്‍റെ കർമ്മങ്ങളുടെ അകത്തുകയാണു്. കർമ്മങ്ങൾ എങ്ങനെ മറ്റു മനുഷ്യർക്കും പ്രപഞ്ചത്തിലുള്ള മറ്റുള്ളവയ്ക്കും പ്രപഞ്ചത്തിനു മുഴുവൻ തന്നെയും ഗുണകരമാകണം എന്നതാണു ഗുരുദേവൻ തന്‍റെ സൂക്തത്തിൽ കൂടി ആഹ്വാനം ചെയ്യുന്നതു്. ഭാരതത്തിന്‍റെ ആത്മീയതയും അതുതന്നെ ചെയ്യുന്നു. എന്നാൽ ഖുര്‍ആൻ പറയുന്നതു് ‘സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ’ എന്നാണു്. ഗുരുദേവൻ പറഞ്ഞ മനുഷ്യകുലത്തിലെ വെറും മൂന്നു സമുദായങ്ങളെക്കുറിച്ചു മാത്രമാണു് വാചകങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നുള്ളതാണു് ഒന്നാമത്തെ കാരണം.
അടുത്ത കാരണം – മൂന്നു സമുദായത്തിൽ ഉള്ളവരായാലും പോരാ അവർ “സത്യവിശ്വാസി”കളും ആയിരിക്കണം. “സത്യം” എന്താണു്. അതു ഖുര്‍ആനിൽ പറയുന്ന ‘സത്യം’ ആകാനേ സാദ്ധ്യതയുള്ളൂ. എന്നാൽ ഗുരുദേവൻ പറയുന്നതോ “മതം ഏതായാലും മതി” എന്നും ആണു്. “മതം” എന്നാൽ ‘വിശ്വാസം’ ആകാം, ‘അഭിപ്രായവും’ ആകാം. ഗുരുവിന്‍റെ സൂക്തം അനുസരിച്ചു് എതു രണ്ടും ഉള്ളവരോ ഇല്ലാത്തവരോ; ആരും ആകാം; മതവിശ്വാസികളോ, ‘മതം വേണ്ടാ, ദൈവം വേണ്ടാ”, “ദൈവം ഇല്ലാ മതം വേണ്ടാ”, എന്നു പറയുന്ന നിരീശ്വരവാദികളോ ആകാം. ഒരു കാരണം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഗുരുദേവൻ നന്നായാല്‍ മതി” എന്നു അരുളിച്ചെയ്യുമ്പോൾ വാക്യങ്ങൾ പറയുന്നതോ “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കർമ്മങ്ങൾ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവർക്ക്” മാത്രം ആണു് എന്നും. സൽക്കർമ്മങ്ങൾ ചെയ്താൽ പോരാ പിന്നയോ “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും” വേണം. ഇതിനും ഉപരി, “അര്‍ഹമായ പ്രതിഫലമുണ്ട്” അതിനു വേണ്ടി ചെയ്യണം, എന്നും സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ഇസ്ലാം മതത്തിൽ വിസ്വസിക്കുന്നവരായിരിക്കണം. എന്നാൽ ഗുരുദേവന്‍റെ സൂക്തം പറയുന്നതും ഭാരതത്തിന്‍റെ ആത്മീയശാസ്ത്രം പഠിപ്പിക്കുന്നതും; പ്രതിഫലേശ്ചകൂടാതെ സ്വന്തം കർമ്മം, ധർമ്മാടിസ്ഥാനത്തോടുകൂടി ചെയ്യാനാണു്. ഇവിടെ “മതം” ഏതായാലും പ്രശ്നം ഇല്ല. “മതമേതയാലും മനുഷ്യനന്നായാല്‍ മതി” എന്ന ഗുരുദേവൻ തന്ന സൂക്തം ഇപ്പറഞ്ഞ വാക്യങ്ങൾക്കു സമാനമായ വാക്കുകളല്ല എന്നതിനിനി എന്താണു തെളിവു വേണ്ടതു്?
സമാനമല്ലാ എന്നതുതന്നെയല്ല; മറിച്ചു് ഭാരതത്തിന്‍റെ ആത്മീയശാസ്ത്രത്തിൽ അധിഷ്ടമായ ഉപനിഷദ്സൂക്തങ്ങളുടെ അന്തസത്തയെ ഉള്ളടക്കിയ ഒരു സൂക്തം അണതിന്നും മുകളിൽ കാണിച്ചിരിക്കുന്ന് കരണങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ സത്യം; പൂർണ്ണമായും മൻസ്സിലാകണം ങ്കില്‍ ഭാരതത്തിന്‍റെ ആത്മീയശാസ്ത്രം പഠിച്ചിരിക്കണം. അതു പഠിക്കാതെ ഗുരുദേവന്‍റെ സൂക്തത്തിന്‍റെ വാക്ക്യാർദ്ധം മാത്രം പഠിച്ചതുകൊണ്ടുണ്ടായ തോന്നലാണു് ഗുരുദേവന്‍റെ സൂക്തവും ഖുർ ആൻ വാക്യങ്ങളും സമാനമാണെന്നതു്.
ങ്കരാചാര്യർക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ അദ്വൈതിയായിരിന്ന ശ്രീനാരായണഗുരുദേവൻ തന്ന സൂക്തം അദൈതവേദത്തിന്‍റെ പരമകോടിയെ തൊട്ടുണർത്തുമ്പോൾ ആ ഖുർ ആൻ വാക്യങ്ങൾ അദ്വൈതത്തിൽ നിന്നും നമ്മേ ബഹുദൂരം അകറ്റിക്കളയുകയാണു ചെയ്യുന്നതും.
ഗുരുദേവന്‍റെ ഒരു സൂക്തം ശരിക്കു മനസ്സിലാക്കണം എൻകിൽ സൂക്തം അടങ്ങിയിരിക്കുന്ന ഗുരുദേവ കൃതി ശരിക്കു പഠിച്ചു മനസ്സിലാക്കണം. ഗുരുദേവന്‍റെ ഒരു കൃതി ശരിക്കു പഠിച്ചു മനസ്സിലാക്കി അതിൽ അടങ്ങിയിരിക്കുന്ന ആത്മീയശാസ്ത്ര-മഹദ്വചനങ്ങൾ ഉൾക്കെള്ളണം ങ്കിൽ ഗുരുദേവന്‍റെ മറ്റുള്ള കൃതികൾ മുഴുവനും അതോടൊപ്പം ഭാരതത്തിന്‍റെ ആത്മീയ ശാസ്ത്രം മുഴുവനും തന്നെ പഠിക്കണം. ഇതിനെ മറ്റൊരു വഴിയിലും പറയാം. ‘ഗുരുദേവന്‍റെ ഒരു കൃതിശരിക്കു പഠിച്ചു കഴിയുമ്പോൾ ഗുരുദേവന്‍റെ മറ്റുള്ള കൃതികൾ മുഴുവനും അതോടൊപ്പം ഭാരതത്തിന്‍റെ ആത്മീയ ശാസ്ത്രം മുഴുവനും തന്നെ നാം പഠിച്ചിരിക്കും’ എന്നു്.
‘പലപ്പോഴും മഹാത്മാക്കളുടെ സൂക്തങ്ങൾ മുഴുവനായും മനസ്സിലാക്കാൻ അവരുടെ തന്നെയോ മറ്റു മഹാത്മക്കാളുടെയോ ചൊല്ലുകൾ കൂടി പഠിക്കേണ്ടിവരും’, എന്നതു ഞാൻ മാത്രം പറയുന്ന ഒരു കാര്യമല്ല. ശ്രീനാരായണഗുരുവിനെപ്പോലെ മഹാന്മാരായ മറ്റു ഗുരുക്കന്മാരും ഇങ്ങനെ പറഞ്ഞിട്ടുണ്ടു്. അതിലൊരു ഗുരുവിന്‍റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കട്ടെ. ശ്രീനാരായണഗുരുദേവന്‍റെ ഒരു സൂക്തത്തെപ്പറ്റിയല്ല മറിച്ചു് ഒരു കൃതിയെപ്പറ്റി മൊത്തത്തിൽ വിശകലനം ചെയ്തപ്പോൾ എഴുതിയ വാചകങ്ങളാണിവ. “ഇതിലടങ്ങിയിരിക്കുന്ന തത്ത്വത്തെ അതിന്‍റെ പൂർണ്ണഭാവത്തിൽ അറിയുന്നതിനു ഗുരുവിന്‍റെ തന്നെ ഇതര കൃതികളേയും പരിശോധിച്ചു നോക്കേണ്ടി വരും. പൂർവ്വാചാര്യന്മാരുടെ സിദ്ധാത്തെ പശ്ചാത്തലമാക്കി ഇതിന്‍റെ സിദ്ധാന്തത്തെ മനസ്സിലാക്കുന്നതിനായി ഉപനിഷത്തു്, ഭഗവദ് ഗീത, ബ്രഹ്മസൂത്രം എന്നീ പ്രസ്ഥാനത്രയത്തിൽ അടങ്ങിയിരിക്കുന്നതും, ശങ്കരൻ സുവിദിതമാക്കിയിട്ടുള്ളതുമായ അദ്വൈതത്തോടു ചേർത്തു വച്ചു ഇതിനെ മനസ്സിലാക്കുന്നതു് ഒരിക്കലും അസംഗതമായി വരികയില്ല.”
തന്നെയുമല്ല, പഠിക്കണം എന്നു പറയുമ്പോൾ പള്ളിക്കൂടങ്ങളിൽ പോയി പഠിക്കുമ്പോലുള്ള ഒരു പഠിപ്പല്ല ഉദ്ദേശിക്കന്നതെന്നും ദയവായി ഓർക്കുക. രാഷ്ടീയ(കു)ബുദ്ധിജീവികളുടെ വിശകലനത്തിലൂടെയുള്ള പഠിപ്പും അല്ല ഉദ്ദേശിക്കുന്നതു്. പിന്നേ ഏതു പഠിപ്പാണു്? ആത്മീയജ്ഞാനത്തിനു വേണ്ടിയുള്ള പഠിപ്പു്. ഇതാ പഠിപ്പ്: ജ്ഞാനത്തിനു ഏറ്റവും യോജിക്കുന്ന നിദർശനമായി കരുതിപ്പോരാറുള്ളതു് പ്രകാശത്തെയാകുന്നു. അപരോക്ഷമായ അറിവു് ഉണ്ടായിരുന്നാലേ ജ്ഞാനമാവുകയുള്ളൂ എന്നു നിർബന്ധമുണ്ടു്; അതു യുക്തിയുക്തമായ ഒരു വിചാര ശൃംഖലയുടെ ഒരു കണ്ണിയായി മാത്രം വരുന്ന അറിവല്ല. ആനുഭൂതികമായി പൊടുന്നനെ ഉണ്ടാകുന്ന അറിവു്, ഒരു ദർശനമാണതെന്നു പറയാം. അല്ലാതെ പരോക്ഷമായി ലഭിക്കുന്ന ഒരഭ്യൂഹമായിരിക്കുകയില്ല. വസ്തുജ്ഞാനം ഏറെക്കുറെ യാന്ത്രികമായി വിചാരത്താലുളവാകുന്നതാണെന്നു വേണം പറയുവാൻ. എന്നാൽ മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന തീഷ്ണമായ ബുദ്ധി ഇതിൽ നിന്നും തുലോം ഭിന്നമാണു്. ശ്രവണവും മനനവും ആത്മനിഷ്ടമായി ചെയ്തു് നമ്മിലെ അജ്ഞാനത്തെ എല്ലാതാക്കുക. ആ പ്രക്രീയ നാം സ്വയം ചെയ്യേണ്ടതാണു്. പക്വതവന്ന അന്തക്കരണവുമായി മത്രമേ യജ്ഞം സാദ്ധ്യമാകുകയുള്ളൂ. “ദ്രവ്യയജ്ഞത്തെക്കാൾ ജ്ഞാനയജ്ഞമാണു് ശ്രേഷ്ടം. എല്ലാകർമ്മങ്ങളും സമ്പൂർണ്ണമായി ജ്ഞാനത്തിൽ സമാപിക്കുന്നു. നമസ്കാരം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും, ശുശ്രൂഷകൊണ്ടും ജ്ഞാനം നേടുക. തത്ത്വദർശികളായ ജ്ഞാനികൾ ജ്ഞാനം ഉപദേശിച്ചുതരും” ജ്ഞാനത്തിലേക്കുള്ള വഴി കാട്ടിത്തരും.
ഗുരുദേവൻ ദൈവദൂതനോ അതോ പ്രവാചകനോ? രണ്ടുമല്ല.
ഗുരുദേവനെ പലരും ദൈവദൂതനായും പ്രവാചകനായും മറ്റും ചിത്രീകരിക്കാറുണ്ടു്. എന്നാൽ ഗുരുദേവൻ ഖുർ ആനിൽ പറയുന്ന “പ്രവാചകനോ” ബൈബിളിൽ പറയുന്ന "ദൈവദൂതനോ" അല്ലായിരുന്നു. ഭാരതത്തിന്‍റെ ഷിപരമ്പരയിലെ ആത്മീയചൈതന്യത്തിന്‍റെ നിറകുടമായിരുന്ന - ഒരു തികഞ്ഞ അദ്വൈതി. അദ്വൈതി പ്രവാചകനല്ല. ദൈവദൂതനും അല്ല. ഷിവര്യനാണു്. ഷിവര്യൻ ഖുർആനിൽ പറയുന്ന “പ്രവാചകനോ” ബൈബിളിൽ പറയുന്ന "ദൈവദൂതനോ" ആകില്ല. ഷിവര്യൻ ദൈവം തന്നെയാണു്. ആൾദൈവം എന്നു പു ച്ഛിച്ചു പറയാം. പക്ഷെ ആൾതന്നെയാണു ദൈവം. ഗുരുദേവൻ “പ്രവാചകനാണു്”, ദൈവദൂതനാണു്” എന്നൊക്കെയുള്ള പ്രചരണം തെറ്റിദ്ധാരണയാകാം. ‘തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രിഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണ’യും ആകാം. തെറ്റിദ്ധാരണ പാശ്ചാത്ത്യരും മറ്റു വിദേശികളും, പാശ്ചാത്ത്യവിദ്യാഭ്യാസം മാത്രമേ വിദ്യാഭ്യാസം ആകുന്നുള്ളൂ എന്നു ശാഡ്ഠ്യക്കാരായ പൗരസ്ത്യരും എഴുതിയ നമ്മുടെ ആത്മീയശാസ്ത്രവ്യാഖ്യാനങ്ങളും ശബ്ദകോശങ്ങളും നോക്കി ഭാരതീയ ആത്മീയശാസ്ത്രവും ഭാരതീയ ഭാഷാപ്രയോഗങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പം ആണു്.
“അല്ലാഹുവും യഹോവയും ദൈവവും എല്ലാം ഒന്നല്ല.
“അല്ലാഹുവും യഹോവയും ദൈവവും എല്ലാം ഒന്ന്” എന്നു പലരും പറയാറുണ്ടു്. മുകളിൽ എഴുതിയതു പോലെ ഇതും ഞാൻ വിശ്വസിക്കുന്നില്ല. “ദൈവം” എന്നു പറയുമ്പോൾ പാച്ഛാത്യർ മൻസ്സിലാക്കുന്ന ദൈവം അല്ല നമ്മുടെ ഈശ്വരൻ. അങ്ങനെ ആണെന്നുള്ള വിശ്വാസത്തിനും കരണം തൊട്ടുമുകളിൽ സൂചിപ്പിച്ച്തുതന്നെ. ഗുരുദേവന്‍റെ കൃതികളും ഭാരതത്തിന്‍റെ ആത്മീയ ശാസ്ത്രവും പഠിക്കുമ്പോൾ അതു മാറും. ഒരു കാലത്തു ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു. ഗുരുദേവകൃതികൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ തോന്നൽ മാറി. ഗുരുദേവകൃതികളും അതിൽക്കൂടി ഭാരതത്തിന്‍റെ ആത്മീയതയും ആരുതന്നെ പഠിക്കാൻ ശ്രമം തുടങ്ങുന്നുവോ അവർക്കെല്ലാം അനുഭവം (മാറ്റം) ഉണ്ടാകുന്നതായി അറിയുകയുംചെയ്തു. ഒരു ദൈവം എന്നു ഗുരു പറയുന്നതു് ഒരു താത്ത്വികമായ കാര്യം ആണു്. ഭൗതിക തലത്തിൽ നിന്നുകൊണ്ടു് വെറും വാക്യാർദ്ധം മാത്രം നോക്കി അതിന്‍റെ പൊരുൾ മൻസ്സിലാക്കാൻ സാദ്ധ്യമല്ല. ചുരുക്കത്തിൽ മതങ്ങളിൽ പറയപ്പെടുന്ന ഏകദൈവവും നമ്മുടെ പരബ്രഹ്മവും ഒന്നല്ലാ.
ഗുരുദേവനും സിനിമായും കഥയും.
അടുത്തകാലത്തായി ശ്രീനാരായണഗുരുദേവനെപ്പറ്റി പറയുമ്പോൾ പലരും ‘യുഗപുരുഷൻ’ എന്ന സിനിമയെക്കുറിച്ചും, ഗുരുദേവനെ പ്രധാന കഥാപാത്രമായി ചിത്രീകരിച്ചെഴുതിയ ഒരു കഥയെപ്പറ്റിയും പുകഴ്ത്തിപ്പറയുന്നതു കേൾക്കാറുണ്ടു് - ഗുരുദേവനെപ്പറ്റി പഠിക്കാൻ കഥ വായിക്കയും സിനിമാ കാണുകയും മതി എന്ന ഭാവത്തിൽ. രണ്ടും ഒരു കലാരൂപം എന്നനിലയിൽ നന്നയിരിക്കാം. എന്നാൽ ഗുരുദേവന്‍റെ അത്മീയചൈതന്യവും അത്മീയമഹിമയും അവ ശരിയായ രീതിയിൽ കാട്ടിത്തരില്ല.
സിനിമാകണ്ടും നോവൽ വായിച്ചും ഗുരുദേവനെപ്പറ്റി പഠിക്കുവാൻ ശ്രമിക്കുന്നതു മൗഢ്യമായിരിക്കും. കാരണം അവയിൽ വരുന്നതു് കഥയെഴുത്തുകാരന്‍റെയും സംഭാഷണരചയീതാവിന്‍റെയും സംവിധായകന്‍റെയും ഭാവനയാണു്. ലോകത്തു് ഗുരുദേവനോളം ഭാവനയോ ആത്മീയതയോ രചനാവൈഭമോ ഉള്ള ഒരു സാഹിത്യകാരനോ കഥയെഴുതുകാരനോ സംഭാഷണരചയീതാവോ സവിധായകനോ ഇല്ല. (ഗുരുദേവൻ ജീവിച്ചിരുന്ന കാൽത്തും അങ്ങനെതന്നെ.) പിന്നെ അവർക്കെങ്ങനെ ഗുരുദേവനെ യഥാതഥവും സത്യസന്തവുമായ ആത്മീയമഹിമകളോടെ അവതരിപ്പിക്കാനാവും? അവർക്കു് അവരുടെ ഭാവനകൊണ്ടു മാത്രമേ ഒരു ഗുരുവിനെ ശൃഷ്ടിക്കാനാവൂ. അങ്ങനെ ശൃഷ്ടിക്കപ്പടുന്നതു ഒരു വെറും കഥാപത്രം മാത്രമായിരിക്കും. കഥാപാത്രത്തെ സൃഷ്ടിച്ച രചയീതാവിനോളം മത്രം ആത്മീയതയേ കഥാപാത്രത്തിനുണ്ടാകൂ. അതു യഥാർദ്ധ ഗുരുദേവൻ അകുക അസാദ്ധ്യമാണു്. ഗുരുദേവൻ ശ്രീകൃഷ്ണസമാനൻ ആയിരുന്നു. ഗുരുദേവനെ കഥാപാത്രമാക്കി സിനിമാ നിർമ്മിച്ചവരും കഥ എഴുതിയവരും വ്യാസതുല്ല്യരല്ല. ആയതിനാൽ ഗുരുദേവനെ കഥാപാത്രമാക്കി, ഒരു കലാസൃഷ്ടി, വ്യാസഭഗവാൻ ശ്രീകൃഷ്ണഭഗവാനെ കഥാപാത്രമാക്കി രചിച്ചതുപോലെ, രചിക്കാൻ ശ്രമിച്ചാൽ അതു ശരിയായ ഗുരുദേവൻ ആകില്ല - ഒരിക്കലും. അതുകൊണ്ടു ഗുരുദേവനെപ്പറ്റി പഠിക്കാൻ മറ്റൊരു വഴിതേടണം.
ഞാൻ തേടിയവഴി ഇതായിരുന്നു - വഴി എന്നേത്തേടി എന്നു പറയുകയായിരിക്കും കൂടുതൽ ശരി. ഗുരുദേവന്‍റെ ജീവചരിത്രങ്ങൾ കിട്ടാവുന്നതെല്ലാം പഠിച്ചു – ഇന്നും തുടർന്നും പഠിക്കുന്നു, പിന്നെ ഗുരുവിനെ നേരിട്ടറിയാമായിരുന്ന - ഗുരുവുമായി ഇടപഴകാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചിലരുമായി ഇടപഴകാൻ എനിക്കു് ഭാഗ്യം ലഭിച്ചിരുന്നു. അവരിൽ നിന്നും ഗുരുദേവനെക്കുറിച്ചു കിട്ടിയിരുന്ന വിവരങ്ങൾ വളരെ ഉപകരിച്ചു. അതു വലിയൊരനുഗ്രഹം തന്നെ ആയിരുന്നു. എന്നാൽ ശരിക്കും ഗുരുവിനെ മൻസ്സിലാക്കാൻ തുടങ്ങിയതു് ഗുരുദേവന്‍റെ കൃതികളെ ഗഹനമായി പഠിക്കാൻ തുടങ്ങിയപ്പോൾ ആണെന്നതാണു സത്യം. (ഇതുകൊണ്ടൊന്നും പഠനം തീരില്ല. ഗുരുദേവന്‍റെ കൃതികൾ മുഴുവനും ശരിയായി പഠിച്ചുകഴിയും വരെ ഗുരുദേവനെപ്പറ്റിയുള്ള പഠനവും പൂർണ്ണമാകയില്ല. അതു തുടർന്നു കൊണ്ടേ ഇരിക്കണം - അനവരതം. നമുക്കു തുടക്കം മാത്രമേ ആയിട്ടുള്ളൂ.)
ഗുരുദേവന്‍റെ കൃതികളെ ഗഹനമായി പഠിക്കാൻ തുടങ്ങുമ്പോൾ ഗുരുദേവനെ കൂടുതലായി അറിയാൻ തുടങ്ങും എന്നതു് എന്‍റെ മാത്രം അനുഭവവുമല്ല. മറ്റും പലർക്കും ഉണ്ടായിട്ടുള്ള അനുഭവമാണിതു്. അനുഭവം സിദ്ധിച്ചവർ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ചിലരും ഉണ്ടു്. അവരുടെ പേരുപറയുന്നില്ല കരണം അവരുടെ അനുവാദം ഇല്ലാതെ വെളിപ്പെടുത്തുന്നതു തെറ്റായതുകൊണ്ടുതന്നെ. എന്നാൽ മോക്ഷപ്രാപ്തി നേടിക്കഴിഞ്ഞ ഒരു അഭിവന്ദ്യഗുരുഭൂതൻ ഗുരുദേവകൃതികൾ പഠിച്ചപ്പോൾ ഉണ്ടായ അനുഭൂതി – ആ മാഹാത്മാവിലുണ്ടായ ആത്മീയമായ നേട്ടം; അദ്ദേഹം സ്വയം വിവരിച്ചിരിക്കുന്നതിവിടെ ഉദ്ധരിക്കുന്നതു് ഉചിതമായിരിക്കും എന്നു കരുതി, ഉദ്ധരിക്കുന്നു.
“അരവിന്ദൻ; വെറും ഏഴര വയസ്സുമാത്രം പ്രായമായ കുട്ടി. കഠിനമായ രോഗനിലയിലും അൻപതു മിനിട്ടോളം ഉച്ചത്തിൽ ശിവശബ്ദമുച്ചരിച്ചു ശാന്തഗംഭീരനായി ദേഹം വെടിഞ്ഞു. ചുറ്റും നിന്നവർ അത്ഭുതപരതന്ത്രരായി കണ്ണുമിഴിച്ചു നോക്കിനിന്നു. സംഭവം ഒരു കാര്യം അത്യന്തം വ്യക്തമാക്കി. ഈശ്വരൻ കൂടെയുണ്ടെങ്കിൽ മരണത്തെപ്പോലും തികഞ്ഞ സമചിത്തതയോടെ ഏതു പ്രായത്തിലും നേരിടാൻ കഴിയും. എന്നാൽ ഇനിയുള്ള ജീവിതത്തിലെ പ്രധാന കൃത്യം ഭഗവാനെ കണ്ടെത്തുക തന്നെ. അതിനായി മലയാളത്തിലും സംസ്കൃതത്തിലുമുള്ള വേദാന്തകൃതികൾ അന്വഷിച്ചുപിടിച്ചു പഠിക്കാൻ തുടങ്ങി. വെറുതെ പഠിക്കാനല്ല. സത്യമുണ്ടെൻകിൽ വ്യക്തമായറിയാനും അനുഭവിക്കാനുമുള്ള കൗതുകത്തോടുകൂടി.
“അക്കൂട്ടത്തിലാണൊരിക്കൽ യാദൃച്ഛികമായി ഗുരുദേവകൃതികൾ കയ്യിൽ കിട്ടിയതു്. അവ രോന്നായി വായിച്ചു. ഒരിക്കലല്ല; അനേകവൃത്തി. ഗുരുദേവൻ കൃതികൾ രചിച്ചുണ്ടെന്നുപോലും അറിയാൻ കഴിയാതിരുന്ന ഹൃദയത്തിൽ വിസ്മയവും ആനന്ദവും കരകവിഞ്ഞു. ആഗ്രഹം പൂർണ്ണമായും സഫലമാകുന്നതായി തോന്നി. സത്യം സൂര്യതുല്യം അനുഭവിച്ചാനന്ദിക്കുന്ന ഒരു ഗുരു മുൻപിൽ സന്നിധാനം ചെയ്തരുളുന്നതായി കണ്ടു. ഗുരുദേവകൃതികളിലേയ്ക്ക് ഇറങ്ങിച്ചെന്നതോടെ വേദാന്തശാസ്ത്രനിർണ്ണയത്തെക്കുറിച്ചുണ്ടായിരുന്ന സംശയങ്ങളെല്ലാം ഒന്നൊന്നായി വിട്ടകന്നു. വേദാന്തശാസ്ത്രം പൂർണ്ണമായും വിഷയവിഭജനം ചെയ്തു് ഇതുപോലെ അനുഭവമാധുര്യത്തോടെ രചിച്ചുട്ടുള്ള കൃതികൾ വേറെ ഇല്ലതന്നെ. സത്യാന്വഷണപഥത്തിൽ വിഗ്രഹാരാധനമുതൽ നിർ വികല്പസമാധി വരെയുള്ള എല്ലാസാധനകളും അനുഭൂതിദശകളും അതാതിന്‍റെ സ്ഥാനത്തു് ചിത്യത്തോടെ തെളിഞ്ഞു കിട്ടി.”
“തദുപരി കൃതികളും ഗുരുദേവ ജീവിതവുമായി പൊരുത്തപ്പെടുത്തി നോക്കിയപ്പോൾ വ്യവഹാരദശയിൽ പോലും ‘സർവ്വം ബ്രഹ്മമയം’ എന്ന അനുഭവം നിലനിറുത്തിക്കൊണ്ടു് കഴിഞ്ഞുകൂടാമെന്ന വേദാന്തപ്രസിദ്ധമായ അനുഭവപൂർണ്ണതയുടെ രഹസ്യവും തെളിഞ്ഞു. എന്നാൽ ഇനി ആവുംവിധം സാധനാരൂപത്തിൽ വ്യാഖ്യാനം രചിച്ചും പ്രഭാഷണങ്ങൾ നടത്തിയും ക്രിതികൾ പ്രചരിപ്പിക്കുകതന്നെയെന്നും തീരുമാനിച്ചു.”
ഗുരുദേവനും മതവും; മതം മാറ്റവും.
“ഹിന്ദു മതം” എന്നു് ഇപ്പോൾ അറിയപ്പെട്ടു വരുന്നതൊരു മതം അല്ല എന്നും; നിർബ്ബന്ധമാണങ്കില്‍ പല മതങ്ങളുടെ ഒരു സമാഹാരം എന്നു പറയാം എന്നും ഗുരുദേവൻ അരുളിച്ചെയ്തിട്ടുണ്ടു്. തന്നെ, മതം മാറ്റാൻ ശ്രമിച്ചവർക്കു ഗുരുദേവൻ ഉചിതമായ മറുപടി കൊടുത്തു മടക്കിയിട്ടും ഉണ്ടു്. “മതമേതയാലും മനുഷ്യൻ നന്നായാൽ മതി” എന്നു പറഞ്ഞ ഗുരുദേവൻ തന്നെ ഒരു മതം സ്വീകരിച്ചവരെ തിരിച്ചു് അവരുടെ പൂർവ്വ ആത്മീയധാരയിലേക്കു മടങ്ങിപ്പോകാനുള്ള വഴി ഒരുക്കിക്കൊടുത്തിട്ടും ഉണ്ടു്. ഒരിക്കലല്ല - ഒന്നിലധികം തവണ. ചിലരെ ‘ഈഴവരി’ലേക്കു ജാതിമാറ്റം നടത്തിയിട്ടുണ്ടെന്നും ഉള്ള കാര്യം ഒരു പക്ഷേ ഗുരുദേവനെപ്പറ്റി പലതും അറിയാം എന്നു കരുതുന്ന പലർക്കും അറിയില്ലാ എന്നും ഇയ്യിടെ മനസ്സിലായി. ഗുരുദേവൻ ഇതു രണ്ടും നടത്തിയിട്ടുണ്ട്.
ഇരിട്ടും വെളിച്ചവും: ജ്ഞാനവും അജ്ഞാനവും.
“നൂറു കൊല്ലം ഇരുളടഞ്ഞു കിടക്കുന്ന മുറിയില്‍ അത്രയും നാൾ വിളക്കു കത്തിച്ചു വെയ്ക്കണ്ടാ ഇരുൾ മാറാൻ.” ഇതും ഒരു സ്നേഹിതൻ ഗുരുദേവൻക്കുറിച്ചുള്ള ഒരു സംവാദമദ്ധ്യേ സൂചിപ്പിച്ചതാണു്. ശരിയാണു്; വിളക്കുകത്തിച്ചാൽ ഉടൻ വെളിച്ചം വരും. എന്നാൽ വിളക്കണിയുമ്പോൾ - അതേ നിമിഷം തന്നെ അന്ധകാരം തിരിച്ചുവരികയും ചെയ്യും എന്നു നാം ഓർക്കണം. അതിനൊരു വ്യതിയാനം വരണമെൻകിൽ ദിവാകരനുദിച്ചുയരണം. ഉണ്മയായ പ്രകാശം വരണം - “ഒരുകോടി ദിവാകരർ ഉദിച്ചുയരു”മ്പോൾ ഉണ്ടാകുന്ന ഉണ്മയായ പ്രകാശം. അതു ഗുരുദേവന്‍റെ ഒരു സൂക്തം പഠിച്ചാൽ ഉണ്ടാകില്ല. ഒരു സൂക്തത്തിൽ നിന്നും വരുന്ന പ്രകാശം പരിമിതമാണു് ശ്വാശ്വതവും അല്ല - ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചതു പോലെ. സ്ഥിരമായ പ്രകാശം ലഭിക്കാൻ ഗുരുദേവന്‍റെ കൃതികൾ മുഴുവനും തന്നെ പഠിക്കണം. അപ്പോഴേ ‘ഒരു കോടി ദിവാകരർ ഒരുമിച്ചുദിക്കുന്ന പ്രകാശം’ ഉണ്ടാകൂ. അതുണ്ടായാലേ കട്ട പിടിച്ച ഇരുൾ നീങ്ങിക്കിട്ടൂ. അല്ലെങ്കില്‍, വിളക്കു കത്തിയും അണഞ്ഞും കൊണ്ടിരിക്കും. ഇവിടെ ഉദിക്കേണ്ട വിളക്കു്, “വില മതിയാതവിളക്കാണു്” അതായതു വെളിച്ചത്തിനെല്ലാം അധാരമായ ആത്മസൂര്യൻ അധവാ ആത്മജ്ഞാനം. ആ “വില മതിയാത്ത വിളക്കുദിക്കയും പിൻ-പൊലികയുമില്ലതു കണ്ടു പോയിടേണം”. ഇല്ലാതിരുന്നിട്ടു് ഉണ്ടാവുകയും, ഉണ്ടായിരുന്നതിനു ശേഷം പിന്നീടു് ഇല്ലാതാവുകയും ചെയ്യുന്നതല്ല ആ വിളക്കു്. എൻകിലും ആ വിളക്കു് ഇടമുറിയാതെ പ്രകാശിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം അറിയണമെങ്കില്‍ ശരിയായ ആത്മജ്ഞാനം ഉണ്ടാകണം. അതായതു്; “ചിദ്ഘനമായ നിത്യദീപ്തികൊണ്ടു് അവിദ്യയെ അതിജീവിച്ചു്, ദൃശ്യങ്ങളേയെല്ലാം ദൃക്കിൽ സമനവയിപ്പിച്ചു്, സാക്ഷിരൂപത്തെ മുന്നിറുത്തിക്കൊണ്ടു് ജീവിതം നയിക്കണം. അതിനു ഗുരുദേവന്‍റെ ഒരുസൂക്തത്തിന്‍റെ ഉപരിപ്ലവമായ വാക്ക്യാർദ്ധം മാത്രമായി ഉപകരിക്കയില്ല. അവ മൊത്തത്തിൽ തന്നെ ലഭിക്കണം. അങ്ങനെ ലഭിച്ചുകഴിഞ്ഞാൽ അതങ്ങനെ തന്നെ പ്രകാശിച്ചു കൊണ്ടേയിരിക്കും. കാറ്റില്ലാത്തിടത്തു കത്തുന്ന വിളക്കിനേപ്പോലെ. അങ്ങനെ ലഭിക്കുന്ന പ്രകാശം “എല്ലാറ്റിനും മുകളിലായി അത്യുത്തമങ്ങളും ഉന്നതങ്ങളുമായ ലോകങ്ങളിൽ യാതൊരു ജ്യോതിസ്സാണോ പ്രകാശിക്കുന്നതു് ആ ജ്യോതിസ്സുതന്നെയാകുന്നു. ശരീരത്തിൽ സ്പർശനം കൊണ്ടു് അനുഭവപ്പെടുന്ന ചൂടു്, അതിന്‍റെ ദർശനമാകുന്നു. ചെവികൾ രണ്ടും അടയ്ക്കുമ്പോൾ രഥത്തിന്‍റെ ശബ്ദം പോലെയും കാളകളുടെ ശബ്ദം പോലെയും കത്തുന്ന തീയിന്‍റെ ശബ്ദം പോലെയും കേൾക്കുന്നതു് ജ്യോതിസ്സിന്‍റെ തന്നെ ശ്രവണമാകുന്നു. അങ്ങനെയുള്ള ജ്യോതിസ്സിനെ ദൃഷ്ടമെന്നും ശ്രുതമെന്നും ങ്കല്പ്പിച്ചു് ഉപാസിക്കണം. അങ്ങനെ ഉപാസിക്കുമ്പോൾ ദർശനീയതയും വിശ്രുതയും കൈവരും.” ഉപാസനകൊണ്ടേ അറിവുണ്ടാകൂ, ഉപരിപ്ലവമായ ഒരു പഠനം കോണ്ടതുണ്ടാകുകയില്ല. അങ്ങനെ കൈവരുന്ന ജ്ഞാനം മാത്രമേ ശ്വാശതമാകൂ. ജ്ഞാനം തന്നെയാണു നാമും. ജ്ഞാനം ഉണ്ടായിക്കഴിയുമ്പോൾ “പ്രാണബുദ്ധ്യാത്മനാ ലോകം മുഴുവനും വ്യാപരിച്ചിരിക്കുന്ന സത്യപുരുഷൻ തന്നെയാണു് ആദിത്യമണ്ഡലത്തിലെന്നപോലെ നമ്മിലും സ്ഥിതിചെയ്യുന്നതെന്ന വാസ്തവം സാക്ഷാത്കരിച്ചു കഴിഞ്ഞിരിക്കും. അത്യന്തമംഗളമായ ആ രൂപം കാണും, അതും - ആ പുരുഷനും നാമും ഒന്നെന്ന സത്യം മനസ്സിലാക്കിക്കഴിയുമ്പോൾ തെളിയുന്ന ആ പ്രകാശമാണു് ശ്വാശ്വതമായതു്.” അറിവു ലഭ്യമാക്കാൻ ഗുരുദേവന്‍റെ ഒരു സൂക്തം മതിയാകില്ല. “ഈ പ്രകാശം ജാഗ്രത്ത്സ്വപനാവസ്ഥകളിൽ മാറിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ ഇടപെടലിലൊ അവയുടെ നനത്ത്വത്താലോ യാതൊരു മാറ്റവും വരാതെ എല്ലാറ്റിനേയും കണ്ടും അറിഞ്ഞും, ഒരു സ്തിരം ദൃക്ക്സാക്ഷിയായി വർത്തിക്കുന്ന പ്രകാശം നമുക്കു വശമാകണമെങ്കില്‍ നാം അതിനെ ‘തിരഞ്ഞു തേറിടുക’ തന്നെ വേണം. ‘വിരളത വിട്ടു വിളങ്ങുന്ന മഹത്തിൽ അമർന്നു് അതു മാത്രമാണു’ ശ്വാശ്വതമെന്ന സത്യം അറിഞ്ഞു് ജീവിക്കണം.”
ഗുരുദേവനും രാഷ്ട്രീയപാർട്ടികളും
കക്ഷിഭേദം ഇല്ലാതെ ഗുരുദേവനെ അവരവരുടെ ആലയങ്ങളിൽ തളച്ചിടുന്നവരാണിന്നത്തെ കേരളരാഷ്ട്രീയക്കാർ. (അതു പതിയെ ഉത്തരഭാരതത്തിലേക്കും നീളാൻ തുടങ്ങിക്കഴിഞ്ഞു.) അതിനു് ഒരു പാർട്ടിയും മോശമല്ല. ചിലർ തുറന്നും ചിലർ മറഞ്ഞും ചെയ്യുന്നൂ എന്നു മാത്രം. നായർ - ഈഴവ സമുദായങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും സ്വയം സ്വന്തമാക്കിയ ചിലർ ഇപ്പോൾ കൃസ്തുവും സ്വന്തമാണെന്നു പറഞ്ഞും തുടങ്ങി.
പാർട്ടിനോക്കി സമ്മതിദായകം നടത്തുന്നതു നാടിനു നന്നല്ലാ എന്നവിശ്വാസക്കാരനാണു് കുറിപ്പെഴുതുന്നയാൾ. കക്ഷിരാഷ്ട്രീയം എന്ന രോഗം തീരെ ഇല്ല, പണ്ടും ഇല്ലായിരുന്നു, ഇന്നും ഇല്ല. ഇതുവരെ പിടിപെട്ടിട്ടില്ല. എനിക്കു് സമ്മതിദായക അവകാശം ഉള്ള നിയോജകമണ്ടലത്തിൽ സ്ഥനാർദ്ധികളായിവന്നാൽ ഞാൻ സമ്മതിദായകം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന മൂന്നു വ്യക്തികൾ മാത്രമേ ഇന്നു ഭാരതരാഷ്ടീയത്തിലുള്ളൂ. അവർ മൂന്നും മൂന്നു വ്യത്യസ്ഥ രാഷ്ട്രീയ കക്ഷികളിൽ ഉള്ളവരും ആണു്. രാഷ്ട്രീയ കക്ഷിയോടുള്ള കൂറല്ല മറിച്ചു് ഭരിക്കാനുള്ള കഴിവും കരുത്തും; അതിനും ഉപരിയായി ധാർമ്മീകതയും ഉള്ളവരെ മാത്രം ഭരണം ഏല്പിക്കുകയായിരിക്കും നാടിനും ലോകത്തിനും നല്ലതെന്നു ഗാഢമായും ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ടാണിങ്ങനെ എഴുതുന്നതും.
ശരിയായ ഭക്തി എന്തു്?
മണിയടിയും പൂജയും ഒക്കെയായുള്ള ആരാധന ശരിയായ ഗുരുപൂജയാണോ? ഗുരുവിനെ പൂജിക്കുന്നവർക്കെതിരായുള്ള ഒരു ചോദ്യം ആണിതു്. ശരിയും ആണു്, തെറ്റും ആണു്. ചിലർക്കതു ശരിയാണു്. ചിലർക്കതു ശരിയല്ല. ആത്മീയതുടെ ആദ്യപടികളിൽക്കൂടി യാത്രചെയ്യുന്നവർക്കു തീർച്ചയായും മണിയടിയും പൂജയും സഹായിക്കും, ആവശ്യവും ആണു്. എന്നാൽ പാതയിൽ കൂടി യാത്രചെയ്തു മുന്നോട്ടുപോയവർക്കു് ആവശ്യം എല്ലാതെയും വരാം. എന്നാൽ ആർക്കും വേണ്ടാ എന്ന വാദം മൗഢ്യമാണു്. അതുപോലെ തന്നെ, മുന്നോട്ടു പോയി എന്നു ജനം വിശ്വസിക്കുന്നവരും സ്വയം അങ്ങനെ ധരിക്കുന്നവരും അമ്പലവും പൂജയും മണിയടിയും പാടില്ലാ എന്നു പറയുന്നതു് ഒട്ടുംതന്നെ ശരിയല്ല. അതു സാധാരണ മനുഷ്യനെ വഴിതെറ്റിക്കും.
ശരിയായഭക്തി എന്തെന്നു ഭാരതത്തിലെ രണ്ടു ആത്മീയാചാര്യന്മാർ പറഞ്ഞതിനെ ഇവിടെ പുനർ പ്രതിഷ്ടിക്കട്ടെ. “ഭക്തിക്കു് ഒരു വലിയ മെച്ചമുണ്ടു്: അതാകുന്നു നമുക്കു മഹത്തായ ദിവ്യലക്ഷ്യത്തിൽ എത്തിച്ചേരുവാൻ ഏറ്റവും എളുപ്പവും സ്വാഭാവികവുമായ മാർഗ്ഗം. അതിനൊരു വലിയ ന്യൂനതയുണ്ടു്: താണ പടികളിൽ അതു ദുഷിച്ചു് പലപ്പോഴും ബീഭത്സമായ മതഭ്രാന്തായിത്തീരാം.” “മതഭ്രാന്തസംഘം മിക്കവാറും ഭക്തിയുടെ താണപടികളിൽ നിന്നുമാത്രം ചേർന്നുകൂടീട്ടുള്ളതാകുന്നു. നിശ്ചയമായും സ്വന്തം ഇഷ്ടദേവതയിൽ നിഷ്ടയുണ്ടായിരിക്കണം; അതില്ലാതെ യഥാർത്ഥഭക്തി വളരില്ല. എന്നാൽ നിഷ്ട പലപ്പോഴും മറ്റു സർവ്വത്തേയും നിന്ദിച്ചു് തള്ളുവാൻ കാരണമാകുന്നുണ്ടു്. മനസ്സിനു ബലവും വികാസവും കുറഞ്ഞ ഭക്തന്മാർക്കു്, തങ്ങളുടെ ഇഷ്ടദേവതയെ സ്നേഹിപ്പാൻ ഒരു മാർഗ്ഗമേ ഉള്ളൂ – അന്യദേവതകളെ വെറുക്കുകതന്നെ. സ്വന്തം ഇഷ്ടദേവതയിൽ അതിഭക്തിയും സ്വധർമ്മത്തിൽ അതി-നിഷ്ടയുമുള്ള ഒരാൾ തന്നെ അന്യദേവതയെപ്പറ്റി വല്ലതും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ പെട്ടെന്നു വെറിയെടുത്തലറുന്ന മതഭ്രാന്തനാകുന്നതിനു കാരണം മുൻപറഞ്ഞതിൽ നിന്നു വെളിവാകും.” ഗുരുദേവഭക്തിയുടെ പാരമ്മ്യതയിൽ എത്തിനിൽക്കുന്നവർ മറ്റുഗുരുക്കന്മാരെ നിന്ദിക്കുന്നതും മതഭ്രാന്തു തന്നെ.
“ശരിയായ ഭക്തി എന്നതു് (ഈശ്വര) തത്ത്വ സാക്ഷാത്കാരത്തിനു വേണ്ടി മനസ്സുകൊണ്ടു് തുടരെ തുടരെ ചെയ്യുന്ന യജ്ഞമാണെന്നും അതു സാധാരണ ഉപാസന കൊണ്ടാരംഭിച്ചു് പരമേശ്വരനോടുള്ള പരാനുരക്തിയിൽ പര്യവസാനിക്കുന്നതാണെന്നും വെളിവായി കാണുന്നു.” എന്നാൽ മിക്കഭക്തരും സാധാരണ ഉപാസനകൊണ്ടാരംഭിച്ചു് അവിടെത്തന്നെ, അതിന്‍റെ തന്നെ തടവിൽ സ്വയം അർപ്പിക്കപ്പെട്ടവരാണെന്നതും ഒരു സത്യം തന്നെ. അവരാണു്, വെറും “മണിയടിയും പൂജയും ഒക്കെയായുള്ള ആരാധന”മാത്രമായി ജീവിതകാലം മുഴുവനും കഴിയുന്നതു് - ഗുരുഭക്തിയിലായാലും ഈശ്വരഭതിയിലായാലും. അതു ‘ശരിയായ പൂജയാണോ? അല്ലാ എന്നാണു നമ്മൾ കരുതേണ്ടതും. മണിയടിയും പൂജയും ഒക്കെയായുള്ള ആരാധന’ വേണ്ടാ’ എന്നു പറയുന്നതും ഇതിൽ നിന്നും അധികം ദൂരത്തിലല്ല. അതും ഒരുതരം മതഭ്രാന്തു തന്നെ.
“ഭഗവാന്‍റെ മഹിമകളെ,” (ഗുരുവിന്‍റെതും ആകാം) “മുഴക്കിക്കൊണ്ടു് കൂട്ടം ചേർന്നു് ഉറക്കെ പാടുന്നതു സ്ഥൂലമായ കീർത്തനമാണു്. യഥാർത്ഥാത്തിലുള്ള കീർത്തനത്തിനു് എതിലുമധികം അർദ്ധവ്യാപ്തിയുണ്ടു്. ഒരാദർശത്തെ ഭക്ത്യാദരങ്ങളോടെ ആരാധിക്കുന്നതും പ്രകീർത്തിക്കുന്നതും ആദർശത്തെ ഉള്ളഴിഞ്ഞു വാഴ്ത്തുന്ന മൻസ്സിന്‍റെ നിശബ്ദപ്രവർത്തനമാണു്. ഒരു സാമൂഹിക പ്രവർത്തകൻ സമൂഹത്തെ നിശബ്ദം സേവിക്കുന്നതു് അഥവാ ഒരു മഹാത്മാവിൽ നിന്നും വിശ്വപ്രേമം വഴിഞ്ഞൊഴുകുന്നതു്, പലതരം ജോലിത്തിരക്കിനിടയിൽനിന്നു് ദിവസവും അല്പസമയം ഭജനത്തിനുവേണ്ടി ഒത്തുകൂടിയശേഷം മുൻപത്തെ ദുർഗുണ ങ്കേതത്തിലേക്കുതന്നെ തിരിച്ചു പോകുന്ന ജനക്കൂട്ടം ഉണ്ടാക്കുന്ന ശബ്ദകോലാഹലത്തേക്കാൾ എത്രയോ മികച്ച തരം കീർത്തനമാണു്.”
“ചില പ്രത്യേക ദിവസങ്ങളിൽ, ഭക്തിയുടെ മധുരം പുരട്ടിക്കൊണ്ടു് ശാരീരികമായ ചില അനുഷ്ടാനങ്ങൾ ചെയ്യുക മാത്രമേ തങ്ങൾ വേണ്ടതുള്ളൂ എന്നാണു ഭൂരിഭാഗം ജനങ്ങളുടെയും ധാരണ. ബാക്കിയെല്ലാം അവരുടെ ഭാവനയിലെ ദൈവങ്ങൾ നോക്കിക്കൊള്ളും; വെച്ചു വിളമ്പി തിന്നാൻ പാകത്തിൽ മുമ്പിലെത്തിച്ചുകൊള്ളും! യുക്തി രഹിതവും അന്ധവുമായ എത്തരം വിശ്വാസങ്ങൾക്കു് ആദ്ധ്യാത്മിക ശാസ്ത്രത്തിൽ ഒരു സ്ഥാനവുമ്മില്ല.” (മണിയടിയിലും പൂജയിലും മാത്രം ഒതുങ്ങുന്നതു വെറും മതമാണു്. അവിടെ ആത്മീയത ഇല്ല. ഭാരതത്തിന്‍റെ ആത്മിയത മതമല്ലാ എന്നുള്ളതിന്‍റെ ഒരു പ്രധാനപ്പെട്ട തെളിവാണിതു്.)
“ജീവിതത്തെക്കുറിച്ചുള്ള അബദ്ധമായ ധാരണകളുടെയും തെറ്റായ മൂല്യനിർണ്ണയത്തിന്‍റെയും പടുകുഴിയിൽ നിന്നും കരകയറണമെൻകിൽ നിരന്തരവും ബോധപൂർവ്വവുമായ പ്രയത്നം ആവശ്യമാണു്. ജീവിതത്തിൽ ഒരുവന്നനുഭവമാകുന്ന അസ്വരസങ്ങളും ഹൃദയവീണയിൽ പരിതസ്തിതികളാൽ വായിക്കപ്പെടുന്ന അപസ്വരങ്ങളും അയാളുടെ അന്തഃകരണത്തിന്‍റെ അവ്യവസ്ഥ കൊണ്ടാണുണ്ടാകുന്നതു്. അതിന്‍റെ പുനഃസവിധാനത്തിന്നു് നിരന്തരമായ ജാഗ്രതയും അനുസ്യൂതമായ ആത്മചിന്തനവും ആത്മാർഥമായ പ്രയത്നവും കൂടിയേ കഴിയൂ.” (ഇതു ശരിക്കും ധാരാളമായി അനവരതം നൽകിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രസമ്പത്താണു ഭരതത്തിന്‍റെ ആത്മവിദ്യ. അതു മറ്റെങ്ങും ലഭിക്കയില്ല.)
“ഇപ്രകാരം ആത്മമുക്തിക്കു് പ്രയത്നിച്ചു കൊണ്ടിരിക്കുമ്പോൾ, നൈസർഗ്ഗീകമായ ശാരീരികപ്രലോഭനങ്ങൾ കൊണ്ടുണ്ടാകുന്ന മനഃശ്ചാഞ്ചചല്ല്യം ‘വിലക്കപ്പെട്ട കനി’ തിന്നാൻ സാധകനെ പലപ്പോഴും തീർച്ചയായും പ്രേരിപ്പിക്കും. പ്രബലമായ പ്രലോഭനത്തിന്‍റെ അത്തരം സന്ദർഭങ്ങളിൽ അയാൾ ദൃഢവ്രതത്തോടെ മിഥ്യയെ തള്ളിക്കളഞ്ഞു് സത്യത്തിന്‍റെ പാതയിൽക്കൂടെ ഇടറാതെ മുന്നേറണം.”
“കലർപ്പില്ലാത്ത പ്രേമമാകുന്നു ഭക്തി. പ്രേമഭാജനവുമായുള്ള തന്മയീഭാവമാണു് പ്രേമത്തിന്‍റെ മാനദണ്ഡം. സരവ്വചരാചരങ്ങൾക്കും പരമകാരണവും നാശരഹിതനുമായ പരമാത്മാവിനോടുള്ള ഭക്തിയാണു് വ്യാമോഹിതനായ ജീവന്നു് ആത്മാവുമായി തന്മയീഭവിക്കാനുള്ള മാർഗ്ഗം. അനാത്മവസ്തുക്കളുമായുള്ള ബന്ധം വിചേഛദിക്കുന്നതു കൊണ്ടേ ഇതു സാധിക്കുകയുള്ളൂ. അനാത്മനിഷേധമാണു് ‘നമസ്യന്തഃ’ എന്നതുകൊണ്ടുദ്ദേശിക്കുന്നതു്. അവസാനം പരമാത്മാവുമായി തികച്ചും താദാത്മയം പ്രാപിക്കുന്നതുവരെ ഏകാഗ്രമായ മനസ്സോടെ ധ്യാനം തുടരുന്നതാണു് ‘ആത്മസാക്ഷാത്കാരകലയുടെ’ വിധായകമായ വശം. അത്മാനുസന്ധാനത്തെ ‘ഭക്ത്യാ’ എന്ന പദം സൂചിപ്പിക്കുന്നു.”
“അനിത്യ വസ്തുക്കളോടുള്ള വ്യാമോഹജന്യമായ താദാത്മയ ഭാവത്തിൽ നിന്നു സ്വയം വിനിവർത്തിപ്പിച്ചു് പരമാത്മാവിനോടുള്ള അനന്യഭക്തിയിലൂടെ സ്വസ്വരൂപം സാക്ഷാത്കരിക്കാൻ സാധിക്കുന്നതു് നിഷ്ടയ്ക്കു ഭംഗം വരാതെ ഉപാസിക്കുന്നവർ മാത്രമാകുന്നു.”
“പുഷ്പാർച്ചനയും അഭിഷേകവുമൊന്നും ജ്ഞാനമാർഗ്ഗത്തിലില്ല. വിശ്വാധാരവും സത്താമാത്രവുമായ ആത്മരൂപത്തെക്കുറിച്ചു് നിതാന്തജാഗ്രതയോടെയുള്ള നിരന്തരസ്മരണം തന്നെയാണു് നമ്മുടെ സ്വാർത്ഥജീവിതമാകുന്ന മൊട്ടിനെ പരിമളം പരത്തുന്ന ദിവ്യസൂനമായി വിരിയിക്കാനുതകുന്ന ഏറ്റവും ശരിയായ ആരാധന.”
“ജ്ഞാനത്തിനു് തുല്ല്യം പവിത്രമായി ഇവിടെ മറ്റൊന്നില്ല തന്നെ. യോഗസംസിദ്ധി നേടിയവൻ ജ്ഞാനത്തെ കാലം കൊണ്ടു് തന്നിൽ തന്നെ പ്രാപിക്കുന്നു.” എന്നു ഗീതയിൽ ഭഗവാൻ പറയുന്നു. “ഈ ലോകത്തിൽ ജ്ഞാനത്തോളം പവിത്രമായി മറ്റൊന്നില്ലെന്നു് ഭഗവാൻ ഉദ്ഘോഷിക്കുന്നു. മുങ്ങിച്ചാവാൻ തുടങ്ങുന്ന ഒരുവനു് പൊങ്ങുതടി എന്നപോലെ, ജീവനു് വ്യാമോഹത്തിൽ നിന്നും രക്ഷപ്പെടുവാൻ ആത്മജ്ഞാനത്തെക്കാൾ മഹത്തരമായ മറ്റൊന്നും ഇല്ലതന്നെ.”
“പന്ത്രണ്ടുതരം യജ്ഞങ്ങളും നിഷ്കർഷയോടെ ആചരിച്ചു് പൂർണ്ണമായ ആത്മനീയന്ത്രണം സാധിക്കുമ്പോഴാണു് ഒരുവനിൽ ആത്മജ്ഞാനം ഉദിക്കുന്നതു്. ഒരു ഗുരുവിനും നല്കാൻ കഴിയുന്നതല്ല ഇതു. ഗുരു ശിഷ്യനെ ഒരു സ്പർശം കൊണ്ടു് ആത്മജ്ഞാനിയാക്കി എന്നും മറ്റുമുള്ള കേട്ടുകേഴ്വികൾ കെട്ടുകഥകളാണു്. ഒരിക്കലും സാധിക്കാത്ത ഒന്നാണതു്. അല്ലായിരുന്നെൻകിൽ, ശ്രീകൃഷ്ണനെപ്പോലുള്ള ഒരവതാര പുരുഷനിൽ നിന്നു് അർജ്ജുനന്നു് അതു നിമിഷം കൊണ്ടു നേടുവാൻ കഴിയുമായിരുന്നല്ലോ – വിശേഷിച്ചും ഭഗവാനു് അർജ്ജുനനോടു് അത്രയേറെ സ്നേഹവും സൗഹൃദവുമുണ്ടായിരുന്ന നിലയ്ക്കു്.” ഇതാണു പൂജ്യ ചിന്മയാനന്ദസ്വാമികൾ പറയുന്നതു്.
എന്നാൽ അങ്ങനെയും സാധിക്കാം എന്നാണു് വിവേകാനന്ദസ്വാമികളുടെ അഭിപ്രായം. “എല്ലാ സാധാരണ ഗുരുക്കന്മാരേക്കാളും ഉയർന്നവരും ഉത്കൃഷ്ടരുമായ മറ്റൊരുതരം ആചാര്യന്മാർ ലോകത്തിലുണ്ടു് – ഈശ്വരാവതാരങ്ങൾ. അവർക്കു് ഒരു സ്പർശമ്കൊണ്ടോ വെറും സംകല്പ്പം കൊണ്ടോ അദ്ധ്യാത്മത സംക്രമിപ്പിക്കാൻ കഴിയും. അവർ കല്പിച്ചാൽ, ഏറ്റവും അധഃപതിച്ച നീചന്മാർ പോലും നിമിഷം കൊണ്ടു് മഹാത്മാക്കളാകും. (എന്നാൽ സാധാരണഗതിയിൽ അതു് ഒരു ഗുരുവും ചെയ്യറില്ല. ഭക്തൻ ഭക്തിയുടെ പാരമ്മ്യതയിലെത്തുന്നതിനും ധർമ്മത്തിന്‍റെ അന്തിമമായ വിജയത്തിനും ആയി. എതു രണ്ടും സാധിതമാകുന്ന അവസരത്തിൽ അതും സംഭവിക്കാം. അധർമ്മിയേ അന്തിമമായി ധർമ്മത്തിലേക്കു നയിക്കാനും ഒരു ഗുരു അല്ലെങ്കില്‍ ആൾ ദൈവം ഇതു ചെയ്തന്നും വരാം.)
അവർ മറ്റു സർവഗുരുക്കന്മാരുടേയും ഗുരുക്കന്മാരാകുന്നു. അവരാകുന്നു മനുഷ്യരൂപത്തിൽ ഈശ്വരന്‍റെ പരമോച്ചപ്രകാശങ്ങൾ. അവരിൽ കൂടിയല്ലാതെ നമുക്കു് ഈശ്വരദർശനം സാധ്യമല്ല. നമുക്കു് അവരെ ആരാധിക്കാതിരിക്ക വയ്യ, വാസ്തവത്തിൽ അവരെ മാത്രമാകുന്നു നാം ആരാധിപ്പാൻ ചുമതലപ്പെട്ടിരിക്ക്ന്നതു്.” അതിലൊന്നാണു ശ്രീനാരായണഗുരുദേവൻ.
ഇവരാണു ശരിയായ ആൾ ദൈവങ്ങൾ. പക്ഷെ ഇവർ ശരിക്കും ആൾ ദൈവങ്ങളോ എന്നതു മൻസ്സിലാക്കുക വേണം ആദ്യം ചെയ്യേണ്ടതു്. അതു ചെയ്യാതെ അവരെ പൂജിക്കുന്നതും വിമർശിച്ചു തള്ളിക്കളയുന്നതും ഒരു പോലെ തെറ്റാണു്.
“ഈശ്വരനെ കേവലപരിപൂർണ്ണാവസ്തയിൽ ചിന്തിപ്പാൻ ശ്രമിക്കുന്നതു് എപ്പോഴും ഏറ്റവും ദയനീയമായി പരാജയത്തിൽ കലാശിക്കും. എന്തുകൊണ്ടെന്നാൽ, മനുഷ്യരായിരിക്കുന്ന കാലത്തോളം നമുക്കു് ഈശ്വരനെ മനുഷ്യനിൽ നിന്നു കവിഞ്ഞ നിലയിൽ ഭാവന ചെയ്യുക സാദ്ധ്യമല്ല. നാം മനുഷ്യപ്രകൃതിയിൽ നിന്നു് ഉയർന്നു് ഈശ്വരനെ യഥാവത്തായി അറിയുന്ന കാലം വരും. അതുവരെ നമുക്കു് ഈശ്വരനെ മനുഷ്യനിൽക്കൂടിയും മനുഷ്യരൂപത്തിലും ആരാധിക്കതന്നെ വേണം. ഇതിനെതിരായി എത്രയെങ്കിലും വാദിച്ചോളൂ, എത്രയെങ്കിലും ശ്രമിച്ചോളൂ; മനുഷ്യത്ത്വം വിട്ടു വിചാരിപ്പാൻ നിങ്ങൾക്കു സാദ്ധ്യമല്ല. ഈശ്വരനെയോ മറ്റോ സംബന്ധിച്ചു് അവനവന്‍റെ ബുദ്ധിക്കൊത്തവിധം ഗംഭീരമായി പ്രസംഗിക്കാം, വലിയ യുക്തിവാദികളാവാം, ഈശ്വരൻ മനുഷ്യനായവതരിക്കുമെന്നു പറയുന്നതു വിഡ്ഢിത്തമാണെന്നു് തെളിയിച്ചു എന്നു ശ്വയം കൃതാർത്ഥതനേടാം; എന്നാൽ കര്യത്തിനു കൊള്ളുന്ന സാധാരണബുദ്ധികൊണ്ടു് അല്പം ആലോചിച്ചുനോക്കുക. വാദിക്കുന്ന വലിയ ബുദ്ധിയുടെ ഉള്ളിൽ എന്തുണ്ടു്? പൂജ്യം, മറ്റൊന്നുമില്ല; കുറെ നുരയും പതയും ഉണ്ടായിരിക്കും. വലിയ വല്ല യുക്തിവാദിയും അവതാരാരാധനയ്കെതിരായി പ്രസംഗിക്കുന്നതു കേൾപ്പാൻ എപ്പോഴെങ്കിലും ഇടവന്നാൽ നിങ്ങൾ അയാളോടു നിർത്തിച്ചോദിക്കൂ: ഈശ്വരനെപ്പറ്റി അയാളുടെ ഭാവന എന്താണു്, ‘സർ വശക്തിത്വം’ ‘സർവ്വ വ്യാപിത്വം’ മുതലായ സംജ്ഞകൾകൊണ്ടു് പദങ്ങളിലെ അക്ഷരച്ചേർച്ചയല്ലാതെ മറ്റുവല്ലതും അയാൾ മനസ്സിലാക്കീട്ടുണ്ടോ, എന്നു്. പദങ്ങൾക്കു ശരിയായ ഒരർത്ഥവും അയാൾ വാസ്തവത്തിൽ ധരിച്ചിട്ടില്ല. അയാളുടെ സ്വന്തം മനുഷ്യപ്രകൃതിയുടെ ബാധയില്ലാത്ത ഒരർത്ഥം അവയ്ക്കു കല്പിക്കുവാൻ അയാൾ ശക്തനല്ല.”
യഥാർദ്ധ ഭക്തിയുടെ “പ്രാരംഭച്ചടങ്ങുകളെല്ലാം ആത്മ(ചിത്ത)ശുദ്ധിയെ ഉദ്ദേശിച്ചുള്ളതാണു്. നാമജപം, കർമ്മാനുഷ്ടാനം, വിഗ്രഹങ്ങൾ, ചിഹ്നങ്ങൾ ഇവയെല്ലാം ആത്മശുദ്ധിക്കുമാത്രം. ഇങ്ങനെയുള്ളവയിൽ വച്ചു് അത്യന്തം ശുദ്ധീകരമായിട്ടുള്ളതത്രേ ത്യാഗം. അതില്ലാതെ പരഭക്തിഭൂമികകളിൽ പ്രവേശിപ്പാനേ സാദ്ധ്യമല്ല. ഇതു കേൾക്കുമ്പോൾ പലരും ഭയപ്പെടുന്നു. പക്ഷേ ഇതില്ലാതെ ആത്മീകപുരോഗതിയില്ല. ഏതു യോഗം അഭ്യസിപ്പാനും ത്യാഗം വേണം. ആദ്ധ്യാത്മസംസ്കാരത്തിലേക്കു് ചുവടുവെയ്ക്കാനുള്ള പടി, അതിന്‍റെ സാക്ഷാൽ കേന്ദ്രം, യഥാർത്ഥഹൃദയം; ത്യാഗമാണു്.” മനുഷ്യാത്മാവു് ലൌകികവിഷയങ്ങളിൽ നിന്നൊഴിഞ്ഞു് അതിലും ആഴത്തിൽ കിടക്കുന്ന സംഗതികളിലേക്കു് പ്രവേശിപ്പാൻ എപ്പോൾ യത്നിക്കുന്നുവോ, ചൈതന്യസ്വരൂപനായ മനുഷ്യൻ ഏതോ പ്രകാരത്തിൽ കനത്തു ജഡീഭവിച്ചു് തന്മൂലം മിക്കവാറും ജഡംതന്നെയായി നശിപ്പാൻ പോകുന്നു എന്നറിഞ്ഞു് ജഡത്തിൽനിന്നു് എപ്പോൾ മുഖം തിരിക്കുന്നുവോ അപ്പോൾ ത്യാഗം ആരംഭിക്കുന്നു – അപ്പോൾ ആദ്ധ്യാത്മികാഭിവൃദ്ധി ആരംഭിക്കുന്നു. കർമ്മയോഗിയുടെ ത്യാഗം സർവ്വകർമ്മങ്ങളുടെയും ഫലം ത്യജിക്കുക എന്ന രൂപത്തിലാണു്”
ഗുരുദേവകർമ്മകാണ്ഠത്തിന്‍റെ ആരംഭദശകളിൽ ആരാധാനാലയങ്ങൾ സ്ഥാപിച്ചെങ്കിലും അതിന്‍റെ അവസാനകാലത്തു ഇനി അമ്പലങ്ങളല്ല വിദ്യാലയങ്ങളാണു വേണ്ടതെന്നു പറഞ്ഞതിന്‍റെ പൊരുളും ഇതു തന്നെയാണു. യഥാർദ്ധ ഭക്തിയുടെ പ്രാരംഭച്ചടങ്ങുകളായ നാമജപം, പൂജകർമ്മാനുഷ്ടാനം, വിഗ്രഹങ്ങൾ, ചിഹ്നങ്ങൾ ഇവയെല്ലാം കൊണ്ടു് ആത്മശുദ്ധി വരുത്തി അത്യന്തം ശുദ്ധീകരമായിട്ടുള്ള ത്യാഗത്തിലൂടെ പരഭക്തിഭൂമികകളിൽ പ്രവേശിക്കാൻ വേണ്ടി ജ്ഞാനമാർഗ്ഗം തേടണം എന്നാണു ഗുരുദേവൻ കർമ്മങ്ങൾ കൊണ്ടും ഉപദേശം കൊണ്ടും അർത്ഥമാക്കിയതു്. എന്നാൽ അതിനെ ‘ഇനി അമ്പലങ്ങൾ വേണ്ടാ’ എന്നു തെറ്റീയി വ്യാഖാനിച്ചു. ഇനി അമ്പലങ്ങൾ വേണ്ടാ എന്നൊരുകൂട്ടർ, ഗുരുദേവൻ നിരീശ്വരവാദിയായിരുന്നു എന്നു ചിത്രീകരിച്ചു കൊണ്ടു മറ്റൊരുകൂട്ടർ. ഗുരുദേവൻ പ്രവാചകനായിരുന്നു എന്നു് അല്ല ദൈവദൂതനായിരുന്നൂ എന്നു ഇനിയും മറ്റുചില കൂട്ടങ്ങൾ. ഗുരുദേവന്‍റെ അമ്പലസ്ഥാപനങ്ങളും മറ്റു കർമ്മങ്ങളും ശരിക്കും മനസ്സിലാക്കാൻ ഗുരുദേവന്‍റെ കൃതികൾ ശരിക്കും മനനം ചെയ്യതു പഠിക്കുക അതൊന്നു മാത്രമാണു്, ശരിയായും ഗുരുദേവൻ ആരായിരിന്നൂ എന്നു മാനസ്സിലാക്കനുള്ള ഏറ്റവും നല്ല മാർഗ്ഗം. അപ്പോൾ അതോടൊപ്പം ആത്മീയമായ പുരോഗതിയും ഉണ്ടാകും. യോഗം ഏതായാലും ത്യാഗം വേണം. ആദ്ധ്യാത്മസംസ്കാരത്തിലേക്കു് ചുവടുവെയ്ക്കാനുള്ള പടി, അതിന്‍റെ സാക്ഷാൽ കേന്ദ്രം, യഥാർത്ഥഹൃദയം ത്യാഗമാണു്. ത്യാഗപൂരവ്വമായ കർമ്മവും ഭക്തിയും ചേർന്നാൽ ജ്ഞാനം നേടാം. അതുപോലെ തന്നെ ശരിയായ ജ്ഞാനം നേടിയാൽ ത്യാഗവും ഭക്തിയും കൂടെയുണ്ടായിരിക്കും. ഒന്നുകിൽ പ്രയാസം അല്പം കുറവുള്ള രണ്ടു (ത്യാഗപൂരവ്വമായ കർമ്മവും ഭക്തിയും) നേടുമ്പോൾ, നേടാൻ പ്രയാസം അല്പം കൂടിയ ഒന്നു (ജ്ഞാനം) അധികം പ്രയാസപ്പെടാതെ കൂടെക്കിട്ടും. അല്ലെങ്കി പ്രയാസം അല്പം കൂടിയ ഒന്നു (ജ്ഞാനം) നേടുമ്പോൾ, നേടാൻ അല്പം പ്രയാസം കുറവുള്ള രണ്ടു കാര്യങ്ങൾ (ത്യാഗപൂരവ്വമായ കർമ്മവും ഭക്തിയും) കൂടെക്കിട്ടും. ഫലത്തിൽ രണ്ടും ഒന്നു തന്നെ. “പരമാത്മതത്ത്വത്തിൽ തത്പരനായി ഇന്ദീയങ്ങളെ വേണ്ടപോലെ അടക്കിയ ശ്രദ്ധാലുവിന്ന് ആത്മജ്ഞാനം കൈവരുന്നു. ജ്ഞാനം ലഭിച്ചാൽ വൈകാതെതന്നെ പരമമായ ശാന്തിയെ പ്രാപിക്കുന്നു.”
ഗുരുദേവന്റെ സൂക്തങ്ങൾ ശരിയായ അർത്ഥത്തിലാണോ വിശകലനം ചെയ്യപ്പടുന്ന്തു്?
അരെങ്കിലും പ്രത്യേകിച്ചും, വിദേശികളോ വിദേശമതവിശ്വാസികളോ ആയ ഒരാൾ ഗുരുദേവന്‍റെ ഒരു സൂക്തം എവിടെയെങ്കിലും ഒന്നു സൂചിപ്പിച്ചാൽ ‘ശ്രീനാരായണീയർ’ എന്നു പറയപ്പെടുന്ന വിഭാഗത്തിലുള്ളവരിൽ ബഹുഭൂരിപക്ഷവും വളരെ സന്തുഷ്ടരാകും. സൂക്തം ശരിയായ രീതിയിൽ മൻസ്സിലാക്കിയിട്ടു്, അവസരോചിതം ആയിട്ടാണോ അതുപയോഗിക്കുന്നതു്; ഉപയോഗത്തിൽ കൂടി അവർ സ്വയം തെറ്റിദ്ധരിക്കയാണോ, മറ്റുള്ളവരെ അറിഞ്ഞോ അറിയാതയോ തെറ്റിദ്ധരിപ്പിക്കയാണോ എന്നൊന്നും നോക്കാതെ പ്രവർത്തിയിൽ ആനന്ദിക്കും. അവരെ പിന്തുണയ്ക്കും. ഉപയോഗം തെറ്റാണോ എന്നു നോക്കി, തെറ്റാണെങ്കി അതിനെ തിരുത്തുവാനുള്ള ഒരു നിലപടും എടുക്കാതെ അവരെ പ്രോത്സാഹിപ്പിക്കും. പ്രവണതയെ അതിന്‍റെ ശരിയായ പ്രത്യഘാതങ്ങൾ മനസ്സിലാക്കാതെ നാം അനുകൂലിക്കുമ്പോൾ അതു ശരിക്കും ഗുരുദേവനെയും ഗുരുദേവന്‍റെ ആത്മീയസൂക്തങ്ങളെയും തെറ്റായരീതിയിൽ കാട്ടി മനുഷ്യന്‍റെ അത്മീയപുരോഗതിക്കു് നാം ഒരു വിലങ്ങിടുകയാണു ചെയ്യുന്നതു്. അതോടൊപ്പം ഗുരുദേവന്‍റെ മഹിമയേ താഴ്ത്തിക്കെട്ടുകയും. അതിനാൽ മനുഷ്യസമൂഹത്തെ വഴിതെറ്റിക്കുന്ന പ്രവണത നാം നിറുത്തണം. അതിനും ഉപരിയായി ഇവ ഗുരുദേവാദർശങ്ങളുടെ സത്യമായ പ്രചരണത്തിനു വിഖാതവും വരുത്തുന്നു.
പൊതുവേ ഗുരുദേവ ഭക്തജനങ്ങളിൽ കണ്ടുവരുന്ന ചില പ്രവണതകളെ ചൂണ്ടിക്കാണീക്കാൻ ശ്രമിച്ച്താണു്. എല്ലാവർക്കും നന്ദി, ആശംസകൾ, നമസ്കാരം.

(ഈ കുറിപ്പിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.
അവ; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസ്വാമികളുടെ സമ്പൂർണ്ണ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫ. തുറവൂർ വിശ്വംഭരന്‍റെ മഹാഭാരത പര്യടനം ഇവയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.
© ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

1 അഭിപ്രായം:

  1. നന്ദി. വളരെ ആവശ്യമായ വിശദീകരണം. ഏവര്‍ക്കും നന്മ നേരുന്നു. പി.വി.എന്‍

    മറുപടിഇല്ലാതാക്കൂ