2013, ജൂൺ 20, വ്യാഴാഴ്‌ച

ഈഴവർ - ചില കഥകൾ - ചില ചരിത്രസത്യങ്ങൾ - ഒന്നാം ഭാഗം



(ഇവിടെ ഈഴവർ എന്ന പദം കൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നത്, ഇന്നു ഈഴവർ, തീയർ, നാടാർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളേയും അണു്. കാലദേശങ്ങൾ ക്കനുസരിച്ചു് നാമവ്യതിയാനം ആണവയെല്ലാം എന്നാണു് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതു്.)

 ഈഴവരുടെ  ഉത്ഭവത്തെപ്പറ്റി  ശൗനികൻ  എന്ന  മഹർഷി വൃഷപർവ്വൻ  എന്ന  രാജാവിനോടു  പറയുന്നതായി  രേഖപ്പെടുത്തിയ  ഒരു കഥയുള്ളതായി  വായിച്ചിട്ടുണ്ടു്.  സത്യത്തിൽ  നടന്നതോ  അല്ലയോ  എന്നറിവില്ല.  പക്ഷെ  ഈ കഥ  നാം  അറിഞ്ഞിരിക്കേണ്ടതാണെന്നു  തോന്നുന്നതിനാൽ  എവിടെ കുറിക്കട്ടെ

കൃതായുഗത്തിൽ  ചില ദേവസ്ത്രീകൾ ശോണാചല തടത്തിലുള്ള  ഒരു നദിയിൽ  കുളിക്കുമ്പോൽ  ശ്രീപരമേശ്വരൻ  അവരാൽ  ആകൃഷ്ടനാകയും  അദ്ദേഹം  അഗ്നിരൂപത്തിൽ  നദീതീരത്തിൽ  ഇരുന്നു.  ദേവസ്ത്രീകൾ  സ്നാനശേഷം  ചൂടിനുവേണ്ടി  അഗ്നിക്കുചുറ്റും  വന്നിരിക്കുകയും  അവർ ഗർഭധാരണികളാകുകയും ചെയ്തു.  സന്താനങ്ങളുടെ  ജനനശേഷം  അവരെ  മഹാദേവനെ  ഏല്പിച്ചു്  ദേവസ്ത്രീകൾ  മടങ്ങി.  സന്താനങ്ങളെ  മഹാദേവൻ  ശ്രീപർവ്വതിയെ  ഏല്പിച്ചു് .  ശോണാചലതടത്തിൽ  നിന്നും  ഉത്ഭവിക്കുകയാൽ  ദേവി  അവർക്കു്  ശൗണ്ഡികർ  എന്നു്  നാമകരണം  ചെയ്യുകയും  അനുഗ്രഹിക്കുകയും  ചെയ്തു. (ഈ കഥയിൽ അഗ്നിയിൽ നിന്നും ഉത്ഭവിച്ചവർ  എന്നതിനാലാവാം തീയർ എന്ന നാമം ഇണ്ടായതെന്നും ചിലർ കരുതുന്നുണ്ടു്.)  ഇവർ ശിവപാർവ്വതിമാരോടൊപ്പം  വളർന്നു.   ദേവീപാർവ്വതി ഈ ശൗണ്ഡികരെ  മഹേശ്വരനു്  കുളകർമ്മത്തിനുപയോഗിക്കാൻ  ഇളനീർ (ഇന്നു് ചില സർക്കരുകൾ വ്യവസായം അക്കാൻ ശ്രമിക്കുന്ന തെങ്ങിൽ നിന്നും ലഭിക്കുന്ന പുളിക്കാത്ത പാനീയം) ഉണ്ടാക്കുന്ന  ജോലി  ഏല്പിച്ചു.  കുളകർമ്മം എന്നാൽ പൂജ; അപ്പോൾ അതിനുപയോഗിക്കുന്ന വസ്തു ദൈവികമായിരിക്കണം, ഒപ്പം ആരോഗ്യദായകവും. (അതു മൻസ്സിലായപ്പോഴാണല്ലോ ഇപ്പോൾ അതിനു  വ്യവസായസാദ്ധ്യത ഉണ്ടായതും.)  ഇളനീരും ദൈവികമായിരിന്നു.  എന്നാൽ  അതു  മരത്തിൽ  നിന്നും  എടുത്തതിനു  ശേഷം  കുറെ  കാലതാമസം  വരുത്തി  ഉപയോഗിച്ചാൽ  ലഹരിപിടിക്കാം  എന്നു മനസ്സിലാക്കിയ  മനുഷ്യൻ അതിനെ  മദ്യമാക്കി  മറ്റി  ഉപയോഗിച്ചു.  അപ്പോൾ  പൂജാകർമ്മത്തിനു  ഇളനീർ  ശേഖരിച്ച  പുണ്ണ്യാത്മാക്കൾ  നികൃഷ്ടമായ  കള്ളുണ്ടാക്കുന്ന  വെറും  ചെത്തുകാരനായി  മുദ്രകുത്തപ്പെടുകയും  ചെയ്തു

 പുണ്ണ്യകർമ്മത്തിനുപയോഗിച്ചിരുന്ന  ഇളനീർ,  ഒരു ചെറിയ മാറ്റത്തോടെ  സമൂഹത്തിലെ  സകല  ദുഷ്ചിന്തകൾക്കും  ദുഷകർമ്മങ്ങൾക്കും  കാരണവുമായി;  കാരണമാക്കി  മാറ്റപ്പെട്ടു  എന്നു  വേണം  കരുതുവാൻ.

ഇളനീർ  ഉണ്ടാക്കി  ഹോമകുംഭത്തിലാക്കി  അടച്ചു്  പരമേശ്വര സന്നിധിയിലേക്കു്  ഒരു  ബ്രാഹ്മണന്‍റെ  കയ്യിൽ  കൊടുത്തു വിടുകയായിരിന്നു  പതിവ്.  ഇളനീരിനു്   അമൃതിന്‍റെ   ഗുണമുണ്ടെന്നറിയാമായിരുന്ന    ബ്രാഹ്മണൻ  ഒരുദിവസം  അതിൽ  കുറച്ചു്  ഇളനീർ  കുടിച്ചിട്ടു്  അത്രയും  വെള്ളം  ചേർത്ത്  അളവു  ശരിയാക്കി,  ഭഗവാന്‍റെയടുത്തെത്തിച്ചു.  അമൃതപാനത്തിനു  സമയം  ചിലവഴിച്ചതിനാൽ  ബ്രാഹ്മണൻ  പൂജാസമയം  കഴിഞ്ഞാണു്  ഭഗവാന്റെയടുത്തെത്തിയതു്.  കുപിതനായ  പരമേശ്വരൻ  ആ ശൗണ്ഡികനെ  വിളിച്ചുകൊണ്ടു  വരുവാൻ  ബ്രാഹ്മണനോടു  കല്പിച്ചു.  ദേവാധിദേവന്‍റെ   കോപം  കണ്ടു്  ഭയപ്പെട്ട  ബ്രാഹ്മണൻ  ശൗണ്ഡികന്‍റെ  അടുത്തെത്തി  വിവരങ്ങൾ  ധരിപ്പിച്ചു.  കോപിഷ്ടനായ  ശൗണ്ഡികൻ  ബ്രാഹ്മണന്‍റെ  തല വെട്ടിയേടുത്തും  കൊണ്ട്  പരമേശ്വരസന്നിധിയിലെത്തി.  രക്തകണങ്ങൾ  ഇറ്റിറ്റുവീഴുന്ന  ശിരസ്സുമായി  മഹേശ്വരസന്നിധിയിലെത്തിയ  ശൗണ്ഡികനെക്കണ്ട്  ബ്രഹ്മഹത്യാപാപം ചെയ്ത നീ  ദൂരെ നില്ക്കൂ  എന്നു  മഹാദേവൻ  കല്പിച്ചു.  ഇതുകേട്ട  ശൗണ്ഡികൻ, ‘മഹാദേവാ, ഇയ്യാൾ  ന്‍റെയടുത്തുവന്നു്,  അയാൾ  ചെയ്ത  കളവും  ഭഗവാന്‍റെ  കല്പനയും  അറിയിച്ചു.  കുളകർമ്മതത്ത്വം  അറിയാത്തവനും  കളവുകാട്ടുകയും കളവു  പറയുകയും  ചെയ്യുന്നവനും  ആയ  ഇവൻ  ഒരിക്കലും  ബ്രാഹ്മണൻ  ആകുക  സാദ്ധ്യമല്ല.  ആയതിനാൽ  ഞാൻ  ബ്രഹ്മഹത്യചെയ്തിട്ടില്ല. ബ്രഹ്മഹത്യ ചെയ്യാത്തതിനാൽ  ഞാൻ പാപിയും  അല്ല.  എങ്കിലും  അങ്ങയുടെ  ഇഷ്ടാനുസരണം  എന്തും  ചെയ്തുകൊള്ളുക  എന്നു  പറഞ്ഞു. ഇതു  കേട്ട  മഹേശ്വരൻ  ശൗണ്ഡികന്റെ  ധീരതയും  അറിവും  കണക്കിലെടുത്തു്  സന്തോഷപൂരവ്വം   ഇങ്ങനെ  പറഞ്ഞു:  ബ്രഹ്മജ്ഞനാണു്  എല്ലാക്കാര്യങ്ങൾക്കും  എല്ലാവർക്കും  പ്രമാണമെന്നു  വേദങ്ങളും  മുനിമാരും  പറയുന്നു.  ബ്രഹ്മജ്ഞാനമില്ലാത്തവൻ  ബ്രാഹ്മണകുലജാത ആണെങ്കിലും  ബ്രാഹ്മണനല്ലെന്നും,  ആയതിനാൽ  നീ  പാപിയല്ലെന്നും  നിശ്ചലബുദ്ധിയായ  നീയും  പറയുന്നു. എന്നാൽ  ആദ്യമേതന്നെ  ദൂരെപ്പോകൂ  ന്നു പറഞ്ഞതിനാൽ  അതു  മറ്റുവാൻ  സാദ്ധ്യമല്ല  ന്നും  മഹാദേവൻ  പറഞ്ഞു.  എന്നാൽ  പാപം  ചെയ്യാത്ത  താൻ  പാപിയല്ല  എന്നും  ഭഗവാന്‍റെ  കല്പനയാൽ  പാപിയാകുന്നതിലും  ഭേദം  ഭഗവാന്‍റെ  കൈയ്യാൽ  മരിക്കുന്നതാണു  കാമ്മ്യം  എന്നും  അതു  പുണ്ണ്യമാണെന്നു്  അറിയുന്നതിനാൽ  താൻ  പോകുന്നില്ലാ  എന്നും  തന്നെ  വധിക്കണം  എന്നും  ആവശ്യപ്പെട്ടു.  ഇതു  കേട്ട  മഹാദേവൻ  സന്തുഷ്ടനായി  ശൗണ്ഡികനോടു  പറഞ്ഞു:  നീ പതിത്ത്വം  ഭയപ്പെടേണ്ടാ;  ഏറ്റവും ഗുഹ്യവും  ബ്രഹ്മജ്ഞാനത്തിനുതന്നെ  ഏകകാരണമായിട്ടുള്ളതുമാണു്  കുളകർമ്മം
 ബ്രഹ്മജ്ഞാനത്തിനർഹനായ നിനക്കു് ഞാൻ അതിപ്പോൾ  തന്നെ  ഉപദേശിച്ചുതരാം  എന്നു  പറഞ്ഞു്  അതുപദേശിച്ചുകൊടുത്തു.  അതിനുശേഷം,  നീ  പാപത്തിൽ  നിന്നും  മുക്തനായിരിക്കുന്നു.  നീ  ഇളനീരുണ്ടാക്കി  അതുകൊണ്ടു  കുളകർമ്മം  നടത്തിക്കൊള്ളുക.  നിനക്കു  ബ്രഹ്മജ്ഞാനം  ഞാൻ  നേരിട്ടുപദേശിച്ചിരിക്കുകയാൽ  നിനക്കു  പൂണൂലിന്‍റെ  ആവശ്യവും  ഇല്ല.  ബ്രാഹ്മണൻ  ജീവിക്കും  പോലെ  നീയും  ജീവിച്ചു  കോള്ളുക.”  എന്നും  അരുളിച്ചെയ്തതായി  പറയപ്പെടുന്നു.    കഥ  സത്യമാകാം  അസത്യമാകാം.  ഏതായലും ഈ കഥ,  ഈഴവന്‍റെ  ഇളനീർ  (കള്ളെന്ന  അപരനാമത്തിലേക്കു  മാറ്റപ്പെട്ട)  പൂജ,  മഹേശ്വരൻ ഇവയുമായുള്ള  ബന്ധം   കഥയിൽ  നിന്നും  അനുമാനിക്കാമല്ലോ?  ഇളനീരിനെ  കള്ളാക്കിയതിൽ  നിന്നും  ഉണ്ടായ വിനയും.  ഇതു  കഥകൾ,  ഇനി  അല്പം  ചരിത്രത്തിലേക്കു  കടക്കാം.

രണ്ടായിരത്തിയഞ്ഞൂറു  കൊല്ലങ്ങൾക്കുമുമ്പു്  ബുദ്ധദേവന്‍റെ  കാലത്തു്  തക്ഷശിലയിലെ വൈദ്യശാഖാദ്ധ്യക്ഷനായിരുന്ന  ആത്രേയനും,  കാശിയിലെ  വൈദ്യകുലാചാര്യനായിരുന്ന  സുശ്രുതനും  അവരുടെ  വൈദ്യഗ്രന്ഥങ്ങളിൽ  നാളീകേരത്തെപ്പറ്റി  പ്രദിപാദിച്ചു  കാണുന്നുണ്ടു്.  എന്നുമാത്രമല്ലാ,  പെരുമാക്കന്മാരുടെ  കാലത്തിനു്  എത്രയോ  മുമ്പു,  അതെ,  അയ്യായിരത്തിൽ കൂടുതൽ  വർഷങ്ങൾക്കുമുമ്പു്  എഴുതിയിട്ടുള്ള  വാല്മീകി രാമായണത്തിലെ  കേരളവർണ്ണനയിൽ  നാളീകേരവൃക്ഷത്തെ  വർണ്ണിക്കുന്നുണ്ടു്. പണ്ടുപണ്ടേ  ഭാരതത്തിൽ  തെങ്ങും തേങ്ങയും ഉണ്ടായിരുന്നു  എന്നതിനുള്ള  തെളിവുകളാണിവ.  അപ്പോൾ   തെങ്ങു  വൃക്ഷം  പെരുമാക്കന്മാരുടെ  കാലത്തു  സിലോണിൽ  നിന്നും  ഇവിടെ കുടിയേറിപ്പാർക്കാൻ  വന്ന  ഈഴവർ  കൊണ്ടുവന്നതാണെന്നു  കേരളചരിത്രം  എഴുതിവയ്ക്കുകയും  നാം  അതു വിശ്വസിക്കുകയും  ചെയ്യുന്നതിന്‍റെ  പൊരുൾ  എന്തായിരിക്കും?  

കേരളത്തിൽ  ഇന്നും  ഈഴവർ  ജനസംഖ്യയിൽ  പ്രധമസ്ഥാനം അർഹിക്കുന്നവരാണല്ലോ?  ഇത്ര  വലിയൊരു  സംഘം  ജനത  ഒരു  സുപ്രഭാതത്തിൽ  ശ്രീലങ്ക  വിട്ടിറങ്ങിപ്പോന്നു  എന്നു വരാവുന്നതല്ല.  ശ്രീലങ്കാരാജ്യത്തു്  അന്നു  ഇത്ര  വലിയ ജനസംഖ്യ  ഉണ്ടായിരുന്നോ  എന്നും  അറിയേണ്ടതാണു്.  ഏതാനും സിംഹളർ  കേരളത്തിൽ  വന്നതിനു  ശേഷം  കേരളീയരായ നാട്ടുകാർ അവരോടൊപ്പം  ചേർന്നു്;  അങ്ങനെ  വമ്പിച്ച  ഒരു  സമുദായമുണ്ടായി എന്നു്  ആർക്കും  വാദമേയില്ല.  ഇറ്റലിയിൽ  നിന്നും  വന്ന ഏതാനും കൃസ്തുമതപ്രചാരകരോടു  ചേർന്ന  കേരളീയർ “ലത്തീൻ ക്രിസ്ത്യ”രെന്നും,  സിറിയയിൽനിന്നും  വന്ന ഏതാനും കൃസ്തുമതപ്രചാരകരോടു  ചേർന്നവർ  “സിറിയൻ ക്രിസ്ത്യ”രെന്നും  പറയപ്പടുന്നു. അതുപോലെ   ഈഴത്തുനാട്ടിൽ  നിന്നും  വന്ന ഏതാനും പേരോടു ചേർന്നവർ  സിംഹളരെന്നും  ദ്വീപർ  (തീയ്യർ)  എന്നും  ഈഴവർ  എന്നും അറിയാൻ  ഇടവന്നു  എന്നു  വേണമെങ്കിൽ  പറയാം.  കേരളത്തിലെ  “ലത്തീൻ ക്രിസ്ത്യാനികളും  സിറിയൻ ക്രിസ്ത്യനികളും  മുഴുവനും  കച്ചവടത്തിനോ  കുടിയേറി  പാർക്കാനോ  വന്നവരാണെന്നു്   ആർക്കും  വാദമില്ല.   സ്ഥിതിക്കു്  ഈഴവർ  സിലോണിൽനിന്നും   വന്നവരാണെന്നു  വാദിക്കുന്നതിൽ  എന്തർത്ഥമാണുള്ളതു്?  കേരളത്തിലെ  നമ്പൂതിരി, നായർ, ഈഴവർ, ക്രിസ്ത്യാനികൾ, മഹമ്മദീയർ;  ഇവരിൽ  ഭൂരിപക്ഷവും  കേരളീയർ  തന്നെയാകാനാണുസാദ്ധ്യത. 

ഈഴവർ  ബുദ്ധമതവും കൊണ്ടു  കേരളത്തിൽ  കുടിയേറിപ്പാർക്കാൻ  വന്ന  ശ്രീലങ്കക്കാരുടെ  സന്താനപരമ്പരയാണെന്ന  അഭിപ്രായം  വിശ്വസിക്കാൻ  വളരെ  വിഷമം ഉണ്ടു്.  മാത്രമല്ല  വടക്കൻ  ഭാരതത്തിൽ  രൂപം  കൊണ്ടതും,  ഭാരതസംസ്കൃതിയുടെ  അഭിഭാജ്യഘടകവും,  ദക്ഷിണഭാരതം  വഴി  ശ്രീലങ്കയിലേക്കുപോയതുമായ  “ബുദ്ധമതം”  എന്നുപറയപ്പെടുന്ന  ഭാരതത്തിന്‍റെ  സംസ്ക്കാരപൈതൃകത്തിന്‍റെ  തന്നെ  ഒരു  ഭാഗം    ശ്രീലങ്കയിൽനിന്നും  ഇങ്ങോട്ടു  വരിക  അസംഭവ്യവുമാണു്.

ശ്രീലങ്കയിലെ  ഐതീഹ്യങ്ങളനുസരിച്ചു്  കൃസ്താബ്ദം  തുടങ്ങുന്നതിനും  300 വർഷങ്ങൾക്കുമുൻപു  മുതൽ  തന്നെ  (പിൻപും)  കേരളീയർ  ശ്രീലങ്കയുമായി  ബംന്ധപ്പെട്ടിരുന്നതായി  സൂചിപ്പിക്കുന്നുണ്ടു്;  (അതിനും  വളരെ  മുമ്പു്  രാമായണ  കാലത്തും). അതിന്‍റെയെല്ലാം  പരിണിതഫലമായി  സിംഹളരായ  ബുദ്ധന്‍റെ  ചില  അനുയായികളുടെ,  അനുയായികൾ  കേരളത്തിലേക്കു  കുടിയേറിപാർത്തിട്ടുണ്ടാകാം.    അങ്ങനെ  വന്നവരിൽ,  തെങ്ങുമായി  ബംന്ധമുള്ള  ജോലികൾ  ചെയ്തിരുന്നവരായ ചിലർ  കേരളത്തിലെ  ഈഴവരുമായി  ചേർന്നിരിക്കാം.  എന്നാൽ  അങ്ങനെ വന്നവരുടെ  അനുയായികളാണു്  കേരളത്തിലുള്ള  ഈഴവർ  മുഴുവനും  എന്നുപറയുന്നതു  യുക്തിസഹമല്ല.  അതിലും  യുക്തിരഹിതമാണു്,  ഈഴവരുടെ തൊഴിൽ  മദ്യോല്പാദനം  ആയിരുന്നു  എന്നു  പറയുന്നതു്. ജനസംഖ്യയിൽ  ഇന്നും  പ്രധമസ്ഥാനം അർഹിക്കുന്ന,  (അനേകങ്ങൾ  കൃസ്തുമതത്തിലേക്കും  ഇസ്ലം മതത്തിലേക്കും  കുടിയേറിയതിനു  ശേഷവും),  ഈഴവർ  മുഴുവൻ  മദ്യോല്പാദകരായിരുന്നു  എങ്കിൽ ഭാരതം മുഴുവനും,ഇങ്ങേയറ്റം  ദക്ഷിണഭാരതമെങ്കിലും,  എന്നേ  മദ്യപ്രളയം  മൂലം  ടലിൽ  മുങ്ങിപ്പോകുമായിരിന്നു.  തന്നെയുമല്ല  ഈഴവർക്കു്,  കേരളത്തിലെ  ജനസംഖ്യയിൽ  പ്രബലമായ  മറ്റൊരു  സമുദായമായ  നായർ  സമുദായവുമായി  ആചാരങ്ങൾക്കും  ജീവിതരീതിക്കും  വലിയ  വ്യത്യാസങ്ങളും  ഇല്ല.  അപ്പോൾ   ഈഴവർ  കേരളീയർ  തന്നെയാണു് -  കേരളത്തിലെ  മറ്റുള്ളവരും. 

കേരളത്തിലെ  ആദിനിവാസികൾ  ഈഴവരും  അരയന്മാരും   ആയിരിക്കണമെന്നു  പറയുവാൻ  ന്യായമുണ്ടു്.  പക്ഷേ  അക്കാലത്തു്  ഈഴവരെന്നോ  അരയന്മാരെന്നോ  ഉള്ള  ജാതി  വ്യവസ്ഥ  ഉണ്ടായിരുന്നില്ല.  ഓരോ  വിഭാഗവും  ഓരോ   തൊഴിലിൽ  ഏർപ്പെട്ടിരുന്നു  എന്നുമാത്രം.  വളരെ  അടുത്തു  സൗഹാർദ്ദമായി  കഴിഞ്ഞുവന്ന  രണ്ടു  വിഭാഗങ്ങളായിരുന്നു  ഈഴവരും  അരയന്മാരും.  അയിത്തത്തിനു  വളരെ  പ്രാധാന്യമുണ്ടായിരുന്ന  കാലത്തും  ഇവർ  ഒരു  കുടുംബത്തെപ്പോലെ  യോജിപ്പോടെ  കഴിഞ്ഞുവന്നു.  എന്നാൽ  തമ്മിൽ  വിവാഹവും  പന്തിഭോജനവും  പരസ്യമായി  നടന്നിരുന്നില്ല.  സമുദായിക  നടപടികളിലും  ഐകരൂപ്യം  കുറയും.

പുരാതനദ്രാവിഡർ  ദേശഭേദം  നിമിത്തം  അഞ്ചു  വർഗ്ഗക്കാരായി  ഗണിക്കപ്പെട്ടിരുന്നു.  അവരിൽ  നെയ്താന്മക്കളിൽ  പെട്ടവരാണു്  തീയന്മാരും   (ഈഴവരും)  അരയന്മാരും.  നെയ്താൻ  സമുദ്രവും  നെയ്താൻമക്കൾ  ദ്രാവിഡരും  ആകുന്നു.  ഒരു  സമുദ്രതീരദേശമായ  കേരളത്തിൽ  കുടിയേറിപ്പാർത്ത  വിഭാഗം  ഇവരായിരിക്കണം.  പ്രാചീനകാലങ്ങളിൽ  ജനസമുദായത്തിന്‍റെ   തൊഴിൽ-വ്യവസായങ്ങളിൽ  പ്രധാനമായിരുന്നതു്  മത്സ്യം  പിടിക്കൽ,  ഉപ്പുണ്ടാക്കൽ, തുണി  നെയ്ത്തു്,  ശർക്കരയൂണ്ടാക്കൽ,  കാലക്രമേണ മദ്യം ആയിത്തീർന്ന  ഇളനീർ ഉണ്ടാക്കൽ  ഇവയായിരുന്നു.  ഇവയെല്ലാം  ദ്രാവിഡപഞ്ചജനങ്ങളിൽ  ഒരു  വിഭാഗമായ  നെയ്താൻമക്കളുടെ  തൊഴിൽ-വ്യവസായങ്ങളായിരിന്നു.  ഇതിൽ  മത്സ്യം  പിടിക്കലും  ഉപ്പുണ്ടാക്കലും  അരയന്മാരുടെ  തൊഴിലായിരുന്നു.  തുണി  നെയ്ത്തു്,  ശർക്കരയൂണ്ടാക്കൽ,  മദ്യം  ഉണ്ടാക്കൽ  ഇവ  ഈഴവരുടെയും ആയിരുന്നു എന്നു വേണം  അനുമാനിക്കാൻ.  തീരദേശങ്ങളിൽ  ഇന്നും    രണ്ടുകൂട്ടരും  തിങ്ങിപ്പാർക്കുന്നതായിക്കാണം.  ഇതിൽ  നിന്നും  കേരളത്തിൽ  ആദ്യമായി   കുടിയേറിപ്പാർത്തവർ  തീയന്മാരും  (ഈഴവരും)  അരയന്മാരും  ആണെന്നുവേണമെങ്കിൽ  അനുമാനിക്കാം.

വളരെ  പുരാതന  കാലം  മുതൽ  തന്നെ,  (ആര്യന്മാർ  ഉത്തരഭാരതത്തിൽ  വന്നു  എന്നു  പറയപ്പെടുന്നതിനും  വളരെക്കാലം  മുമ്പു  തന്നെഅങ്ങനെ സംവിച്ചിയട്ടില്ലാ എന്നതിനുള്ള തെളുവുകൾ ലഭ്യമായിക്കഴിഞ്ഞു എന്നു് ചില ശാസ്ത്രജ്ഞന്മാർ അസംനിഗദ്ധമായി പ്രഖ്യാപിക്കുന്നും ഉണ്ടു്);  സാസ്കാരികമായി  ഉന്നതനിലവാരം  പുലർത്തിയിരുന്ന  ഒരു ജനസമൂഹം  കേരളത്തിൽ  ജീവിച്ചിരുന്നൂ എന്നു് ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിട്ടുണ്ടു്.     സംസ്കാരത്തിന്‍റെ  ഉടമകൾ  ഈഴവരും  നായന്മാരും  ആയിരുന്നു എന്നു കരുതുന്നതിൽ തെറ്റില്ല.  അക്കാലത്തുതന്നെ  കേരളം  ഫിനിഷ്യ,  ഈജിപ്റ്റ്  മുതലായ  രാജ്യങ്ങളുമായി  കച്ചവടം  നടത്തിയിരുന്നു.  അന്നത്തെ  കേരളീയരിൽ  ഈഴവരും  നായന്മാരും  കപ്പൽ   ഗതാഗതത്തിൽ  സമർത്ഥരും  ആയിരുന്നു.  അക്കാലത്തു്  നായർ  എന്നോ  ഈഴവർ  എന്നോ  ഉള്ള  വ്യത്യാസം  ഉണ്ടായിരുന്നില്ല.  ഇന്നത്തെ  പലേ  നായർ  കുടുംബങ്ങളുടേയും  ഈഴവകുടുംബങ്ങളുടെയും ചരിത്രം  പിന്നിലേക്കു്  തിരിഞ്ഞുതിരഞ്ഞു  നോക്കിയാൽ  പലയിടങ്ങളിലും  മൂലകുടുംബങ്ങൾ  ഒന്നാണെന്നു കാണാം.  രണ്ടുകൂട്ടരും  ചേവകർ  സ്ഥാനം  അവകാശപ്പെടുന്നതും  മറ്റുകാരണങ്ങൾ  കൊണ്ടാകാൻ  വഴിയില്ല.

കേരള  ചരിത്രത്തിൽ  ഇടക്കാലത്തു്  രാജ്യകാര്യങ്ങളിൽ  നായർ  സമുദായത്തിനായിരുന്നു  പ്രാധാന്യം.  നായർ  സമുദായത്തോടൊപ്പം  പ്രാധാന്യം  കൊണ്ടും  പ്രാചീനത്ത്വം  കൊണ്ടും  കിടപിടിച്ചു  നിന്നിരുന്ന  മറ്റൊരു  സമുദായമായിരുന്നു   ഈഴവർ.  എവർ തമ്മിൽ  ഇന്നു  കാണുന്നാ  അകൽച്ച  പുരാതന  കാലത്തുണ്ടായിരുന്നതായി  ഒരു  രേഖകളും  തെളിയിക്കുന്നും  ഇല്ല.  രണ്ടുകൂട്ടരും  ‘ചേവക’ന്മാരായി  മറ്റുള്ളവരുടെ  പ്രശ്നങ്ങൾ  പരിഹരിക്കാനായി  സ്വന്തം  ശരീരം  ബലികൊടുക്കുക  പതിവായിരുന്നു.  ‘കേരളോല്പ്പത്തി’,   ‘കേരളമാഹാത്മയം’   മുതലായ  കൃതികളുടെ  നിർമ്മാണത്തിലൂടെ  ചിലരുടെ  സ്ഥാനം  ഉറപ്പിക്കപ്പെട്ടപ്പോൾ  പൊതുജനസേവനം  ചെയ്തു  നടന്ന  നായർ-ഈഴവ  സമുദായങ്ങൾക്കു  അതു  സാധിച്ചില്ല  എന്നു ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്.  എന്നാൽ   കൃതികൾ  (‘കേരളോല്പ്പത്തി’,   ‘കേരളമാഹാത്മയം’  ഇവ) എഴുതിയതാരെന്നു്  അറിയേണ്ടിയിരിക്കുന്നു.  അതാരെഴുതി  എന്നു  പറയപ്പെടുന്നവർ  തന്നെയാണോ  എഴുതിയതു്?  അതോ മറ്റുവല്ലവരും അന്നത്തെ കേരളീയരെ ഭിന്നിപ്പിക്കുവാൻ വേണ്ടി മനഃപ്പൂർവ്വം ചെയ്തതാണോ?  എന്തായാലും  സേവനം  ആഗ്രഹിച്ചവർ  വടക്കൻ  പാട്ടുകളിലൂടെ  ചരിത്രത്തിൽ  ചേവകർക്കു  ചില  സ്ഥാനങ്ങൾ  നല്കിയിട്ടും  ഉണ്ടു്.  പലരും  അതു്  അംഗീകരിച്ചു  കൊടുക്കുന്നില്ലാ  എന്നു  മാത്രം.  

ഒന്നിച്ചുനിന്നും  സാംസ്കാരികപാരമ്പര്യത്തിൽ  ഉറച്ചുനില്ക്കുന്ന  മറ്റുള്ളവരേയും  കൂടെച്ചേർത്തു്,  സമത്ത്വവും  സാഹോദര്യവും  പുലർത്തി   മുന്നോട്ടുപോകുന്നതാകയില്ലേ  എല്ലാവർക്കും  നന്മവരുത്തുക?  ബന്ധപ്പെട്ടവരെല്ലാം  അമാന്തിക്കാതെ  ചിന്തിക്കേണ്ടതാണീ  വിഷയം.

എന്നാൽ ഇതിനെല്ലാം  മുമ്പ്തന്നെ ഇവിടെ ജനങ്ങൾ പാർത്തിരുന്നില്ലേ? ഉണ്ടായിരിക്കാനാണു സാദ്ധ്യത.  ആ ഭാഗം പിന്നാലെ.



(തുടരും)




ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ചില ചരിത്രഗ്രന്ധങ്ങളും, പുരാണങ്ങളും പഠിക്കുകയും ആവയെ  അപഗ്രധിക്കുവാശ്രമിക്കുകയും ചെയ്തപ്പോൾ ഉണ്ടായ ചിന്തകളാണു്; ഒപ്പം പഠിച്ച ചരിത്രത്തിന്‍റെ ചില ഭാഗങ്ങളും.
© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)