2014, ഏപ്രിൽ 23, ബുധനാഴ്‌ച

എല്ലാവരും അംബാനിമാരും റ്റാറ്റാകളും ബിർലാകളും ആകട്ടെ.





(ഞാന്‍ അറബിനാട്ടിലും മറ്റുവെളിനാടുകളിലും പോയി പണി എടുക്കുന്നവരും എടുത്തിരുന്നവരും  ആയ പരിശ്രമശാലികളായ എല്ലാവരേയും ബഹുമനിക്കുന്നു. എന്നാല്‍ അതേ സമയം അവരും മറ്റുള്ളവരും ചെയ്യുന്ന അഥവാ ചെയ്യാതിരിക്കുന്ന ചിലകാര്യങ്ങള്‍ എങ്ങനെ നാടിനേയും  നാട്ടുകാരേയും ബാധിക്കുന്നു എന്നു കാട്ടാനാണു ശ്രമിച്ചതും ശ്രമിക്കുന്നതും.)
 
അംബാനികള്‍ എങ്ങനെ പണക്കാരായി? അവരുടെ അച്ഛന്‍ വളരെ കഷ്ടപ്പെട്ടു പണിയെടുത്താണു  പണം  ഉണ്ടാക്കി പണക്കാരനായി  എന്നാണറിവു്.  ഇപ്പോഴത്തെ  അംബാനികളും പണിയെടുക്കുന്നു.  പിന്നെ പൊതു  സ്വത്തായ  എണ്ണ  അവര്‍ അമിതലാഭത്തിനു വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്നു  എന്നാണു  പരാതി;  എന്റെ  അറിവിൽ  അതു  വളരെ  ശരിയാണു താനും.

എന്നാല്‍  ഈ പൊതു സ്വത്ത് എങ്ങനെയാണവരുടെ കയ്യിലെത്തിയതെന്നു ചിന്തിക്കുക.  ൧൯൪൭(1947)  മുതല്‍  ജനങ്ങള്‍  തന്നെയാണല്ലോ  ഭാരതം  ഭരിക്കുന്നതു്.  അപ്പോള്‍  പൊതുസ്വത്ത്  ആംബാനികളുടെ  കയ്യിലായതിനു  കാരണക്കാര്‍  ജനങ്ങള്‍  തന്നെയല്ലേ?  അതെ;  ഭരിക്കാന്‍  അര്‍ഹതയും കഴിവും  ഇല്ലാത്തവരെ  ഭരണത്തില്‍  കയറ്റുന്നതിനാൽ  ജനങ്ങൾ  തന്നെയാണതിനു  കാരണക്കാർ.   കാരണത്താൽ  തന്നെ  കുറ്റക്കാരും   അവർതന്നെ.  അവ  ഭരണത്തിലേറ്റിയ  രാഷ്ട്രീയക്കാരുടെ  ദുഃര്‍ഭരണം  കാരണം  ഒന്നും  വേണ്ടവിധം  നടക്കുന്നില്ല.  അപ്പോള്‍  വേണ്ടവിധം  നല്ലരീതിയില്‍  നടത്താനെന്നു  പറഞ്ഞ്  വ്യവസായങ്ങളെല്ലാം  അംബാനിമാരെപ്പോലെയുള്ളവരുടെ  കമ്പനികളുടെ  കയ്യില്‍  കൊടുക്കുന്നു – അമിതമായ  കോഴവാങ്ങിക്കൊണ്ട്.  കാര്യങ്ങള്‍  നടത്താൻ  വേണ്ടി   ഉദ്യോഗസ്ഥന്മാര്‍ക്കും  കൊടുക്കണം  കോഴ”,   ആംബാനികൾ.  ചിലര്‍  ഇതിനു  "കിമ്പളം"  എന്നു  പറയും.  അപ്പോള്‍  അംബാനിമാര്‍  അവർ  കൊടുത്ത   "കിമ്പളവും"  "കോഴയും"  കൂടി  ജനത്തിന്റെ  കയ്യില്‍  നിന്നും  വിലയായി  വാങ്ങുന്നു.  അതുകൊണ്ട്  ജനം  വളരെ  വില കൊടുക്കണ്ടതായും  വരുന്നു.  മറ്റും  പല  കുഴപ്പങ്ങളും  ഉണ്ടാകുന്നു.

 എണ്ണഖനികളൊന്നും  അംബാനി  തോക്കു  ചൂണ്ടി  ബലമായി  പിടിച്ചു  വാങ്ങിയതല്ലല്ലോ?  അവര്‍ക്കു  കൊടുത്തതല്ലേ?  അവര്‍  അവിടെ  ജോലിചെയ്തു  എണ്ണ  ഉല്പാദിപ്പിച്ചു  വില്‍ക്കുന്നു.  ജോലിക്കാര്‍ക്കു  ശമ്പളം  കൊടുക്കുന്നു.  അവരുടെ  ജോലിക്കുള്ള  പ്രതിഫലം  അവരും  എടുക്കുന്നു. 

രാഷ്ട്രീയക്കാര്‍  കൈക്കൂലിവാങ്ങാതെയിരുന്നാല്‍,  ഉദ്യോഗസ്ഥര്‍  "കിമ്പളം"  വാങ്ങാതെയിരുന്നാല്‍;  സാധാരണക്കാര്‍  ഇത്രയധികം  വിലകൊടുക്കണ്ടതായി  വരില്ല.   ദുര്‍നടപടികളെ  ആരെങ്കിലും  എതിര്‍ക്കുന്നുണ്ടോ?  ഇല്ല.  തന്നെയുമല്ല   കപടരാഷ്ട്രീയക്കാരെത്തന്നെ  വീണ്ടും  വീണ്ടും  തിരഞ്ഞെടുത്തുവിടും.  അവര്‍  വീണ്ടും  കൈക്കൂലിയും   കോഴയും  വാങ്ങി  സമ്പാദിക്കും. ഇടയ്ക്കിടെ  പൻചാരവാക്കും  പറഞ്ഞു  വരുന്ന  അവസരവാദി  രാഷ്ട്രീയക്കാരേയും  തിരഞ്ഞെടുത്തുവിടും.  അവരും  കയറി  അംബാനിമാർക്കും  റ്റാറ്റാമാർക്കും  എന്തെങ്കിലും  കുറേ  കൊടുത്തിട്ട്,  കൈ  പോള്ളുമ്പോൾ  (ചിലപ്പോൾ  പൊള്ളും  എന്ന  ചിന്ത  മനസ്സിൽ  വരുമ്പോൾ  ഇട്ടെറിഞ്ഞിട്ട്  ഇറങ്ങിപ്പോകും.   പൊതുജനം  വീണ്ടും  അമിതമായ  വിലകൊടുത്തു  സാധനങ്ങള്‍  വാങ്ങേണ്ട  ഗതികേടില്‍  തന്നെ  തുടരും.  എന്നാല്‍ ഈ കൈക്കൂലിയേയും  കോഴയേയും  എതിര്‍ക്കുന്നുണ്ടോ?  അതുമില്ല.  കൂടാതെ  കാപട്യം  കാട്ടി  എല്ലാം  ശുദ്ധീകരിക്കാം  എന്നു  പറഞ്ഞുവരുന്ന  കാപട്ട്യക്കാരനും  കൊടുക്കും  നാടു  നശിപ്പിക്കാനുള്ള  അവസരം.

കാര്യങ്ങള്‍  ചെയ്യാന്‍  മുന്നോട്ടു  വന്ന  വ്യവസായി  കൊള്ളലാഭം  എടുക്കുന്നു  എന്നു  പരാതി  പറയുന്നു.  തിരഞ്ഞെടുപ്പു  വരുമ്പോള്‍ ശരിയായ  കുഴപ്പക്കാരനായ  (പഴയതും  പുതിയതും)  ആയ  "കൈക്കൂലി"  വീരന്മാരേത്തന്നെ  നാടുഭരിക്കാൻ  (അതോ  കുട്ടിച്ചോറാക്കാനോ?)  തിരഞ്ഞെടുത്തുവിടും.  എന്നിട്ടു  വ്യവസായികളെ  കുറ്റം  പറയും.  എന്നാല്‍  സ്വന്തമായി  ഒരു  വ്യവസായമോ  നിര്‍മ്മാണമോ  നടത്തുമോ  അതും  ഇല്ല.

മറ്റുള്ളവര്‍ക്കും  ചെയ്യാമല്ലോ  അംബാനികളും  റ്റാറ്റാകളും  ബിർലാകളും   ചെയ്യുന്നതു പോലെ വ്യവസായങ്ങൾ?  എന്താണാരും  ചെയ്യാത്തത്? പ്രയഗ്നിക്കാന്‍  വയ്യാ  എന്നതാണു  കാരണം  എന്നാണെനിക്കു  മനസ്സിലായത്.  നമ്മില്‍  ആര്‍ക്കുവേണമെങ്കിലും  ചെയ്യാവുന്നതാണല്ലോ   അംബാനിമാര്‍  ചെയ്യുന്നതൊക്കെ.  എന്നാല്‍  ചെയ്യുന്നില്ല.  ആംബാനികള്‍  പണി  എടുക്കുന്നു,  (നേരിട്ടു  പണിയേടുക്കുന്നതു  മാത്രം  അല്ല  പണീ.  പണി  എടുപ്പിക്കുക  എന്നത്  നേരിട്ടു  പണിയെടുക്കുന്നതിലും  ദുഷ്ക്കരമായ പണിയാണെന്നോർക്കുക);  അതില്‍  നിന്നും  ലാഭം  ഉണ്ടാക്കി  മണിമാളികകള്‍ വച്ചു  ജീവിക്കുന്നു.  അതിനുള്ള  കഴിവില്ലാത്ത  നാം  കൊച്ചു  വീടുകളില്‍  (ചിലർ  കൊച്ചുമണിമാളികകളിലും)  കഴിയുന്നു.  എന്നിട്ട്  മണിമാളികകളിൽ  താമസിക്കുന്നതിനവരെ  കുറ്റം  പറയുന്നതിലെന്താണര്‍ത്ഥം?  അതിനുപകരം  സമ്മതിദാനാവകാശം   ഉപയോഗിച്ചു  രാഷ്ട്രീയക്കാരെ  നീയന്ത്രിക്കയല്ലേ  വേണ്ടത്?

കേരളത്തില്‍  ചുമ്മാതെയിട്ടിരിക്കുന്ന  കൃഷിസ്ഥലങ്ങളില്‍  കൃഷിചെയ്താല്‍  ജീവിത  മാര്‍ഗ്ഗം  ഉണ്ടാക്കാം.  നല്ല  കൃഷിരീതികൾ  ഉപയോഗിച്ചു  കൃഷി  ചെയ്താൽ  രാസവിഷം  ഇല്ലത്ത  ആരോഗ്യദായനികളായ  ആഹാരസാധാനങ്ങൾ  ഉല്പ്പാദിപ്പിക്കാം.  അപ്പോൾ  ആശുപത്രിയിലും  ഭിഷഗ്വരനും  കൊടുക്കുന്ന  പണവും  ലാഭിക്കാം.  വലിയ  മണിമാളികകളുണ്ടാക്കി  സുഖിച്ചു  ജീവിക്കയും  ചെയ്യാം.

 എന്നാല്‍  മലയാളിക്കതു  വയ്യാ.  അവര്‍ക്കു  കേരളത്തില്‍  പണി  ഒട്ടും  ചെയ്യാന്‍  വയ്യ.  കേരളത്തിനു  വെളിയില്‍  പോയാല്‍  അംബാനിക്കു  വേണ്ടിയും  റ്റാറ്റായിക്കു  വേണ്ടിയും  പണിയേടുക്കും.  മറ്റാര്‍ക്കും  വേണ്ടിയും  പണിയേടുക്കും.  പെട്ടന്നു  കൂടുതല്‍  പണം  ഉണ്ടാക്കി മണിമാളിക  പണിയാന്‍  അറബിനാട്ടിലേക്കു  പോകും.  അറബിനാട്ടിലെത്തിയാല്‍  എന്തുപണിയും  എടുക്കും.  അടിമവേലപോലും  ചെയ്യും.  അങ്ങനെ  കഷ്ടപ്പെട്ടുണ്ടാക്കിക്കൊണ്ടുവരുന്ന  കാശു  കൊടുത്തു കൃഷിചെയ്യേണ്ടുന്ന  സ്ഥലം  വാങ്ങി  ഒരു  ചെറിയ  മണിമാളിക  പണിയും,  ഒരു  പത്തോ  പത്രണ്ടോ  (ഇല്ലങ്കില്‍  ഒരു  ആറു) കിടപ്പറകളെങ്കിലും  ഉള്ള  ഒന്നു.  എന്നിട്ടു  അതു പൂട്ടിയിട്ടിട്ടു  വീണ്ടും  പോകും  മണലാരണ്യത്തില്‍  പണിയെടുക്കാന്‍.  മാളികയല്ലേ  ഉള്ളൂ.  ആഹാരത്തിനൊന്നും  ഇല്ലല്ലോ?  എന്നാല്‍  ആവശ്യമില്ലാത്ത  വീടിനു  പകരം  ചുമ്മാതെ  കിടക്കുന്ന  മണ്ണിൽ  കൃഷി  ചെയ്താൽ,  ഒരു  വ്യവസായം  തുടങ്ങിയാല്‍  സ്വന്തം  ജീവിതത്തിനുള്ള  വരുമാനം  ആകും.  ചിലപ്പോള്‍  മറ്റു  ചിലര്‍ക്കുംകൂടി  ജീവിത  മാര്‍ഗ്ഗം  ഉണ്ടാക്കാനുള്ള  അവസരവും  നൾകാനാകും.  അതും  ചെയ്യില്ല.  പക്ഷെ  അംബാനിയേയും  റ്റാറ്റായേയും  കുറ്റപ്പെടുത്തും.  നാടുഭരിക്കാന്‍  കഴിവും  അറിവും  ഉള്ളവരെ  തിരഞ്ഞെടുക്കുമോ?  അതുമില്ല.  എന്നാല്‍  ചിലര്‍  വ്യവസായങ്ങള്‍  തുടങ്ങുന്നും  ഉണ്ടെന്നതൊരു  ആശ്വാസകരമായ  കാര്യം തന്നെ.  എന്റെ  രു  സ്നേഹിതന്റെ  രണ്ടുമക്കള്‍  പത്തു വര്‍ഷത്തോളം അറബിനാട്ടില്‍  പണിയെടുത്തു.  ഉണ്ടാക്കിയ  പണവുമായി  നാട്ടില്‍  വന്നു  ഓരോ  ചെറിയ  വീടും  വച്ചു,  രണ്ടാളും  ചേർന്നു്  ഒരു  ചെറിയ  വ്യവസായവും  തുടങ്ങി.  മറ്റു  രണ്ടാളുകള്‍ക്കുകൂടി  ജോലിയും  കൊടുത്തു.  അങ്ങനെ  നാലു  കുടുംബങ്ങള്‍ക്ക്  ജീവിതമാര്‍ഗ്ഗമാക്കി.  മറ്റൊരു  സ്നേഹിതന്റെ  മകനും  മരുമകളും  അതുപോലെ  അറബിനാട്ടിലെ  പണി  നിറുത്തി  ഉള്ള  പണവുമായി  ഭാരതത്തിൽ  തിരിച്ചുവന്നു  ഒരു  വ്യവസായം  ആരംഭിച്ചു.  അതിലൂടെ  അവർ  ഒരു  ഡസനിലധികം  ആളുകൾക്കു്  തൊഴിലവസരവും  ഉണ്ടാക്കിക്കൊടുത്തു.  അവരാരും  തന്നെ  അംബാനിയെയോ  റ്റാറ്റായേയോ   ബിർലായേയോ  കുറ്റം പറയുന്നില്ല. ഒരു പക്ഷെ ഭാവിയിലെ അംബാനിമാരും  റ്റാറ്റാകളും  ബിർലാകളും  കാനായിരിക്കും  അവരുടെ  ശ്രമം.  അപ്പോള്‍  കുറ്റം  പറഞ്ഞിരിക്കുന്നതിനവര്‍ക്കു  സമയം   ഉണ്ടാകില്ലല്ലോ!!!!!!!!!!!!

© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ആരോപണങ്ങളും പ്രതികരണങ്ങളും



ഗെയിൽ എന്ന സ്ത്രീയുടെ അമൃതാനന്ദമയീ മഠത്തിനെതിരായുള്ള ചില ആരോപണങ്ങൾ ആണല്ലോ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദൃശ്യ, അച്ചടി, സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രഥാനചർച്ചാ വിഷയം. അത്തരം ഒരു ചർച്ചയിൽ നടന്ന ചില അഭിപ്രായ പ്രകടനനങ്ങൾക്കു മറുപടി കൊടുക്കാനായി എഴുതിയ അല്പം നീളം കൂടിയ കുറിപ്പ് ഒരു ലേഖനമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഗെയിൽ എന്ന സ്ത്രീ എഴുതിയതെന്ന അവകാശപ്പെട്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം അല്പം അന്യഷണബുദ്ധിയോടെ വായിച്ചൽ അതിൽ പറയുന്ന ആരോപണങ്ങളിൽ വലിയ കഴമ്പില്ലാ എന്നു മനസ്സിലാക്കാം. പുസ്തകം ഗെയിൽ അല്ല എഴുതിയതെന്ന വസ്തുതയും വെളിയിൽ വന്നിരിന്നു അതിനുള്ള തെളിവുകളും. ആരെഴുതി എന്നും, എഴുതിയ ആൾ കൂലി വാങ്ങി എഴുതുന്ന ആൾ ആണെന്നും, ചില പ്രത്യേക വിഭാഗക്കാർക്കു വേണ്ടി ഭാരതത്തിന്റെ ആത്മീയതയ്ക്കെതിരെ കിംവദന്തികൾ കൂലിക്കെഴുതുകയാണു് ഇവരുടെ പ്രധാനതൊഴിൽ എന്നും ആ തെളിവുകൾ കാണിക്കുന്നു. പലരും ഗെയിലിന്റെ പുസ്തകം വായിക്കാതെയും വിവരങ്ങൾ അറിയാതെയും (അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലാ എന്നു നടിച്ചായിരിക്കാംഉറക്കം നടിച്ചതാകാം) ആണു് അഭിപ്രായം പറയുന്നതെന്നാണു അഭിപ്രായങ്ങൾ കണ്ടപ്പോൾ മനസ്സിലായതു്. അങ്ങനെയെങ്കിൽ ആ  അഭിപ്രായപ്രകടനത്തിൽ എന്തർത്ഥം ആണുള്ളതെന്നു മനസ്സിലാകുന്നില്ല.

ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു, ഒരാൾ എഴുതിയെന്ന രീതിയിൽ. എന്നാൽ അതു ചിലരെ അവഹേളീക്കാൻ വേണ്ടി എഴുതിപ്പിച്ചതാണെന്നുള്ള തെളിവുകൾ വെളിപ്പെടുന്നു. എന്നിട്ടും ഇനിയൊരു കൂട്ടർ എഴുതിയതിനെപ്പറ്റി തുടർച്ചയായി മാദ്ധ്യമത്തിൽക്കൂടി പ്രചാരണം നടത്തി വീണ്ടും അവഹേളിക്കാൻ ശ്രമിക്കുന്നു. ഈ മാദ്ധ്യമങ്ങളുടെ ശൈലിയും എഴുതുന്ന രീതിയും ശരിക്കു മനസ്സിലാക്കിയാൽ അധിക്ഷേപിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു പ്രചരണം അണിതെന്നു നിഷ്പ്രയാസം മനസ്സിലാക്കാം. അങ്ങനെ ഭാരതത്തിന്റെ ആത്മീയതയെ കളങ്കപ്പെടുത്താൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില മാദ്ധ്യമങ്ങൾ പടച്ചു വിടുന്നതിനെ വസ്തുനിഷ്ടമായി പഠിക്കാതെ അതിന്റെ മുഖവിലയ്ക്കെടുത്തുകൊണ്ടു് അരേയും (അമൃതാനന്ദ്മയിയെയോ സന്ദീപനന്ദഗിരിയേയൊ) കുറ്റ്പ്പെടുത്തുന്നതിൽ കഴമ്പില്ല. അമൃതാനന്ദമയിയേ ആയാലും സന്ദീപാനന്ദനെ ആയാലും കോലാഹലങ്ങൾ സൃഷ്ടിക്കുന്നവരുടെ (തുടങ്ങുന്നവരുടെ)  ലക്ഷ്യം വ്യക്തികൾ അല്ല. വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തെയാണു ലക്ഷ്യം വയ്ക്കുന്നതെന്നു്  സാധാരണബുദ്ധി ഉപയോഗിച്ചാൽ മനസ്സിലാക്കാനുള്ളതേ ഉള്ളൂ. അമൃതാനന്ദ്മയിയെ അപകീർത്തിപ്പെടുത്തിയാൽ ഭാരതത്തിന്റെ ആത്മീയതത്ത്വങ്ങൾ അറിയാവുന്നവർ, അതിനെ ആത്മീയതയുടെ കളങ്കമായി കാണില്ല. അതറിയാവുന്നവരെ അതു ബാധിക്കയും ഇല്ല. എന്നാൽ ഈ കോലാഹലങ്ങൾ ഉപയോഗിച്ചു്, ആത്മീയതത്ത്വങ്ങൾ ശരിക്കറിയാത്തവരെ വഴിതെറ്റിക്കാൻ വളരെ എളുപ്പം സാധിക്കുകയും ചെയ്യും. അതാണു് പുസ്തകം എഴുതുന്നവരുടെയും എഴുതിച്ചവരുടെയും തുടക്കത്തിലെ  പ്രചരണക്കാരുടെയും ലക്ഷ്യവും. ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണു് മാദ്ധ്യമങ്ങളുടെയെല്ലാം പിന്നിൽ ഉള്ളതെന്നു് ബുദ്ധിയുള്ളവർക്കു മനസ്സിലാകും. എന്നാൽ അതു മനസ്സിലാക്കാതെയും അതറിയാതെയും, അറിഞ്ഞിട്ടും ഉറക്കം നടിച്ചും പ്രതികരിക്കുന്നതാണു കഷ്ടം. മാദ്ധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങൾക്ക് എങ്ങനെ മനുഷ്യനെ നീയന്ത്രിക്കാൻ സാധിക്കുന്നു എന്നതിനെപ്പറ്റി പല ലേഖനങ്ങളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്-. മലയാളത്തിലും ഉണ്ട്. അവയിൽ ഒന്നെങ്കിലും വാങ്ങി വായിച്ചു നോക്കുകയാണെങ്കിൽ പലതും മനസ്സിലാക്കാം. ഇങ്ങനെയുള്ള പ്രചരണങ്ങൾക്കുവേണ്ടീ എങ്ങനെ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നു എന്നും അപ്പോൾ മനസ്സിലാക്കാം. എന്തിനു് വേണ്ടി ഇതു ചെയ്യുന്നു എന്നു് അല്പം വിശദമായ വായനയിലൂടെയും മനസ്സിലാക്കാം.

സന്ദീപാനന്ദഗിരിയെ തല്ലിയതു ശരിയല്ല. മർദ്ദനം കിട്ടി എന്നെഴുതിയിട്ടു് അവിടെ ഒരു പടം കൊടിത്തിരുന്നതിൽ (ആദ്യവാർത്തയിൽ) മർദ്ദനത്തിന്റെ യാതൊരു തെളിവും കണ്ടില്ല. അപ്പോൾ മർദ്ദനം കിട്ടി എന്നതു വിശ്വസിക്കാൻ പ്രയാസം. പിന്നീടു വന്ന ചിലവാർത്തകളോടൊപ്പം മർദ്ദനത്തിന്റേതെന്നു തോന്നുന്ന പാടുകളുള്ള ചിത്രങ്ങൾ വെളിയിൽ വന്നു എങ്കിലും, അവ ശരിയാണോ എന്നറിയില്ല. കാരണം ഇങ്ങനെയുള്ള അനേകം മർദ്ദനങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നതായി പടങ്ങൾ സഹിതം വളരെയേറെ കഥകൾ കെട്ടിച്ചമയ്ക്കുന്നതും ഭാരതത്തിലെ ഭൂരിപക്ഷം മാദ്ധ്യമങ്ങളുടെയും സ്ഥിരം പരിപാടിയാണിപ്പോൾ. കുറച്ചുനാൾ മാദ്ധ്യമങ്ങൾ അതു പ്രചരിപ്പിക്കും. പിന്നീടു സത്യം വെളിയിൽ വരുമ്പോൾ ഉറക്കം നടിക്കും. അതിലാർക്കും പരാതിയില്ല. (അങ്ങനെ കെട്ടിച്ചമച്ച ചില പടങ്ങളുടെ യാഥാർത്ഥ്യം ഇയ്യിടെ പടത്തിലെ നടന്മാർ തന്നെ പറയുകയുണ്ടായി - അണീയിച്ചൊരുക്കൽക്കാരും, ഛായാഗ്രാഹകരും നിർദ്ദേശകരും എല്ലാം ചേർന്നൊരുക്കിയ ഈതെളിവുകളെപ്പറ്റി”.) ഇതും അങ്ങനെയാണോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

ശ്രീമാൻ സന്ദീപാനന്ദൻ, സ്വാമിയാകാൻ പഠിക്കാൻ പോയ സ്ഥപനത്തിൽ നിന്നും അദ്ദേഹത്തെ എന്തിനു പുറത്താക്കി എന്നറിഞ്ഞാൽ അദ്ദേഹം സ്വാമിനാമത്തിനർഹനാണോ എന്നുമനസ്സിലാക്കാം. ഒരു സ്വാമിക്കുണ്ടായിരിക്കേണ്ട യോഗ്യതകളും, ഈ വ്യക്തിയുടെ ജീവിതരീതിയും പഠിച്ചാൽ സ്വാമിയാകാൻ യാതൊരു വിധത്തിലും യോഗ്യനല്ലാ ഇദ്ദേഹമെന്നും മനസ്സിലാക്കാം. ഇദ്ദേഹം ഇതിനുമുമ്പും പ്രസംഗമദ്ധ്യേ അരുതാത്തതു പറഞ്ഞതിനു അടി കൊണ്ടതായി അറിയില്ലാ എങ്കിലും ഏറുകൊണ്ടതായി അറിയം. അതു് ആരും നേരത്തെ കരുതിക്കൂട്ടി ചെയ്തതല്ലായിരിന്നു. അദ്ദേഹം അരുതാത്തതു പറഞ്ഞപ്പോൾ അവിടെയിരുന്നവർ പ്രതികരിച്ചു അത്രമാത്രം. അവർക്കു അപ്പോൾ ഉണ്ടായിരുന്നത് ചെരുപ്പുകൾ ആയതിനാൽ അതായിരിന്നു ആയുധം എന്നു മാത്രം. ഞാൻ അതിനേയും ന്യായീകരിക്കുന്നില്ല. പക്ഷെ ജനം പലവിധം, ചിലർ പ്രതികരിക്കും, ചിലർ പ്രതികരിക്കില്ല. പ്രതികരിക്കുന്നവർ തന്നെയും പല വിധത്തിലായിരിക്കും പ്രതികരിക്കുക. ഇതും അങ്ങനെയാണെന്നാണു് അറിഞ്ഞതും.

ഭാരതത്തിൽ പ്രതികരിക്കേണ്ടവരോടായിരിക്കില്ല പലപ്പോഴും ജനം പ്രതികരിക്കുന്നതും. ആരോടുപ്രതികരിക്കേണമോ അവർ കാട്ടിക്കൊടുക്കുന്നവരോടായിരിക്കും പ്രതികരിക്കുക. ഈ സഭവത്തിലും അതാണുകാണുന്നത്. പ്രതികരിക്കുന്നവർ സാംസ്കാരപൂർണ്ണമായും സത്യസന്ധമായും ധർമ്മാടിസ്ഥാനത്തിലും അയിരിക്കണം പ്രതികരിക്കേണ്ടതു്. ആരോപണങ്ങൾ കൊണ്ടുവരുന്നവരും അങ്ങനെതന്നെ ആകണം. പരാതിപ്പെടുവാൻ ചുമതലപ്പെട്ടവരുടെയടുത്തു്, പരാതിപ്പെടേണ്ട വിധത്തിൽ പരാതിപ്പേടണം.

ശ്രീ സന്ദീപാനന്ദൻ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗീതാപ്രഭാഷണത്തെപ്പറ്റി ഗീത ശരിക്കും പഠിച്ച പലരുടെയും അഭിപ്രായങ്ങൾ കേട്ടും വായിച്ചും മനസ്സിലാക്കാൻ അവസരം ലഭിക്കുകയുണ്ടായി. പലരുടെയും ഗീതായജ്ഞങ്ങൾ കേൾക്കാനും പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഗീതാ വ്യാഖ്യാനങ്ങളും പലതും പഠിച്ചു. ഇവയിൽ ചിലത് ശ്രീനാരായണഗുരുദേവന്റെ ശിഷ്യന്മാരുടേതായിരിന്നു. ഗീതയും അതുപോലെയുള്ള ആദ്ധ്യാത്മിക കൃതികളും തനിയേ മനസ്സിരുത്തി വായിച്ചു മനനം ചെയ്താൽ, അവ സ്വയം നമ്മിലേക്കു് അവയുടെ അന്തസത്ത പകർന്നുതരും എന്നു് അവരിൽ പലരും പറയുകയുണ്ടായി. അനുഭവത്തിൽ അതു നടക്കുകയും ചെയ്തതിനാൽ അതും ശരിയാണെന്നു മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പ്; ശ്രീ സന്ദീപാനന്ദൻ പ്രസിദ്ധനാകുന്നതിനും (തുടർന്നു് കുപ്രസിദ്ധനും ആകും) മുമ്പുതന്നെ, അദ്ദേഹത്തിന്റെ ഗീതായജ്ഞത്തിന്റെ മുഴുവൻ ഡിവിഡികളും അവ വിപണികളിൽ ഇറങ്ങിയ അവസരത്തിത്തന്നെ ഒരു സ്നേഹിതൻ പാരിതോഷികമായി തന്നു. ആദ്യത്തെ പത്തുമിനിറ്റു കേട്ടു. അതൊരു വിഘടനവാദത്തിനായുള്ള ഗീതാവ്യാഖ്യാനം ആയതിനാലും, അതിൽ കണ്ടത് വിഘടന ചിന്താഗതിയിൽക്കൂടി മാത്രം ഗീതയെ കാണുന്ന ഒരു രീതിയായതിനാലും അതിന്റെ ശേഷഭാഗം പിന്നെ ഒരിക്കലും കേട്ടിട്ടില്ല. കേൾക്കുന്നതിൽ ഒരു കഴമ്പും ഇല്ലാ എന്ന പൂർണ്ണബോദ്ധ്യം ഉള്ളതിനാൽ നിറുത്തി. മനുഷ്യസമൂഹത്തെ ഏകോപിക്കുന്നതിനും ധാർമ്മികമായ ഒരു സമൂഹത്തെ കൊട്ടിപ്പടുക്കാനും ഉള്ള ഉപാധിയാണു് ഗീത എന്നാണു് ഗീതാ പഠനത്തിൽ നിന്നും എനിക്കു മനസ്സിലായതു്. ഞാൻ പഠിച്ച ഗീതാവ്യാഖ്യാനങ്ങളെല്ലാം വിരൽ ചൂണ്ടിയതും അതിലേക്കുതന്നെ ആയിരിന്നു. അതിനെ ഒരു വിഘടനോപകരണം ആയി മാറ്റുന്നതിനോടു യോജിക്കാൻ പ്രയാസമാണു്.

ശ്രീ സന്ദീപാനന്ദന്റെ ഈ കുഴൽ വിളികൾ”ക്കു കാരണം വ്യവസായം പുരോഗമിച്ചവർക്കെതിരേ വ്യവസായം പുരോഗമിക്കാത്ത ഒരു വ്യക്തിയിൽ ഉടലെടുത്ത കുശുമ്പാണെന്നാണു തോന്നുന്നതു്. എന്നാൽ വ്യവസായം പുരോഗമിച്ചവർ ലാഭം സാധാരണക്കാർക്കും പാവങ്ങൾക്കും വളരെ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുന്നു എന്നതു വളരെ ശ്ലാഹനീയമായ കാര്യമായിട്ടാണു തോന്നുന്നതും.

വീണ്ടും ഗെയിലിലേക്കു തിരിയട്ടെ; തനിക്കു് ഏതെങ്കിലും വിധത്തിൽ  പീഠനം അനുഭവപ്പെട്ടു എങ്കിൽ അതിനു പരാതിപ്പെടാനും ന്യായം നടപ്പാക്കാനും ഉള്ള വഴികൾ തേടാമായിരുന്നല്ലോ ഗെയിലിനു്? ഗെയിലിനു മാത്രമല്ല അങ്ങനെ പീഠനം നേരിടേണ്ടിവന്നവർക്കെല്ലാം ചെയ്യാവുന്നതാണി നീതിമാർഗ്ഗം. അതുതേടാതെ, പുസ്തകം എഴുതിയും മറ്റുവഴികളിൽ കൂടിയും അല്ല നീതി തേടേണ്ടതു്. എന്തിനു് ഈ ഗെയിൽ വളരെ വർഷങ്ങൾ ആ പീഠനങ്ങൾ സഹിച്ച് അവിടെ താമസിച്ചു? അമൃതാനന്ദമയീ മഠത്തിൽ നിന്നുകൊണ്ടു പരാതിപ്പെടാൻ ഭയമായിരിന്നു എങ്കിൽ അവിടെ നിന്നും പോയ ഉടനെ പരാതിപ്പെടാമായിരിന്നു. അവർ അമേരിക്കയിലുള്ള കാമുകന്റെ അടുത്തേക്കായിരുന്നല്ലോ യാത്ര. അമേരിക്ക കോടതിയിൽ പരാതി നല്കാൻ പറ്റിയ സ്ഥലം ആണുതാനും. (ദാ നമ്മുടെ സർദാർജിമാർ ഭാരതത്തിലെ ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ ഉന്നതയ്ക്കെതിരേ തന്നെ പരാതി നല്കിയിരിക്കുന്നു അമേരിക്കയിൽ. ഭാരതത്തിലെ ചില രാഷ്ട്രീയ നേതാക്കൾക്കെതിരെയും അമേരിക്കയിൽ കേസ്സുകൾ എടുത്തിട്ട് ചില ദിവസങ്ങളേ ആയിട്ടുള്ളൂ.) പിന്നെ എന്തു കൊണ്ടവർ അതിനു തുനിഞ്ഞില്ല എന്നതു ചിന്തിക്കേണ്ടതാണു്. നീതി നടപ്പാക്കുകയോ, നടന്നു എന്നു പറയുന്ന പീഠനത്തിലെ കുറ്റവാളികളെ നീയമത്തിനു മുമ്പിൽ കൊണ്ടുവരികയായിരിന്നു ലക്ഷ്യം എങ്കിൽ പരാതിപ്പെടുകയായിരിന്നു വേണ്ടതു്.

തുടരെ നടന്നു എന്നു പറയുന്ന പീഠനം സഹിച്ചു് അനേകം വർഷങ്ങൾ അവിടെ താമസിക്കുന്നു, അതിനു ശേഷം, മഠത്തിൽ നിന്നും പോകുന്നു. പോയതിനുശേഷവും അനേകം വർഷങ്ങൾ പരാതിപ്പെടുകയോ പുസ്തകം എഴുതുകയോ ചെയ്യുന്നില്ല. അനോകം വർഷങ്ങൾക്കു ശേഷം ഒരു പുസ്തകം എഴുതി. അതുവെളിയിൽ വന്നും നാളുകൾക്കു ശേഷം ചില മാദ്ധ്യമങ്ങൾ അതുയർത്തിപ്പിടിച്ചു ബഹളം കൂട്ടുന്നു. ഉടനെ ശ്രീ സന്ദീപാനന്ദൻ മഠത്തിനെതിരെ തിരിയുന്നു. ഇത്രയും കണ്ടുകൊണ്ട് അതു നടന്നതാണെന്നു തീരുമാനിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല.

കുറച്ചുനാൾ മുമ്പ് ഒരു മുൻ കന്യാസ്ത്രീ അവരുടെ ജീവിതത്തിൽ മതനേതാക്കളിൽ നിന്നും അവർ അനുഭവിക്കേണ്ടിവന്ന പീഠനത്തെപ്പറ്റി എഴുതിയപ്പോൾ ഈ മാദ്ധ്യമങ്ങൾ ഇങ്ങനെയല്ലല്ലോ പ്രതികരിച്ചതു്. സാമൂഹ്യമാദ്ധ്യമങ്ങളിലും ആരും ഇതുപോലെ പ്രതികരിച്ചും കണ്ടില്ല. ഞാൻ കാണാതെ പോയതായിരിക്കാം. ആ കന്യാസ്ത്രീയുടെ പുസ്തകവും വായിച്ചു വിശ്വാസയോഗ്യം എന്നാണു നിഗമനവും. പക്ഷെ അതിനു പ്രതികരിക്കേണ്ടത് എന്റെ കടമയല്ല എന്നു തോന്നിയതിനാൽ പ്രതികരിച്ചില്ല. “ഉറക്കം നടിച്ചുഎന്നു വേണമെങ്കിൽ പറയാം. ഇവിടെ വിശ്വാസയോഗ്യം അല്ല എന്നു തോന്നിയതിനാൽ വീണ്ടും ഉറക്കംനടിച്ചു. എന്നാൽ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നടന്നു എന്നു് ആരോപിക്കപ്പെടുന്ന പീഠനത്തെ ഒരു സമൂഹത്തിനെതിരെ തിരിച്ചു വിടാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചു. പ്രതികരിക്കണ്ട രീതിയിൽ. ഈ സമൂഹത്തിൽ തെറ്റ് ആരു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടണം. ഗെയിൽ പരാതിപ്പെടണം. നീയമം നടപ്പാക്കാൻ ചുമതലപ്പെട്ടവരുടെ അടുത്ത് - നീയമം നടപ്പാക്കുവാൻ അവർക്ക് അവസരം ഉണ്ടാകട്ടെ. ആ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടത് പീഠിപ്പിക്കപ്പെട്ടവരുടെഗെയിലടക്കം ഉള്ളവരുടെ - കടമയാണല്ലോ? അല്ലാതെ ഗെയിൽ പുസ്തകത്തിൽ കൂടി പ്രചരണം നടത്തുകയല്ല വേണ്ടത്. പുസ്തകം എഴുതുന്നു എങ്കിൽ തെളിവുകൾ നിരത്തി എഴുതണം, വിസ്വാസയോഗ്യമായ തെളിവുകൾ.

മാധ്യമങ്ങൾ പക്ഷം ചേരാതെ സത്യസന്ധമായി പ്രതികരിക്കണം. അതാണു മാദ്ധ്യമധർമ്മം എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്; മാദ്ധ്യമപ്രവർത്തനം പഠിക്കുവാൻ സാധിച്ചതിൽ നിന്നും മനസ്സിലായതു് അതാണു്. ഒരു മാദ്ധ്യമം 15 വർഷക്കാലം നടത്തുവാനും മറ്റു മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചപ്പോൾ പാലിച്ചതും ആ മാദ്ധ്യമധർമ്മം തന്നെ ആയിരിന്നു. ഇപ്പോഴും മാദ്ധ്യമപ്രവർത്തനത്തിൽ പൂർണ്ണമായിട്ടല്ലാ എങ്കിലും ഇടപെടുന്നതിനാൽ അതുതന്നെ തുടരുന്നു.

എന്നാൽ ഭാരതീയരിൽ ഭൂരിപക്ഷവും (മനുഷ്യരും മാദ്ധ്യമങ്ങളും) അതു ചെയ്യാറില്ല. ഭാരതീയരുടെ ചിന്താശക്തിയെ ബാധിച്ച ചില ബലഹീനതകാളാണിവയ്ക്കു കാരണം എന്നു തോന്നുന്നു. ചരിത്രത്തിൽക്കൂടി പിന്നോട്ടു നോക്കിയാൽ അതാണു കാണുന്നത്.

ഭാരതീയർക്കു പറ്റിയ ആ ബലഹീനതകൾ ഉണ്ടായതു് അബദ്ധങ്ങളായ ചില ചിന്തകൾ കാരണം ആണു്. അവയിൽ ചിലത് ഇവയാണു്; തങ്ങളെ വിദേശികൾ എന്തു ദൂഷ്യം പറഞ്ഞാലും, പ്രതികരിച്ചാൽ അവർക്കു വിഷമം ഉണ്ടായേക്കും, എന്തിനവരെ വേദനിപ്പിക്കണംഎന്ന തെറ്റായ ചിന്ത കാരണം പ്രതികരിക്കാതിരിക്കുക. അടുത്തതായി, എന്നെ നേരിട്ടു ബാധിക്കുന്നില്ലാ എന്നു കരുതി പ്രതികരിക്കാതിരിക്കുക. മൂന്നമതായി, മറ്റുള്ളവരുടെ അളവുകോൽ കൊണ്ട് സ്വന്തം കാര്യങ്ങൾ അളക്കുക. നാലാമതായി വിദേശികളുടെ വാക്കിനു കൂടുതൽ വില കല്പിച്ചു് അതിന്റെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാതെ സ്വന്തം നാട്ടുകാരേയും അവരുടെ ചെയ്തികളേയും കുറ്റപ്പെടുത്തുക. ഞ്ചാമതായി - വിദേശികളുടെതെല്ലം നല്ലതും ശരിയും ആണെന്നു് അന്വഷിച്ചറിയാതെ വിശ്വസിക്കുക. ആറാമതായി, സ്വന്തം സംസ്കാരത്തിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു് നല്ലതിനെ സ്വീകരിക്കുകയും അതിൽ കടന്നു കൂടിയ ചീത്തകളെ ദൂരീകരിക്കാൻ ശ്രമിക്കുന്നതിനു പകരം, വിദേശികൾ പറയുന്നതുവിശ്വസിച്ചു് നമ്മുടെ നല്ലതിനെ തിരസ്കരിക്കുകയാണു ഭൂരിപക്ഷം ഭാരതീയരും പലപ്പോഴും ചെയ്യുക. ഏഴാമതായി, ആ നല്ലതിനു് അല്പം താല്ക്കാലിക സൗന്ദര്യപരിണാമം (cosmetic change) വരുത്തി വിദേശികൾ തിരിച്ചിങ്ങോട്ടു തന്നാൽ അതിനെ പരിശോധിക്കാതെ തന്നെ നല്ലതെന്നു പറഞ്ഞു പൂർണ്ണമായും സ്വീകരിക്കുക - നമ്മുടെ നല്ലതിനു പകരം. എട്ടാമതായി, ഇതിനെല്ലാം ഉപരി അവരുമായിക്കൂടി സ്വന്തക്കർക്കു പാരവയ്ക്കുക. ഇവയൊക്കൊ കൊണ്ടാണല്ലോ ആയിരമായിരം വർഷങ്ങൾ നേരിട്ടുള്ള അടിമത്ത്വത്തിൽ കഴിഞ്ഞതും ഇന്നും നേരിട്ടല്ലെങ്കിലും അങ്ങനെ തന്നെ കഴിയുന്നതും. ആ അടിമത്ത്വമനോഭാവത്തിന്റെ ഭാഗമാണു് ഈ ഗെയിൽ പറഞ്ഞതിനെയും അന്വഷണബുദ്ധിയില്ലാതെ ഉൾക്കൊണ്ടുകൊണ്ടും മാദ്ധ്യമങ്ങളുടെ മാസ്മരതയിൽ മയങ്ങിയും അമൃതാനന്ദമയിക്കെതിരെ വാളെടുക്കുന്നത്.

ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വർഷങ്ങളായി ഒരു തരം ചിന്താപരമായ അടിമത്ത്വത്തിൽ കൂടിയാണു ജീവിക്കുന്നത്. അവരുടെ ചിന്തയെ മൊത്തമായും നീയന്ത്രിക്കുന്നത് വിദേശികൾ അല്ലെങ്കിൽ വിദേശസംസ്കാരത്തിൽ വിശ്വസിക്കുന്ന ഭരതീയരാണു്. ഈ ചിന്താപരമായ അടിമത്ത്വം ശരിക്കും ഭരതീയന്റെ തലയിൽ വളരെ നേരത്തെ തന്നെ കയറ്റി വച്ചിരിന്നു എങ്കിലും ശരിക്കും അരക്കിട്ടുറപ്പിച്ചത് ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസ നയങ്ങളാണു്. ഇന്നും ആ നയങ്ങൾ തന്നെ ഭാരതത്തിൽ തുടരുന്നു. ആയതിനാൽ ആ അടിമത്ത്വവും തുടരുന്നു. ഇന്നതിനെ അരക്കിട്ടുറപ്പിക്കാൻ മാദ്ധ്യമങ്ങളാണു കൂടുതലും ഉപയോഗിക്കപ്പെടുന്നതും. മറ്റൊരുവിധം പറഞ്ഞാൽ ഇന്നത്തെ അടിമത്ത്വത്തമ്പുരാക്കന്മാർ മാധ്യമങ്ങളും അവയിൽക്കൂടി അതിന്റെ ഉടമകളും ആണു്. ആ മാദ്ധ്യമങ്ങളിൽ ചിലതാണല്ലോ അമൃതാനന്ദമയീമഠത്തിനെതിരെ വളരെയധികം പ്രചരണം നടത്തുന്നതും. ഏതു നിമിഷവും ഇതു മറ്റു മഠങ്ങൾക്കെതിരെയും തിരിയാം. അതു ശിവഗിരിമഠം ആയെന്നും വരാം. പ്രകാശാനന്ദസ്വാമിക്കെതിരേ ആയാൽ അതു ശിവഗിരി മഠത്തിനെതിരേ അല്ല എന്നു പറയാം എന്നു് ആരും കരുതണ്ടാ.

ഞാൻ ഇന്നു ജീവിച്ചിരിക്കുന്ന ഒരു ആൾദൈവത്തിന്റെയും സ്വാമിയുടെയും സ്വാമിനിയുടെയും ആരാധകനല്ല. ഈ വിധമായ ഒരു സംഘടനയിലും അംഗവും അല്ല. എനിക്കു സത്യം എന്നു ബോദ്ധ്യം ആയതിനെ മാത്രമേ വിശ്വസിക്കാറുള്ളൂ - ചെയ്തതും പറഞ്ഞതും ആരുതന്നെ ആയാലും. ഇതുവരെ ഉണ്ടായിട്ടുള്ള ദൈവങ്ങ എല്ലാം തന്നെ, ആൾ ദൈവങ്ങളാണെന്നു പൂർണ്ണമായും വിശ്വസിക്കയും ചെയ്യുന്നു. ഭാരതത്തിന്റെ ആത്മീയത എന്തെന്നറിയാതെ, സെമറ്റിൿ മതങ്ങളിലെ കാര്യങ്ങൾ നമ്മുടെ ആത്മീയതയാണെന്നു തെറ്റിദ്ധരിച്ചാണു് പലരും ഈആൾദൈവപ്രചരണം നടത്തുന്നതും.

ഞാൻ മനസ്സിലാക്കുന്ന അത്മീയകാര്യങ്ങൾ പങ്കുവയ്ക്കാനായിട്ടാണു എഴുതാറുള്ളത്. ഗുരുദേവനോളം ഭാരതത്തിന്റെ ആത്മീയതയെ അറിഞ്ഞ ഒരു ആത്മീയഗുരു ഈ അടുത്തകാലത്തെങ്ങും ജീവിച്ചിരുന്നിട്ടില്ല. അതിനാൽ ഗുരുദേവ സൂക്തങ്ങളെയാണതിനായി അധികവും ഉപയോഗിക്കുന്നതും. എന്നാൽ അവയ്ക്ക് വളരെ അപൂർവ്വമായേശ്രീനാരായണീയരിൽനിന്നും പ്രതികരണം ഉണ്ടാകാറുള്ളൂ. അവർ കൂടുതലും പ്രതികരിക്കുക മാദ്ധ്യമം”, മീഡിയാവൺ, ഇന്ത്യവിഷൻ, റിപ്പോർട്ടർ, എഷ്യാനെറ്റ്, കൈരളി തുടങ്ങിയ മാദ്ധ്യമങ്ങളിൽ വരുന്ന കള്ളക്കഥകൾക്കാണു്.

അമൃതാനന്ദമയിയുടെ കഴിവോ കഴിവുകേടോ ആണെന്നു തോന്നുന്നില്ല ഇവിടെ ചർച്ചാവിഷയം. ഗെയിൽ അവിടെ നിന്നും പോയി വർഷങ്ങളോളം ഒന്നും ചെയ്യാതിരുന്നിട്ട് 15 വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതി പ്രസിദ്ധീകരിച്ചതുതന്നെ മറ്റാരുടെയോ പ്രേരണയാലാണെന്നതിനു് ആ കാലവിളംബം തന്നെ ഒരു നല്ല തെളിവാണല്ലോ? ഇതൊന്നും ചിന്തിക്കാതെയും ആ പുസ്തകം ഒന്നു വായിക്കാതെയും ആണു പലരും ചർച്ചയിൽ പങ്കെടുത്തതും. എന്തായാലും ചർച്ചയിൽ പങ്കെടുക്കുന്നവർ ആ പുസ്തകം ഒന്നു വായിക്കുക. അതെഴുതിയവരെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങൾ വായിക്കുക. അതിനു ശേഷം മതി സംവാദം. അങ്ങനെ ചെയ്യാൻ അപേക്ഷിക്കുന്നു.
 © ഉദയഭാനു പണിക്കർ