2011, നവംബർ 17, വ്യാഴാഴ്‌ച

അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്റെ ആത്മീയത ഒരു മതം അല്ല.



അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്‍റെ ആത്മീയത ഒരു മതം അല്ല. ആത്മീയതയിൽ മതം ഇല്ല. അങ്ങനെയുള്ളതാണു് ഭാരതത്തിന്‍റെ ആത്മീയത. മതം ആത്മീയതയിൽ ചേർന്നു കഴിയുമ്പോൾ അതു്, ആ മതം, മതമല്ലാതാകും; ആ മതമില്ലാതാകും.
ഭാരതത്തിന്‍റെ ആത്മീയതയെ ഒരു മതം എന്നും, അതിന്‍റെ നാമം ഹിന്ദു മതംഎന്നും ഉള്ള ചിന്ത മറ്റിയാൽ മാത്രമേ ഇതു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. വേദാന്തമാണു് അദ്വൈതം. അദ്വൈതമാണു വേദാന്തം. അതു തന്നെയാണു ഭാരതത്തിന്‍റെ ആത്മ്മീയത. ആ ആത്മീയതയെ മാറ്റിയാൽ കുറെ മതങ്ങൾ അവശേഷിക്കും.

ഭാരതത്തിന്‍റെ ആത്മീയത എന്നു ഇവിടെ സൂച്കിപ്പിക്കുന്നത് പൊതുവേ ഹിന്ദുമതം എന്നു വിശേഷിക്കപ്പെടുന്നതിനെ മാത്രം ഉദ്ദേശിച്ചുകൊണ്ടും അല്ല. വിദേശികൾ പല മതങ്ങളാണെന്നു പറഞ്ഞു പ്രചരിപ്പിച്ചതും നമ്മിൽ ബഹുഭൂരിപക്ഷവും സമ്മതിച്ചു കൊടുത്തതും ആയ നമ്മുടെ അത്മീയശാസ്ത്രം മൊത്തത്തിൽ കണക്കിലെടുത്തു കൊണ്ടാണു് ഭാരതത്തിന്‍റെ ആത്മീയത എന്നു പറഞ്ഞിരിക്കുന്നതു്. അതിനെ ആത്മീയത അല്ല, വെറും മതം മാത്രം ആണെന്ന ധാരണ ഉണ്ടാക്കാൻ വേണ്ടിയാകാം അതിനെ മതങ്ങളായി വിദേശികൾ ഖണ്ഡിതമാക്കി കാണിച്ചതെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണു് ഈ കുറിപ്പെഴുതുന്നതു്. 

ഭാരതത്തിന്‍റെ ആത്മീയത വെറും മതം അല്ലാ എന്ന വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രീ നാരായണഗുരുദേവൻ എഴുതിയ ദൈവദശകം പഠിച്ചൽ മതി. പക്ഷെ അതു മുഴുവനും പഠിക്കുവാൻ ഒരു ജന്മം മതിയാകുമോ എന്നതിൽ ബലമായ സംശയം ഉണ്ട്. ഈ ലേഖകൻ ആറാം വയസ്സിൽ തുടങ്ങിയതാണു്. ഈ ജന്മത്തിൽ തീരില്ലാ എന്നു തീർച്ചയായി. അടുത്തതിലും തീരാൻ സാദ്ധ്യതയില്ല. അതുകൊണ്ടു അതിലും മുന്നോട്ടുള്ളതിനെപ്പറ്റി ചിന്തിക്കുന്നില്ലാ എന്നു തീരുമാനിച്ചു.
ദൈവദശകത്തിന്‍റെ പഠനം തുടങ്ങിയപ്പോൾ മൻസ്സിലായി, ഈ പത്തു ശ്ളോകങ്ങൾ മൻസ്സിലാകണം എങ്കൽ ഉപനിഷത്തുകൾ മുഴുവനും ഭഗവദ്ഗീത സഹിതം - പഠിക്കണം എന്നു്. ചിലർ പറഞ്ഞേക്കും ഗീത ഉപനിഷത്തല്ലാ എന്നു്. ഈ കുറിപ്പെഴുതുന്നയാൾ ഗീതയെ ഉപനിഷത്തുകളിൽ ഒന്നായാണു സ്വീകരിച്ചിട്ടുള്ളതു്.

ഈ കുറിപ്പുകളിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്. അവയിൽ നിന്നും ഉൾക്കൊള്ളാൻ സാധിച്ച അറിവും അവ പഠിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ അറിവും വച്ചാണു് എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നതു്. മുഴുവനല്ലാത്ത അറിവു വച്ചെഴുതുമ്പോൾ തെറ്റുകൾ സംഭവിച്ചു എന്നും വരാം. എന്നാലും കിട്ടിയ അറിവു പങ്കടണം എന്നു പഠിച്ചതുകൊണ്ടു് അതു പങ്കിടാൻ ശ്രമിക്കുന്നു. സ്വീകരിക്കണ്ടവർക്കു സ്വീകരിക്കാം
, തിരസ്കരിക്കണ്ടവർക്ക് അതും ആകാം. 
 
ശണ്ഠയോ, ങ്കടമോ, സന്തോഷമോ, വിദ്വഷമോ വൈക്ളബ്യമോ ഒന്നും തന്നെ ഇല്ലാതെ, ആരേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും; എല്ലാവരിലും ഏകത്ത്വം കാണുക, ല്ലാവരേയും ആത്മസഹോദരരായിക്കാണുക, അറിയാവുന്ന കാര്യങ്ങൾ വേണ്ടവർക്കു പൻകുവയ്ക്കുക, ഇതൊക്കെയാണു നമ്മുടെ ധർമ്മം എന്നു വിശ്വസിക്കുന്നതിനാൽ അതിനു ശ്രമിക്കുകയണിവിടെ. അതും ഭാരതത്തിന്‍റെ ആത്മീയത തന്നെ എന്നു വിശ്വസിക്കുന്നതിനാൽ.

കൃസ്തുവിന്‍റെ ഉപദേശമായി ബൈബിളിൽ പറയുന്നതു് അനുകമ്പ, സ്നേഹം എന്നിവയിൽ ഊന്നി നിന്നുകോണ്ടുള്ള മനുഷിക സേവനം ആണു്. അവിടെ മനുഷ്യൻ തമ്മിൽ സ്നേഹത്തോടെ സഹകരിക്കണം എന്നതിനാണൂന്നൽ. നമ്മുടെ ആത്മീയത ആ ഭൂതദയയെ ഉൾക്കൊണ്ടു കോണ്ട് അനേകദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു, ഈ ബ്രഹ്മാണ്ഢത്തെയെല്ലാം, ഒന്നായിക്കണ്ടുകൊണ്ട്, ഒന്നിനേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും, സകലത്തേയും ആ പരമ്പൊരുൾ മാത്രമായിക്കണ്ട്, ഒന്നിനേയും വലയത്തിൽ ആക്കാതെയും ഒന്നാലും വലയപ്പെടാതെയും, നിസംഗരായി സ്വന്തകർമ്മം ചെയ്തു ജീവിക്കുവാനാണു് ഭാരതത്തിന്‍റെ ആത്മീയത പഠിപ്പിക്കുന്നത്.

ലോകത്തുള്ള മതങ്ങളെയും ആത്മീയതയേയും ഒന്നായി എടുത്തു്, ഇതിനെ ഒരു പാഠശാലയിലെ അദ്ധ്യപകർ എഴുതാൻ ഉപയോഗിക്കുന്ന ഒരു കറുത്ത ഫലകത്തോടും, അതിൽ വ്യത്യസ്ഥരായ അദ്ധ്യാപകർ എഴുതുകയും തുടച്ചുകളയുകയും ചെയ്യുന്ന പ്രക്രീയയോടും ഉപമിക്കുക. ഗണിതാദ്ധ്യാപകൻ എഴുതുമ്പോൾ ഗണിതവും, ചരിത്രാദ്ധ്യാപകൻ എഴുതുമ്പോൾ ചരിത്രവും, മലയാളാദ്ധ്യാപകൻ എഴുതുമ്പോൾ മലയാളവും ഹിന്ദി അദ്ധ്യാപകൻ എഴുതുമ്പോൾ ഹിന്ദിയും ആ ഫലകം നമ്മേ പഠിപ്പിക്കുന്നു അല്ലെങ്കിൽ കാട്ടിത്തരുന്നു. ഭാരതത്തിന്‍റെ ആത്മീയത ഈ അഘിലാണ്ഠം മുഴുവനും വ്യാപിച്ചു കിടക്കുന്ന ഒരു ഫലകവും മതങ്ങളെല്ലാം അവയിൽ ഓരോ അദ്ധ്യാപകരും പഠിപ്പിക്കുന്ന പാഠങ്ങളും ആണു്. അതുകൊണ്ടാണു് വിവേകാനന്ദസ്വാമികൾ ഭാരതത്തിന്‍റെ ആത്മീയതയെ എല്ലാ മതങ്ങളുടെയും മാതാവെന്നു വിശേഷിപ്പിച്ചതും. ഭാരതത്തിന്‍റെ ആത്മീയത പഠിച്ചാൽ മുകളിൽ പറഞ്ഞ ഓരോ അദ്ധ്യാപകരും അവരുടെ വിദ്യാർദ്ധികളും അന്യൂന്യം തുടച്ചു മാറ്റാൻ ശ്രമിക്കാതെയിരിക്കും. അപ്പോൾ മതമൈത്രിക്കു വേണ്ടി പ്രത്ത്യേക ശ്രമവും ആവശ്യമില്ല.

വിവേകാനന്ദസ്വാമികൾ പറഞ്ഞ സർവ്വമതങ്ങളുടെയും മാതാവായ ഭാരതത്തിന്‍റെ ആത്മീയതയായ അമ്മയും, മക്കളായ മതങ്ങളും തമ്മിൽ സാമ്മ്യം ഉണ്ടാകാം. പക്ഷെ അമ്മയും മക്കളും ഒന്നുതന്നെ അല്ല ആ മക്കൾ അമ്മയിൽ തിരിച്ചെത്തും വരെ. തിരിച്ചെത്തിക്കഴിയുമ്പോൾ മക്കൾ ഇല്ലാതാകും, അമ്മ മാത്രം ശേഷിക്കും. ആറുകൾ ഒഴുകി കടലിൽ എത്തുമ്പോൾ ഇല്ലാതാകയും കടലുമാത്രം ശേഷിക്കുകയും ചെയ്യും പോലെ - സ്വർണ്ണാഭരണങ്ങൾ ഉരുക്കുമ്പോൾ ആഭരണങ്ങൾ എല്ലാതായി സ്വർണ്ണം മാത്രം അവശേഷിക്കുന്നതു പോലെ.

ആത്മീയത എല്ലാ ഹൃദയങ്ങളിലും ഉണ്ട്. അതിനെ പരിപോഷിപ്പിച്ചെടുക്കുകയാണു വേണ്ടതു്. അപ്പോൾ അദ്വതാനുഭൂതി ഉണ്ടാകും. ഉണ്ടായിക്കഴിഞ്ഞാൽ വികാരങ്ങളില്ലാതാകും.

"അദ്വൈത സത്യം" എന്നുള്ള ആനുഭൂതി ഉണ്ടാകണം എൻകിൽ നാം നമ്മിലേക്ക് തന്നെ തിരിയേണം. എൻകിലേ അഹം ബ്രഹ്മാസ്മിഎന്ന സത്യം മനസ്സിലാകൂ. കരു, അറിവ്, പൊരുള്‍ തുടങ്ങി നിരവധി പദങ്ങള്‍ പരബ്രഹ്മത്തെ കുറിക്കുന്നുണ്ടു്. എല്ലാം ആ അനന്തമായ ഒന്നിനെ സൂചിപ്പിക്കുന്നു. ആ ഒന്നിനെ പുല്‍കണമെങ്കിൽ നമ്മൾ തിരഞ്ഞു തേറിടെണം’, എന്നാലും ചിലപ്പോൾ ആത്മതത്ത്വത്തെ; ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ എല്ലാവരും അറിഞ്ഞൂ എന്നും വരില്ല. അതു്, ‘അതി ഗോപനീയമായിരിക്കും’. ആ രഹസ്യം അറിയാന്‍ നമ്മൾ പ്രാപ്തരാകുന്നില്ലാ എങ്കില്‍ പ്രണവം ഉണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടുകതന്നെ വേണം ശ്രീ നാരായണ ഗുരുദേവൻ അരുളിയതു പോലെ. ആ ഗുരുവരുൾ ഹൃദയത്തിൽ പതിപ്പിച്ചു കൊണ്ട്, ഈ മഹത് വാക്യങ്ങള്‍ നമുക്കായി അനുകമ്പയോടെ ഓതിത്തന്ന ആ യതിവര്യന്‍റെ വാക്കുകളെ മനസ്സിലാക്കി ആ പാദകമലങ്ങളിൽ വീണു വണങ്ങിക്കൊണ്ട് നമുക്കു നമ്മുടെ മനനം തുടരുകയാണു വേണ്ടതു്. അതാണു മോക്ഷത്തിലേക്കുള്ള വഴിഎന്ന എന്‍റെ ഒരു സ്നേഹിതൻ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു.

മനുഷ്യർ സ്നേഹത്തോടുകൂടി ജീവിക്കാനുള്ള വളരെയേറെ ഉപദേശങ്ങൾ എല്ലാ മതങ്ങളിലും കാണാം. (മതം അല്ലാ എന്നു ചിലർ വാദിച്ചേക്കാവുന്ന നിരീശ്വരവാദത്തിൽ പോലും കാണാം അതു്.) ജീവിതം സുഗമം ആക്കാനുള്ള ചട്ടങ്ങൾ ആണവ. ഇഹലോകത്തും സ്വർഗ്ഗലോകം എന്ന പരലോകത്തും, ജീവിതത്തിനുതകുന്ന കാര്യങ്ങൾ ആണവ. ആത്മീയത അതിനും അപ്പുറത്തേക്കുള്ള വഴിയാണു്.

മനുഷ്യന്‍റെ ജീവിതയാത്ര രണ്ടു വഴിക്കു തിരിച്ചുവിടാം. വിഷയോന്മുഖമായും, ആത്മോന്മുഖമായും. വിഷയോന്മുഖമായി പോയാൽ നശ്വരങ്ങളായ പ്രപഞ്ചിക വിഷയങ്ങളെ ആശ്രയിച്ചും ക്ഷണിക സുഖങ്ങളെ അനുഭവിച്ചും സ്വന്തം വ്യക്തിത്വം നിലനിറുത്തി ജീവിക്കാം. അപ്പോൾ ദ്വൈതം നിലനിൽക്കും. 

രണ്ടാമത്തെ വഴിയിൽ പോയാൽ പ്രപഞ്ചത്തിന്നാധാരമായ പരമാത്മാവിനെ അന്വഷിച്ചു്, അതിൽ സ്വന്ത വ്യക്തിത്വത്തെ, അതായത് ജീവാത്മാവിനെ വിലയിപ്പിക്കാം. അപ്പോൾ നാമും ആ അവ്യക്തതയിൽ അലിഞ്ഞു ചേരും. ഞാൻ എന്ന ഭൌതികത ഇല്ലാതാകും, മറ്റൊരുവിധം പറഞ്ഞാൽ നാം അതായിത്തീരും. 

അദ്യത്തെ വഴി ഭോഗാത്മകവും രണ്ടാം വഴി ആത്മീയാത്മകവും ആണു്. ആദ്യവഴി പോകുന്നവർ ഉപാസകരെങ്കിലും ഭോഗേശ്ച ഉള്ളവരാണു്. അവർ മരണശേഷം സൂക്ഷ്മലോകങ്ങളിൽ പോയി അർഹതയ്ക്കനുസരിച്ചുള്ള ഭോഗസുഖങ്ങൾ അനുഭവിച്ചു് വീണ്ടും ജനിക്കുന്നു. കാരണം മനുഷ്യജന്മത്തിൽ കൂടി മാത്രമേ മോക്ഷം ലഭ്യമാകുകയുള്ളൂ. ഭാരതത്തിന്‍റെ ആത്മീയതയിലല്ലാതെ എങ്ങും ഈ രണ്ടാം വഴി ഇല്ല താനും. ബ്രഹ്മാവിന്‍റെ ലോകത്തോ, വിഷ്ണുലോകത്തോ, ശിവലോകമായ കൈലാസത്തോ, ഇന്ദ്രന്‍റെ ലോകമായ (ഇതു തന്നെയാണു ബൈബിളിൽ പറയുന്ന സ്വർഗ്ഗവും) ദേവലോകത്തോ പോയാൽ മോക്ഷം ലഭിക്കില്ല. മോക്ഷം മനുഷ്യജന്മത്തിൽ നിന്നു മാത്രമേ ലഭിക്കൂ. അതിനു വഴി ഭാരതത്തിന്‍റെ വഴി മാത്രമാണു്. ആ വഴി ഭാരതത്തിന്‍റെ ഋഷിമാർ പറഞ്ഞുതന്ന വഴിയാണു്, അതാണു ഭാരതത്തിന്‍റെ ആത്മീയത - ഭാരതത്തിന്‍റെ മാത്രം ആത്മീയത. അതു ഭാരതത്തിന്‍റെതു മാത്രമായതാണു്. അതു മറ്റാർക്കും അവകാശപ്പട്ടതല്ല.

മഹത്തരമായ നമ്മുടെ സംസ്കാരം ഇന്നത്തെ നിലയിലേക്ക് അധപ്പതിച്ചു എന്നു പറയാൻ പറ്റില്ല. സംസ്കാരം അല്ല മൻഷ്യരാണു് അധപ്പതിച്ചു പോയത്. അതിനു കാരണം നമ്മുടെ തന്നെ അജ്ഞതയാണെന്നതും സത്യം തന്നെ. അതിനുള്ള ഒരു പ്രധാനകാരണം സംസ്കൃതത്തെ പടി അടച്ചു പിണ്ഡം വച്ചതും ആണു്. ഇപ്പോൾ മലയാളത്തിന്‍റെയും ഗതി അങ്ങനെ ആയി എന്നു പറയാം. ശ്രീ നാരായണഗുരുദേവൻ അരുളിച്ചെയ്തതുപോലെ അറിവുകൊണ്ടു പ്രബുദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ പ്രബുദ്ധതയ്ക്കുവേണ്ടി നമുക്കു് കൂട്ടായ്മയോടെ ആത്മാർഥതയോടുകൂടി ശ്രമിക്കാം. "വാദിക്കാനും ജയിക്കാനും ഉള്ളതല്ല; മറിച്ച്, അറിയാനും അറിയിക്കാനും ഉള്ളതാണറിവുകളും, എല്ലാ കൂട്ടായ്മകളും എന്നു മനസ്സിലാക്കി; നമുക്കൊരുമിച്ചു പഠിക്കാനുള്ള ശ്രമം തുടരാം.

മനുഷ്യന്‍ തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയതയെ പരിപോഷിപ്പിച്ചില്ലാ എങ്കില്‍ അതു മനുഷ്യനിലെ, മാനുഷിക മൂല്ല്യങ്ങളെ നശിപ്പിക്കുകയും, അതുവഴി മനുഷ്യസമൂഹത്തെയാകമാനം നാശത്തിലേക്കു നയിക്കുന്ന മതങ്ങളിൽ മനുഷ്യസമൂഹത്തെ എത്തിക്കുകയും ചെയ്യും. കാരണം മതത്തില്‍ ആത്മീയത ഇല്ല. മതം തുടങ്ങുമ്പോള്‍ ആത്മീയത അവസാനിക്കും. അഥവ ആത്മീയതയുടെ അഭാവം ആണു മതങ്ങളെ ഉണ്ടാക്കുന്നതും നിലനിറുത്തുന്നതും. ആത്മീയത മതങ്ങള്‍ക്കതീതവും അപ്രാപ്യവും ആയ ഒരു ശാസ്ത്രം ആണു്. അവ തമ്മില്‍ ബന്ധം ഉണ്ടെന്നു തോന്നാം എങ്കിലും സത്യത്തില്‍ ബന്ധം ഇല്ല. ഒന്നിന്റെ (ആത്മീയതയുടെ) അഭാവം ആണു മറ്റെതിനെ (മതത്തെ) സൃഷ്ടിക്കുന്നതും നിലനിറുത്തുന്നതും. അപ്പോള്‍ മതാതീത ആത്മീയത എന്നു പറയേണ്ട ആവശ്യം ഇല്ല; പറയുന്നതില്‍ അര്‍ത്ഥവും ഇല്ല. നിറങ്ങളുടെ അഭാവമായ അന്ധകാരത്തെ ഒരു നിറമായി കണക്കാക്കുന്നതു പോലെ തെറ്റായ ഒരു നിഗമനം  ആണതു്. അതുകൊണ്ടാണു് ഗുരുദേവന്‍ മതാതീത ആത്മീയതഎന്നു് എഴുതുകയോ പറയുകയോ ചെയ്യാതിരുന്നതും.



“അത്മീയത” എന്ന വാക്കുപയോഗിച്ചാലും  “ആദ്ധ്യാത്മീകത” എന്ന വാക്കുപയോഗിച്ചാലും  രണ്ടിനും ഒരേസ്ഥാനം തന്നെ. ഗുരുദേവൻ എല്ലാ മതങ്ങളും പഠിക്കാൻ പറഞ്ഞതു് എല്ലാ മതങ്ങളിലും ഉള്ള നല്ലതും ചീത്തയും അറിയാനും അവയിൽ ത്യജിക്കേണ്ടവയെ ത്യജിച്ചുകൊണ്ട്  സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനായിട്ടണെന്ന അഭിപ്രായമാണെനിക്കുള്ളതും. അങ്ങനെ ചെയ്തു കഴിഞ്ഞാൽ  അവശഷിക്കുന്നതു് ഭാരതത്തിന്റെ  “ആത്മീയ ശാസ്ത്രം” അഥവാ  “ആദ്ധ്യാത്മീക ശാസ്ത്രം”  മാത്രം ആയിരിക്കും. ആയതിനാലാണു്  ഗുരുദേവകൃതികളെല്ലാം തന്നെ അവയിൽ അധിഷ്ടിതമായിരിക്കുന്നതും.
 


 
©ഉദയഭാനു പണിക്കർ
ഇതു ഭാഗീകമായോ പൂർണ്ണമായോ
ഉപയോഗിക്കേണ്ടവർ
ലേഖകനുമായി ബംന്ധപ്പെടുക.
-----------
ഈ കുറിപ്പിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.
അവ; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസ്വാമികളുടെ സമ്പൂർണ്ണ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫ. തുറവൂർ വിശ്വംഭരന്‍റെ മഹാഭാരത പര്യടനം ഇവയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സനാതനധർമ്മം ഒരു മതമോ?

സനാതനധർമ്മം വെറും ഒരു മത തത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല. മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു സനാതനധർമ്മം - അത്മീയജ്ഞാനത്തിന്റെസ ശാസ്ത്രം. ആദിയും അന്തവും ഇല്ലാത്തതും; ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്റെ; ശാസ്ത്രം, അത്മാവിന്റെ ഈ ശാസ്ത്രം, അതീതമായ സത്യത്തിന്റെ ശാസ്ത്രം. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി ഇതിനെ അനുസരിക്കുന്നവർക്കും പരിശീലിക്കുന്നവർക്കും ഇതു വഴങ്ങും. അപ്പോൾ അത്മീയവും പഞ്ചഭൂതാത്മകവും ആയ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യാം. എല്ലാവർക്കും ഉല്കൃഷ്ട്ട ജീവിതം കൈവരിക്കുവാൻ; സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സർവ്വോല്കൃഷ്ടമായ ഒരു ജീവനമാർഗ്ഗമാണു സനാതനധർമ്മം. ഈ സനാതനമായ ധർമ്മം സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല, മറിച്ച് ജീവാത്മ-പരമാത്മ ഏകോപനത്തിനുള്ള (ആ ഏകോപനമാണു മോക്ഷം) ബഹുമുഖമായ രാജവീഥിയാണു്. ഇതിനു സമാനമായി ഇതു മാത്രമേ ഉള്ളൂ. ഇതിനേ അളക്കാനുള്ള അളവു കോൽ എവിടെയും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ, കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കൊച്ചു കുഴികളും; സനാതനധർമ്മം ആ കുഴികളിൽ കുട്ടികൾക്കു ജലക്രീഡയ്ക്കായി ജലം അനവരതം ദാനം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഭാവിയിലും ചെയ്യുവാൻ കഴിവുള്ളതും ആയ ഒരു അനന്തമായ മഹാസാഗരവും ആണെന്ന സത്യം ഓർക്കുക.

മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനധർമ്മത്തിന്റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്റെറ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മയം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും.

ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. എന്നാൽ ഇന്നു് സനാതനധർമ്മസത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചിലരും, ആ വ്യാഖ്യാനങ്ങൾ സത്യം എന്നു ധരിച്ചു സനാതനധർമ്മികളിൽ വലിയ ഒരു ശതമാനം ആളുകളും ഉച്ചനീചത്വങ്ങൾ ധാരാളമായിവച്ചു പുലർത്തുന്നതായിക്കാണം. ഈ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ അവതരിച്ച ഒരു അവതാരം ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ. ഗുരുദേവൻ കാട്ടിയ വഴി സ്വീകരിച്ചാൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഗുരുദേവന്റെ അനുയായികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും അതിനു ശ്രമിക്കുന്നില്ലാ എന്നു പറയേണ്ടിവന്നതിൽ ഖേദിക്കുന്നു.

ഉച്ചനീചത്വങ്ങൾ തുടച്ചു മാറ്റാൻ, ഉപനിഷത്തുക്കളിൽ അധിഷ്ടിതമായ ഗുരുദേവ ദർശനങ്ങളുടെ പഠനം കൊണ്ടു സാധിക്കും. കേരളവും ഭാരതവും ലോകവും ആ വഴിക്കു നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാൽ ആ പഠാനത്തിനുവേണ്ടി കൂട്ടായ ഒരു ശ്രമം നമുക്കു നടത്താം.

(©ഉദയഭാനു പണിക്കർ. - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)