2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

അദ്വൈതം; അതാണു ഗുരുദേവന്‍റെ “ഒരുജാതി, ഒരുമതം ഒരുദൈവം മനുഷ്യനു്”.



(ആമുഖം: മതം എന്ന വാക്കു് ഇപ്പോൾ ആംഗലേയ ഭാഷയിലെ Religion എന്ന വാക്കിനു സമാനമായിട്ടാണുപയോഗിക്കുക. എന്നാൽ “അഭിപ്രായം” എന്ന അർത്ഥത്തിലാണു് അതുപയോഗിക്കപ്പെട്ടിരുന്നതു്. ശരിക്കും മദ്ധ്യപൗരസ്ത്യദേശ മതങ്ങളുടെ (Semitic Religionsന്‍റെ) ഭാരതത്തിലേക്കുള്ള വരവിനു ശേഷം മാത്രം ആണു് “മതം” Religion ആയതു തന്നെ. ആയതിനാൽ ഭാരതീയമായ കാഴ്ച്ചപ്പാടിൽ (ഭാരത സംസ്കാരത്തിന്‍റെ വെളിച്ചത്തിൽ കാണുമ്പോൾ) മതം എന്നതിനു് അഭിപ്രായം എന്നാണു മനസ്സിലാക്കേണ്ടതു് എന്ന “മതം” ആണു ഈ ലേഖന കർത്താവിനുള്ളതു്. വ്യത്യസ്ഥമായ ഈ രണ്ട് അർത്ഥങ്ങളും മനസ്സിലാകാനായി Religion എന്ന അർത്ഥം എടുക്കേണ്ട സ്ഥലങ്ങളിൽ ആ പദം കൂടി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. അരോചകമായി തോന്നിയേക്കാം. ക്ഷമിക്കുക.)



ഗുരുദേവൻ സഹോദരൻ അയ്യപ്പനോടു വളരെ വ്യക്തമായിത്തന്നെ ഇതു പറയുന്നുണ്ടു്. “തൃപ്പാദങ്ങൾക്കു് ഒരു മതത്തോടും വെറുപ്പില്ല. മനുഷ്യന്‍റെ മതം വേഷം, ഭാഷ മുതലായവ് എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണമെന്നാണു് സ്വാമിയുടെ അഭിപ്രായം” എന്ന സഹോദരന്‍റെ വാക്കുകൾക്കു് ഗുരുദേവൻ കൊടുത്തമറുപടിയിൽ ഇതു വ്യക്തമാക്കുന്നുണ്ടു്. ആ വാക്കുകൾ ഇവിടെ ഉദ്ധരിക്കട്ടെ: “അതാണു് നമ്മുടെ അഭിപ്രായം. മതം എന്നു വച്ചാൽ അഭിപ്രായം. അതേതായാലും മനുഷ്യനു് ഒരുമിച്ചു കഴിയാം. ....” (1)



ഗുരുദേവനാൽ വിരചിതമായ  ആത്മോപദേശശതകത്തിലെ നാലു മന്ത്രങ്ങൾ (അവ നാലും ഈ ലേഖനത്തിന്‍റെ അന്ത്യത്തിൽ കൊടുത്തിട്ടുണ്ടു്) പുനരവതരിപ്പിച്ചു കൊണ്ടു് ഇയ്യിടെ ഒരു സ്നേഹിതൻ ഒരു ചർച്ചയിൽ രണ്ടു ചോദ്യങ്ങൾ ചോദിച്ചു. ഒന്നു്- ഗുരുദേവൻ എഴുതിയ ആത്മോപദേശശതകത്തിലെ ഈ പദ്യങ്ങളുടെ ഇപ്പോഴത്തെ പ്രസക്തി എന്താണ്? രണ്ടു് - കാലം കുറച്ചുകഴിഞ്ഞപ്പോൾ ഈ പദ്യങ്ങളുടെ പ്രസക്തി കൂടിയോ അതോ കുറഞ്ഞോ? ആ സ്നേഹിതനെഴുതിയ മറുപടി വിപുലീകരിച്ചതാണു് ഈ ലേഖനം.



ഗുരുദേവന്‍റെ ആപ്തവാക്യങ്ങളെ വെറും വാക്കുകളുടെ അർത്ഥത്തിൽ മാത്രം  കാണതെ അതിലെ അത്മീയമായതത്ത്വം ആണു കാണേണ്ടതെന്നു എഴുതിയപ്പാൾ അതിനെപ്പറ്റി ചില സുഹൃത്തുക്കൾ ചോദിച്ച സംശയങ്ങൾക്കു് കൊടുത്ത മറുപടികൾ കൂടി ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ടു്.



ഗുരുദേവൻ എഴുതിയ ആ വരികൾക്കു് അല്പം പോലും പ്രസക്തി കുറഞ്ഞിട്ടില്ല, കൂടിയിട്ടുണ്ടുതാനും. ഇന്നും  അവ  പ്രസക്തമാണു് അതെഴുതിയ  സമയത്തേക്കാളും കൂടുതലായി. കാരണം മതങ്ങൾ (Religions) ഇന്നും പഴയതുപോലെതന്നെയോ അതിലും കൂടുതൽ ശക്തിയോടുകൂടിയോ മനുഷ്യരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.



മതങ്ങളുടെ (Religionsന്‍റെ) ആവിർഭാവത്തിനുള്ള കാരണവും അവ സമൂഹത്തെ വിഘടന ചിന്താഗതിയിലേക്കു നയിച്ചതും ചില മനുഷ്യരുടെ  സ്വാർദ്ധതയാണെന്നതിനു സംശയിക്കേണ്ടതില്ല.



മതങ്ങളുടെ (Religionsന്‍റെ) ആവിർഭാവത്തിനു മുമ്പു് മനുഷ്യരിൽ അന്തർലീനമായിരുന്ന; അവരിൽ നൈസർഗ്ഗികമായി ഉണ്ടായിരുന്ന ആത്മീയചിന്തകൾ (നിസ്വാർദ്ധരായ) ആചാര്യന്മാരാൽ തിരിച്ചറിയപ്പെടുകയും, അവരാൽ പരിപുഷ്ടിപ്പെടുത്തി,  ആത്മീയതത്ത്വങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. നൈസർഗ്ഗീകമായി  ഉണ്ടായിരുന്നവയായതിനാൽ അവ നശിക്കുന്നില്ല. ആയതിനാൽ അവ  “സനാതനം” ആണുതാനും. ആ തത്ത്വങ്ങളിൽ അധിഷ്ടിതമായി രൂപംകൊണ്ട ജീവിതരീതിയിൽ, ആ മൂല്ല്യങ്ങളെ ആധാരപ്പെടുത്തി, മനുഷ്യനു ധാർമ്മികമായ ജീവിതം നയിക്കാനുള്ള ചുമതലകളായി ആ തത്ത്വങ്ങൾ അംഗീകരിക്കപ്പെട്ടു. അവ  മനുഷ്യകുലത്തിന്‍റെ ആത്മീയം സാമ്പത്തികം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ എല്ലാവിധമായ ചര്യകൾക്കും  വേണ്ടുന്ന  ശാസ്ത്രീയമായ  അറിവു  നല്കി. അവയെ പഠിച്ചു  മനസ്സിലാക്കി വിശകലനം ചെയ്തു പ്രായോഗികജീവിതത്തിൽ ഉപയോഗിക്കുവാൻ അവയെ നമുക്കു നല്കിയ  വിജ്ഞാനികൾ തന്നെ നമ്മേ പഠിപ്പിച്ചു. മനുഷ്യനു  ധാർമ്മികമായ ജീവിതം നയിക്കാനുള്ള സഹായികളായി    തത്ത്വങ്ങൾ  നിലകൊണ്ടു. അവയാണു മനുഷ്യന്‍റെ  ധർമ്മം എന്ന സജ്ഞയാൽ അറിയപ്പെട്ടിരുന്നതു്. ഈ “ധർമ്മ” സമുച്ചയത്തെ “ബ്രഹ്മവിദ്യ” എന്നാണു് അറിയപ്പെട്ടിരുന്നതു്. പൂർണ്ണമായും ശരിയല്ല എങ്കിലും, “Science of the Absolute”, “Science of the Soul”, Science of the Ultimate” തുടങ്ങിയ ആംഗലേയ നാമങ്ങളിലും ചില പണ്ഡിതർ ഇതിനെ വിളിച്ചു. ഒരു കാലത്തു് മനുഷ്യർ ഉണ്ടായിരുന്ന ഇടങ്ങളിലെല്ലാം തന്നെ ഇതു മനുഷ്യ ജീവിതത്തിനുതകി. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭാരതസംസ്ക്കാരസമാനമായ സംസ്ക്കാരം നിലനിന്നിരുന്നു എന്നതിനുള്ള പല തെളിവുകളും കിട്ടിയിട്ടുണ്ടു് – ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു.



സനാതനമായ ആ ധർമ്മങ്ങൾക്കുതന്നെ പിന്നീടു വ്യതിയാനം സംഭവിച്ചു,  മനുഷ്യർ സംഭവിപ്പിച്ചു എന്നു പറയുകയാവും ശരി. ആ വ്യതിയാനങ്ങളാൽ ഉണ്ടായവയാണു് മതങ്ങൾ (Religions).   മതങ്ങൾ (Religions) ജന്മം കൊണ്ടപ്പോൾ, അതിനു ജന്മം നല്കി പരിപോഷിപ്പിച്ചവർ;   സനാതനമായ ധർമ്മത്തേയും  ഒരു  മതമായി (Religion ആയി) കണക്കാക്കി.



ധർമ്മങ്ങളിൽ അധിഷ്ടിതമായി ജീവിച്ചുപോന്ന മനുഷ്യർ - അഥവാ ആ ധർമ്മങ്ങളിൽ  അധിഷ്ടിതമായ  ജീവിതത്തിൽ - ഭൗതികമൂല്ല്യങ്ങൾക്കു വിലകല്പ്പിച്ചിരുന്നുവെങ്കിലും, അവ ആത്മീയജീവതത്തിന്‍റെ അകമ്പടിയായി  മാത്രം  ആയിരുന്നു. എന്നാൽ കാലകൃമേണ ഭൗതികമൂല്ല്യങ്ങൾക്കു് കൂടുതൽ പ്രാധാന്യം കല്പിക്കപ്പെടുകയും അതുമൂലം മനുഷ്യരിൽ (2) സ്വാഭാവികമായും ആത്മീയമായ ചിന്താഗതികൾ പിന്നാക്കം പോവുകയും ചെയ്തു. (ആ ഭൗതിക ജീവിതവാഞ്ഛ മനുഷ്യനെ സങ്കുചിതരാക്കി.) ഭൗതികതയക്കു്  മുൻ തൂക്കം  ഏറുംതോറും  മനുഷ്യൻ  ആത്മീയതയിൽ നിന്നും അകലും എന്നതിനു സംശയം വേണ്ടല്ലോ? ഈ അകൽച്ചയാണു് മതങ്ങളെ (Religionsനെ) ശ്രിഷ്ട്ടിച്ചതും പുഷ്ടിപ്പെടുത്തിയതും. ഈ സത്യം അല്പം ചിന്തിച്ചാൽ നമുക്കു മനസ്സിലാക്കാൻ സാധിക്കും.



അങ്ങനെ  ഭൗതീകതയിൽ ഊന്നി രൂപപ്പെട്ട അല്ലെങ്കിൽ സൃഷ്ടിക്കപ്പെടുകയും പുഷ്ടിപ്പെടുകയും ചെയ്ത മതങ്ങൾ (Religions); അവയും ആത്മീയതയാണന്നു കാട്ടുവാനായി ആത്മീയതയുടെ ചില നിഴൽപ്പാടുകൾ അവയിൽ തിരുകിച്ചേർത്തു. എന്നാൽ ഭൗതികമൂല്ല്യങ്ങക്കു് അമിതപ്രാധാന്യം നൽകുക കാരണം അവയിൽ  അധികാരദുർമോഹവും അഭിലാഷവാഞ്ഛകളും കൂടുതൽ  ശക്തമായിക്കൊണ്ടേയിരുന്നു. അവ രണ്ടും ഉള്ളിടത്തെങ്ങും ആത്മീയത  കാണില്ല.



മതങ്ങളുടെ  (Religionsന്‍റെ)   കടന്നുകയറ്റം  ഇന്നും  കൂടിക്കൊണ്ടിരിക്കുന്നു. ഓരോ മതങ്ങളും- (Religionsഉം) എപ്പോഴും സ്വയം  വികസിക്കാൻ ഉള്ള ശ്രമത്തിലാണു്. ആ വികസൻ അന്യമായവയെ എല്ലാം നശിപ്പിക്കാൻ ഉള്ള പ്രവണത കാട്ടിക്കൊണ്ടേയിരിക്കും. ഈ നശിപ്പിക്കൽ പ്രക്രിയയെ എതിർക്കുന്നവർ ഇതേ ആരോപണങ്ങൾ ഇങ്ങോട്ടും (അവയെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം) അഭിമുഖീകരിക്കേണ്ടതായും വരും. അപ്പോൾ മതങ്ങൾ (Religions) ള്ളിടത്തോളം ലോകം സംഘട്ടനാത്മകമായിരിക്കും. ഒരു മതം (Religion) മാത്രം ആയാലും അതുണ്ടാവും. അപ്പോഴും ജനങ്ങളെ “ആഗിരണം” നടത്തി സ്വയം വളരാനുള്ള അഭിവാഞ്ഛ സദാ മതങ്ങളെ (Religionsനെ)  ഗ്രസിച്ചിരിക്കുകയാൽ അവിടെയും സംഘട്ടനാത്മകത സദാ ഉണ്ടായിരിക്കും.



അങ്ങനെ ഭൗതികമൂല്ല്യങ്ങൾക്കു നല്കിയ പ്രാധാന്യവും, അധികാരവാഞ്ഛയുമാണു മതങ്ങൾക്കു (Religionsനു) ജന്മം നല്കിയതും പുഷ്ടിപ്പെടുത്തിയതും എന്നു നാം കണ്ടല്ലോ? ഇവിടെ മതം (Religion) എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഇന്നു നാം കാണുന്ന  ഭൗതികമൂല്ല്യാധിഷ്ടിതമായ എല്ലാവിധ സംഘടിതമായ സാമൂഹ്യവും രാഷ്ട്രീയവും ആയ കൂട്ടായ്മകളേയും ആണു്, അവയെ എല്ലാം  മതങ്ങളിൽ (Religionsൽ) ഉൾപ്പെടുത്താം. അവ “മതം” (Religion) എന്നല്ല അറിയപ്പെടുന്നതെങ്കിലും. പ്രത്യേകിച്ചും ഇന്നത്തെ രാഷ്ട്രീയപ്പാർട്ടികൾ. ഒരു നേതാവോ ഒരുകൂട്ടാം നേതാക്കൾ കൂട്ടായോ തുടങ്ങുകയും നയിക്കുകയും ചെയ്യുന്നവയായിരിക്കും ഈ മതങ്ങളും (Religionsഉം). സ്വയം നിർമ്മിച്ച നീയമാവലികളനുസരിച്ചു് അവർതന്നെ ഇവയെ നയിക്കുന്നു, സർവ്വാധികാരികളായി. അവിടെ മറ്റുള്ളവർക്ക് (സാധാരണ ജനങ്ങൾക്കു)  ചിന്തിക്കാനോ വിശകലനം ചെയ്യാനോ ഉള്ള അവസരങ്ങളൊ അവകാശങ്ങളൊ ഇല്ല. ഉത്തരവുകളും നീയമങ്ങളും അനുസരിക്കുക  മാത്രമാണവർ ചെയ്യേണ്ടതു്. ജനായത്തം പറയാറുണ്ടെങ്കിലും പ്രവർത്തിയിൽ കാണില്ല. അങ്ങനെ ഉള്ളവയെല്ലാം മതങ്ങൾ (Religions) തന്നെയാണു്.



പലപ്പോഴും  ആത്മീയതയിൽ  കടന്നുകൂടിയ  മാലിന്ന്യങ്ങളെ അകറ്റാൻവേണ്ടി  നല്കിയ  സദുപദേശങ്ങളെത്തന്നെ  ദുർവ്യാഖ്യാനം ചെയ്തു സ്വന്തം  കാര്യസാദ്ധ്യത്തിനായി (അധികാരം  ഉറപ്പിക്കാനായി) ഉപയോഗിക്കുന്ന  പ്രവണതകളാണു  മതങ്ങളിൽ (Religionsൽ) പലതിനും  ജന്മം നൽകിയതെന്നും അധവാ മതങ്ങൾ (Religions) ആയി കണക്കാക്കപ്പെട്ടതന്നും കാണാം. ചില അവസരങ്ങളിൽ ആ ഉപദേശങ്ങൾ  ആ ഉദ്ദേശത്തോടുകൂടിത്തന്നെ നൽകിയതും ആകാം.



മതങ്ങൾ ധാർമ്മികതയിലെ ഏതെങ്കിലും ഒരു തത്ത്വത്തിനു പ്രാധാന്യം നൽകുക സാധാരണമാണു്. അങ്ങനെ ബഹുമുഖമായ ആത്മീയ തത്ത്വങ്ങളിൽ ഒന്നിനുമാത്രം പ്രാധാന്യം നൽകുന്നതു് പ്രതിബദ്ധതയാണു്. അതു്  സങ്കുചിതമായ ചിന്താഗതികൾക്കു് പോഷകമായിത്തീരും.  ഇതും മതങ്ങൾക്കു് (Religionsനു) വിഘടനഭാവം സൃഷ്ടിക്കാം. തമ്മിലുള്ള വൈരത്തേയും വളർത്തും. ഇതോടൊപ്പം, ഒരു തത്ത്വത്തിനു പ്രാധാന്യം കൂടുതൽ നൽകിയപ്പോൾ പുറം തള്ളപ്പെട്ട തത്ത്വങ്ങൾ അപ്രധാനങ്ങളായി കരുതപ്പെടും. അതും മതങ്ങളുടെ (Religions) വിഘടനമനോഭാവം വളർത്തും. ഇവിടെ  പ്രതിബദ്ധതയല്ല  അഭികാമ്മ്യം. മറിച്ചു് എല്ലാം  മനസ്സിലാക്കിയിട്ടുള്ള  ക്രീയാത്മകമായ സമീപനാമാണു്.  അതുമാത്രമേ   ശ്വാശതമായ  സമാധാനം  നല്കുകയുള്ളൂ.   



അങ്ങനെ  “മത”ളുടെ (Religionsന്‍റെ) ഉത്ഭവത്തിൽക്കൂടി ശരിക്കും നടന്നതു് ആത്മീയതയുടെ (ബ്രഹ്മവിദ്യയുടെ) ശിഥിലീകരണമായിരിന്നു. മറ്റൊരു വിധം പറഞ്ഞാൽ  മതങ്ങളെ (Religionsനെ) തമ്മിൽ ബന്ധിക്കുന്ന ഒരു അന്തർരേഖയായി  ആത്മീയത ഉണ്ടായിരിന്നൂ എങ്കിലും, മതങ്ങളുടെ (Religionsന്‍റെ) പ്രാധാന്യം  കൂടിയപ്പോൾ ആ ഏകത്ത്വത്തിൽ നിന്നും ശിഥിലീകരണത്തിലേക്കാണു മാനവസമുദായം പോയതു്. ഈ ശിഥിലീകരണമനോഭാവം മനുഷ്യനിൽ നിന്നും തുരത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണു് ഗുരുദേവൻ, മതങ്ങളിൽ (Religionsൽ) അന്തർലീനമായിക്കിടക്കുന്ന, (അവയുടെ ശിഥിലീകരണ സ്വഭാവത്താൽ മറഞ്ഞുപോയ);പലമതസാരമായ  ആത്മീയതയിലേക്കു ഇവിടെ വിരൽ ചൂണ്ടുന്നതു്. അല്ലാതെ ചിലർ പ്രചരിപ്പിക്കും പോലെ മതങ്ങളെല്ലാം ഒന്നാണെന്നല്ല. ഈ മതങ്ങളെയെല്ലാം (Religionsനെയെല്ലാം) ബന്ധിപ്പിക്കുന്ന ആ അന്തർരേഖയെ പുഷ്ടിപ്പെടുത്തിയാൽ ഇന്നു നാം കാണുന്ന ശിഥിലീകരണമനോഭാവം നീയന്ത്രിക്കാം എന്ന സത്യം ഗുരുദേവൻ മനസ്സിലാക്കിയിരിന്നു. ലോകനന്മയെ ലക്ഷ്യമാക്കിക്കൊണ്ടു് അഖിലാണ്ഡസ്നേഹത്തിന്‍റെ  മൂർത്തീമത്ഭാവമായിരുന്ന ഗുരുദേവൻ ഇവിടെ പലമതസാരവും ഏകംഎന്ന  വാക്കുകളിലൂടെ    അന്തർധാരയെ പുഷ്ടിപ്പെടുത്തിക്കാട്ടുകയാണു് ചെയ്യുന്നതു്.  അതിനെ (Religions എല്ലാം) മതങ്ങളെല്ലാം  ഒന്നാണെന്നാണു  ഗുരുദേവൻ  പറയുന്നതെന്നു  ധരിച്ചു്  വിവശരാകുകയാണു ജനം.  പലേ ഗുരുദേവപ്രസ്ഥാനങ്ങളുടെ  നേതാക്കളും,  ഗുരുദേവശിഷ്യന്മാരും  ഇതിൽ ഉൾപ്പെടും.



ഒരു മതം (Religion) മറ്റു മതക്കാർക്കു നിന്ദ്യമായി തോന്നുന്നതിന്‍റെ കാരണവും ഇതുതന്നെ. തന്‍റെ മതം (Religion) പ്രാധാന്യം കല്പിക്കുന്ന കാര്യം മാത്രമാണു ശരി എന്ന വിശ്വാസവും അതിൽ നിന്നും ഉടലെടുക്കുന്ന ശാഠ്യവും കാരണം മറ്റു  മതങ്ങളെ (Religions) നിന്ദിക്കുകയാണു വിശ്വാസികൾ സാധാരണ ചെയ്യുക. [ചുറ്റും നോക്കിയാൽ നമുക്കു് ഇത്തരം മതവിശ്വാസികളെ (believersനെ) ധാരാളമായി കാണാം. അക്കൂട്ടത്തിൽ ഞാൻ ഒരു മതത്തിലും (Religionലും) വിശ്വസിക്കുന്നില്ലാ എന്നുപറഞ്ഞു നടക്കുന്ന തനി മതവിശ്വാസികളെയും കാണാം. പല ഗുരുദേവ-കൂട്ടായ്മകളിലും ഇവരെ ധാരാളമായി കാണാം.] ഇതിനേയാണു ദൂരീകരിക്കേണ്ടതും. അതിനുള്ള വഴി ഒന്നു മാത്രമാണു്. ആ വഴി ശരിക്കും മനസ്സിലാക്കിയതിനാലാണു  ഗുരുദേവൻ എല്ലാമതവും (Religions) പഠിക്കാൻ ആഹ്വാനം ചെയ്തതും, ബ്രഹ്മവിദ്യാലയത്തിൽ അതിനുവേണ്ട പാഠങ്ങൾ പഠിപ്പിച്ചതും. എന്നാൽ  ഒരു മതവും (Religionഉം) പഠിക്കാതെ തന്നെ മതം (Religion) തിരഞ്ഞെടുത്തവരും ഏതെങ്കിലും ഒന്നു മാത്രം  അല്പം  മനസ്സിലാക്കിയിട്ടു്  അതു  സ്വീകരിച്ചവരും, എവയൊന്നും ചെയ്യാതെ എല്ലാമതവും (Religions)  ഒന്നാണെന്നു പറഞ്ഞു നടക്കുന്നവരും, ശരിയായ ബ്രഹ്മവിദ്യ എന്തെന്നു മനസ്സിലാക്കത്തവരും ധാരാളം. എല്ലാമതങ്ങളും ബ്രഹ്മവിദ്യയും (all Religions and  braHMavidya)  പഠിക്കുമ്പോൾ  മാത്രമേ മതങ്ങളിലെ (Religionsലെ) അന്തർധാര ഒന്നാണെന്നും അതുതന്നെയാണു് “ബ്രഹ്മവിദ്യ” എന്നും മനസ്സിലാകയുള്ളൂ. മനുഷ്യൻ തന്‍റെ അറിവിനെ, ഒരു  മതം (Religion) നല്കുന്ന അറിവിനുള്ളിൽ മാത്രം ഒതുക്കിയാൽ, അവയിൽ ആത്മീയത പൂർണ്ണമല്ലാ എന്നും, മറിച്ചു് ആത്മീയതയിൽ  നിന്നും വളരെ ദൂരയാണെന്നും മനസ്സിലാക്കുക സാദ്ധ്യമല്ല. അതിനാലാണു് മതങ്ങൾ  (Religions) സത്യത്തിലേക്കുള്ള വഴികാട്ടികൾ മാത്രമാണെന്നും ശരിയായ “സത്യം” അല്ലെന്നും ഗുരുദേവൻ അരുളിച്ചെയ്തതു്. (3) അപ്പോൾ എല്ലാ മതങ്ങളും (Religions) ബ്രഹ്മവിദ്യയും പഠിക്കാത്തിടത്തോളം കാലം തന്‍റെ മതം  (Religion) മുന്തിയതാണെന്നും അതുമാത്രം ആണു ശരിയെന്നും  മനുഷ്യൻ വിശ്വസിക്കും.



മതങ്ങളുടെ (Religionsന്‍റെ) ഈ പഠനത്തിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യം തുറന്ന മനസ്സോടെ വേണം പഠനം നടത്താൻ. സത്യം എവിടെ എന്ന അന്വഷണം ആയിരിക്കണം ആ പഠനം. തന്‍റെ പൈതൃകം മാത്രം ശരിയാണെന്ന മുൻവിധി പാടില്ല. രണ്ടാമതായി സ്വന്തം മതം (Religion) അല്ലെങ്കിൽ ആത്മീയത എന്തെന്നു ശരിക്കു മനസ്സിലാക്കണം. അതു ചെയ്യും മുമ്പു മറ്റെന്തു പഠിച്ചാലും അതാണു തന്‍റെതിലും നന്നെന്നു തോന്നി അങ്ങോട്ടേയ്ക്കു പോകും. (“അക്കരപ്പച്ച തന്നെ അതിനു കാരണം.) അതാണു സ്വന്തം പൈതൃകം പഠിക്കാതെ മറ്റൊന്നിനെപ്പറ്റി അല്പം പഠിക്കുന്നവർ അതിൽ അകപ്പെട്ടു പോകുന്നതിനുള്ള പ്രധാന കാരണം. കൂടാതെ അഭിനവ (കു)ബുദ്ധിജീവികളുടെയും “മത ആഗിരണ” പ്രവർത്തകരുടെയും (കു)പ്രചരണം കാരണം ബ്രഹ്മവിദ്യയെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകളും ജനങ്ങളിൽ കടന്നു കൂടിയിട്ടുണ്ടു്. പലരും പലമതസാരവും  ഏകം എന്ന ഗുരുദേവവാക്യം കേട്ടു് മതങ്ങൾ തമ്മിൽ വ്യത്യാസം ഇല്ലാ എന്നും; ഹിന്ദുമതം ജൈനമതം ബുദ്ധമതം തുടങ്ങിയ പേരുകളിൽ തെറ്റായി വിഭഗിക്കപ്പടുകയും ഇന്നും അങ്ങിനെ അറിയപ്പെടുകയും ചെയ്യുന്ന ബ്രഹ്മവിദ്യയും, ക്രിസ്തുമതവും, ഇസ്ലാം മതവും, ജൂതമതവും എല്ലാം ഒന്നു തന്നെ എന്നു കരുതുന്നതിനാൽ “ആഗീരണ”പ്പെടുന്നവർ ധാരാളം ഉണ്ടു്.



മതങ്ങളുടെ (Religions) ഉദ്ദേശം ഒന്നുതന്നെ എന്ന രഹസ്യവും, മതം (Religion) മതങ്ങളായിത്തന്നെ, ആത്മീയതയിലേക്കുള്ള പ്രാഥമിക പടി മാത്രം എന്നതും അറിയാത്തതിനാലാണു് (Religions) മതങ്ങൾ, (Religion) മതങ്ങളായിത്തന്നെ നിൽക്കുന്നതു്. ആ മതങ്ങൾ (Religions) അഥവാ മതവിശ്വാസികൾ ഈ  സത്യം അറിയുമ്പോൾ (Religions) മതങ്ങൾ ഇല്ലാതാകും. എന്നാൽ (Religions)  മതങ്ങളൊന്നും തന്നെ (നേതാക്കൾ) സ്വന്തം അണികളെ ഈ രഹസ്യം മനസ്സിലാക്കാൻ അനുവദിക്കുന്നില്ല. മറിച്ചു്, ജനത്തെ ആകർഷിച്ചു് “ആഗിരണം” നടത്തി വികസിക്കാനാണു് ശ്രമം. എങ്കിൽ മാത്രമല്ലേ നേതാക്കളുടെ വരുമാനം കൂടൂ? തനിക്കൊരു ജാതിയും മതവും (Religionഉം) ഇല്ലാ എന്നു പറഞ്ഞ ഗുരുദേവന്‍റെ പേരിൽ പോലും മതം സ്ഥാപിക്കാനും, ഗുരുദേവൻ മതം സ്ഥാപിച്ചു എന്നു പ്രചരിപ്പിക്കാനും ആണു പലരും ശ്രമിക്കുന്നതും. തന്നെ ചിലർ ഒരു ജാതിയുടെ (അതിൽ നല്ലൊരു വിഭാഗവും അവരുടെ സ്വന്തം ജാതിയുടെ) പേരിൽ മാത്രം കാണാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കാനായി “നമുക്കു ജാതിയില്ലാ” എന്നു ഗുരുദേവൻ എഴുതി കൊടുത്തതിനെപ്പോലും ഇന്നു ചിലർ ജാതീയമായിത്തന്നെ ആഘോഷിക്കുന്നു.



പലമതസാരവും ഏകം എന്ന “രഹസ്യം” നമ്മുടെ ഉപനിഷത്തുക്കളിൽ പരസ്യമായും വളരെ വ്യക്തമായും, പിന്നെ വളരെ രഹസ്യമായും പറഞ്ഞിട്ടുണ്ടു്; അതുതന്നെ ഗുരുദേവകൃതികളിലും കാണാം - പരമ-പരസ്യമായഈ രഹസ്യം. പരസ്പരവൈരുദ്ധ്യങ്ങളാണെന്നു തോന്നിക്കുന്ന ആ ഭിന്നമാർഗ്ഗങ്ങളെ അതായതു് മതങ്ങളെ (Religionsനെ) തമ്മിൽ  യോജിപ്പിക്കുന്ന സുന്ദരമായ പരമപരസ്യമായഒരു  രഹസ്യമാണു് അതു്. അതാണു് ഗുരുദേവനും അതിനുമുമ്പു് ജീവിച്ചിരുന്ന ശങ്കരാചാര്യരും ഭഗവാൻ ശ്രീകൃഷ്ണനും, ഭഗവാൻ വേദവ്യാസനും നമുക്കു നല്കിയ അദ്വൈതവേദാന്തം. അതിനേയും ചിലർ മതമാക്കി എന്നതു മറ്റൊരു രസകരമായ കാര്യം.



മനുഷ്യർ അവരവരുടെ മതങ്ങൾ (Religions) സാധാരണയായി പ്രാധാന്യം കൊടുക്കുന്ന ഒന്നോ രണ്ടോ മൂല്ല്യങ്ങളിൽ അന്ധമായി വിശ്വസിക്കുമ്പോൾ അഥവാ അവയിൽ മാത്രം വിശ്വസിക്കുമ്പോൾ, അതു  വിനാശകാരിയാകുന്നു. അവിടെ ധീഷണാശക്തിയുള്ള  ബുദ്ധിപൂർവ്വമായ  ചിന്ത ഇല്ലാതാകുന്നു; പകരം വിഘടനാപരമായ ഭേദചിന്ത ഉണ്ടാകുന്നു. എല്ലാ  മൂല്ല്യങ്ങളേയും ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ  ഭേദചിന്ത ഇല്ലാതാകയുള്ളൂ. അതാണു് ഭാരതത്തിന്‍റെ ആത്മീയതയായ “ബ്രഹ്മവിദ്യ”. അതിനെ, ആ അന്തർലീനമായ ഏകത്ത്വത്തെയാണു ഗുരുദേവൻ പലമതസാരവും  ഏകംഎന്ന പ്രയോഗത്തിൽക്കൂടി  കാട്ടിത്തരാൻ ഈ മന്ത്രങ്ങളിൽ  ശ്രമിച്ചിരിക്കുന്നതും. ഇവയെ എല്ലാം  മനസിലാക്കിയാൽ മാത്രമേ ആത്മീയതയാകയുള്ളൂ. അല്ലെങ്കിൽ അവ  മതങ്ങൾ (Religions) മാത്രമായി നിലകൊള്ളൂം, അതു വളരെ  വിനാശകാരികളും  ആയിരിക്കും. ചരിത്രം അതിനുള്ള തെളിവാണല്ലോ? ഗുരുദേവൻ പറഞ്ഞതിനർത്ഥം  മതങ്ങളിലെ (Religions) തെറ്റുകളെ ചൂണ്ടിക്കാട്ടരുതെന്നല്ല. അവ ചൂണ്ടിക്കാട്ടപ്പെടണം എന്നതാണു്. അവ തിരുത്തപ്പെടുകയും വേണം. അതിനാലാണു് ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ “ ഗ്രഹിക്കാൻ പ്രയാസപൂർണ്ണമായതും അത്യന്തം രക്ഷിക്കപ്പെടേണ്ടതു മായ ബ്രഹ്മവിദ്യ നിനക്കു ഞാൻ പദേശിച്ചു തന്നിരിക്കുന്നു. ഇതിനെ വിചാരം ചെയ്തു് ശരിക്കും മനസ്സിലാക്കിയതിനു ശേഷം നിനക്കു യുക്തമായി തോന്നുന്നതിനെ ചെയ്യുക”, എന്നു് അർജ്ജുനനോടു പറയുന്നതു്. (4) ഗുരുദേവൻ പറയുന്നതും അതു തന്നെ.



മതങ്ങളിൽ (Religionsൽ) പ്രത്യക്ഷത്തിൽ കാണുന്ന ചില സമാനതകളും  ചിലപ്പോൾ അവയെ  തമ്മിൽ  അകത്തിനിറുത്താം. അതു ശരിക്കും സമാനത അല്ലാത്തതിനാലാണുതാനും. ചില വൈരുദ്ധ്യങ്ങൾ സമാനതകളായും തോന്നാം. എന്നാൽ ഇവ രണ്ടും നമുക്കു മനസ്സിലായില്ലാ എന്നും വരാം. അപ്പോൾ ആ കാര്യങ്ങൾ അന്യോന്യം കൈമാറിയാൽ,  (എല്ലാവരും എല്ലാം പഠിച്ചാൽ); അവയെ സമന്വയിപ്പിച്ചു് എല്ലാ നല്ലതിനേയും തിരഞ്ഞെടുത്താൽ, എല്ലാം നല്ലതാകും. ഒപ്പം എല്ലാവരും നല്ലവരാകും. അതിനാണു ഗുരുദേവൻ, എല്ലാവരും എല്ലാം മതങ്ങളും (Religions) പഠിക്കുവാൻ പറഞ്ഞതും. പക്ഷെ നാം മാത്രം എല്ലാം പഠിച്ചാൽ പോരാ, അപ്പോൾ നാം ഒറ്റപ്പെടുകയേ ഉള്ളൂ. തന്നെയുമല്ല സ്വന്തം രഹസ്യംമനസ്സിലാക്കും മുമ്പു് മറ്റുള്ള രഹസ്യങ്ങൾഅറിയാൻ പോയാൽ സ്വന്തം രഹസ്യം അതായതു് സ്വന്തം പൈതൃകം നമുക്കു നഷ്ടപ്പെടുകയും ചെയ്യും. നമുക്കു മാത്രമായിരിക്കും ആ നഷ്ടം അനുഭവപ്പെടുക, ഇന്നല്ലെങ്കിൽ നാളെ  അതു  തീർച്ഛയായും  അനുഭവപ്പെടും. എന്നാൽ അനുഭവപ്പെടുന്നവർ പലരും അതു മറച്ചു പിടിച്ചു തുടരുകയാണു പതിവു്, അപകർഷതാബോധം കാരണം. 



എല്ലാവരും അവരുടെ മതം (Religions) മാത്രമാണു് മനുഷ്യകുലത്തിനു  നന്നെന്നു  പറയും. സ്വന്തം വിശ്വാസപ്രമാണത്തിൽ എല്ലാവരും ചേർന്നുകഴിഞ്ഞാൽ പിന്നെ എല്ലാം ഒന്നാകുമല്ലോ! ആ തോന്നലുണ്ടാക്കുന്ന സംതൃപ്തിയാകാം മനുഷ്യനെ സ്വന്തം മത(Religion) ത്തിലേക്കു  ആളുകളെ  ചേർക്കാൻ  പ്രേരിപ്പിക്കുന്നതും. ഗുരുദേവൻ പറഞ്ഞതു മുഴുവനും  ക്രസ്തുമതത്തിൽ  നിന്നാണെന്നു ചില  ക്രൈസ്തവരും  ഇസ്ലാമിൽനിന്നാണെന്നു്  ചില  മുസ്ലീമ്കളും, ബുദ്ധമതത്തിൽ നിന്നാണെന്നും ഞങ്ങൾ ബുദ്ധമതക്കാരായിരുന്നു എന്നും ചിലർ പറയുന്നതും ഈ കാരണത്താലാണു്.



ലോകജനതയെല്ലാം തന്‍റെ മതത്തിൽ (Religionൽ) ചേരണം എന്ന ചിന്തയാണു് സകലവിധമായ പ്രശ്നങ്ങളും സ്രഷ്ടിക്കുന്നതും. രണ്ടു ഭിന്ന മത (Religion) വിശ്വാസികൾ “മതസൗഹൃദം” (Religions harmony) വേണം എന്നു പറയുന്നതുതന്നെ ഒന്നു ചിന്തിച്ചാൽ വിരോധഭാസമല്ലേ? ലക്ഷ്യം ഒന്നു തന്നെ എങ്കിലും പാത വിഭിന്നമായതിനാൽ വിഭിന്ന ദിശകളിലേക്കു നയിക്കുന്ന രണ്ടു് യന്ത്രങ്ങൾ ഒരേവണ്ടിയിൽ ഘടിപ്പിച്ചു് ആ വണ്ടിയേ ഒരേ സമയം രണ്ടു ദിശകളിൽക്കൂടി നയിക്കാൻ ശ്രമിക്കയല്ലേ ഇതു്. അതിനു പകരം ഗുരുദേവൻ പറഞ്ഞതനുസരിച്ചു് എല്ലാവരും സ്വന്തം മതത്തോടൊപ്പം (Religionഓടൊപ്പം) മറ്റുള്ള  മതങ്ങളും ആത്മീയമായ അറിവുകളും കൂടി നേടുവാൻ ശ്രമിക്കയല്ലേ ശരിക്കും വേണ്ടതു്. അല്ലാതെ മതസൗഹൃദം (Religions harmony)  എന്നൊന്നുണ്ടാവുക പ്രയാസം, എന്നല്ല അസാദ്ധ്യം തന്നെയാണു്.



ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് കൂടു (കൂറു) മാറുന്നവരുടേയും ഗതി ശരിയായും രണ്ടു് യന്ത്രങ്ങളുള്ള ഒരു വാഹനത്തിന്‍റെതു തന്നെ. ചുരുക്കത്തിൽ ഒരു അനുപ്രസ്ഥതലത്തിൽ ഇവ തമ്മിൽ  സൗഹൃദം ഉണ്ടാകുക പ്രയാസമാണു്; സാദ്ധ്യമല്ല എന്നുതന്നെ പറയാം. അവിടെ തന്‍റെ  മതം (Religion) മാത്രം ഉൽകൃഷ്ടം എന്ന ചിന്ത നിലനില്ക്കും. അതു് എപ്പോഴും കാട്ടുവാൻ ശ്രമിക്കയും ചെയ്യും. അതിലേക്കായി അന്യരിൽ കുറ്റം കണ്ടുപിടിക്കാൻ  ശ്രമിക്കും, എല്ലാവരും ഇതേ അവസ്ഥയിലായതിനാൽ  അവർ അതിനുള്ള പഴുതുകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ചിലപ്പോൾ  ചിലർ മതങ്ങളെ (Religionsനെ) കൂട്ടിക്കലർത്തി പുതിയ മതം (Religion) ശ്രിഷ്ടിക്കാറുണ്ടു്. അവിടെയും ഇതു തന്നെ സംഭവിക്കും. അപ്പോൾ  പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ. മതങ്ങളുടെ എണ്ണം കൂടുന്നതിനാൽ.  ഗുരുദേവനും ഇങ്ങനെ മതം (Religion) ശ്രിഷ്ടിച്ചു എന്നും ചിലർ പറയാറുണ്ടു്, എഴുതാറും ഉണ്ടു്. എന്നാൽ ഗുരുദേവൻ തന്നെ “നാമായി ഒരു മതവും സ്ഥാപിക്കുന്നില്ല” എന്നു വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ടു്.



ഈ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ യഥാർത്ഥ പണ്ഡിതന്മാർക്കു മാത്രമേ സാധിക്കൂ. അതുകൊണ്ടാണു് ഗുരുദേവൻ പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാരറിയുമിതിന്‍റെ രഹസ്യമിങ്ങശേഷംഎന്നു്, ആത്മോപദേശശതകത്തിലെ നാല്പ്പത്തിയേഴാം മന്ത്രത്തിൽ പറയുന്നതു്. അങ്ങനെ മനസ്സിലാക്കിയ ഒരു അദ്വൈതവാദിയായ പണ്ഡിതന്‍റെ ശിഷ്യന്മാരും പിൻഗാമികളും അതു മനസ്സിലാക്കാണം.  എന്നാൽ ലോകം കണ്ട അദ്വൈതവാദികളിൽ  അഗ്രഗണ്ണ്യനായ, അല്ല അദ്വൈതം തന്നെ ആയിരുന്ന ഗുരുദേവന്‍റെ ചില  ശിഷ്യന്മാരുടെയും പിൻഗാമികളുടെയും പ്രവർത്തി അവർക്കതു മനസ്സിലായില്ലാ എന്നാണു കാണിക്കുന്നതു്, മനസ്സിലായിരുന്നു എങ്കിൽ അവർ ഒരിക്കലും ഒരു “മതാഗിരണ”ത്തിൽ അകപ്പെടുമായിരുന്നില്ല. എന്തൊരു  വിരോധാഭാസം!!! ഗുരുദേവനെയോ ഗുരുദേവന്‍റെ  ആത്മീയ സന്ദേശങ്ങളെയോ മനസ്സിലാക്കിയവരാരും ഒരുമതവും (Religions)  സ്വീകരിക്കില്ല.

ഈ അവസ്ഥയിൽ ഏറ്റവും ഉപകരിക്കുക അദ്വൈതം തന്നെ; കറകളഞ്ഞ  അദ്വൈതം. അതാണു  ഗുരുദേവന്‍റെ  ഒരുജാതി, ഒരുമതം ഒരുദൈവം  മനുഷ്യനു്എന്ന ആപ്തവാക്ക്യം അർത്ഥമാക്കുന്നതും. അല്ലാതെ  മതങ്ങളെല്ലാം (Religions എല്ലാം) ഒന്നാണെന്നല്ല. ഇതു തന്നെയാണു  ഗുരുദേവൻ ഈ മന്ത്രങ്ങളിൽക്കൂടി പ്രഖ്യാപിക്കുന്നതും. അതാണു് അദ്വൈതം. ആ അദ്വൈതം തന്നെയാണു് ബ്രഹ്മവിദ്യ. ബ്രഹ്മവിദ്യ തന്നെയാണു് ഗുരുദേവനും ശ്രീ ക്രഷ്ണഭഗവാനും വ്യാസഭഗവാനും പരബ്രഹ്മവും.



മതങ്ങൾ (Religions) അതിനുള്ളിലുള്ളവർക്കു് സമാനതനല്കുമ്പോൾ ഭാരതത്തിന്‍റെ അത്മീയതയായ ബ്രഹ്മവിദ്യ (അദ്വൈതം) സകലത്തിനും സമാനത നൽകുന്നു. അതാണു് അദ്വൈതത്തിന്‍റെ കാതൽ. അതാണു് ഗുരുദേവൻ നമുക്കു നല്കിയ ആദേശം. നല്ലൊരു ശതമാനം ഭാരതീയരും അതിനെ ശരിക്കു മനസ്സിലാക്കാതെയും മനസ്സിലാക്കിയിട്ടും സ്വകാര്യലാഭത്തിനായി ദുഃർവ്യാഖ്യാനം ചെയ്തു മാനവരാശിയെ തെറ്റിദ്ധരിപ്പിച്ചു വഴിതെറ്റിക്കുന്നു, ചതിക്കുന്നു. ഇതിനൊരറുതി വരുത്താനായി ശരിയായ ബ്രഹ്മവിദ്യ (അദ്വൈതം) എന്തെന്നു പ്രചരിപ്പിക്കുവാൻ ആത്മാർത്ഥമായി നമുക്കു ശ്രമിക്കാം.



©ഉദയഭാനു പണിക്കർ

ഇതു പൂർണ്ണമായോ ഭാഗീകമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.



ഈ ലേഖനത്തിനാധാരമായ ആത്മോപദേശശതകത്തിലെ നാലുമന്ത്രങ്ങൾ ഇവയാണു്:

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.


പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.


ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.



ഇവിടെ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ പാതകളും ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു. എന്‍റെ മറ്റുള്ള ലേഖനങ്ങളെപ്പോലെ തന്നെ ഇതും ഗുരുദേവകൃതികളും, ഭഗവത്ഗീതയും അടക്കമുള്ള ഉപനിഷത്തുക്കളുടെ മനനത്തിലൂടെ അനുഭവപ്പെട്ട ചിന്താധാരകളാണു്. ഈ മനനത്തിനു് അവയിൽ ചിലതിനോ എല്ലാത്തിനുമോ; നടരാജഗുരു, മധുസൂദന സരസ്വതി, ഗുരു നിത്യചൈതന്യ യതി, പ്രെഫസർ ബാലകൃഷ്ണൻ നായർ, ശ്രീ എം ദാമോദരൻ, നിഘിലാനന്ദസ്വാമി, ചിന്മയാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ എഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫസർ തുറവൂർ  വിശ്വംഭരന്‍റെ ഭരതപര്യടനം എന്ന കൃതി, കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും ഉപയോഗപ്പെട്ടിട്ടുണ്ടു്. കൂടാതെ എല്ലാത്തിനും ഉപരിയായി എന്‍റെ ബാല്ല്യകാല സ്നേഹിതനും ഗുരുവുമായ ശ്രീമാൻ നാരായണന്‍റെ ശിക്ഷണവും.



സൂക്ഷ്മ ഉറവിടങ്ങൾ:



(1)  നാരായണഗുരുസ്വാമി, പ്രഫസർ എം കെ സാനു, പുറം 350.



(2)  ഭഗവത്ഗീത 7-20.



(3)  ശ്രീ നാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, എഡിറ്റർ സി ആർ കേശവൻ വൈദ്യർ പുറം 51.



(4) ഭഗവത്ഗീത 18-63.

             

(“ചിന്താധാരകൾഎന്ന ബ്ലോഗിലുള്ള മറ്റു ലേഖനങ്ങൾ വായിച്ചിട്ടില്ലാത്തവർ അതുകൂടി വായിക്കുവാൻ അപേക്ഷിക്കുന്നു. ഇതു വ്യക്തമായി മനസ്സിലാകാൻ അതു സഹായകമാകും.)