2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

ആരായുകിൽ അന്ധത്വമൊഴിച്ചാദി മഹസ്സിൻ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം



ആരായുകിൽ അന്ധത്വമൊഴിച്ചാദി മഹസ്സിൻ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം

അരാണീ പരദൈവം”? “പരഎന്നാൽ പരമാത്മാവ്. “പരദൈവംഎന്നാൽ പരമാത്മാവുതന്നെയാകണം. അപ്പോൾ നേരംവഴികാട്ടുന്ന പരമാത്മാവുതന്നെയായ ദൈവം; അതാണു് ഗുരുദേവൻ.  കുമാരനാശാൻ യതൊരു സംശയവും തോന്നത്തവിധത്തിൽ, അതായതു് താൻ അനുഭവിച്ചറിഞ്ഞ ആ പരമാത്മസാന്നിദ്ധ്യം സംശയരഹിതമായിത്തന്നെ നമുക്കുവേണ്ടി പങ്കു വയ്ക്കുകയാണിവിടെ. എന്താണു് ആപരദൈവം നമുക്കുവേണ്ടി ചെയ്തതു്? ‘ആദിമഹസ്സിലേക്കുള്ള നേരായവഴി കാട്ടിത്തരുന്നു. നമ്മുടെ അന്ധത്ത്വം ഒഴിച്ചുവിട്ടു്, ആ ആദിമഹസ്സായ പരബ്രഹ്മത്തിലെത്തി മോക്ഷം നേടാനുള്ള വഴി കട്ടിത്തരികയാണു് ഗുരുദേവൻ ചെയ്തതു് എന്നു് സംശയരഹിതമായിത്തന്നെ കുമാരനാശാൻ നമ്മോടു പറയുന്നു. എന്നാൽ ദിനവും ഇതു ചെല്ലുന്നവർ പോലും ഇവിടെപ്പറയുന്ന ആ നേരാം വഴിതേടുന്നുവോ? സംശയം . . . . .

എന്താണാ വഴി?
ജന്മസാക്ഷാല്ക്കാരത്തിലേക്കുള്ള ആ വഴി ഗുരുദേവൻ പലയിടങ്ങളിലും നമുക്കുവേണ്ടി പറഞ്ഞിട്ടുണ്ടു്. ഗുരുദേവൻ സ്വയം ആ വഴി സഞ്ചരിച്ചു്  ജന്മസാക്ഷാല്ക്കാരം നേടിയിരുന്ന ഒരു മുനീശ്വരൻ ആയിരുന്നതിനാൽ ആ വഴി പോകേണ്ടവർക്കു്, ഒരു നല്ല ഗുരുവായഗുരുദേവൻ അതു പകർന്നു നല്കിതന്റെ വാക്കുകളിലും പ്രവർത്തികളിലും കൂടി. അതുവഴി ആ പരമാത്മസത്യം അനുഭവിച്ചറിയാൻ നമുക്കു വഴിയൊരുക്കിത്തരികയാണു ഗുരുദേവൻ ചെയ്യുന്നതു്. എന്താണാവഴി? ആ വഴി ഒന്നുമാത്രമാണു്; അതാണു് ബ്രഹ്മവിദ്യഅഭ്യാസം.

ആ അഭ്യാസത്തിനു മുന്നോടിയായി നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടു്. അവയാണു് (1) സംസാരസാഗരം താണ്ടി ആത്മസാക്ഷാല്ക്കരം നേടണം എന്ന സംശയരഹിതമായ ആഗ്രഹം ഉണ്ടായിരിക്കണം. (2) ഏകാഗ്രമായ അനുഭൂതിയോടുകൂടി സ്വന്തം മനസ്സിനെ ആ പരമാത്മപ്രാപ്തിഎന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കണം. (3) അതോടൊപ്പം സകലവിധമായ ഭൗതിക സുഖങ്ങളേയും ഉപേക്ഷിക്കുകയും അത്യന്താപേക്ഷിതമാണു്. ഇതൊക്കെയും ചെയ്തു; (4) “നിയത്യാനിത്യവസ്തുവിവേകം”, അഥവാ നിത്യമായതെന്തു് അനിത്യമായതെന്തു് എന്നു തിരിച്ചറിയുവാൻ നാം തയ്യാറാവണം. ഇത്രയും ആയാൽ (5) ഒരു ഗുരുവിന്റെ ആവശ്യകതയും ഉണ്ടു്. (6) ഗുരുവിനെ നേടിക്കഴിഞ്ഞാലോ പ്രസന്നനായ ആ ഗുരുവിൽ നിന്നും വിനയപുരസരം എല്ലാം ചോദിച്ചു മനസ്സിലാക്കി, മോക്ഷപ്രാപ്തിക്കുള്ള ജ്ഞാനം നേടണം. (7) ആ ജ്ഞാനത്തെ സ്വപ്രയഗ്നത്താൽ വിജ്ഞാനമാക്കി മാറ്റി സ്വയം ആ പരമാത്മസത്യം മനസ്സിലാക്കണം.

അപ്പോൾ ഒരു ഗുരു ആവശ്യമാണല്ലോ. എന്നാൽ പലപ്പോഴും ഇങ്ങനെ ഒരു ഭൗതിക രൂപിയായ ഗുരു ഇല്ലാതെയും മോക്ഷം ലഭ്യമാകാം. കാരണം പക്ക്വമതിയായ ഒരു സാധകനു് ആത്മസ്വരൂപിയായി നമ്മിലെല്ലാം കുടികൊള്ളുന്ന ആ സർവ്വവ്യാപിയായ പരമാത്മാവുതന്നെ ഗുരുവയി വഴികാട്ടിയാകുംനാം അതിനർഹരെങ്കിൽ. ആ പരബ്രഹ്മം തന്നെ നമ്മെ അനുഗ്രഹിക്കുവാനായി പ്രത്യക്ഷപ്പെടും, നാം മറ്റുള്ളനിലകളിൽ അർഹരെങ്കിൽ. തന്നെയുമല്ലശിവ ഏവ ഗുരുഃ സാക്ഷത് ഗുരുരേവ ശിവഃശിവനെ തന്നെയാണു ഗുരു, ഗുരുതന്നെ ശിവനും. ചുരുക്കത്തിൽ നാം മറ്റുള്ളവയെല്ലാം നേടിയാൽ ഗുരുസ്വയം വരും - ശിഷ്യനെത്തേടി. അപ്പോൾ നാം ആ അർഹതനേടുകയാണുവേണ്ടതു്.

മറ്റൊരു വിധം പറഞ്ഞാൽ ഗുരുദേവനെ പാടിപ്പുകഴ്ത്തുന്നതിലും അഭികാമ്മ്യം ബ്രഹ്മസാക്ഷാല്ക്കാരത്തിനുള്ള മറ്റു യോഗ്യതകൾ നേടുകയാണു്. അവ ഉണ്ടായിക്കഴിയുമ്പോൾ ബ്രഹ്മവിദ്യാദാനത്തിനായി ഗുരുദേവൻ സ്വയം വരും. അപ്പോൾ നാം ചെയ്യേണ്ടതു് പാടിപ്പുകഴ്ത്തലല്ല, മറിച്ചു ഗുരുദേവൻ പകർന്നു തന്ന ആ ആത്മവിദ്യയുടെ അറിവിനെ ഗ്രഹിക്കുകയും അതനുസരിച്ചു ജീവിക്കയും ആണു്. അതുണ്ടാകുമ്പോൾ ഗുരുദേവൻ സ്വയം വരുംമോക്ഷദാനത്തിനായി.

ഉപനിഷത്തുക്കളിലുടനീളം കാണാവുന്നതാണീ ബ്രഹ്മവിദ്യയും അതിലേക്കുള്ള വഴിയും. ഗുരുദേവകൃതികൾ എല്ലാം തന്നെ ഈ ബ്രഹ്മവിദ്യാപ്രദായിനികളായ ഉപനിഷത്തുക്കളും ആണുതാനും. ആയതിനാൽ അതിലേക്കഴ്ന്നിറങ്ങുക. അവയിലടങ്ങിയിരിക്കുന്ന ബ്രഹ്മവിദ്യയാകുന്ന അമൃതിനെ ആസ്വദിച്ച്-അഭ്യസിക്കുക. വിജയം സുനിച്ഛിതമാണെന്നതിനു സംശയം വേണ്ടാ.

ഈ ഗുരുദേവജയന്തിയിൽ എല്ലാവർക്കും ആ വഴിയിൽക്കൂടി സഞ്ചരിച്ചു് ലക്ഷ്യപ്രാപ്തി നേടാനുള്ള അനുഗ്രഹം ഗുരുദേവൻ നല്കട്ടെ എന്നു പ്രാർദ്ധിക്കുന്നു; എല്ലാവിധ ആശംസകളും നേരുന്നു.
© ഉദയഭനു പണിക്കർ