2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

അമേരിക്കയിൽ നടക്കാൻ പോകുന്ന സർവ്വമത സമ്മേളനവും ദൈവദശകവും.



പല മാദ്ധ്യമങ്ങളിൽ അമേരിക്കയിൽ നടക്കാൻ പോകുന്ന ഒരു സർവ്വമതസമ്മേളനത്തിൽ ദൈവദശകത്തെപ്പറ്റി സംസാരിക്കുവാൻ സന്ദീപാനന്ദഗിരി എന്നൊരാൾ തയ്യാറെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചും അദ്ദേഹത്തെ അഭിനന്ദിച്ചും പലരുടെയും അഭിപ്രായങ്ങൾ കാണുകയുണ്ടായി. ഈ സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരും ഉണ്ടാകുമോ എന്നും ചില സംശയങ്ങൾ പൊന്തിവന്നിരുന്നു.

ഈ സർവ്വമതസമ്മേളനം എന്നു പറയുന്ന കൂട്ടായ്മയിൽ പിന്നിലും മുന്നിലും കമ്മ്യൂണിസ്റ്റുകൾ ഉണ്ടാവാം. തികച്ചും ഒരു കമ്മ്യൂണിസ്റ്റായ ശ്രീമാൻ സന്ദീപനന്ദഗിരി പങ്കെടുക്കുന്നതു തന്നെ അതിനൊരുതെളിവാണല്ലോ? ഇതിന്റെ സംഘാടകരിലും കമ്മ്യൂണിസ്റ്റുകളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആഗോളതലത്തിൽ അമേരിക്കക്കാർ  കമ്മ്യൂണിസ്റ്റുകളെ എതിർക്കുന്നതായി കാണാം. പക്ഷെ അമേരിക്കയ്ക്കു ഗുണമുണ്ടാകാൻ സാദ്ധ്യത ഉണ്ടെങ്കിൽ സഹകരിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെ നടന്നിട്ടും ഉണ്ട്. ആവശ്യം എങ്കിൽ അവരോടു് ഇനിയും സഹകരിക്കയും ചെയ്യും. നാട്ടിലെ പല കമ്മ്യൂണിസ്റ്റുകളുടെയും ലേഖനങ്ങൾ അമേരിക്കൻ മാദ്ധ്യമങ്ങളിൽ സാധാരണ കാണാം. നാട്ടിലേ പല കമ്മ്യൂണിസ്റ്റുകളുടെയും മക്കൾ സഹിതം പല ബന്ധുക്കളും അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും കുടിയേറിയിട്ടും ഉണ്ട്, പഠിപ്പിനും സ്ഥിരതാമസത്തിനും.

കൂടാതെ ഇന്നു് ഇങ്ങനെയുള്ള സർവ്വമത സമ്മേളനങ്ങൾ മിക്കതും ചില മതങ്ങളുടെ പ്രചരണത്തിനുള്ള ഒരു മറമാത്രം ആണുതാനും. അതറിയാതെ പലരും അതിൽ പങ്കെടുക്കാറും ഉണ്ട്. ചില പേരുകേട്ട വ്യക്തികളും, പക്ഷെ അതിൽ കൂടുതലും മതം വ്യവസായീകരിച്ചവർ ആണെന്നും കാണാം. തന്നെയുമല്ല, ഇതു് നല്ല രീതിയിലുള്ള ഓരു സംരംഭമാണെങ്കിൽ തന്നെയും ശ്രീമാൻ സന്ദീപാനന്ദ്ഗിരി ഗുരുദേവന്റെ കൃതിയുമായി പ്രത്യക്ഷപ്പെടുന്നതിനോടു യോജിക്കാൻ ഒരിക്കലും പറ്റില്ല. ഭാരത സംസ്കാരത്തെയോ ആത്മീയതയേയൊ പ്രതിനിധീകരിക്കാൻ വേറെ എത്രയോ അർഹരായാവർ ഉണ്ട്. ഗുരുദേവനെ പ്രതിനിധീകരിക്കാനായാലും ഇദ്ദേഹം ഒട്ടും ഉചിതനല്ല.

ഈ നടക്കാൻ പോകുന്ന സർവ്വമത സമ്മേളനത്തെപ്പറ്റി അല്പം കൂടി മനസ്സിലാക്കാൻ ശ്രമിച്ചതിൽ നിന്നും ചില കാര്യങ്ങൾ കൂടി അറിഞ്ഞു. ഇത് സ്വാമി വിവേകാനന്ദൻ പങ്കെടുത്ത സമയത്തെ സർവ്വമതസമ്മേളനാം പോലെയുള്ള ഒന്നല്ല. അന്ന് അദ്ദേഹത്തെ പങ്കെടുപ്പിച്ചതുതന്നെ അദ്ദേഹം കേഴ്വിക്കാരെ മുഴുവനും തന്റെ വാക്ക്ധോരണിയാൽ ആകർഷിക്കും എന്ന് കരുതിയും അല്ലായിരിന്നു. അവരുടെ പ്രതീക്ഷയ്ക്കു വിപരീതമായി  അങ്ങനെ നടന്നു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തെ എതിർക്കുകയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഗുരുവിനും എതിരായി  അപവാദങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തു. ഇന്നും പാച്ഛാത്യരായ  ഇൻഡോളജിസ്റ്റുകൾ (ഇവരിൽ ബഹുഭൂരിപക്ഷവും പ്രച്ഛഹ്നമതപ്രചാരകരാണെന്നും ഓർക്കുക.)  അത് തുടരുന്നു. കൂടാതെ വിവേകാനന്ദസ്വാമികൾ ക്രിസ്തീയതയെ മോഷ്ടിച്ചാണു അദ്ദേഹത്തിന്റേതായ "ഹിന്ദുത്വം" കെട്ടിപ്പടുത്തതു് എന്നും ഇപ്പോൾ വിളംബരം ചെയ്യുന്നുണ്ട്. വിവേകാനന്ദസ്വാമി ഉപനിഷത്തുക്കളിൽ ആധാരമാക്കിയാണു് ഭാരതീയ ദർശനങ്ങൾ ലോകത്തിനു നല്കിയതു. ഗുരുദേവനും അങ്ങിനെതന്നെയാണു ചെയ്തതും. രണ്ടുപേരും ഭാരതീയ ദർശനങ്ങളിൽ കടന്നു കൂടിയ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കടത്തിവിടപ്പെട്ട മാലിന്യങ്ങളെ ദൂരികരിക്കാൻ ആ ഭാരതീയ ദർ ശനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുകയാണുണ്ടായതു്.  

ഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവ്വമതസമ്മേളനം പോലെയും അല്ല  ഈ സമ്മേളനം. ഇവിടെ കൂടുതലായും പങ്കെടുക്കുക മതവിസ്വാസികളല്ല, മറിച്ചു് മതപ്രവർത്തകർ ആയിരിക്കും എന്നാണു് സംഘാടകർ വെളിപ്പെടുത്തിയിട്ടുള്ളതു്. ഒരു പ്രധാന ചർച്ചാവിഷയം അക്രമപ്രവർത്തികളും ആയിരിക്കും എന്നു സംഘാടകർ പറഞ്ഞു കഴിഞ്ഞു. മതസമ്മേളനത്തിൽ  സ്വാഭാവികമായും മതവുമായി ബന്ധപ്പെട്ട അക്രമപ്രവർത്തനങ്ങൾ ആയിരിക്കുമല്ലോ ചർച്ച ചെയ്യപ്പെടുകയും. ഒരു സർവ്വമത സമ്മേളനത്തിൽ ഈ വിഷയം ചർച്ചയാക്കുക, അതും മത പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇതു ചർച്ചാവിഷയം ആക്കുന്നതിന്റെ ഗോപ്യമായ ഉദ്ദേശം പലതും ആകാം. പാച്ഛാത്യരുടെ ഇതുവരെയുള്ള ഇത്തരം പരിപാടികൾ വിശകലനം ചെയ്‌താൽ അതു മതപ്രചരണത്തിനെതിരായ തടയിടലിനെ മതസ്വാതത്ര്യത്തിനെതിരായ അക്രമം ആയി ചിത്രീകരിക്കാനുള്ള ഒരു അടവാണെന്നും മനസ്സിലാക്കാം. ഭാരതത്തിലെ മതത്തിലേക്കുള്ള ആളെടുപ്പിനെതിരായ എല്ലാ തടയിടലിനെയും മതപീഠനം എന്നപേരിലാണ് പാച്ഛാത്യരും അവരോടൊപ്പം നിൽക്കുന്ന ഭാരതീയരും ചിത്രീകരിക്കുക.

ഇത്രയും കണിക്കിലെടുത്തുകൊണ്ടു് വിലയിരുത്തിയാൽ ഈ  സമ്മേളനത്തിൽ  ഭാരതത്തിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരനെ, അതു സ്വയം സ്വാമി ചമഞ്ഞു നടക്കുന്ന ഒരു വ്യക്തിയെ പങ്കെടുപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാക്കാമല്ലോ? ഭാരതത്തിലെ മതത്തിൽ ആളുചേർക്കലിനെതിരായുള്ള പ്രവർത്തനങ്ങളിൽ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിന്റെ വെളിച്ചത്തിൽ ഇതിനെ വിലയിരുത്തുക. അപ്പോൾ മനസ്സിലാക്കാം എന്തിനാണ് ഇദ്ദേഹത്തെ  ഈ സർവ്വമതസമ്മേളനത്തിലേക്കു വരുത്തുന്നതെന്ന്? ഗുരുദേവനെ എങ്ങനെ അവരുടെ ആവശ്യങ്ങൾക്കായി  ഉപയോഗിക്കണം എന്നും മതത്തിൽ ആളെടുക്കുന്നവർക്കു നന്നായി അറിയാം. അപ്പോൾ എല്ലാം കൊണ്ടും അവർക്ക് ഉപയോഗിക്കാൻ പറ്റിയ ആൾ തന്നെ ഇദ്ദേഹം, വിഷയവും അങ്ങിനെതന്നെ. ഇതെല്ലാം വച്ചുകൊണ്ട് വിശകലനം ചെയ്യുമ്പോൾ ലോകത്തുള്ള ഒരു ശ്രീനാരായണപ്രസ്ഥാനത്തിൽ നിന്നും ക്ഷണിക്കാതെ ഇദ്ദേഹത്തെ ക്ഷണിച്ചതിന്റെ കാരണവും മനസ്സിലാക്കാം. ഇതിനും ഉപരിയായി ഇത് നടക്കുന്ന സ്ഥലം യാഥാസ്ഥിതികരായ മതവിശ്വാസികൾ വളരെയധികം താസിക്കുന്ന സ്ഥലവും ആണു്. അവരും ഈ സമ്മേളനത്തിൽ ഒരു നല്ല പങ്കു വഹിക്കും എന്നതിനും സംശയം വേണ്ടാ. അപ്പോൾ ശ്രീമാൻ സന്ദീപാനന്ദഗിരിയുടെ ഈ യാത്രയിൽ നിന്നും ഭാരതത്തിനോ, ഭാർതത്തിന്റെ ആത്മീയശാസ്ത്രത്തിനോ, ശ്രീനാരയണ ദർശനങ്ങൾക്കോ കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. മറിച്ചു് ഭാവിയിൽ ഇതിനെല്ലാം ക്ഷതം ഏല്ക്കാനുള്ള സകല സാദ്ധ്യതകളും ഉണ്ടു താനും.

©ഉദയഭാനു പണിക്കർ