2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സനാതനധർമ്മം ഒരു മതമോ?

സനാതനധർമ്മം വെറും ഒരു മത തത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല. മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു സനാതനധർമ്മം - അത്മീയജ്ഞാനത്തിന്റെസ ശാസ്ത്രം. ആദിയും അന്തവും ഇല്ലാത്തതും; ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്റെ; ശാസ്ത്രം, അത്മാവിന്റെ ഈ ശാസ്ത്രം, അതീതമായ സത്യത്തിന്റെ ശാസ്ത്രം. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി ഇതിനെ അനുസരിക്കുന്നവർക്കും പരിശീലിക്കുന്നവർക്കും ഇതു വഴങ്ങും. അപ്പോൾ അത്മീയവും പഞ്ചഭൂതാത്മകവും ആയ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യാം. എല്ലാവർക്കും ഉല്കൃഷ്ട്ട ജീവിതം കൈവരിക്കുവാൻ; സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സർവ്വോല്കൃഷ്ടമായ ഒരു ജീവനമാർഗ്ഗമാണു സനാതനധർമ്മം. ഈ സനാതനമായ ധർമ്മം സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല, മറിച്ച് ജീവാത്മ-പരമാത്മ ഏകോപനത്തിനുള്ള (ആ ഏകോപനമാണു മോക്ഷം) ബഹുമുഖമായ രാജവീഥിയാണു്. ഇതിനു സമാനമായി ഇതു മാത്രമേ ഉള്ളൂ. ഇതിനേ അളക്കാനുള്ള അളവു കോൽ എവിടെയും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ, കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കൊച്ചു കുഴികളും; സനാതനധർമ്മം ആ കുഴികളിൽ കുട്ടികൾക്കു ജലക്രീഡയ്ക്കായി ജലം അനവരതം ദാനം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഭാവിയിലും ചെയ്യുവാൻ കഴിവുള്ളതും ആയ ഒരു അനന്തമായ മഹാസാഗരവും ആണെന്ന സത്യം ഓർക്കുക.

മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനധർമ്മത്തിന്റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്റെറ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മയം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും.

ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. എന്നാൽ ഇന്നു് സനാതനധർമ്മസത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചിലരും, ആ വ്യാഖ്യാനങ്ങൾ സത്യം എന്നു ധരിച്ചു സനാതനധർമ്മികളിൽ വലിയ ഒരു ശതമാനം ആളുകളും ഉച്ചനീചത്വങ്ങൾ ധാരാളമായിവച്ചു പുലർത്തുന്നതായിക്കാണം. ഈ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ അവതരിച്ച ഒരു അവതാരം ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ. ഗുരുദേവൻ കാട്ടിയ വഴി സ്വീകരിച്ചാൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഗുരുദേവന്റെ അനുയായികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും അതിനു ശ്രമിക്കുന്നില്ലാ എന്നു പറയേണ്ടിവന്നതിൽ ഖേദിക്കുന്നു.

ഉച്ചനീചത്വങ്ങൾ തുടച്ചു മാറ്റാൻ, ഉപനിഷത്തുക്കളിൽ അധിഷ്ടിതമായ ഗുരുദേവ ദർശനങ്ങളുടെ പഠനം കൊണ്ടു സാധിക്കും. കേരളവും ഭാരതവും ലോകവും ആ വഴിക്കു നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാൽ ആ പഠാനത്തിനുവേണ്ടി കൂട്ടായ ഒരു ശ്രമം നമുക്കു നടത്താം.

(©ഉദയഭാനു പണിക്കർ. - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)