2016, മാർച്ച് 16, ബുധനാഴ്‌ച

പരമാത്മാവിനെ അതിന്‍റെ യഥാർത്ഥ രൂപത്തിൽ ആരാധിക്കാത്തെതെന്തുകൊണ്ടു്?



ഗീതാപഠനത്തിനായുള്ള ഒരു ആത്മീയകൂട്ടായ്മയിൽ ഒരു നീണ്ട ചോദ്യത്തിനുള്ള മറുപടിയായി എഴുതിയ ഒരു കുറിപ്പാണിതു്. ഗീത പഠിക്കുന്നവർക്കു് ആർക്കെങ്കിലും ഉപകാരപ്രദമാകും എന്നു കരുതി ഉചിതമെന്നു കരുതുന്ന ചില വ്യതിയാനത്തോടുകൂടി ഇവിടെ കൊടുക്കുന്നു.

ചോദ്യം (ചുരുക്കി):
 പരമാത്മാവിനെ അതിന്‍റെ യഥാർത്ഥ രൂപത്തിൽ അല്ല ആരാധിക്കുന്നത്‌. താമസം, രാജസം, സ്വാത്വികം എന്നീ ഗുണങ്ങൾ ഉള്ള ആരാധനാബിംബങ്ങളെ ആരാധിക്കുമ്പോൾ ആ നിലയിലേക്ക്‌ നാം പരിവർത്തനപ്പെട്ടുപോകില്ലേ?പ്പോൾ ഞാൻ യഥാർത്ഥ  പരമാത്മവിൽ എത്തുമോ? എന്തുകൊണ്ട്‌ പരമാത്മാവിനെ അതിന്‍റെ രൂപത്തിൽ ആരാധിച്ചുകൂടാ?

ഉത്തരം:
രൂപം ഇല്ലാത്തതാണോ പരബ്രഹ്മം? അതേ എന്നു പറയാം. എങ്കിലും പലേ രൂപങ്ങളൂം ഉണ്ടെന്നും പറയാം. സർവ്വരൂപങ്ങളും പരബ്രഹ്മത്തിന്‍റെതുതന്നെ എന്നും പറയാം. അതോടൊപ്പം തന്നെ, എല്ലാ ഗുണങ്ങളും (ദോഷങ്ങളും) അടങ്ങിയതും ആണ് പരമാത്മാവു് അഥവാ പരബ്രഹ്മം. പരബ്രഹ്മം തന്നെയാണു ശിവനും, നാരയണനും, ബ്രഹ്മാവും എല്ലാം. സാധാരണക്കാർക്കു കാണാൻ സാധിക്കാത്തതാണോ പരബ്രഹ്മം? അതേ, എന്നാൽ ശ്രമിച്ചാൽ കാണുവാൻ സാധിക്കുന്നതും ആണു് പരബ്രഹ്മം.

നാം ആരാധിക്കുന്നതു ബിംബങ്ങളെ ആണോ? അല്ല, നാം ആരാധിക്കുന്നതു് ആ പരബ്രഹ്മത്തെത്തന്നെയാണു്. അങ്ങനെ ആരാധിക്കുന്ന പരബ്രഹ്മത്തെ കാണാൻ സാധിക്കാത്തവർക്കു കാണാൻ വേണ്ടിയാണു് ഒരു മൂർത്തിയെ അഥവാ ഇഷ്ടദേവതയെ ആരാധിക്കുന്നതു്. ശരിക്കും ആരാധിക്കപ്പെടുന്നതു് ആ മൂർത്തിയോ അതുണ്ടാക്കിയ കല്ലോ, ലോഹമോ അല്ല. ആ രൂപമില്ലാത്ത അഘിലാണ്ഡേശ്വരനെത്തന്നെയാണു് എല്ലാവരും ആരാധിക്കുന്നതു്.

ഇതു ഞാൻ പറയുന്നതു മാത്രമല്ല, പലേ ആദ്ധ്യാത്മികാചാര്യന്മാരും പറഞ്ഞിട്ടുള്ളതാണിതു്. 

ശ്രീനാരായണഗുരുദേവ ക്ഷേത്രപ്രതിഷ്ടകളുടെ പടിപടിയായ വ്യതിയാനത്തിലൂടെ കാട്ടിത്തന്ന ആത്മീയ പുരോഗമനത്തിനുള്ള ആഹ്വാനം മനസ്സിലാകാതെ പോയവർ പലരും, ഇനി ക്ഷേത്രങ്ങൾ വേണ്ടാഎന്നാണു ഗുരുദേവൻ അർത്ഥമാക്കുന്നതെന്നു വ്യാഖ്യാനിച്ചു. പ്രത്യേകിച്ചും സ്വന്തം സംസ്കൃതിയെ മാനിക്കാത്തവർ. ഇവരേ മതേതരവാദികൾ, യുക്തിവാദികൾ. നിരീശ്വരവാദികൾ തുടങ്ങി പലേ മുദ്രാ-മുദ്രണങ്ങളിലും കാണാം. അവർ ഗുരുദേവനെ യുക്തിവാദിയും നിരീശ്വരവാദിയും മറ്റും ആക്കുവാൻ ശ്രമിച്ചു, ഇന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ ഭാരതത്തിന്‍റെ ആത്മീയതയായ പരബ്രഹ്മശാസ്ത്രത്തിനുപരിയായ ഒരു യുക്തിവാദമോ മതേതരവാദമോനിരീശ്വരവാദമോ ഈ അഘിലാണ്ഡത്തിലെങ്ങും കിട്ടില്ല. ഭാരതത്തിന്‍റെ ആത്മീയതയിലെ പരബ്രഹ്മത്തെ അറിഞ്ഞുകഴിയുമ്പോൾ ഇതിനപ്പുറം ഒരു നിരീശ്വരവാദവും ഭൗതികവാദവും യുക്തിവാദവും ഇല്ലാ എന്നും മനസ്സിലാക്കാം. അപ്പോൾ അതിനുപരിയായി ഒരു മതേതരവാദവും ഉണ്ടാകാൻ സാദ്ധ്യമല്ല എന്നും മനസ്സിലാക്കാം.

ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ടകളിലൂടെ ഇനി ക്ഷേത്രങ്ങൾ വേണ്ടാഎന്നാണു ഗുരുദേവൻ അർത്ഥമാക്കുന്നതെന്നു വ്യാഖ്യാനിച്ചതു തെറ്റാണന്നു് വ്യക്തമായും കാട്ടുന്ന ഒരു സംഭാഷണത്തെപ്പറ്റി ഇവിടെ കുറിക്കട്ടെ.

കൊല്ലവർഷം 1103 ധനുമാസം 19നു് (1928 ജാനുവരി 5നു്), ഗുരുദേവൻ തൃശൂരിൽ അദ്വൈതാശ്രമത്തിൽ ആയിരുന്ന അവസരത്തിൽ ധർമ്മം പത്രത്തിന്‍റെ
പത്രാധിപന്മാരിൽ ഒരാൾ, ഗുരുദേവനുമായുള്ള  സംസാരമദ്ധ്യേ “ഇനി മനുഷ്യർക്കു് ക്ഷേത്രങ്ങൾ ആവശ്യമില്ലാ” എന്നു പറയുകയുണ്ടായി.

ഇതിനു മറുപടിയായി ഗുരുദേവൻ ഇങ്ങനെ പറഞ്ഞു: “ആവശ്യം ഇല്ലെന്നു് എങ്ങനെ പറയാം? ക്ഷേത്രങ്ങൾ ആവശ്യമാണു്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, ക്ഷേത്രം വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവർ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുമ്പോൾ നല്ല വിചാരം ഉണ്ടാകും. നല്ലകാര്യങ്ങൾ സംസാരിക്കും. ഈശ്വരസ്മരണ ഉണ്ടാകും. ശുദ്ധവായൂ ശ്വസിക്കാം. ചിലർ ക്ഷേത്രങ്ങളിൽ ചെന്നു് നിരാഹാരവൃതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചിലർക്കു് വിശ്വാസം മൂലം മോഹം ആറുന്നു. ചിലർക്കു് ആഗ്രഹസിദ്ധിയുണ്ടാകുന്നു. അതെല്ലാം വിശ്വാസം പോലെ ഇരിക്കും. ഇതൊന്നും ഗുണമല്ലേ? ക്ഷേത്രം ആവശ്യമാണു്”.

അപ്പോൾ ആ പത്രപ്രവർത്തകൻ പറഞ്ഞു: “ബിംബാരാധനയെയാണു് ജനങ്ങൾ ആക്ഷേപിക്കുന്നതു്. അതു അന്ധവിശ്വാസത്തെ വളർത്തുന്നു”.

ഗുരുദേവൻ ഇതിനുമറുപടിയായി ഇങ്ങനെ പ്രതികരിച്ചു: “ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ബിംബത്തെപ്പറ്റി സ്മരണയില്ല. ഈശ്വരനെപ്പറ്റിയാണു് അവർ വിചാരിക്കുന്നതു്.” ചിരിച്ചുകൊണ്ടു് ഗുരുദേവൻ തുടർന്നു: “നിങ്ങളെപ്പോലുള്ളവർ പറഞ്ഞു കൊടുത്താലേ അവർ ബിംബത്തെ ഓർക്കുന്നുള്ളൂ. പറഞ്ഞു തെറ്റിദ്ധരിപ്പിക്കുമ്പോൾ മാത്രം. എല്ലാവരും ഈശ്വരനെയാണു് ആരാധിക്കുന്നതു്. ബിംബത്തയല്ല.”

പല കാമനകൾ മൂലം പരബ്രഹ്മജ്ഞാനം ലഭിക്കാത്തവർ സ്വന്തം വാസ്സനകളാൽ പ്രേരിതരായി അതാതു നിയമം അനുസരിച്ചു് അന്യദേവതകളെ ആശ്രയിക്കുന്നു. (എന്നാൽ) ഏതേതു ഭക്തൻ ഏതേതു ദേവമൂർത്തിയെ ശ്രദ്ധയോടുകൂടി ഭജിക്കുന്നുവോ അതാതു ഭക്തന്റെ ആ ശ്രദ്ധയേത്തന്നെ ആ പരമാത്മാവു് ദൃഢമാക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ പമാത്മാവുതന്നെ ആ ഇഷ്ടദേവത മുഖേനതന്നെ ഭക്തനു് ഇഷ്ടഫലങ്ങ നല്കുന്നു എന്നു ഭഗവത്ഗീതയും പറയുന്നുണ്ടു്.

തൃഗുണങ്ങൾ ഈ അഘിലാണ്ഡത്തിലുള്ള സകലത്തിലും ഉണ്ടു്. ആ തൃഗുണങ്ങളുടെ ഘടന അധവാ അനുപാതത്തിനനുസരിച്ചാണു് നമ്മുടെ സ്വഭാവവും ഗുണവും അറിവും രൂപപ്പെടുക. ഈ തൃഗുണങ്ങളുടെ ഉറവിടവും അതേ പരബ്രഹ്മം തന്നെയാണു്. നാം നേടുന്ന ജ്ഞാനം, നമ്മിലുള്ള ആ തൃഗുണങ്ങളുമായി ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. തൃഗുണങ്ങളുടെ ഘടനാനുപാതത്തിൽ വ്യതിയാനം ഉണ്ടാകുന്നതിനനുസരിച്ചു് ജീവികളുടെ കർമ്മധർമ്മങ്ങളും മാറിക്കൊണ്ടിരിക്കും. ജനിക്കുമ്പോൾ തന്നെ ജ്ഞാനിയായവർ വളരെ അപൂർവ്വം ആണല്ലൊ? അങ്ങനെയുള്ളജ്ഞാനികൾ തന്നെയും ജ്ഞാനത്തിന്‍റെ നൂതന തലങ്ങളിലേക്കു് ഉയരുന്നതും കാണാമല്ലൊ. ശ്രീനാരായണഗുരുദേവൻ തന്നെയാണു് അതിനുള്ള നല്ലൊരുദാഹരണം ആണു്.

“ഈ തൃഗുണഭാവങ്ങളാൽ ഈ പ്രപഞ്ചം മുഴുവനും മോഹിതമായിരിക്കുന്നു. ആയതിനാൽ ഇവയ്ക്കെല്ലാം അതീതനും അവ്യയനുമായ പരബ്രഹ്മത്തെ മനുഷ്യൻ അറിയുന്നില്ല.” അതേ പരബ്രഹ്മം തന്നെയാണു് മായ. മായ ദിവ്യയും തൃഗുണമയിയും, അതേ തൃഗുണങ്ങളാൽ രൂപപ്പെട്ടതും ആണു്. ആ മായയെ അതിക്രമിക്കാൻ വളരെ പ്രയാസം തന്നെ. ആർ ആ പരബ്രഹ്മത്തെത്തന്നെ ശരണം പ്രാപിക്കുന്നുവോ, അവർ ആ മായയെ തരണം ചെയ്യുന്നു.

പരബ്രഹ്മത്തെ ആരാധിക്കരുതെന്ന വിലക്കുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ജ്ഞാനികൾ പറയും പോലെ (എഴുതും പോലെയും), “പ്രാധമിക വിദ്യാലയത്തിൽ സർവ്വകാലാശാലായിലെ പാഠ്യവിഷയം പഠിപ്പിക്കുവാൻ സാധിക്കില്ലല്ലോ.” അങ്ങനെ ചെയ്താൽ ഒരു പ്രയോജനവും ഉണ്ടാകയും ഇല്ല. അതുപോലെ തന്നെയാണു് ആത്മീയതയുടെ ആദ്യപടികളിൽ സഞ്ചരിക്കുന്നർക്കു് പരബ്രഹ്മാരാധനയും. അതിനാലാണു് രൂപം ഉള്ള അഥവാ സ്വരൂപിയായ ഇഷ്ടദേവതയെ ആരാധിക്കുവാൻ ഗുരുക്കന്മാർ പറയുന്നതു്.

ഭഗവാൻ അധവാ പരബ്രഹ്മം നമ്മിൽത്തന്നെയാണുള്ളതു്. അപ്പോൾ ഭജിക്കുന്നതു് അല്ലെങ്കിൽ നിഷ്ക്കാകർമ്മം ചെയ്യുന്നതു് നമ്മിൽ തന്നെയുള്ള ആ ഭഗവാനെ അറിയുവാനാണു്. മറ്റൊരുവിധം പറഞ്ഞാൽ, നമ്മിൽ തന്നെയുള്ള ആ തൃഗുണങ്ങളെ അതിന്‍റെ ശരിയായ അനുപാതത്തിൽ എത്തിക്കുവാനാണു്.  അവിടെ ശരിക്കും ആരാധിക്കുന്നതു നമ്മെത്തന്നെയും ആണു്, ഒപ്പം എല്ലാവരേയും എല്ലാത്തിനേയും.

പരബ്രഹ്മം അഥവാ ഭഗവാൻ സർവ്വജീവികളിലും തുല്ല്യനാകുന്നു. ആ പരബ്രഹ്മത്തിനു അപ്രീയൻ ആരും തന്നെയില്ല. എന്നാൽ ആരു ഭക്തിയോടെ പരബ്രഹ്മത്തെ ഭജിക്കുന്നുവോ അവർക്കു മാത്രമേ, അവർ ആ പരബ്രഹ്മത്തിലും, ആ പരബ്രഹ്മം അവരിലും സ്ഥിതിചെയ്യുന്നു എന്ന സത്യം മനസ്സിലാകുകയുള്ളൂ.

കൂടാതെ ഏകവും, അദ്വയവും ആദികാരണവും ആയ പരബ്രഹ്മം തന്നെയാണു് ഘനീഭൂതമായ ആദിമസത്ത. ആ ആദിമസത്ത തന്നെയാണു മായ എന്നു മുകളിൽ സൂചിപ്പിച്ചല്ലൊ. അതേ ആദിമസത്തയാണല്ലോ, നാം കൂടി ഉൾപ്പെടുന്ന അനന്തകോടി പ്രപഞ്ചദൃശ്യങ്ങളെല്ലാം തന്നെ. അതേ പരബ്രഹ്മത്തെയാണു ഗുരുദേവൻ “ഒന്നായ മാമതിഎന്നു് ജനനീനവരത്നമഞ്ജരിയിൽ പറഞ്ഞിരിക്കുന്നതു്. കൃതിയിലെ ആദ്യമന്ത്രത്തിൽഒന്നായ മാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലിലൊന്നായി വീണു വലയും” എന്നു പറഞ്ഞിരിക്കുന്നതിലെ ആ “ഒന്നായ മാമതി” ഇവിടെ പറയുന്ന പരബ്രഹ്മം അഥവാ ആത്മാവുതന്നെയാണു്. എങ്കിലും നാം മായാവലയത്തിലായതിനാൽ, അതു നാം അനുഭവിച്ചറിയുന്നില്ല. ആയതിനാൽ അന്നം, വസ്ത്രം, തുടങ്ങിയ മോഹവസ്തുക്കൾക്കു് അടിമപ്പെട്ടു നാം കഴിയുന്നു. ആ മോഹത്തെ കൈ വെടിയണം. അങ്ങനെ മാത്രമേ ആ പരബ്രഹ്മത്തെ പ്രാപിക്കാൻ സാധിക്കൂ. അതിനായി കടമ്പകൾ പലതും കടക്കണം. അതിനും ആ പരബ്രഹ്മം തന്നെ സഹായിക്കണം. എന്നാൽ സാധാരണക്കാരനു് ആ പരബ്രഹ്മത്തെ നേരിട്ടു ഭജിക്കുക പ്രയാസം. അതിനു ജ്ഞാനം നേടേണ്ടതുണ്ടു്. ആയതിലേക്കു ഗുരുക്കന്മാരുടെ സഹായം തേടാം, ഇഷ്ടദേവതകളെ ശരണം പ്രാപിക്കാം. അതാണു് “സഗുണാകാരമൂർത്തിയിലെ പൂജ തുടങ്ങിയാലും ക്രമേണ തത്വം ഗ്രഹിച്ച് വിശേഷേണ ഗ്രഹിപ്പിക്കുന്ന വിഗ്രഹം സൂചിപ്പിക്കുന്ന പരമാത്മചൈതന്യത്തിലേക്ക്‌ നയിക്കപ്പെടും.” എന്നു ജ്ഞാനികളായ ഗുരുജനങ്ങൾ അരുളിച്ചെയ്യുന്നതിന്‍റെ പൊരുൾ. ഏതു ദേവതയെ ശരണം പ്രാപിച്ചാലും ഭജിച്ചാലും അതു് എത്തുക ആ പരബ്രഹ്മത്തിൽ തന്നെയാണു്.

പരമാത്മചൈതന്യത്തിലേക്ക്‌ നയിക്കപ്പെടുവാൻ വേണ്ട ജ്ഞാനം നേടാൻ പലരും യജ്ഞങ്ങൾ ചെയ്യുന്നു. ദൈവയജ്ഞം, ഹോമയജ്ഞം, ദ്രവ്യയജ്ഞം, യോഗയജ്ഞം, തപോയജ്ഞം, ജ്ഞാനയജ്ഞം ഇങ്ങനെ പല യജ്ഞങ്ങളും. ഈ യജ്ഞങ്ങളെല്ലാംതന്നെ കർമ്മങ്ങളിൽ നിന്നും ഉണ്ടായവയാണു്. ഇതിനെ മനസ്സിലാക്കി ആചരിച്ചാൽ കർമ്മബന്ധങ്ങളിൽ നിന്നും മുക്തനാകാം. അതാണു ലക്ഷ്യവും.  എല്ലാത്തിലും ശ്രേഷ്ഠമായതു് ജ്ഞാനയജ്ഞമാണു്. എന്തെന്നാൽ എല്ലാ കർമ്മങ്ങളും ജ്ഞാനത്തിൽ സമാപിക്കുന്നു.

ആയതിനാൽ ജ്ഞാനം നേടുക എന്നതു ലക്ഷ്യം ആക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക, വ്യതിയാനങ്ങൾ അപ്പോൾ വരും. സത്സംഗം നടത്തുക. സകലവിധത്തിലും ഉള്ളവ- അറിവുള്ളവരുമായി ചർച്ചകളിൽ ഏർപ്പെടുക, അവരുടെ പ്രഭാഷണങ്ങൾ കേൾക്കുക, അവരെഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക. അവ  ഉപകരിക്കും.  “ഇതൊന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ നടന്നെന്നു വരില്ല. പക്ഷെ ഒരു ചിട്ടയുണ്ടാവണം, നിഷ്ഠയുണ്ടാവണം”, എല്ലാത്തിലും - ജീവിതത്തിൽ മൊത്തം. അപ്പോൾ വിജയം സുനിശ്ചിതം തന്നെ. ഒരു ഗുരു ഉണ്ടായാൽ വളരെ നല്ലതു്.

പരബ്രഹ്മം ജ്ഞാനമാകുന്നു. അനുകമ്പയോടെ (അനുകമ്പ കൊണ്ടുതന്നെ) ആ പരബ്രഹ്മം, നമ്മുടെയെല്ലാം ഉള്ളിലിരുന്നു ജ്വലിക്കുന്ന ജ്ഞാനദീപമാണു്. നാം അതിനെ തിരിച്ചറിയുകയാണു് വേണ്ടതു്. അപ്പോൾ ആ പരബ്രഹ്മം നമ്മുടെ അജ്ഞാനജന്യമായ  അന്ധകാരത്തെ നശിപ്പിക്കും. ആയതിനാൽ ഇഷ്ടദേവത ഏതുതന്നെ ആയാലും അതിനെ ശ്രദ്ധാപൂർവ്വം ഉപാസിക്കുക. ഫലം നിശ്ചയം തന്നെയാണു്.