2012, ജനുവരി 19, വ്യാഴാഴ്‌ച

അവനനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം

ഉദയഭാനു പണിക്കർ

(ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണാ അസോസിയേഷന്‍റെ ഗുരുദേവജയന്തി ആഘോഷത്തോടൊപ്പം 1985ൽ പ്രസിദ്ധീകരിച്ച സ്മരണികയ്ക്കുവേണ്ടി എഴുതിയ ലേഖനം ചില മാറ്റങ്ങൾ വരുത്തി എഴുതിയതാണീലേഖനം. © ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

ഒരു വ്യക്തി, തന്‍റെ സുഖാനുഭൂതിക്കായി ചെയ്യുന്ന കർമ്മങ്ങൾ അന്ന്യരുടെ സുഖത്തെക്കൂടി ഉദ്ദേശിച്ചുള്ളതാകണം എന്നു് ശ്രീ നാരായണഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ അരുളിച്ചെയ്യുന്നു. എന്തുകൊണ്ട് അങ്ങനെ ആകണം?

ഈ പ്രപഞ്ചജീവികളെല്ലാം തന്നെ മായയുടെ അഥവാ അവിദ്യയുടെ പ്രവർത്തനത്താൽ നിങ്ങൾ, അവർ, ഇവർ, അവൾ, അവൻ, ഞാൻ എന്നിങ്ങനെ പലതായിക്കാണുന്നു. എന്നാൽ സത്യാവസ്ഥ അന്ന്വഷിച്ചറിഞ്ഞാൽ എല്ലാം പ്രപഞ്ചത്തിന്‍റെ ആദികാരണമായ പരമാത്മാവുതന്നെയാണു് എന്നും മനസ്സിലാകും.

എന്നാൽ ഞാനും, നിങ്ങളും, അവരും, മറ്റവരും എല്ലാം ആ ആത്മാവു തന്നെയാണു് എന്ന സത്യം മനസ്സിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആയിരുന്നു എങ്കിൽ ലോകം മുഴുവനും അടക്കി ഭരിക്കാൻ മനുഷ്യൻ ശ്രമിക്കയില്ലായിരുന്നു, സ്വകാര്യലബ്ദ്ധിക്കായി ആയിരങ്ങളെ കൊല ചെയ്യുകയും ഇല്ലായിരുന്നു. അർ ദ്ധസത്യങ്ങളും അസത്യങ്ങളും പറഞ്ഞു മറ്റുള്ളവരെ അവരുടെ പാതകളിൽ നിന്നും വ്യതിചലിക്കാൻ പ്രേരിപ്പിക്കയും ഇല്ലായിരുന്നു.

ഗുരുദേവകൃതികളെ ഗഹനമായി വീക്ഷിക്കുന്നവർക്കു് താനും അന്യനും, അതേപോലെ തന്നെ തന്‍റെയും അന്യരുടെയും മനസ്സും ഇന്ദ്രിയസമൂഹവും എല്ലാം തന്നെ പരമാത്മാവിന്‍റെ ദിവ്യരൂപം മാത്രമാണു് എന്ന പ്രപഞ്ചസത്യം വെളിപ്പെടുന്നതാണു്. ഇതാണു ശ്രീ നാരായണ ഗുരുദേവദർശന മഹിമ.

ഇന്ദ്രീയങ്ങൾക്കപ്പുറമാണു് മനസ്സ്. മനസ്സിനും അപ്പുറം ബുദ്ധി. ബുദ്ധിക്കും അപ്പുറത്താണു പരമാത്മാവ്. അപ്പുറം എന്നു പറയുമ്പോൾ മറുവശത്തെന്നല്ല അർദ്ധമാക്കുന്നത്. ഉന്നതമായ ഒരു തലത്തിൽ എന്നാണു മനസ്സിലാക്കേണ്ടത്. മനസ്സിന്‍റെ ചാപല്ല്യങ്ങളേയും കടിഞ്ഞാണില്ലാതെ ചാടുന്ന ബുദ്ധിയേയും നിയന്ത്രിച്ചാൽ മാത്രമേ പരമാത്മാവിനെ മനസ്സിലാക്കാൻ സാധിക്കൂ എന്നാണിതിനർദ്ധം.

“ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും,

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും,

വെളിവുരുവേന്തിയകം വിളങ്ങിടേണം.” – എന്നാണു് ഗുരുദേവൻ അത്മോപദേശശതകത്തിൽക്കൂടി അരുളിച്ചെയ്തിരിക്കുന്നതു്.

മാംസം, അസ്ഥി, മജ്ജ, രക്തം, ശുക്ളം, മോദസ്സ്, രസം എന്നീ മലങ്ങളാൽ നിർമ്മിതമാണു് ശരീരം. ഇവകളാൽ നീയന്ത്രിക്കപ്പെടുന്ന ഇന്ദ്രീയങ്ങളുടെ ആഗ്രഹങ്ങളാണു് മനുഷ്യന്‍റെ ആഗ്രഹങ്ങൾ. കാമക്രോധാദികൾക്കു് കാരണവും അവയാണു്. ആഗ്രഹങ്ങളെ ഇല്ലാതാക്കുമ്പോൾ മാത്രമാണു് ഇന്ദ്രീയങ്ങളെ നീയന്ത്രിക്കുവാനും അവയെ സ്വാധീക്കുവാനും കഴിയുക. അതിനാൽ ആദ്യമായി; ചെവി, തൊലി, കണ്ണു്, മൂക്കു് നാക്കു് മതലായ പഞ്ചേന്ദ്രീയങ്ങളെ കീഴടക്കണം. അങ്ങനെ സ്വാധീനിച്ചാൽ മാത്രമെ കാമക്രോധാദികൾക്കു് ശമനം ഉണ്ടാകൂ. അതിനുശേഷം മാത്രമേ പരമാത്മസത്യം മൻസ്സിലാക്കാനും സാധിക്കയുള്ളൂ.

കീഴടക്കപ്പെട്ട ഇന്ദ്രീയങ്ങളോടു കൂടിയവർക്കേ മാനസികമായി വിജയം ഉണ്ടാകയുള്ളൂ. അങ്ങനെ വിജയത്തോടുകൂടി കർമ്മരംഗത്തേക്ക് ഇറങ്ങുന്നവരുടെ മൻസ്സ് പ്രസന്നമായിരിക്കും. ആ പ്രസന്നതയാണു് പരമാത്മാവെന്ന സത്യാനുഭവത്തിന്‍റെ തുടക്കം എന്നാണു ഗീതയിൽ പറയുന്നതു്.

സത്യാന്വഷിക്കു് പ്രാണശക്തിയുടെ അഥവാ മനുഷ്യാത്മാവിന്‍റെ വളർച്ച ആവശ്യമാണു്. മനുഷ്യന്‍റെ വളർച്ചയിൽ പലേ ഘട്ടങ്ങളും ഉണ്ടാകും. വളർച്ചയിൽ നമുക്കുണ്ടാകുന്ന അനുഭൂതി ദശകൾ പലതാണു്. ഈ വികാസത്തിന്‍റെ പരമകാഷ്ടയിൽ എത്തുമ്പോൾ ‘ഞാൻ എന്ന അഹംബോധം’ ഉണ്ടാകുന്നു. ഈ ബോധമാണു് എല്ലാം ഞാൻ അഥവാ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവും എന്‍റെ ആത്മാവും ഒരേ പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നും ഒരേ ആത്മാവുതന്നെയാണെന്നും നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നതു്. ഈ ദശയെ സാംഖ്യതത്ത്വജ്ഞാനികൾ “മഹത്തത്ത്വ”മെന്നും ഉപനിഷത്തുക്കൾ “മഹാൻ ആത്മ” എന്നും പറഞ്ഞു വരുന്നു. സത്ത്വബുദ്ധി, പ്രജാപതി എന്നൊക്കെയും പ്രാചീന ഭാരതീയജ്ഞാനികൾ ഇതിനെ വിളിച്ചിരുന്നു. ഗുരുദേവൻ ഇതിനെ ‘കേവലത്തിൻ മഹിമ’ എന്നാണു് വിശേഷിപ്പിക്കുന്നതു്.

എന്താണു് ജീവാത്മാവിന്‍റെ വികാസപരിണാമവും സ്വരൂപവും? സ്വയം ശരീരമില്ലാത്തതും എല്ലാ ശരീരങ്ങളിലും സ്ഥിതി ചെയ്യുന്നതും സർവ്വ വ്യാപിയും സർവ്വതിലും മഹത്തരവും ആണു് ആത്മാവെന്നു

കഠോപനിഷത്തിൽ പറയുന്നു. സ്വപ്നാവസ്ഥയിലും ജാഗ്രത്തിലും വിഷയങ്ങളെ അറിയുന്ന മഹത്തും സർവ്വവ്യാപിയും ആയ ആത്മാവിനെ സാക്ഷാല്ക്കരിക്കുന്നർ ദുഃഖിക്കുകയില്ല. അവർ കർമ്മങ്ങൾ ചെയ്യുന്നു, ആത്മാവു ശരീരം കൊണ്ടും മൻസ്സു കൊണ്ടും കർമ്മം ചെയ്യുന്നു. എന്നാൽ, കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവിനു കർമ്മഫലത്തിൽ ആഗ്രഹവും ഇല്ല. സത്യം അറിയുന്നവർ കർമ്മങ്ങളാൽ ബംന്ധിക്കപ്പെടുന്നും ഇല്ല. കർമ്മഫലാസക്തി വെടിഞ്ഞ അവർ ആത്മാനന്ദത്തിൽതന്നെ സദാ തൃപ്തരും മറ്റൊന്നും ആശ്രയിക്കാത്തവരും ആണു്. അവർ കർമ്മത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കയാണെങ്കിലും അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. സാധാരണക്കാരനു് ആ നിലയിലേക്കുയരുവാൻ ഉള്ള ശ്രമത്തിന്‍റെ ആദ്യ പടിയാണു ഗുരുദേവൻ എവിടെ നിർദ്ദേശിക്കുന്ന “അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം” എന്ന ഉത്ബോധനം. അങ്ങനെ ചെയ്യുന്നവർ പടിപടിയായി ആത്മീയമായി ഉയർന്നു്, ശുദ്ധജലത്തിൽ വീണ്ടും ശുദ്ധജലം ഒഴിച്ചാൽ എങ്ങനെ അവ രണ്ടും ഒന്നായിത്തീരുന്നുവോ ആതേപോലെ പരമാത്മാവുമായി ഒന്നുചേരും. ഒത്തു ചേരലിനു മുൻപുള്ള അവസ്ഥയാണു് ഗുരുദേവൻ പറയുന്ന ‘കേവലത്തിൻ മഹിമ’. ഇതിനെ താണ്ടിയാൽ അതിഗംഭീരമായ ഒരു ശൂന്യതയുടെ അനുഭവം ഉണ്ടാകും. പരമാത്മാവു് പ്രകൃതിയുടെ മൂടുപടം അണിഞ്ഞു് മറഞ്ഞു നിൽക്കുന്ന ഒരവസ്ഥയാണിതു്. അവസ്ഥയെ ഈശ്വരൻ എന്നു വേദാന്തികൾ പറയുന്നു. ശൂന്യതയെ തരണം ചെയ്യുമ്പോഴാണു നാം പരബ്രഹ്മത്തെ മനസ്സിലാക്കുക.

പരമാത്മാവും പരമാത്മാവിൽ നിന്നും ഉദിക്കുന്ന മായാശക്തിയും ചേർന്നാണു് സൃഷ്ടികൾ നടത്തുക. സൂര്യന്‍റെ ചൂടുതട്ടി വെള്ളം ആവിയാകുന്നു. ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യന്‍റെ പ്രതിബിംബം വെള്ളത്തിൽ കാണുന്നു. എന്നാൽ വെള്ളം ആവിയായി വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം ഇല്ലാതെയാകും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സൂര്യനായ പരമാത്മാവും ജലമായ മായയും ചേർന്നു് നീരാവിയെ സൃഷ്ടിക്കുന്നു. ജലത്തിൽ കാണുന്ന സൂര്യന്‍റെ പ്രതിബിംബവും അതുപോലെയുള്ള ഒരു സൃഷ്ടിയാണു്. വെള്ളം വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം സൂര്യനിൽ ലയിക്കുന്നു. സൂര്യനും വെള്ളവും ചേർന്നു് എങ്ങനെ പ്രതിബിംബത്തെ സൃഷ്ടിക്കുന്നുവോ അതുപോലെ പരമാത്മാവും മായയും ചേർന്നാണു് സകല ജീവികളേയും സൃഷ്ടിക്കുന്നതു്. അന്ത്യത്തിൽ അവയും ആ പരമാത്മാവിൽ ലയിക്കുന്നു. സകലത്തിന്‍റെയും ആദിയും അന്തവും ഇങ്ങനെ തന്നെ.

അങ്ങനെ നോക്കുമ്പോൾ എല്ലാവരും ഒന്നു തന്നെ. തമ്മിൽ വ്യത്യാസം ഇല്ല. അതുകൊണ്ടാണല്ലോ ഗുരുദേവൻ ദൈവദശകത്തിൽ “ദൈവമേ കാത്തുകൊൾകങ്ങു് കൈവിടാതിങ്ങു ഞങ്ങളെ” എന്നു പറയുന്നതു്. “ഞങ്ങൾ” ആരാണു്. ചിലർ ധരിച്ചിരിക്കും പോലെ ഇതു് ഒരു സമുദായക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഗുരുദേവൻ പറയുന്നതു്. ഒരു മത വിഭാഗത്തെയോ ഒരു ദേശവാസികളെയോ മാത്രം ഉദ്ദേശിച്ചും അല്ല. പിന്നയോ ചരിത്രാതീതകാലം മുതക്കു് ലോകത്തിലെ അറിയപ്പെടുന്ന സംസ്കാരങ്ങളിലെ ആദിമമായ ഭാരതീയ സംസ്കാരത്തിന്‍റെ തുടക്കം മുതലെ സ്വാർത്ഥതയുടെ കണികപോലും കാട്ടാതെ ഭാരതത്തിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന “ലോകഃ സമസ്തഃ സുഖിനോ ഭവന്തു” എന്ന മന്ത്രത്തിലടങ്ങിയിരിക്കുന്ന ലോകത്തെ സമസ്ത ജീവികളേയും ഉദ്ദേശിച്ചുള്ളതാണു് ‘ഞങ്ങളെ’, എന്ന പദപ്രയോഗം. അപേക്ഷിക്കുന്നതോ വിഷ്ണുവിനോടോ ശിവനോടോ ബ്രഹ്മാവിനോടോ അല്ല. മറിച്ചു് പരബ്രഹ്മത്തോടാണു്. ഇവിടെ ഗുരുദേവൻ “ദൈവമേ” എന്ന പദം കൊണ്ടർദ്ധമാക്കുന്നതു് ജനിക്കാത്തതും നശിക്കാത്തതും സർവ്വവ്യാപിയും ആയ ആ അത്മാവിനെയാണു് പരമാത്മാവിനെ. എല്ലാത്തിനും കാരണമായ എല്ലാത്തിന്‍റെയും ഉള്ളിൽ വിളങ്ങുന്ന പരമാത്മാവിനോടു്. എല്ലാത്തിനും കാരണം ആ പരമാത്മാവു് എന്ന ഒരേ ഒരു ശക്തിമാത്രമേ ഉള്ളൂ എന്നാണു് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്.

മനുഷ്യരെല്ലാം ഒന്നു തന്നെ ങ്കിൽ എന്തുകൊണ്ടാണീ ഭേദചിന്ത? ഈ ഭേദചിന്തയുടെ കാരണമാണു് അവിദ്യ. അവദ്യ കാരണമാണു നാം പലരാണു് എന്നു മനുഷ്യൻ ചിന്തിക്കുന്നതു്. ചിന്തയാണു് ലോകത്തിൽ നാം കാണൂന്ന സകലവിധ പ്രയാസങ്ങൾക്കും കിടമാത്സര്യങ്ങൾക്കും കാരണം. മനുഷ്യരാശിയെല്ലാംതന്നെ ഒരേ ബ്രഹ്മചൈതന്യം ആണെന്ന സത്യം വിചാരം ചെയ്തുറപ്പിക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ മനുഷ്യന്‍റെ ഭേദചിന്ത ഇല്ലാതെയാകും. ലോകാചാര്യന്മാരെല്ലം ഇതു തന്നെയാണു് മനുഷ്യരാശിക്കു കാട്ടിക്കൊടുത്തതും. എന്നാൽ തുടർന്നു വന്ന നേതൃത്ത്വപരമ്പരകൾ മഹാചാര്യന്മാരുടെ ദർശനങ്ങളേ തങ്ങളുടെ സ്വ-കാര്യ സാദ്ധ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണുണ്ടായതു. ആത്മവിദ്യ പഠിച്ചിട്ടും അവർ അവിദ്യയാണു സ്വീകരിച്ചത്. അതാണവർ തങ്ങളുടെ ശിഷ്യ ഗണങ്ങൾക്കു പഠിപ്പിച്ചു കൊടുത്തതും. ആത്മവിദ്യ മറന്നു; മറന്നതു മറഞ്ഞു. അവിദ്യ വളരുന്നതിനനനുസരിച്ചു് മമതാബംന്ധങ്ങളും രാഗദ്വേഷഭാവങ്ങളും മദമാത്സര്യങ്ങളും വളർന്നു. വളർച്ച നമ്മെ പലതട്ടുകളിലും തടങ്ങളിലും തളച്ചിട്ടു. നാം ഇന്നും അവയിൽ നിന്നും മുക്തി പ്രാപിച്ചിട്ടില്ല, വഴികളേറേ ഉണ്ടായിട്ടും.

ഇരുമ്പുകൊണ്ടു നിർമ്മിച്ച പൂട്ടും താക്കോലും വെട്ടുകത്തിയും കറിക്കത്തിയും പലതായിട്ടാണു് ദൃഷ്ടിയില്പ്പെടുക. എന്നാൽ എവയെല്ലാം ഇരുമ്പെന്ന ലോഹത്തിന്‍റെ വിവിധ നാമരൂപങ്ങൾ മാത്രമാണെന്ന വാസ്തവം അല്പം ആലോചിച്ചാൽ ആർക്കും മനസ്സിലാകും. എതുപോലെ തന്നെയാണു് മനുഷ്യരും. പലതായ നാമരൂപങ്ങൾ തള്ളിക്കളഞ്ഞിട്ടു് നാമെല്ലാം, നമ്മിലെല്ലാം തുല്ല്യമായി വിളങ്ങുന്ന ആത്മാവിനെ, പരമാത്മാവിനെക്കാണാൻ ശ്രമിച്ചാൽ ആ വാസ്ഥവം മനസ്സിലാക്കാൻ സാധിക്കും. സാധിച്ചാൽ നമ്മുടെ ഭേദചിന്തകൾ ഇല്ലാതെയാകും. അപ്പോൾ “അവനവനാത്മ സുഖത്തിനാച്കരിക്കുന്നവ അപരനു സുഖത്തിനായി വരു”ത്തുവാനും മനുഷ്യനു സാധിക്കും.

“ഒരുവനു നല്ലതുമന്യനല്ലലും ചേ-

ർപ്പൊരു തൊഴിലാത്മ വിരോധിയോർത്തിടേണം;

പരനുപരം പരിതാപമേകിടുന്നോ-

രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

എല്ലാവരുടേയും സ്വരൂപമായ ആത്മാവ് ഒന്നുതന്നെ. ആയതിനാൽ ഒരാളിനു നാശവും മറ്റൊരാളിനു നല്ലതും വരുന്ന രീതിയിൽ പ്രവർ ത്തിക്കരുതു് എന്നതു നാം മൻസ്സിലാക്കണം. അന്യനു ദുഖമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർ പിന്നീടു കഷ്ടത സ്വയം അനുഭവിക്കേണ്ടതായിവരും എന്നാണു് ഗുരുദേവൻ പദ്യത്തിൽക്കൂടി ഉത്ഘോഷിക്കുന്നതു്. ‘അജ്ഞാനത്താൽ ജ്ഞാനം മറയപ്പെട്ടിരിക്കുന്നതിനാൽ ജീവികൾ മോഹിതരായിരിക്കുന്നു’ എന്നാണു ഭഗവാൻ ശ്രീകൃഷ്ണനായി വന്ന ആ പരബ്രഹ്മം പറയുന്നതും. സ്വരൂപ വിസ്മൃതിയാണു് അജ്ഞാനം. അജ്ഞാനം അറിവിനെ മൂടിയിരിക്കുമ്പോൾ ജീവജാലങ്ങൾ സംസാരസമുദ്രത്തിൽ മോഹമുഗ്ധരായിരിക്കും. അതിൽ നിന്നും രക്ഷനേടുവാൻ എല്ലാം പരമാത്മാവിൽ നിന്നും ഉണ്ടായി എന്നും, ആയതിനാൽ എല്ലാവരും അന്തസത്തയിൽ ഒന്നു തന്നെയെന്നും മൻസ്സിലാക്കണം.

“മലർ കൊയ്തു മഹേശ പൂജചെയ്യും

മനുജനു മറ്റൊരുവേല ചെയ്തിടേണ്ടാ.”

മനുഷ്യന്‍റെ ഭേദചിന്തയകറ്റാൻ ഗുരുദേവൻ അരുളുന്ന പ്രതിവിധിയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്. മനസ്സാകുന്ന പുഷ്പം കൊയ്തെടുത്തു് ഈശ്വരപൂജ ചെയ്യുന്നയാൾക്കു് മോക്ഷത്തിനു് അഥവാ ആത്മീയശാന്തിക്കു് മറ്റൊന്നും ചെയ്യേണ്ട ആവശ്യം ഇല്ലാ എന്നാണു ഗുരുദേവൻ അരുളുന്നതു്. മുകളിൽ വിവരിച്ചതു പോലെ എല്ലാവരും പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നുള്ള സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ ങ്കല്പ്പങ്ങളായ ഭിന്നവിചാരങ്ങളും കാമക്രോധാദികളും മാറി, ആത്മീയതയിലേക്കുള്ള ആദ്യ പടിയായ അഹിംസ, സ്നേഹം മുതലായവയ്ക്കു ശക്തികൂടും. ഞാൻ, ന്‍റെതു് എന്ന ചിന്ത ഒഴിഞ്ഞു്, എല്ലാം ഞാൻ തന്നെ എന്ന കേവലബോധാനുഭവം ഉണ്ടാകും. ഇതിനെ നിർവികല്പയോഗം എന്നു പറയുന്നു. ഇതുതന്നെ എന്നു പറയാം ഗുരുദേവൻ ഇവിടെപ്പറയുന്ന മഹേശപൂജയും.

ലാഭേഷ്ട, നഷ്ടബോധം, ഇവ ഉണ്ടാകുക, ജയപരാജയങ്ങളെപ്പറ്റി ചിന്തിച്ച് സന്തോഷിക്കയും സന്താപിക്കയും ചെയ്യുക; ഇവ ചെയ്യാതെ ഇതെല്ലാം സംഭവിക്കുമെന്നും എന്നാൽ സത്യം ഒന്നേയുള്ളൂ എന്നും ചിന്തിച്ചു് മനസ്സിന്‍റെ സമനില തെറ്റാതെ മുന്നോട്ടു പോകുക. അതും മഹേശപൂജയാണു്. മഹേശപൂജ ചെയ്യുന്നവർക്കു മറ്റു പൂജയുടെ ആവശ്യം ഇല്ല. മഹേശപൂജയിൽക്കൂടി ആത്മസത്തയെ മനസ്സിലാക്കുന്നവർ ഭേദചിന്തയെ വെടിഞ്ഞു് അവനവൻ ആത്മസുഖത്തിനായി ചെയ്യുന്നവ അപരന്‍റെ കൂടി സുഖത്തിനു വേണ്ടതായിരിക്കും. എന്നാൽ നാമ-രൂപങ്ങൾക്കു പ്രാധാന്യം നല്കി വിഷയസുഖങ്ങളിൽ മുഴുകുന്നവരോ? അവർ മനുഷ്യരെ പലരായിക്കാണുന്നു.

എല്ലാവരിലും ഏകത്ത്വം ദർശിക്കുന്നവർ ആനന്ദതുന്ദിലരാണു് – അവർ അവരുടെ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്കും ആത്മസംതൃപ്തി ഉണ്ടാക്കിക്കെടുക്കുന്നു. മനുഷ്യാത്മാവിന്‍റെ ഏകത്ത്വം മനസ്സിലാക്കാൻ സാധിച്ചു കഴിഞ്ഞാൽ അവർ; ബ്രാഹ്മണമാതാപിതാക്കൾക്കു പിറന്നവരിലും, പറയ മാതാപിതാക്കൾക്കു പിറന്നവരിലും, ആനയിലും, ആടിലും, പശുവിലും, ഈഴവനിലും നായിലും, നയനാരിലും തുടങ്ങി എല്ലാവരിലും സമത്ത്വം കാണും. അവർ സമദർശികൾ ആയിരിക്കും. എന്നാണു് ഭഗവത്ഗീതയിലും പറയുന്നതു്.

സമദർശിയാകുന്നവർക്കു മാത്രമേ ശാന്തിയും ആനന്ദവും ഉണ്ടാകൂ. അവർക്കേ എല്ലാവരേയും സമന്മാരായിക്കാണുവാൻ സാധിക്കുകയുള്ളൂ. എല്ലാവരും ശാന്തിയും സുഖവുമാണന്വഷിക്കുന്നതു്. അതുകൊണ്ടാണു് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോടു് എല്ലാവരും എന്നെത്തന്നെ ലക്ഷ്യമാക്കിയാണു ചരിക്കുന്നതെന്നു പറയുന്നതും. ഇതു തന്നെയാണു് ജനനീനവർത്നമജ്ജരിയിലെ എല്ലാവരും തിരയുന്ന ഉല്ലാഘബോധ ജനനിയും. എന്നാൽ ജനനിയെ ആദ്യം തേടേണ്ടതു അവരവരുടെയുള്ളിൽ തന്നെയാണു്. ഈ വാസ്തവം പലരും മറക്കുന്നു. മറന്നിട്ടു് വസ്തുപ്രതിഭാസങ്ങൾക്കു പിന്നാലേ പോകുന്നു. അങ്ങനെ പോകുന്ന പ്രജ്ഞയെ നിയന്ത്രിച്ചു് സത്യത്തോടടുപ്പിക്കുക, പരമാത്മസത്യം മൻസ്സിലാക്കുക, അതാണു മനുഷ്യജീവിത ലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കുവേണ്ട വിദ്യാശക്തിയും ജനനീനവർത്നമജ്ജരിയിലെ ജനനി തന്നെയാണു്. ജനനിയുടെ കടാക്ഷം ഉണ്ടാകുമ്പോൾ മനുഷ്യൻ പരമാത്മസത്യത്തെ അറിയും. അപ്പോൾ അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായിവരും.

ശാഖോപശാഖകളായി ഇലയും പൂവും കായും പഴവുമായി നില്ക്കുന്ന ഒരു മരത്തിൽ പല വൈവിദ്ധ്യങ്ങളും കാണാം. എന്നാൽ വൈവിദ്ധ്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന മരത്തിന്നാധാരമായതു് മരം മുളച്ചുണ്ടായ വിത്തിലെ ഒരു ചെറിയ തരിയിൽ ഒതുങ്ങിനിന്നു എന്നുള്ളതാണു വാസ്തവം. അതുപോലെ ലോകത്തു കാണുന്ന സകലതും ഇതിന്‍റെയെല്ലാം പരമകാരണമായ ബോധവസ്തുവിൽനിന്നും അഥവാ പരമാത്മാവിൽ നിന്നും തെളിഞ്ഞു വന്നതാണെന്നതാണു പരമാർഥം. അതാണു ഗുരുദേവൻ ന്‍റെ അധ്യാരോപദർശനത്തിൽ പറയുന്നതു്.

“ധനാദിവ വടോ യസ്മാത്

പ്രാദുരാസീദിദം ജഗത്

സബ്രഹ്മാസശിവോ വിഷ്ണുഃ

സ പരഃ സർ വ്വ ഏവ സഃ”

വളരെ സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു തന്നെയാണു് ബ്രഹ്മാവു്, അതു തന്നെയാണു് വിഷ്ണു, അതു തന്നെയാണു് ശിവനും. അതാണു പരമാത്മാവും. അതുതന്നെ സർവ്വവും ആകുന്നു. അതു തന്നെയാണു നാമെല്ലാവരും.

ഇതേ സത്യം തന്നെ ഛന്ദോഗ്യോപനിഷത്തിൽ ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതായിക്കാണുന്നുണ്ടു്. സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും ഈ പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു നീ തന്നെയാണു് എന്നാണു് ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതു്. നാമെല്ലാം അതുതന്നെ, അതേ ആത്മാവുതന്നെ. അപ്പോൾ എ ല്ലാവരും ഒന്നു തന്നെ.

ചുരുക്കത്തിൽ എല്ലാം ഒന്നുതന്നെ, ഒരേ അണ്ഡത്തിൽ നിന്നു പൊട്ടിവിടർന്നു കിളിർത്തവ. എല്ലാം അദ്ധ്യാത്മസത്തയുടെ ഭാഗങ്ങൾ മാത്രം. അതായതു നിങ്ങളും അവരും ഇവരും നാമും എല്ലാം ഒന്നുതന്നെ. അതു കൊണ്ടു് “അവനനാത്മസുഖത്ത്നാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം”.

============

ഇവിടെ എഴുതിയിരിക്കുന്നതൊന്നും (നേരത്തെ എഴുതിയവയും) എന്‍റെ സ്വന്തം സൃഷ്ടിയല്ല. ഇതിനെല്ലാം ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. അവ എനിക്കു കിട്ടിയ ഉറവിടങ്ങൾ ഇവയാണു്: നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ, സ്വാമി മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ; വിവേകാനന്ദസാഹിത്യ സർവ്വസം; ശ്രീ നാരായണ ഗുരുദേവന്‍റെ കൃതികളും അവയ്ക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ; നടരാജഗുരു, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ; പ്രെഫസ്സർ തുറവൂർ വിശ്വംഭരന്‍റെ ‘മഹാഭാരത പര്യടനം’ എന്ന കൃതിയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും ആണു്. അവയോടൊപ്പം എന്‍റെ മൻസ്സിൽ തോന്നിയ ചില ആശയങ്ങളും ചേർത്തു എന്നു മാത്രം. എതിനെല്ലാം ഉപരിയായി എന്‍റെ ബാല്ല്യകാല ഗുരുക്കന്മാരായി ഞാൻ കരുതുന്ന രണ്ടു ‘നാരായണ’ന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ‘നാരായണ’ന്മാർ രണ്ടും ഒരു കാലത്തു തൊടുകയും തീണ്ടുകയും പാടില്ലാ എന്നുമാത്രമല്ല ദൃഷ്ടിയില്പ്പോലും പെടാൻ പാടില്ലാ എന്നു കരുതപ്പെട്ടിരുന്ന കുറവ സമുദായത്തിലേയും പുലയ സമുദായത്തിലേയും അംഗങ്ങാളായിരുന്നു എന്നതു ഞാൻ വളരെ അഭിമാനത്തോടുകൂടി എവിടെ സ്മരിക്കുന്നു. തന്നെയുമല്ല അതിൽ ഒരു നാരായണൻ യാതൊരുവിധമായ വിദ്യാഭ്യാസവും ഇല്ലത്തയാളും രണ്ടാമത്തെ നാരായണൻ വെറും പത്താം തരം വരെ മാത്രം പഠിച്ച എന്‍റെ സഹപാഠിയും ആയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ