2012, ജൂൺ 21, വ്യാഴാഴ്‌ച

ഗുരുദേവന്‍ ഹൈന്ദവ സന്യാസിയോ?



ആർ സർവസംഗപരിത്യാഗിയായി, ഒന്നിലും ആസക്തിയില്ലാതെ, ആത്മസംയമനത്തോടുകൂടി, കാമനകളെല്ലാം വെടിഞ്ഞു് സർവ്വ ചരാചരങ്ങളേയും തന്‍റെ തന്നെ പ്രതിരൂപങ്ങളായിക്കണ്ടു് അവയുടെ നന്മയ്ക്കായി സദാ കർമ്മനിരതനായിരിക്കുന്നവോ, അങ്ങനെയുള്ള മഹാത്മാവാണു് സ്വാമി. സ്വാമി തന്നെ യോഗി. യോഗിതന്നെ സന്യാസി.
.
സന്യാസി  എന്നാൽ  സന്യസിച്ചവൻ - അതായതു്  ലൗകികമായ  കാമ്മ്യകർമ്മങ്ങളെല്ലാം  പരിത്യജിച്ചു  ജീവിക്കുന്ന  ആൾ;  അഥവാ  യോഗി.  യോഗി  ആരാണു്?  യോഗശക്തിയുള്ളവൻ  യോഗി.  യോഗാഭ്യാസം  ചെയ്തവൻ,  സന്യാസി,  തപസ്വി,  സിദ്ധൻ,  ശിവൻ,  വിഷ്ണു  ഇവയൊക്കെയാണു്  മിക്ക  മലയാളം  നിഘണ്ടുക്കളിലും  കാണുക.  അപ്പോൾ  ഇവിടെ  നാം  തേടുന്നതു്  യോഗശക്തിയുള്ള  സ്വാമിയെയാണു്,  സിദ്ധനെയാണു്  അല്ലെങ്കി  യോഗിയെയാണു്.
                             
അപ്പോൾ  യോഗശക്തിയെന്താണു?  “യോഗഃ”  എന്താണു്?

ഇന്നു  “യോഗ” എന്ന  പേരിലറിയപ്പെടുന്ന  “വ്യവസായം”,  പതാഞ്ഞലി  മഹർഷിയുടെ   “യോഗഃസൂത്ര”ത്തിലെ   അഷ്ടാംഗയോഗത്തിലെ  എട്ടിലൊരംശമായ  “യോഗാസനം”  പോലും  ആകില്ല.  ഭാരതത്തിന്‍റെ  ആത്മീയതയുമായി  യാതൊരു  ബംന്ധവും  ഇല്ലാതാക്കി  മാറ്റപ്പെട്ട    “യോഗ”  എന്ന  വ്യവസായത്തെപ്പറ്റിയല്ല  ഇവിടെ  സൂചിപ്പിക്കുതു്.  പതാഞ്ഞലി  മഹർഷിയുടെ  “യോഗഃ”  എന്നു  പറയുന്നതിലും  പുലസ്ത്യമുനിയുടെ  “യോഗഃ”  എന്നു  പറയുന്നതാവും  ശരി. “യോഗഃസൂത്രം”  പതാഞ്ഞലി  മഹർഷി,  സപ്തൃഷികളിൽ  ഒരാളായ  പുലസ്ത്യരിൽ  നിന്നും  ലഭിച്ച  അറിവിനെ  വികസിപ്പിച്ചെടുത്തതാണെന്നു  കേൾക്കുന്നു.  അപ്പോൾ  ഷി  പുലസ്ത്യരല്ലേ  ശരിക്കും  “യോഗഃസൂത്ര”ത്തിന്‍റെ  ഉടമ?

നാമരൂപങ്ങളെ  തിരസ്കരിച്ചു്,  ആത്മാവിനെ  അറിയുന്ന  പ്രകൃയയാണു്  യോഗാഭ്യാസം.  ഇതിനെ  താത്ത്വികമായി പഠിക്കുകയും;  പഠിച്ചതിനെ  പ്രായിഗികമാക്കുകയും  ചെയ്താൽ  യോഗിയാകും.  അങ്ങനെ  പഠിച്ചതിനെ  പ്രായിഗികമാക്കുന്ന  ജീവാത്മക്കൾ  പരമാത്മവിൽ  വിലയം  പ്രാപിച്ചു  മോക്ഷം  നേടുന്നു.  ജീവിച്ചിരിക്കുമ്പോൾ  തന്നെ  ഇതു  സാധിച്ചവരും  ഉണ്ടു്.  അവരാണു്  യഥർത്ഥ  യോഗിമാർ.  ശരീരം വിടുന്നതിനുമുമ്പ്,  “ഈ  ജന്മത്തിൽ  തന്നെ  ആർക്കാണോ  കാമ-ക്രോധാദികളിൽനുന്നുണ്ടാകുന്ന  ക്ഷോഭത്തെ  സഹിക്കാൻ (നിലയ്ക്കു നിറുത്താൻ)  ശക്തനാകുന്നതു്  അയാളാണു  യഥാർദ്ധ  യോഗി.”

അങ്ങനെയുള്ളവർ  “ഞാൻ  കർത്താവാണു്  (കർമ്മം  ചെയ്യുന്നവൻ)  എന്ന  തോന്നലിനെ അഥവാ  അഹങ്കാരത്തെ വെടിയുന്നു.  ആ വെടിയലാണു്  ശരിയായ  സന്യാസം;  സന്യാസിയായവർ,  ഫലകാംഷയില്ലാതെ  കർമ്മം  ചെയ്യുന്നു.    കർമ്മം  ചെയ്യൽ  യോഗവും.  യോഗത്തിലൂടെ വേണം   സന്യാസത്തിലെത്താൻ.  സന്യാസഭാവം  ഇല്ലെങ്കിൽ  യോഗഃ  സാധിക്കുകയും  ഇല്ല.  സന്യാസത്തിൽ  യോഗവും  യോഗത്തിൽ  സന്യാസവും  അന്തർഭവിച്ചിരിക്കുന്നു.”

“കർമ്മഫലത്തെ  ആശ്രയിക്കാതെ  ആരാണോ  കർത്തവ്യകർമ്മം  ചെയ്യുന്നതു്  അവൻ  തന്നെ  സന്യാസിയും  യോഗിയും.  അഗ്നിഹോത്രാദികളും  മറ്റു  ക്രീയകളും  ഉപേക്ഷിച്ചതു  കൊണ്ടുമാത്രം  സന്യാസിയും  യോഗിയും  ആവുകയില്ല.”  “ഏതിനെയാണോ  സന്യാസമെന്നു  പറയുന്നതു്  അതുതന്നെ  യോഗഃ  എന്നറിയുക.  എന്തെന്നാൽ,  സങ്കൽപ്പങ്ങളെ  ത്യജിക്കാതെ  ആരും  യോഗിയായി  ഭവിക്കുന്നില്ല.”

“യോഗികൾ,  സംഗം  വെടിഞ്ഞു്  ആത്മശുദ്ധിക്കു് (അന്തഃകരണശുദ്ധിക്കു്)  ശരീരമനോബുദ്ധികളാകുന്ന  കരണങ്ങൾ  കൊണ്ടു്,  അഭിമാനം  (അഹംങ്കാരം)  കൂടാതെ  കർമ്മം  ചെയ്യുന്നു.”

“ഇന്ദ്രീയവിഷയങ്ങളിലും  അവയ്ക്കുവേണ്ടിയുള്ള  പ്രവൃത്തികളിലും  ഒട്ടും  ആസക്തിയില്ലാതാവുമ്പോൾ  സർവ്വസങ്കൽപ്പങ്ങളേയും  ഉപേക്ഷിച്ചയാളെ  യോഗാരൂഢനെന്നും  പറയുന്നു.”  “വേണ്ടും  വണ്ണം  നീയന്ത്രിക്കപ്പെട്ട  ചിത്തം  സർവ്വ  കാമനകളിൽ  നിന്നും  നിർമുക്തമായി  ആത്മസ്വരൂപത്തിൽതന്നെ  സ്ഥിതിചെയ്യുമ്പോൾ  അയാളെ  യോഗമുക്തനെന്നു  പറയുന്നു.”

“യോഗത്തെ  ആരോഹണം  ചെയ്യാനിച്ഛിക്കുന്ന  മുനിക്കു് കർമ്മമാണു്  ഉപായം.  യോഗത്തിൽ  ആരൂഢനായ  അയാൾക്കു്  പിന്നീടു്  ശമമാണു  സാധനം.”  അതേപോലെ  “ജ്ഞാനവിജ്ഞാനങ്ങൾ കൊണ്ടു് സംതൃപ്തനും ഇളക്കമില്ലാത്തവനും  ഇന്ദ്രീയങ്ങളെ  ജയിച്ചവനും  മൺകട്ടയും  കല്ലും  സ്വർണ്ണവുമ്മെല്ലാം  തുല്ല്യമായി കാണുന്നവനുമായ യോഗിയെ  യോഗാരൂഢനെന്നു  പറയുന്നു.”

“യോഗാവസ്ഥ  (സമചിത്തത)  നേടാനിച്ഛിക്കുന്ന  സാധകനു് കർമ്മയോഗമാണു്  ഉപായം.  കർമ്മം  ചെയ്യുന്നു  എന്ന  ഭാവമോ  തനിക്കതിന്‍റെ  ഫലം  അനുഭവിക്കണമെന്ന  ഇച്ഛ  ഇല്ലാതെ  അർപ്പണമനോഭാവത്തിൽ  കർമ്മം  ചെയ്യുമ്പോൾ  ഉള്ളിലെ  വാസനകൾ  തീർന്നു  പോവും;  പുതിയ  വാസനകൾ  ഉണ്ടാവുകയും  ഇല്ല.  മനസ്സിലെ  കോളിളക്കം  നിലയ്ക്കുമെന്നർദ്ധം.”  “ഫലം,  തനിക്കനുഭവിക്കണം  എന്ന  ആകാംഷ  ഇല്ലാത്തവനാൽ  ആസക്തി  കൂടാതെയും  രാഗദ്വേഷങ്ങൾക്കു്  വശംവദനാകാതേയും  അനുഷ്ടിക്കപ്പെടുന്ന  വിഹിതകർമ്മം  സാത്ത്വികമെന്നു  പറയപ്പെടുന്നു.”  “ആരാണോ    കർമ്മം  ചെയ്യുന്നതു്  അവനെ  സാത്ത്വികനെന്നും  പറയുന്നു.    ആസക്തിയില്ലാതെ,  അഹം  ഭാവമില്ലാതെ  ലക്ഷ്യപ്രാപ്തിക്കുള്ള  ദൃഢപ്രതിജ്ഞയോടെ  ഉത്സാഹപൂർവ്വം  പ്രയത്നിച്ചു്  വിജയമോ  പരാജയമോ  എന്തുസംഭവിച്ചാലും  പതറാതെ  കർമ്മം  ചെയ്യുന്നവരും  സാത്ത്വികരത്രെ.” ആരാണോ    സാത്ത്വിക  കർമ്മം  ചെയ്യുന്നതു്  അവനെ  സാത്ത്വികനെന്നും  പറയുന്നു;  സാത്ത്വികൻ  തന്നെയാണല്ലോ  സന്യാസിയും.

“മനസ്സിനെ  ജയിച്ചു്  പ്രശാന്തിയനുഭവിക്കുന്നവനു്  (അതായതു് യോഗിക്കു്)  ശീതോഷ്ണങ്ങളിലും  സുഖദുഃഖങ്ങളിലും  മാനാപമാനങ്ങളിലും  അന്തരാത്മാവു്  സാമ്മ്യഭാവത്തിൽ  സദാ  വിളങ്ങുന്നു.”  “കാറ്റില്ലാത്തിടത്തു്  വെച്ച  വിളക്കു്  എങ്ങനയോ  അതുപോലെ,  അന്തരാത്മാവിൽ  മനസ്സിനെ  ഏകാഗ്രമാക്കിയ  യോഗി  നിശ്ചലനായി  (അചഞ്ചലനായി)  നിലകൊള്ളുന്നു.”

“ചിത്തത്തെ  ആത്മാവിലുറപ്പിച്ച  യോഗി  ‘സർവ്വം  ബ്രഹ്മമയം’ എന്നറിഞ്ഞു്  ആത്മാവിനെ  സർവ്വചരാചരങ്ങളിലും  സർവ്വചരാചരങ്ങളെ  ആത്മാവിലും  കാണുന്നു.”  യോഗിയായവനു്  - അതായതു്;  “ആത്മാവിനെക്കൊണ്ടു്  (അന്തർമുഖബുദ്ധി  കൊണ്ടു്)  ആത്മാവിനെ  (ബഹിർ മുഖമനസ്സിനെ)  ജയിച്ചവനു്  താൻ  തന്നെ  ബന്ധുവാകുന്നു.  എന്നാൽ  മനോജയം  നേടീട്ടില്ലാത്തവന്നു്  താൻ  തന്നെ  തനിക്കു്  അഹിതകാരിയായ  ശത്രുവെപ്പോലെ  വർത്തിക്കുന്നു.”

“ആരാണോ  മറ്റുള്ളവരെയെല്ലാം  ന്‍റെതന്നെ  പ്രതിരൂപങ്ങളായി  കണ്ടു്  അവരുടെ  സുഖവും  ദുഃഖവുമെല്ലാം  ന്‍റെതെന്നപോലെ  കണക്കാക്കുന്നതു്,  അവനത്രേ  യോഗികളിൽ  വെച്ചുത്തമൻ.”

“ഒന്നിലും  ആസ്ക്തിയില്ലാത്ത  ബുദ്ധിയോടുകൂടിയവനും  ആത്മസംയമനമുള്ളവനും  കാമനകളൊന്നുമില്ലാത്തവനുമായ  സാധകൻ  സന്യാസം  കൊണ്ടു്  പരമോത്കൃഷ്ടമായ  നൈഷ്കർമ്മസിദ്ധിനേടുന്നു.”    “ആരിൽ  നിന്നാണോ  സർവ്വചരാചരങ്ങളും  ഉണ്ടായി  വരുന്നതു്,  ആരു്    ലോകത്തു  മുഴുവനും  വ്യാപിച്ചു  നില്ക്കുന്നുവോ  അവനെ  (ആ  പരമാത്മാവിനെ)  മനുഷ്യൻ  സ്വകർമ്മം  കൊണ്ടർച്ചിച്ചു്  സിദ്ധി  നേടുന്നു.”  സിദ്ധി  നേടിയവൻ  സിദ്ധൻ.  സിദ്ധൻ  തന്നെയാണല്ലോ  സന്യാസിയും.

“ആരാണോ  അന്തരാത്മാവിൽ  സുഖം  കണ്ടെത്തുകയും  അതിൽതന്നെ  രമിക്കുകയും  ചെയ്യുന്നതു്  അപ്രകാരംതന്നെ  ആരുടെ  ഹൃദയത്തിൽ  ആത്മജ്ഞാനം  തെളിഞ്ഞു  പ്രകാശിക്കുന്നുവോ    യോഗി  സ്വയം  ബ്രഹ്മമായിത്തീർന്നു്  മോക്ഷം  പ്രാപിക്കുന്നു.”

അതിനു  ജനിച്ച  കുലമോ  ജാതിയോ  വർണ്ണമോ  ഒന്നും  ബാധകമല്ല.  സ്നേഹിതരേ;  ബ്രഹ്മണ-ക്ഷത്രിയ-വൈശ്യ- ശൂദ്രന്മാരുടെയെല്ലാം  കർമ്മങ്ങളെ  അവരുടെ  സ്വാഭാവിക ഗുണങ്ങൾക്കനുസരിച്ചാണു്  വേർ തിരിച്ചിരിക്കുന്നതു്.  അതു  ചെയ്തതോ  മറ്റാരുമല്ല.    പരം പൊരുളായ  പരബ്രഹ്മം  തന്നെ. ഗുണകർമ്മങ്ങളുടെ  സ്വഭാവമനുസരിച്ചു്  ബ്രഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരെന്ന  നാലുവർണ്ണങ്ങൾ  എന്നാൽ   (പരബ്രഹ്മത്താൽ)  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു  എന്നു  ശ്രീകൃഷ്ണഭഗവാന്‍റെ  രൂപത്തിൽ  വന്ന    പരബ്രഹ്മം  തന്നെ  ഗീതയിൽ  പറയുന്നതതാണു്.  അതിന്‍റെ   കർത്താവെങ്കിലും  വികാരരഹിതനായ    പരബ്രഹ്മത്തെ കർത്തൃത്വമില്ലാത്തവനെന്നറിഞ്ഞാലും.  ഗീതയിൽ  ഇതു  പറയുന്ന  അവസരത്തിൽ  ഭഗവാൻ,  വസുദേവപുത്രനായ  ശ്രീകൃഷ്ണനല്ല,  മറിച്ചു്  പരബ്രഹ്മം  ആണെന്നു  നാം  മനസ്സിലാക്കണം.

താടിയും മുടിയും നീട്ടിവളർത്തി,  അല്ലെങ്കി  അവ രണ്ടും മുണ്ഡനം  ചെയ്തു്  കാവിനിറത്തിലുള്ളതോ  തൂവെള്ളനിറത്തിലുള്ളതോ  ആയ വസ്ത്രം  ധരിച്ചു്  കുറച്ചു  സംസ്കൃതഭാഷാമന്ത്രങ്ങളും  ഉരുവിട്ടു്   മനസ്സുകുളുർക്കുന്ന  വാക്ധോരണിയിൽ  സംസാരിച്ചാൽ  സ്വാമിയായി  അംഗീകരിക്കപ്പെടാറുണ്ടിപ്പോൾ.  എന്നാൽ  മുകളിൽ  വിവരിച്ച  ലക്ഷണ-കർമ്മ-കാര്യ-കാരണങ്ങൾ  വച്ചു  നോക്കുമ്പോൾ  ഇന്നു  നമുക്കു്  എത്ര  സന്യാസിമാരേ  കാണാൻ  സാധിക്കും.   

എന്നാൽ  മുകളിൽ  വിവരിച്ച  ലക്ഷണ-കർമ്മ-കാര്യ-കാരണങ്ങൾ  വച്ചു  നോക്കുമ്പോൾ  ഗുരുദേവൻ  സിദ്ധനായിരിന്നു,  യോഗിയും  ആയിരിന്നു,  അതുകൊണ്ടുതന്നെ  സ്വാമിയും  ആയിരിന്നു.  സ്വാമിതന്നെയാണല്ലോ  സന്യാസിയും.  അങ്ങനെ സന്യാസി  അയിരിന്നു   ങ്കി  “ഹിന്ദു  സന്യാസി”  ആയിരിന്നുവോ?  ഇതാണു്  ചർച്ചാവിഷയം.  അപ്പോൾ  ആദ്യം  “ഹിന്ദു”  ആയിരിന്നുവോ  എന്നു  നോക്കണം.  അതു  നോക്കും  മുമ്പ്  “ഹിന്ദുമതം”  എന്നൊന്നുണ്ടോ  എന്നും  നോക്കണം.  ഭാരതത്തിന്‍റെ   ആത്മീയതയിലൊരിടത്തും    “ഹിന്ദുമതം”  എന്നൊന്നില്ല.  എന്നാൽ  കാലം  കടന്നു  പൊയ്ക്കൊണ്ടിരുന്നപ്പോൾ  സിന്ധൂനദീതീരവാസികൾ  എന്ന  അർദ്ധത്തിൽ  പുരാതനഭാരതത്തിലെ  നിവാസികളെ  വിദേശിയർ  “ഹിന്ദുക്കൾ”  എന്നു  വിളിച്ചിരിന്നു - “സിന്ധുക്കൾ”  എന്നു  വിളിക്കുന്നതിനു  പകരം.  കാരണം  ആ വിളി  തുടങ്ങിയവരുടെ  ഭാഷയിൽ  “സ”  എന്ന  അക്ഷരം  എല്ലായിരിന്നു.  അവർ  “ഹ”  ആയിരിന്നു  ഉപയോഗിച്ചിരുന്നതു്.  അങ്ങനെ  “സിന്ധു”ക്കൾക്കുപകരം  “ഹിന്ദു”ക്കൾ  ഉണ്ടായി,  പറഞ്ഞു  തുടങ്ങിയവർക്കു  മതം  ഉണ്ടായിരിന്നു.  അതിനാൽ  അവർ    “ഹിന്ദു”  എന്നതു്  നമ്മുടെ  പൂർവ്വികരുടെ  മതമാണെന്നു  പറഞ്ഞു.  അതിഥികളെ  ദേവതുല്ല്യം  കണ്ട  നമ്മുടെ പൂർവ്വികർ    “അതിഥിദേവന്മാർ”  കനിഞ്ഞു  നല്കിയ  “ഹിന്ദു”നാമവും,  “ഹിന്ദുമതം”  എന്ന  സംജ്ഞയും  സ്വീകരിച്ചു.  അങ്ങനെ  നമ്മൾ  “ഹിന്ദു”  മതക്കാരും  നമ്മുടെ  ആത്മീയത  അഥവാ  ആത്മീയപദ്ധതി  ഒരു  മതവും  ആയി  ചിത്രീകരിക്കപ്പെട്ടു.

മതം  എന്നാൽ  അഭിപ്രായം  എന്നാണു്.  അപ്പോൾ  ഒരാളിന്‍റെ   അഭിപ്രായം  അനുസരിച്ചുണ്ടാക്കിയ  ഒരു  സാമൂഹ്യമായ  ആരാധനാസമ്പ്രദായമോ  അതുൾപ്പെടുത്തിക്കൊണ്ടുള്ള  ജീവിതരീതിയോ  ഒരു  മതമാണെന്നു  പറയാം – അതേ,  മതങ്ങൾ  അങ്ങനെ  തന്നെ.  എന്നാൽ  നമുക്കു്  നമ്മുടെ  ഇതിഹാസപുരാണങ്ങളിൽ  കൂടിയും  വേദങ്ങളിൽ  കൂടിയും  ഉപനിഷത്തുക്കളിൽ കൂടിയും  ആഗമങ്ങളിൽ കൂടിയും  ലഭ്യമായ  ആത്മീയജ്ഞാനവിജ്ഞാനസമുച്ചയം  ഒരാളുടെ  അഭിപ്രായങ്ങളിലൂടെ  ചിട്ടപ്പെടുത്തിയെടുത്ത  ഒരു  നിയമാവലിയല്ല.  അങ്ങനെ  ഒരു  നിയമാവലിയെ  അടിസ്ഥാനപ്പേടുത്തിയുള്ള  ഒരു  ജീവിതരീതിയുമല്ല,  അങ്ങനെയുള്ള  ഒരു  ആരാധനാ  സമ്പ്രദായവും  അല്ല  ഭാരതത്തിന്‍റെ  ആത്മീയത.

ഭാരതത്തിന്‍റെ  ആത്മീയത;  സനാതനമായ    ധർമ്മം,  വെറും  ഒരു  മതതത്വമോ  വിശ്വാസമോ  അല്ല.  അഹന്തയോടു  കൂടിയോ  അല്ലാതയോ  അടിച്ചേല്പിക്കപ്പെടുന്ന  ഒരു  വിശ്വാസവും  അല്ല.  മതങ്ങൾക്കെല്ലാം  അതീതമായ  ഒരു  ശാസ്ത്രം  ആണു,    സനാതനമായധർമ്മം - അത്മീയജ്ഞാനത്തിന്‍റെ  ശാസ്ത്രം (ബ്രഹ്മവിദ്യ).  ഇതു് ആദിയും  അന്തവും  ഇല്ലാത്തതും;  ജനനവും  മരണവും  ഇല്ലാത്തതും  ആയ  ബ്രഹ്മത്തിന്‍റെ  ശാസ്ത്രം  ആണു്,  അത്മാവിന്‍റെ  ശാസ്ത്രം,  അതീതമായ  സത്യത്തിന്‍റെ  ശാസ്ത്രം, ജീവാത്മാവിനും  പരമാത്മാവിനും  തമ്മിലുള്ള  ഏകത്വത്തിന്‍റെ  ശാസ്ത്രവും  ആണിത്.  ഇതിനെ  മനസ്സിലാക്കുന്നവർക്കു്  അനന്തമായ  ആത്മീയ  സംതൃപ്തിയും  ആത്മസംയമനവും  ഉണ്ടാകും.  അനുഷ്ഠാനത്തോടും  ആത്മാർത്ഥതയോടും  കൂടി  ഇതിനെ  അനുസരിക്കുന്നവർക്കും  പരിശീലിക്കുന്നവർക്കും  ഇതു  വഴങ്ങും.  അപ്പോൾ  അത്മീയവും  പഞ്ചഭൂതാത്മകവും  ആയ  ആനന്ദത്തെ  അനുഭവിക്കുകയും  ചെയ്യാം.  എല്ലാവർക്കും  ഉല്കൃഷ്ട്ട  ജീവിതം  കൈവരിക്കുവാൻ;  സകലത്തിനും  ഉപരിയായി  ഉപയോഗിക്കാവുന്ന  സർവ്വോല്കൃഷ്ടമായ  ഒരു  ജീവനമാർഗ്ഗമാണു  സനാതനമായ    ധർമ്മം.    സനാതനമായ  ധർമ്മം  സ്വർഗ്ഗരാജ്യത്തേക്കുള്ള  ഒറ്റയടിപ്പാതയല്ല,  മറിച്ച്  ജീവാത്മ – പരമാത്മ  ഏകോപനത്തിനുള്ള  (ആ  ഏകോപനമാണു  മോക്ഷംഅതാണു   ജീവാത്മാവിന്‍റെ  അന്തിമ  ലക്ഷ്യം.)  ബഹുമുഖമായ  രാജവീഥിയാണു്.  ഇതിനു  സമാനമായി  ഇതു  മാത്രമേ  ഉള്ളൂ.  ഇതിനേ  അളക്കാനുള്ള  അളവു  കോൽ  എവിടെയും  കിട്ടില്ല.  മതങ്ങൾ  കടലോരത്തെ  പൂഴിമണലിൽ  കുട്ടികൾ  ജലക്രീഡയ്ക്കായി  ഉണ്ടാക്കിയ  കൊച്ചു  കുഴികളും;  സനാതനധർമ്മം    കുഴികളിൽ  കുട്ടികൾക്കു  ജലക്രീഡയ്ക്കായി  ജലം  അനവരതം  പ്രദാനം  ചെയ്തതും,   ചെയ്തുകൊണ്ടിരിക്കുന്നതും,  ഭാവിയിലും  പ്രദാനം  ചെയ്യുവാൻ  കഴിവുള്ളതും  ആയ  ഒരു  അനന്തമായ    മഹാസാഗരവും  ആണെന്ന  സത്യം  ഓർക്കുക.

മഹാത്മാക്കളുടെ  സംഭാവനകളാൽ  ഇതു  സദാ  പുഷ്ടിപ്പെട്ടു  കൊണ്ടിരിക്കുന്നു.  വേദങ്ങളിൽ  അധിഷ്ഠിതമായ    സനാതനമായ  ധർമ്മത്തിന്‍റെ  പാരമ്മ്യമാണു്  വേദാന്തം  അഥവ  ഉപനിഷത്തുക്കൾ.  അജ്ഞരും  സംസാരബന്ധങ്ങളാൽ  ദു:ഖിതരും  ആയ  ജീവാത്മാക്കളെ,  ജ്ഞാനവിജ്ഞാനങ്ങളേകി  മുക്തരാക്കുകയാണു്  വേദാന്തത്തിന്‍റെ  ലക്ഷ്യം.  വേദാന്തം  ജീവാത്മാവിനെ,  ബ്രഹ്മത്തിന്‍റെ  പരാ-അപരാ  പ്രകൃതികളെ  തിരിച്ചറിഞ്ഞ്,  പരാപ്രകൃതിയുമായി  താദാത്മ്യം  പ്രാപിച്ചു   സ്വതന്ത്രമായി,  സുഖസമ്പന്നമായി  അപരാപ്രകൃതിയിൽ  വിഹരിക്കുന്നതിനു  കഴിവുള്ളതാക്കിത്തീർക്കും.  ഇതു  മറ്റെങ്ങും  ലഭ്യമല്ല.  ഇതിനു  “ബ്രഹ്മവിദ്യ” എന്നും പറയും. നമ്മിൽ  ബ്രഹ്മവിദ്യ  അതിന്‍റെ  പാരമ്മ്യതയിൽ  എത്തുമ്പോൾ  നാമെല്ലം  ഒന്നാണെന്ന  ബോധം  ഉണ്ടാകും.  അവിടെ  എല്ലാവിധമായ  സമത്വവും  സാഹോദര്യവും  വിളയാടും.  ജനങ്ങൾ  എല്ലാം  തന്നെ  ഒരേ  വംശജരാണെന്നും  അവിടെ  ഉച്ചനീചത്വങ്ങൾ  പാടില്ലാ  എന്നും  മനസ്സിലാകും.

ഗുരുദേവൻ    ബ്രഹ്മവിദ്യയുടെ  വ്യാഖ്യാതാവായിരിന്നു,   ബ്രഹ്മവിദ്യാജ്ഞാനിയായിരിന്നു,  ബ്രഹ്മവിദ്യയെ  സ്വജീവിതം  കൊണ്ടു്  സഹജീവികളിലേക്കും  മറ്റുചരാചരങ്ങളിലേക്കും  വ്യാപരിപ്പിച്ച  പരമാത്മജ്ഞാനിയായിരിന്നു.  ജ്ഞാനിയായ,  കർമ്മനിരതനായ,  ഭക്തനായിരിന്നു.  ജ്ഞാന-കർമ്മ-ഭക്തിമാർഗ്ഗങ്ങളെ  കാട്ടിത്തന്ന  മഹായോഗിയായ   പരമാത്മാവുതന്നെ  ആയിരിന്നു. 

“ഹിന്ദു” മതം എന്നൊരു മതമില്ലാ  എന്നും,  വേണമെങ്കി  നമ്മുടെ  ബ്രഹ്മവിദ്യയെ  (ആത്മീയതയെ)  പല  മതങ്ങളുടെ   ഒരു  സമാഹാരം  എന്നു  വിളിക്കാം  എന്നും  ഗുരുദേവൻ  തന്നെ  പറഞ്ഞിട്ടും  ഉണ്ടു്.  ശരിക്കും  പറഞ്ഞാൽ  അവയെല്ലാം  (ഗുരുദേവൻ  ഇവിടെ  പറയുന്ന  “മതങ്ങൾ”  എല്ലാം)  തന്നെ  കാലാകാലങ്ങളിൽ,  നമ്മുടെ  ആത്മവിദ്യയിൽ  കടന്നുകൂടിയ  മാലിന്ന്യങ്ങളെ  അകറ്റാൻ  ഋഷിവര്യന്മാർ  ഉപദേശിച്ചുതന്ന  ഉപനിഷദ്  സൂക്തങ്ങളാണു് - ഗുരുദേവ  കൃതികളെപ്പോലെ  തന്നെ.  അതേ,  അങ്ങനെ  പല  മതങ്ങളുടെ  സമാഹാരവും   അതിനോടൊപ്പം  മറ്റും  പലതു  ചേർന്ന  ഒരു  ശാസ്ത്രീയമായ പദ്ധതിയാണിതു്.  അതുപോലെ  തന്നെ;  മതങ്ങളിൽ  ആത്മീയതയില്ല.  മതം  അവസാനിക്കുമ്പോഴാണു്  അത്മീയത  തുടങ്ങുക. അതുകൊണ്ടുതന്നെ  “മതാതീത  ആത്മീയത”  എന്നു  പറയണ്ട  ആവശ്യം  എല്ല.  ആത്മീയത  എന്നു   പറയുമ്പോൾ  തന്നെ  അതു  മതാതീതമാണു്.

മതങ്ങൾ  മനുഷ്യന്‍റെ ചിന്താശക്തിയെ  നശിപ്പിക്കും  എന്നു  പറയപ്പെടുന്നു.  ഇതുപൂർണ്ണമായും  ശരിയാണു്.  എന്നാൽ  ആത്മവിദ്യ  എന്ന  ഭാരതത്തിന്‍റെ  ആത്മീയശാസ്ത്രം,  മനുഷ്യന്‍റെ  ചിന്താശക്തിയെ  നശിപ്പിക്കുന്ന  ഒന്നല്ല.  മറിച്ചു് മനുഷ്യന്‍റെ  ചിന്താശക്തിയെ  ഉത്തേജിപ്പിക്കുന്ന  ഒരു ശാസ്ത്രീയമായ  പദ്ധതിയാണിതു്.  ഉപനിഷത്തുക്കളിൽ യുക്തിയുക്തമായി  സമർത്ഥിച്ചിട്ടുള്ള    തത്ത്വങ്ങൾ അന്ധമായി  വിശ്വസിക്കാനോ,  പിന്തുടരുവാനോ  അവയെ പുസ്തകരൂപത്തിലാക്കിയ    ഋഷിവര്യന്മാർ  ഒരിടത്തും പറയുന്നില്ല.    ഋഷിവര്യന്മാർ  അവരുടെ  ബുദ്ധിപരമായ  അഭിപ്രായങ്ങളോ  ചോദ്യം  ചെയ്യാതെ  അനുവർത്തിക്കാൻ  ആവശ്യപ്പെടുന്ന  ദൈവത്തിന്‍റെ  അനുശാസനങ്ങളോ  അയിട്ടല്ല  അവയെ  അവതരിപ്പിച്ചിരിക്കുന്നതും.  അതുകൊണ്ടാണു്  ശ്രീകൃഷ്ണഭഗവാൻ  ഗീതയിൽ  “അത്യന്തം  ഗോപ്യമായ  ബ്രഹ്മവിദ്യ  ഞാൻ  നിനക്ക്  ഉപദേശിച്ചു  കഴിഞ്ഞു,  ഇതിനെ  നല്ലപോലെ  വിചാരം  ചെയ്തു്, യുക്തിപൂർവ്വം മനസിലാക്കി, അതിനനുസരിച്ചു് നിന്‍റെ  ഇഷ്ടാനുസരണം പ്രവർത്തിക്കുക എന്നു്” അർജ്ജുനനെ ഉപദേശിച്ചതു്.

അപ്പോൾ  “ഹിന്ദുമതം”  എന്നൊരുമതമില്ല.  അതിനാൽ  ഗുരുദേവൻ  “ഹിന്ദു  സന്യാസി”യും  അല്ല.  സന്യാസികൾ  ശരിക്കും  ഭാരതത്തിന്‍റെ  ആത്മീയതയിൽ  മാത്രം കാണപ്പെടുന്ന ഒന്നാണു്. കാരണം അതിലൊഴിച്ചു മറ്റെങ്ങും സിദ്ധിയില്ല.  സിദ്ധിയില്ലാത്തിടത്തു സിദ്ധനില്ല. സിദ്ധനില്ലാത്തിടത്തു സന്ന്യാസമോ  സന്ന്യാസിയോ ഉണ്ടാകില്ല. അതുപോലെതന്നെ, നമ്മുടെ ആത്മീയതയിലല്ലാതെ എങ്ങും മോക്ഷമില്ല. അതുകൊണ്ടുതന്നെ മറ്റുള്ളയിടങ്ങളിൽ (മതങ്ങളിൽ), യോഗിയോ, സിദ്ധനോ, സന്ന്യാസിയോ സന്യാസിനിയോ ഉണ്ടാകുക അസാദ്ധ്യം തന്നെ. ആയതിനാൽ ഗുരുദേവൻ “ഹിന്ദു” സന്ന്യാസി അല്ല എങ്കിലും സന്ന്യാസിയാണു്, അത്ത്യുന്നതനായ സന്ന്യാസി. ആദിസന്യാസി പരമശിവന്‍റെ അവതാരമൂർത്തിയായ സാക്ഷാൽ സന്ന്യാസി. സാക്ഷാൽ പരബ്രഹ്മത്തിന്‍റെ  ആദ്യമനുഷ്യരൂപമായ “ദേവാധിദേവൻ”, “മഹാദേവ”ന്‍റെ അവതാരം - അതായിരിന്നു ഗുരുദേവൻ; അതാണു ഗുരുദേവൻ, എന്നെന്നും അതായിരിക്കും ഗുരുദേവൻ. 

(എഴുതിയതു് (©) ഉദയഭാനു പണിക്കർ.  സാമ്പത്തിക  വരുമാനത്തിനായി    ലേഖനം  ഉപയോഗിക്കാൻ  പാടില്ല.  സാമ്പത്തിക  വരുമാനത്തിനല്ലാതെ,  എവിടെ  എന്തിനുപയോഗിക്കുന്നു  എന്നു്  ലേഖനകർത്താവിനെ  അറിയിച്ചുകൊണ്ടു്  ആർക്കും  ഈ ലേഖനം  ഉപയോഗ്ക്കാം.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ