© ഉദയഭാനു പണിക്കർ
ഗുരുദേവൻ
പറഞ്ഞ ഏകജാതി, ഏകമതം,
ഏകദൈവം, ഇവ എന്തെന്നുള്ള
ഒരു ചെറിയ അന്വഷണം
ഉപയോഗപ്രദമായിരിക്കും.
“ദർശനമലയിലെ ഭക്തിദർശനത്തിൽ നാരായണഗുരു;
ആനന്ദോഹമഹം ബ്രഹ്മാ-
ത്മാഹമസ്മീതി രൂപതഃ
ഭാവനാ സതതം യസ്യ
സ ഭക്തി ഇതി വിശ്രുതഃ
എന്നെഴുതിയിട്ടുണ്ടു്. ഞാൻ ആനന്ദമാകുന്നു, ഞാൻ ബ്രഹ്മമാകുന്നു, ഞാൻ
ആത്മാവാകുന്നു എന്നുള്ള രൂപത്തിൽ യാവനൊരുവനു് എല്ലായ്പോഴും ഭാവനയുണ്ടോ, അവൻതന്നെ
ഭക്തനെന്നു വിശ്രുതനാകുന്നു;
എന്നാണിതിനർത്ഥം.
ആനന്ദത്തെത്തന്നെ ബ്രഹ്മമെന്നു ധ്യാനിക്കുന്നതാണു് നാരായണഗൂരുവിന്‍റെ ഏകദൈവം. ആനന്ദത്തെത്തന്നെ ആത്മാവെന്നറിയുന്നതാണു് നാരായണഗുരുവിന്‍റെ ഏകജാതി. സർവ്വതിരക്തമായിരിക്കുന്നതും
എല്ലാവിധത്തിലും സന്നികൃഷ്ടമായിരിക്കുന്നതുമായ ആനന്ദംതന്നെയാണു് ജീവിതവും. ജീവിതത്തിന്‍റെ അർത്ഥവും ലക്ഷ്യവും എന്തു് എന്നറിയുന്നതാണു്
നാരായണഗുരുവിന്‍റെ ഏകമതം.” ഇതെന്‍റെ വാക്കുകളല്ല, ഗുരു നിത്യന്‍റെ വാക്കുകളാണു്.
‘കുട്ടിക്കാലം
മുതൽ വാർദ്ധക്യം വരെ
ഒരു വ്യക്തിയുടെ എല്ലാ ചെയ്തികളേയും വിചാരങ്ങളേയും
ഓർമ്മകളേയും പ്രതീക്ഷകളേയും ജീവന്‍റെ മദ്ധ്യബിന്ദുവായി ഇരുന്നുകൊണ്ടു് അറിയുകയും
നീയന്ത്രിക്കുകയും
ക്രമീകരിക്കുകയും ചെയ്യുന്ന സത്താബോധം
സകലമനുഷ്യരിലും സമാനമായിരിക്കുന്നു. എന്നാൽ
അതേ സമയംതന്നെ, തികഞ്ഞ
വ്യക്തിമുദ്രയോടുകൂടി
ഒറ്റതിരിഞ്ഞും നില്ക്കുന്നു. മനുഷ്യരിൽ
സമാനമായി വിളങ്ങുന്ന ഈ
സത്താബോധമാണു് അവനെ മറ്റെല്ലാ
ജീവജാലങ്ങളിൽ നിന്നും വേർതിരിച്ചു
നിറുത്തുന്നതും. അതാണു് ഗുരുദേവന്‍റെ ഒരു
ജാതി.’
‘ബോധത്തിന്‍റെ ഉല്പത്തി, വ്യാപ്തി, ലക്ഷണം, ചലനം, മുഖ്യമായ
പ്രവണതകൾ ഇവയെല്ലാം ഒന്നൊന്നായി
ആത്മോപദേശശതകത്തിൽ ഗുരുദേവൻ എടുത്തുകാട്ടുന്നുണ്ടു്. പ്രാണൻ
ശരീരത്തിന്‍റെ അവയവങ്ങളെ
കോർത്തു് നിർത്തിയിരിക്കുന്നിടത്തോളം ശരീരബോധം
നിലനിൽക്കും. അഹന്ത ശരീരത്തിനു
പ്രാധാന്യം നൽകി എങ്ങനെ
എല്ലാറ്റിനേയും വ്യത്യസ്ഥമാക്കി കാണിക്കുന്നുവോ, അതേപോലെതന്നെ
ആത്മാവിന്‍റെ, അഥവാ പരബ്രഹ്മത്തിന്‍റെ, അഥവാ ശുദ്ധജ്ഞാനത്തിന്‍റെ സർവ്വാതിരിക്തതയെ മനസ്സിലാക്കി,
ആ “ഞാനെന്ന” അഹംങ്കാരത്തെ
പാടെ തിരസ്കരിച്ചു് സർവ്വത്തിലേയും ഏകത്വത്തെ
കാണുമ്പോൾ ‘എല്ലാം ഞാൻ
തന്നെ’ എന്ന ഉപനിഷദ്സത്യം
തെളിയും. ആ സത്യമാണു്
ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്ന ‘അവനിയിലാദിമമായെരാത്മരൂപം’. ആ ആത്മരൂപം കാണാനും
ഉൾക്കൊള്ളാനും എല്ലവർക്കും സാധിക്കും.
അങ്ങനെ കാണുന്ന ആ
ആത്മരൂപമാണു്, ആ ഏകത്വമാണു്
ഗുരുദേവൻ പറഞ്ഞ ഏകമതം.
ഈ ജ്ഞാന-വിജ്ഞാനങ്ങൾ നേടേണ്ടതു്
നമസ്കാരം കൊണ്ടും, ചോദ്യങ്ങളിൽക്കൂടി സംശയനിവാരണം
വരുത്തിക്കൊണ്ടും, സേവനം ചെയ്തുകൊണ്ടും
വേണം. അങ്ങനെ
ചെയ്യുന്നവർക്കു് തത്ത്വദർശികളായ ജ്ഞാനികൾ
ആ ജ്ഞാനം ഉപദേശിച്ചു
കൊടുക്കും. ചിലപ്പോൾ
പ്രത്ത്യക്ഷപ്പെട്ടും
ചിലപ്പോൾ പ്രത്യക്ഷപ്പെടാതെയും.
“ഏതൊന്നാണോ ദ്യോവിനു
മുകളിലും ഏതൊന്നാണോ പൃഥ്വിക്കു താഴേയും,
ഏതൊന്നാണോ
ഈ ദ്യാവാപൃഥിവിക്കു മധ്യത്തിലും
ഉള്ളതു്, എന്നും ഏതൊന്നാണോ ഭൂതമെന്നും
വർത്തമാനമെന്നും
ഭവിഷ്യത്തെന്നും പറയുന്നതു്, അതു്
ആകാശത്തിലാണു് ഓതമായും പ്രോതമായുമ്മിരിക്കുന്ന”തെന്നു് ബ്രഹദാരണ്യകോപനിഷത്ത് പറയുന്നു. അതാണു്
ഗുരുദേവൻ കാട്ടിത്തന്ന ഏകത്വം.
“അക്ഷരമായതും-ക്ഷരമല്ലാത്തതും,
സ്ഥൂലമല്ലാത്തതും, വലുതല്ലാത്തതും,
അണുവല്ലാത്തതും,
ഹ്രസ്വമല്ലാത്തതും, ദീർഘമല്ലാത്തതും,
ചുവപ്പല്ലാത്തതും, സ്നേഹമെന്ന അപ്പുകളുടെ
ഗുണമല്ലാത്തതും,
ച്ഛായയല്ലാത്തതും,
തമസ്സല്ലാത്തതും, വായുവല്ലാത്തതും, ആകാശമല്ലാത്തതും, അരക്കുപോലെ സംഗാത്മകമല്ലാത്തതും, ഗന്ധമല്ലാത്തതും, ചക്ഷുസ്സല്ലാത്തതും, ശ്രേത്രമല്ലാത്തതും, വാക്കല്ലാത്തതും-വാഗിന്ദ്രിയമല്ലാത്തതും, മനസ്സില്ലാത്തതും, തേജസ്സില്ലാത്തതും, പ്രാണൻ
ഇല്ലാത്തതും, മുഖമില്ലാത്തതും, മാത്ര
അല്ലാത്തതും, അന്തരം ഇല്ലാത്തതും, ബഹിർഭാഗമില്ലാത്തതും ആകുന്നു
ആ ഏകത്വം. അതു്
ഒന്നിനേയും ഭക്ഷിക്കുന്നില്ല,
അതിനേയും ആരും ഭക്ഷിക്കുന്നില്ല.” അങ്ങനെയുള്ള
ആ ഏകത്വമാണു് ഗുരുദേവൻ
കാട്ടിത്തന്ന ഏകത്വം.
അല്ലയോ സുഹൃത്തുക്കളേ;
“ഈ അക്ഷരത്തിന്‍റെ പ്രശാസനത്തിലാണു് – ആജ്ഞയിലാണു്, സൂര്യനും ചന്ദ്രനും വിധാരണം ചെയ്യപ്പെട്ടവരായി-
നിലയ്ക്കുനിറുത്തപ്പെട്ടവരായി സ്ഥിതിചെയ്യുന്നതു്.” സ്നേഹിതരേ,
“ഈ അക്ഷരത്തിന്‍റെ പ്രശാസനത്തിലാണു് ദ്യോവും പൃഥിവിയും
വിധൃതങ്ങളായി സ്ഥിതിചെയ്യുന്നതു്.” അല്ലയോ
സുഹൃത്തുക്കളേ; “ഈ അക്ഷരത്തിന്‍റെ പ്രശാസനത്തിലാണു് നിമിഷങ്ങൾ
മുഹൂർത്തങ്ങൾ അഹോരാത്രങ്ങൾ,
അർദ്ധമാസങ്ങൾ, മാസങ്ങൾ, സവത്സരങ്ങൾ ഇങ്ങനെയുള്ള കാലാവയവങ്ങൾ വിധാരണം ചെയ്യപ്പെട്ടു് സ്ഥിതിചെയ്യുന്ന്തു്. സ്നേഹിതരേ,
“അക്ഷരത്തിന്‍റെ പ്രശാസനത്തിലാണു് ശ്വേതങ്ങളായ പർവ്വതങ്ങളിൽനിന്നു് പ്രാചികളായ-കിഴക്കോട്ടൊഴുകുന്ന വേറേ
നദികളും, പടിഞ്ഞാറോട്ടൊഴുകുന്ന-വേറേ നദികളും അതാതു
ദിക്കിലേക്ക് ഒഴുകുന്നതു്. സ്നേഹിതരേ,
“ഈ അക്ഷരത്തിന്‍റെ പ്രശാസനത്തിലാണു്, ദാനം
ചെയ്യുന്നവരെ മനുഷ്യർ പ്രശംസിക്കുന്നതും ദേവന്മാർ യജമാനനേയും
പിതൃക്കൾ ദർവ്വീഹോമത്തേയും അന്വയത്തരായിരിക്കുന്നതും –
അനുഗതരായിരിക്കുന്നതും.” ആ
“അക്ഷര”മായതു്; അതാണു് ഗുരുദേവൻ
കാട്ടിത്തന്ന ഏകത്വം.
ഗുരുദേവൻ
പറയുന്ന ഏകസത്ത, ഉപനിഷത്തുക്കൾ
പറയുന്ന ഏകസത്ത എന്ന
ഏകത്വം, ആ “അക്ഷര”മായതു്; അഥവാ സർവ്വഭൂതങ്ങളിലേയും അന്തസത്തയായ
ഏകത്വം; ആ ഏകത്വം, ഉപനിഷത്തുക്കളിൽ പറയുന്ന;
“എല്ലാ ഭൂതങ്ങളേയും തന്നിലും,
തന്നെ എല്ലാ ഭൂതങ്ങളിലും കാണുന്ന ഏകത്വമാണു്.
ആ ഏകത്വം ഗ്രഹിക്കേണ്ടവർ “സർവ്വം
ഏകമയം” എന്നു കാണേണ്ടവർ,
ആ ഏകത്വദർശനത്തിനും ഈ
അഘിലാണ്ഡത്തിനും
ഹേതുഹേതുമത്ഭാവമായിട്ടുള്ള ആ ഏകത്വത്തിൽ
അഥിഷ്ടിതമായ തത്ത്വങ്ങളനുസരിച്ചു ജീവിക്കാൻ
ശ്രമിക്കണം. ആ ഏകത്വം
ഗ്രഹിച്ചവരോ, അവർ സർവ്വം
ഏകമയം എന്നു കാണുന്നവർ,
ആയിരിക്കും. അവർ ഏകത്വദർശനത്തിനും ഈ
അഘിലാണ്ഡത്തിനും ഹേതുഹേതുമത്ഭാവമായിട്ടുള്ള
ആ
ഏകത്വത്തിൽ അഥിഷ്ടിതമായ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്നു.
ഈ അഘിലാണ്ഡത്തിലുള്ള ഒന്നിനേയും അവർ നിന്ദിക്കുന്നില്ല; അഥവാ
നിന്ദിക്കരുതു് എന്നാണു് ഈശോവാസ്യോപനിഷത്തു് നമ്മേ
പഠിപ്പിക്കുന്നതു്. എന്നാൽ
അങ്ങനെ നിന്ദിക്കാതെയിരിക്കുന്നതുപോലെ തന്നെ,
ഒന്നിനാലും നിന്ദിക്കപ്പെടൻ നിന്നു
കോടുക്കാനും പാടില്ല.
(© ഉദയഭാനു പണിക്കർ. ഗുരു നിത്യചൈതന്യയതിയുടെ ലേഖനങ്ങൾ, ഈശാവാസ്യോപനിഷത്തു്, ബ്രഹദാരണ്യകോപനിഷത്ത്, ഭഗവത്ഗീത ഇവ ആധാരം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ