2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

നരനു നരകം വരാതിരിക്കുവാൻ


നരനു  നരകം  വരാതിരിക്കുവാൻ.

(© ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)

ഋഷിവര്യന്മാർ വൃക്ഷച്ചുവട്ടിൽ എരുന്നു തപസ്സു ചെയ്യുന്നതായിട്ടാണു സാധാരണ ചിത്രീകരിച്ചു കാണുക. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കണ്ടുവരുന്നതും അങ്ങനെതന്നെ. തപസ്സിനെപ്പറ്റി ചിന്തിച്ചാൽ, സദാ തപം ചെയ്യുന്ന; എല്ലാം ചെയ്യുന്ന, എന്നാൽ ഒന്നും ചെയ്യുന്നില്ലാ എന്നു തോന്നിപ്പിക്കുന്ന മഹേശ്വരനായ ശിവന്‍റെ രൂപമാണു നമ്മുടെ മനസ്സിൽ  അദ്യം തെളിയുക.
ചുറ്റുപാടുകളിൽ നിന്നും അകന്നുമാറി വനാന്തരങ്ങളിലെ ഗുഹകളിൽ പോയിരുന്നു തപസ്സു ചെയ്യാം. അതുമാത്രം ആണു തപസ്സിനുള്ള മാർഗ്ഗം എന്നാണു് പലരും ധരിച്ചിരിക്കുന്നതും. എന്നാൽ ഗുരുദേവൻ തന്‍റെ ആത്മോപ ദേശശതകത്തിൽ ഒമ്പതാം ശ്ലോകത്തിൽ “തരുവിനടിക്കു തപസ്സുചെയ്തു വാഴുവാ”നാണു പറയുന്നതു്.
“ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.”
എന്തിനാണു് തരുവിനടിക്കു തപസ്സുചെയ്യേണ്ടതു്, എന്താണീ തരുവ്?
തരുവ് എന്നാൽ വൃക്ഷം. തരുവിനടിക്കു തപസ്സു ചെയ്തു വാഴുന്ന നരനു് നരകം വരില്ല എന്നു ഗുരുദേവൻ എഴുതിയിരിക്കുന്നു. എങ്ങനെയുള്ള തരുവിനടിക്കു്? പടര്‍ന്നുയര്‍ന്നു മേവുന്ന തരുവിനടിക്കു്. ആ തരുവോ, വ്യത്യസ്ഥങ്ങളായ, എന്നാൽ ഒന്നിന്‍റെ തന്നെ ഭാഗങ്ങളായ പൂക്കലും പൊഴിയലും തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തരുവിനടിക്കു്; അതും മനുഷ്യനിൽ ബാഹ്യമായും ആന്തരികവുമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വപ്ന-സുഷുപ്തി കളെപ്പോലെ. അവയെ എല്ലാം അതിജീവിച്ചു്, പടർന്നു  പന്തലിച്ചു നില്ക്കുന്ന ആ മരത്തിനടിയിലിരുന്നു് തുടരെ തപസ്സു ചെയ്യുക, അതു മുക്തിയിലേക്കു നയിക്കും എന്നാണു് ഗുരുദേവൻ ഇവിടെ കുറിച്ചിരിക്കുന്നതു്.
ഈ തരുവ് ഒരു സാധാരണ തരുവല്ല എന്നു വ്യക്തം, അപ്പോൾ എന്താണീ തരുവ്? ഇതു മറ്റൊന്നുമല്ല, നമ്മുടെ ജീവിതം തന്നെ. പ്രപഞ്ചത്തിന്‍റെ പ്രലോഭനങ്ങളിൽപ്പെട്ടു വിഷയസുഖങ്ങളാൽ ആകൃഷ്ടരായി അഞ്ചു് ഇന്ദ്രീയങ്ങൾക്കും അടിമയായി ജീവിക്കുന്ന നാം ചുറ്റുപാടുകളിൽ നിന്നും അകന്നുമാറി വനാന്തരങ്ങളിലെ ഗുഹകളിൽ പോയിരുന്നു തപസ്സു ചെയ്യാനല്ല ഗുരുദേവൻ പറയുന്നതു്. മറിച്ചു് ആ പ്രപഞ്ചജീവിതമാകുന്ന തരുവിനടിയിൽ തന്നെ ഇരുന്നു തപസ്സുചെയ്യുവാനാണു് ഗുരുവരുൾ. മറ്റൊരു വിധം പറഞ്ഞാൽ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാതെ തന്നെ തപസ്സുചെയ്യുക.
ജ്ഞാനകർമ്മേന്ദ്രിയങ്ങളെ അടക്കി ജീവിക്കുന്ന ഒരാൾക്കു മാത്രമേ ധ്യാനനിരതനാകാൻ സാധിക്കയുള്ളൂ. ആത്മോപദേശശതകയത്തിലെതന്നെ എട്ടാം ശ്ലോകത്തിൽ ഗുരുദേവൻ ക്രീയാത്മകനായ വേട്ടക്കാരൻ ക്രീയോന്മുഖനായി കിളികളാകുന്ന അഞ്ചു് ഇന്ദ്രീയങ്ങളേയും എയ്തു വീഴ്ത്താൻ നില്ക്കുന്നതായി പറയുന്നു. ആ എയ്തു വീഴ്ത്തലും, വിഷയസുഖങ്ങളിൽ നിന്നും പിന്തിരിഞ്ഞു് കാഗ്രചിത്തനായി ഇവിടെ മരച്ചുവട്ടിലിരുന്നു മൗനിയായി തപസ്സുചെയ്യലും യഥാർദ്ധത്തിൽ ഒന്നു തന്നെയാണു്. നാം ചുവട്ടിലിരിക്കുന്ന ഈ മരം നമ്മുടെ ജീവിതം തന്നെയാണെന്നോർക്കുക.

ചരിത്രത്തിനു ദൃക്ക്സാക്ഷികളാണു് മരങ്ങൾ. മരച്ചുവട്ടിലിരുന്നു ധ്യാനിക്കുന്നവർ ആ ചരിത്രത്തിന്‍റെ ഭാഗവും ആണു്. ആ മരച്ചുവട്ടിൽ ഇരുന്നു ധ്യാനിക്കുന്ന മനുഷ്യജീവി പൂർവ്വകാലചരിത്രത്തിൽ നിന്നും മുക്തനാകാനും അതോടൊപ്പം തന്നെ ഭാവിജീവിതത്തിന്‍റെ ബന്ധനങ്ങളിൽ നിന്നും മുക്തനാകാനും ഉള്ള മാർഗ്ഗമായ ആത്മസാക്ഷാല്ക്കാരത്തിനു് വേണ്ടിതന്നെയാണു് ഇങ്ങനെ ചെയ്യേണ്ടതെന്നാണു് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്. ഒരു സാധകനു് ഇങ്ങനയുള്ള ഒരു നിഷ്പക്ഷമായ സമീപനം ആയിരിക്കും നല്ലതെന്നും ഗുരുദേവൻ കാട്ടിത്തരുന്നു. മരത്തിന്‍റെ വേരുകൾക്കും ലതാദികൾക്കും മദ്ധ്യേ രണ്ടിൽനിന്നും അകലാതെയും എന്നാൽ അവയിൽ ആകൃഷ്ടനാകാതെയും അതിരിക്തമായ ഒരു ജീവിതചര്യ സ്വീകരിക്കുന്നവർക്കു മാത്രമേ ഈ സംസാരദുഃഖങ്ങളിൽ നിന്നും മുക്തിനേടാനാകൂ. ഇവിടെ ‘മരത്തിന്‍റെ  വേരുകൾക്കും ലതാദികൾക്കും മദ്ധ്യേ’ എന്നതിനെ ജീവിതത്തിലെ സുഖദുഃഖങ്ങളെയാണു് സൂചിപ്പിക്കുന്നതു്. അവയ്ക്കു മദ്ധ്യത്തിൽ പ്രപഞ്ചത്തിന്‍റെ പ്രലോഭനങ്ങളിൽപ്പെടാതെയും (വൃക്ഷത്തിന്‍റെ ലതാകുസുമഫലങ്ങൾ തന്നെയാണല്ലോ സുഖദുഃഖങ്ങൾ), അന്ധകാരത്തിലേക്കു പോകാതെയും (ഭൂമിക്കടിയിലേക്കു പോകുന്ന വേരുകൾ അന്ധകാരത്തെയും കൂടി സൂചിപ്പിക്കുന്നു.) കർമ്മനിരതനായി, ഒന്നിനാലും ബാധിക്കപ്പെടാതെയും ബംന്ധിക്കപ്പെടാതെയും ഇരുന്നാൽ മാത്രമേ മോക്ഷപ്രാപ്തി ഉണ്ടാകൂ എന്നു സാരം. (സ്വന്തം കർമ്മങ്ങൾ ധർമ്മാടിസ്ഥാനത്തോടുകൂടി ചെയ്യുന്നതിലും വലിയ ഒരു ധ്യാനം  അല്ലെങ്കിൽ തപസ്സ്യ ഇല്ലതന്നെ.)
ശ്വേതാശ്വതരോപനിഷത്തിൽ ഈ ജഗത്തിനെ പൂർണ്ണമാക്കുന്ന പരബ്രഹ്മത്തെ അചലമായി സ്വപ്രകാശത്തിൽ സ്ഥിതിചെയ്യുന്ന വൃക്ഷത്തോടുപമിക്കുന്നുണ്ടു്. ഭഗവത്ഗീതയിലും ഇതുതന്നെ കാണാം. ഗീതയിൽ ഈ വേരുകളെ നമ്മുടെ കർമ്മബന്ധങ്ങളായും ശാഖകളെ വിഷയസുഖങ്ങളായും ഉപമിക്കുന്നു.
ഒരു നിഷ്പക്ഷമായ സമീപനത്തില്ക്കൂടി മാത്രമേ ഒരു സാധകനു് മുന്നോട്ടുപോകാനാകൂ. അപ്പോൾ പരസ്പരവിരുദ്ധമായ പ്രവണതകളെ അതിജീവിച്ചുകൊണ്ടു മാത്രമേ അതിനു സാധിക്കയും ഉള്ളുവല്ലോ. അങ്ങനെയുള്ളവരെ സംസാരദുഃഖങ്ങൾ ബാധിക്കയില്ല.
സംസാരസഗരത്തെ ഒരു ആൽവൃക്ഷമായി രൂപണം ചെയ്യുക നമ്മുടെ ബ്രഹ്മവിദ്യയിൽ സാധാരണമാണു്. കഠോപനിഷത്തിൽ ഇങ്ങനെ കാണാം. അവിടെ സംസാരസാഗരത്തെ ‘അശ്വത്ഥഃ’ എന്നാണു് പറയുന്നതു്. സംസാരമാകുന്ന തരുവിന്‍റെ, അതായത്, അശ്വത്ഥവൃക്ഷത്തിന്‍റെ വേരുകൾ മുകൾഭഗത്തേക്കാണെന്നാണു് കരുതപ്പെടുന്നതു്. ഇതു് ഉയരത്തിൽ സ്ഥിതി ചെയ്യുന്നതെന്നു തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അതു ശരിയല്ല.
ഒരു സാധാരണ വൃക്ഷം മണ്ണിൽ നിന്നും പോഷകങ്ങൾ ശേഖരിച്ചു  വളരുമ്പോൾ സംസാരമാകുന്ന വൃക്ഷം പോഷകങ്ങളായ അറിവു  സമ്പാദിക്കുന്നതു് പരമാത്മാവിൽ നിന്നും ആണല്ലോ? ഇവിടെ മുകളിൽ  എന്നു പറയുമ്പോൾ ഉന്നതമായ ഒരു തലത്തിൽ എന്നാണു നാം  മനസ്സിലാക്കേണ്ടതു്, ഉയരത്തിൽ എന്നല്ല. നമ്മിൽ നിന്നും ഉന്നതമായ  ഒരു തലത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മാവിൽ നിന്നും പോഷകങ്ങളായ  അറിവു സമ്പാദിക്കുന്നു എന്നാണിവിടെ അർഥമാക്കുന്നതു്.  പരമാത്മാവിന്‍റെ മഹത്ത്വത്തെ കാണിക്കുവാനാണു് ‘മുകളിൽ’  എന്ന  വാക്കു ഉപയോഗിക്കുന്നതു്. അതുകൊണ്ടാണു് വേരുകളെ മുകളിലേക്ക്  എന്നു  പറുയുന്ന്തും.
മുകളിലേക്കു വേരുകൾ പോകുക എന്നതു സാധാരണമല്ല. അപ്പോൾ ആ  വേരുകൾ മണ്ണിലേക്കു തന്നെ വരാനും വളരുവനും ശ്രമിക്കും. അതു തന്നെയാണു നാം അശ്വദ്ധമരത്തിൽ കാണുന്നതും. ആ താഴേക്കു വരുന്ന  വേരുകളെ അരിഞ്ഞു തള്ളി മുകളിലുള്ള ആത്മജ്ഞാനം നേടാൻ നാം  ലൗകീക സുഖങ്ങളെ എത്രതന്നെ ക്രമീകരിച്ചാലും സാധിക്കില്ല. കാരണം ആത്മീയജ്ഞാനം നേടാതെ നമ്മുടെ ജീവിതത്തിൽ നിന്നും സുഖദുഃഖങ്ങളെ പുറം തള്ളി മോക്ഷം നേടുക സാദ്ധ്യമല്ല. അതുനു് അവയെ പുറം തള്ളാൻ ആത്മീയജ്ഞാനം തന്നെ ആവശ്യമാണു്.  അങ്ങനെ അദ്ധ്യാത്മജ്ഞാനം നേടാനും; ആ നേട്ടത്തിൽ കൂടി നരകം എന്ന  വിഷമമായ അവസ്ഥയെ ഒഴിവാക്കാനും വേണ്ടി സത്യാന്വഷികൾ മരത്തിന്‍റെ  വേരുകൾക്കും ലതാദികൾക്കും (സുഖദുഃഖങ്ങൾക്ക്) മദ്ധ്യേ,  രണ്ടിൽനിന്നും അകലാതെയും എന്നാൽ അവയിൽ ആകൃഷ്ടനാകാതെയും  അതിരിക്തമായ ഒരു ജീവിതചര്യ സ്വീകരിക്കണം. അപ്പോൾ മാത്രമേ  ഈ സംസാരദുഃഖങ്ങളിൽ നിന്നും മുക്തിനേടാനാകൂ. അപ്പോൾ “ഇരുപുറവും വരുമാറവസ്ഥയെപ്പൂ - ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും - തരുവിനടിക്കു തപസ്സുചെയ്തു വാഴുക” അത്യാവശ്യം തന്നെ. അങ്ങനെ ചെയ്യുന്ന “നരനു വരാ നരകം” എന്നു “നിനച്ചിടേണം.”

1 അഭിപ്രായം: