2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

ആത്മോപദേശശതകം – നാളിതുവരെ എനിക്കുമനസ്സിലായതു് – രണ്ടാം മന്ത്രം.

ഉദയഭാനു പണിക്കർ 

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

ജ്ഞാനത്തിന്‍റെ  ഉന്നതങ്ങൾ പലപ്പോഴും സാധാരണക്കാരനു മനസ്സിലാക്കാൻ വിഷമമായിരിക്കും. അപ്പോൾ അവർക്കു മനസ്സിലാകും വിധം ആ ആത്മീയ ജ്ഞാനത്തെ ലഘൂകരിച്ചു് നല്കുകയാണു ഗുരുദേവൻ മിക്ക കൃതികളിലും ചെയ്തിരിക്കുന്നതു്. എന്നാൽ ആ ജ്ഞാനത്തിന്‍റെ  ഉന്നതപീഠങ്ങൾ കാംഷിക്കുന്നവർക്ക് അതിലേക്കുള്ള വഴികളും ഗുരുദേവൻ തന്‍റെ കൃതികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്.

അദ്വൈതത്തിലെ ഏകത്ത്വം മനസ്സിലാക്കാൻ ആദ്യം അതിലടങ്ങിയിരിക്കുന്ന ഉഭയസൂചകമായവയെ മനസ്സിലാക്കി അവയിലെ ഏകത്ത്വത്തെ യോഗയുക്തമായി  ബംന്ധിപ്പിക്കുകയാണു ഗുരുദേവൻ തന്‍റെ   കൃതികളിൽക്കൂടി  ചെയ്തിരിക്കുന്നത്, പ്രത്യേകിച്ചും ദൈവദശകത്തിലും ആത്മോപദേശശതകത്തിലും കൂടി.

ശരീരത്യഗത്തിനുശേഷം അത്മാവിനു രണ്ടു വഴികളിൽ പോകാം. (ശരീരത്യാഗത്തെപ്പറ്റിയല്ല ഇവിടെ പറയുന്നതു്, ശരീരത്യാഗത്തിനു ശേഷമുള്ള യാത്രയെപ്പറ്റിയാണു്.) പുനരാവർത്തനത്തിലൂടെ വീണ്ടും ജനിക്കാം അല്ലെങ്കില്‍  പുനരാവർത്തിരഹിതമായ മോക്ഷത്തിലേക്കു പോകാം.

സദാ യോഗായുക്തരായി ഇന്ദ്രീയമനോബുദ്ധികളെ അകറ്റി അന്തർമുഖരായി വ്യാമോഹങ്ങൾ വെടിഞ്ഞു്  അവയെക്കുറിച്ചു് അഭിമാനം കൊള്ളാതെയും  ജീവിക്കുന്നവയോഗികളാണു്. അവർ മോക്ഷത്തിലേക്കുതന്നെ പോകും. കർമ്മോന്മുഖരായിരിക്കുമ്പോഴും പരമാത്മാവിനെ സ്മരിക്കുവാനും എല്ലാം പരമാത്മാവിൽ അർപ്പിച്ചു കർമ്മനിരതരാകുവനും  ആ യോഗികൾക്കു സാധിക്കും. (ഇതിനുള്ള ഒരു ഉത്തമ ഉദാഹരണമാണു് ശ്രീ നാരായണഗുരുദേവൻ). അങ്ങനെ സാധിക്കണമെങ്കിലോ, ആ പരമാത്മാവിനെ നാം തിരഞ്ഞു തേടുകതന്നെ വേണം. ആ തിരഞ്ഞുള്ള തേടൽ ആണു ഗുരുദേവൻ ഇവിടെ പറയുന്നതു്.

ശ്രീനാരായണഗുരുദേവന്‍റെ  കൃതികളിൽ ദൈവദശകം മാത്രമേ അല്പം പഠിക്കാൻ സാധിച്ചിരുന്നുള്ളൂ. ആറാം വയസ്സിൽ തുടങ്ങി എങ്കിലും ഇനിയും തീർന്നിട്ടില്ല. ആ പഠനത്തിന്‍റെ സഹായത്തിനായി ഗുരുദേവന്‍റെ മറ്റു പല കൃതികളും അതോടൊപ്പം ചില ഉപനിഷത്തുക്കളും പഠിക്കുവാൻ ശ്രമിക്കുകയുണ്ടായി.  ആത്മോപദേശശതകം ചർച്ച ചെയ്യാം എന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോൾ മാത്രമാണു് ആത്മോപദേശശതകം ശരിക്കും പഠിക്കാനുള്ള ശ്രമം ആരംഭിച്ചതു്. മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുകയാണു്. ഇതുവരെ എഴുതുയതു വായിച്ചിട്ടു് പലരും അഭിപ്രായങ്ങൾ പറഞ്ഞു. ആ പരാമർശങ്ങൾ വീണ്ടും പഠിക്കാൻ പ്രേരകമായി. ചോദ്യങ്ങളും അഭിപ്രായങ്ങളും വായിച്ചപ്പോൾ സ്വയം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായി. വീണ്ടും പരതി നോക്കി, അപ്പോൾ കണ്ടതും അതിനെത്തുടർന്നു  പൊന്തിവന്ന ചിന്തകളുംകൂടി ചേർത്തെഴുതുന്നു.

അന്തക്കരണങ്ങളും (മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം) ജ്ഞാന-കർമ്മേന്ദ്രീയങ്ങളും ഈ അഘിലാണ്ഡവും;  സകലമാനമായ ജ്ഞാനവിഷയങ്ങളും; ഇവയെയെല്ലാം സ്വയം പ്രകാശിതമായിരിക്കുന്ന, പരമമായ ആ ആത്മപ്രഭാവത്തിന്‍റെ ചൈതന്യസ്ഫുരണം മാത്രമാണു്. വിശകലനം ചെയ്തു നോക്കിയാൽ ഇതു മനസ്സിലാക്കാം. അങ്ങനെ  വിശകലനം ചെയ്തു നോക്കി മനാസ്സിലാക്കേണ്ടതും ആണു.

നശ്വരസ്വരൂപമാണു് അവിദ്യ”, അനശ്വരസ്വരൂപമാണു “വിദ്യ”. ഇവയ്ക്കുരണ്ടിനും; ഉദ്ഭവവും നാശവും ഇല്ലാത്തതും അപാരവുമായ പരബ്രഹ്മം തന്നെ സാക്ഷിയാണ്. അഥവാ ആ പരബ്രഹ്മത്തിൽ നിന്നും ആണു് രണ്ടും ഉത്ഭവിക്കുന്നതു്. ഇവ രണ്ടിനേയും ആ പരമാത്മാവുതന്നെ ഭരിക്കുകയും ചെയ്യുന്നു. എന്നാൽ ആ പരമാത്മാവ്‌ രണ്ടിൽ നിന്നും അന്യം ആണുതാനും. പരബ്രഹ്മത്തിന്‍റെ തന്നെ മഹാമായയാൽ ചലിക്കുന്നതാണീ അഘിലാണ്ഡം മുഴുവനും. ജ്ഞാനം, ഭക്തി, പ്രേമം, വൈരാഗ്യം മുതലായ സദ്ഗുണങ്ങൾ വിദ്യാമായ നല്കുന്നു. “അവിദ്യാമായഞ്ചഭൂതങ്ങളേയും ഇന്ദ്രീയഭോഗസുഖാദികളേയും നല്കി നമ്മേ ഈശ്വര-വിസ്മൃതരാക്കുന്നു.

ഒന്നു ആത്മീയതലത്തിലും മറ്റൊന്നു ഭൗതികതലത്തിലും നമ്മേ നയിക്കുന്നു. എന്നൽ ജീവിതം ഇവരണ്ടിന്‍റെയും ഒരു സംതുലനാവ്സ്ഥയിലേക്കു നയിക്കുകയാണു സാധാരണ മനുഷ്യനു് അഭികാമ്യമായിട്ടുള്ളതു്. (ഈ കാരണത്താലാണു് ഗുരുദേവൻ രണ്ടിനും തന്‍റെ ദർശനങ്ങളിൽ സ്ഥാനം കൊടുത്തിരിക്കുന്നതും.) അങ്ങനെയുള്ളതിനെ സ്വീകരിക്കുവാനും അല്ലാത്തതിനെ ത്യജിക്കുവാനും നമ്മേ അനുശാസിക്കുന്ന ശക്തി, എല്ലാത്തിനും കാരണഭൂതനായ ആ പരമാത്മാവു തന്നെയാണു്, മറ്റൊന്നുമല്ല. സർവ്വവ്യാപിയും, സർവ്വാന്തര്യാമിയും സർവ്വപ്രകാശരൂപനുമായ ആ പരമാത്മാവു് തന്നെയാണു സകലത്തിനും ചൈതന്ന്യസ്ഫുരണമായി നില്ക്കുന്നതും. സത്യം നാം മനനവിചാരാദികളാൽ തത്ത്വശോധന ചെയ്തു മനസ്സിലാക്കേണ്ടതാണു്. അതാണു് അന്തിമലക്ഷ്യത്തിലേക്കുള്ള പാത.

കൂടാതെ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യനിലെ തേജസ്സും ചന്ദ്രനിലെയും അഗ്നിയിലേയും തേജസ്സും എല്ലാം ആ പരബ്രഹ്മം തന്നെ. അതേ പരബ്രഹ്മംതന്നെ എല്ലാവരുടേയും ഹൃദയത്തിൽ കുടികൊള്ളുന്നു. ആ പരബ്രഹ്മത്തിൽ നിന്നു തന്നെയാണു് സ്മൃതിയും ജ്ഞാനവും വിസ്മൃതിയുമെല്ലാം ഉണ്ടാകുന്നതും. വേദങ്ങളിലൂടെ അറിയപ്പെടേണ്ടവനും, വേദാന്തകർത്താവും വേദജ്ഞാനവും അതേ പരബ്രഹ്മം തന്നെ.

ഭാരതത്തിന്‍റെ ആത്മീയത വെറും ഒരു മതം അല്ലാ എന്നും, എന്നാൽ അവയെ രണ്ടിനേയും (ആത്മീയതയേയും മതത്തേയും) സമന്ന്യയിപ്പിച്ചു കൊണ്ട് – മതത്തെ പിന്തള്ളി ആത്മീയതയിലൂടെ – എങ്ങനെ സകലചരാചരങ്ങളുടേയും നന്മയ്ക്കായി  അവയെ ഉപയോഗപ്പെടുത്താം എന്നും ഗുരുദേവൻ ഈ കൃതിയിലൂടെ കാട്ടിത്തരുന്നു. അതിന്‍റെ മുന്നോടി ആയിട്ടാണു് ഈ മന്ത്രത്തെ കാണേണ്ടതു്.

ദൈനംദിനജീവിതത്തിൽ ഭക്തിയും കർമ്മവും സമന്യയിപ്പിച്ചു ജ്ഞാനത്തിലേക്കും അവിടെനിന്നും ദാർശൻകിതയിലേക്കും അതുവഴി മോക്ഷത്തിലേക്കും എങ്ങനെ നയിക്കാം എന്നു  കാട്ടിത്തരുന്ന കൃതിയാണു് ആത്മോപദേശശതകം. അപഗ്രധിച്ചു നോക്കുമ്പോൾ;  ജനനം, ജീവിതം, മരണം തുടങ്ങിയ പ്രക്രിയകൾക്കു വിധേയമാകുന്ന സകലത്തിനും; ഭൗതികതയിൽ സൂര്യൻ എങ്ങനെ പ്രകാശമാനമാക്കി ശക്തിനല്കുന്നുവോ, അതേ പോലെ ആത്മീയതലത്തിൽ സകലത്തിന്നും പ്രകാശവും ഇന്ദ്ധനവും ആയി വിലസ്സുന്ന അനന്തവും  സ്വയം പ്രകാശിതവും ആയ ആത്മപ്രകാശത്തിന്‍റെ  കണികകളും ആ ആത്മപ്രകാശം തന്നെയും ആണു് ഈ അഘിലാണ്ഡമെല്ലാം, എന്ന സത്യം മനസ്സിലാക്കിവോണം ജീവിക്കേണ്ടതെന്നു ഗുരുദേവൻ ഇവിടെ നമ്മേ ഉത്ബോധിപ്പിക്കുന്നു.

നമ്മേപ്പോലെ തന്നെ ഈ പ്രപഞ്ചം മുഴുവനും തന്നെ ജീവികളാണു്- ജീവനില്ലാ എന്നു നാം കരുതുന്നവയും. സൂര്യ-ചന്ദ്രന്മാരും മറ്റു ഭൂഗോളങ്ങളും എല്ലാം – ഈ ഭൂമീദേവി ഉൾപ്പെടെ സകലതും. (ഭൂമീദേവിയും സൂര്യചന്ദ്രന്മാരും പുരാണങ്ങളിൽ കഥാപാത്രങ്ങളായതും ഇക്കാരണത്താൽ തന്നെയാണു്.) എല്ലാവർക്കും ആവരവരുടേതായ കർമ്മങ്ങളും ഉണ്ട്. അതു ചെയ്തു തന്നെ ആകണം. അതാണു ഗീതയും നമ്മെ പഠിപ്പിക്കുന്നതും.

ആത്മസാക്ഷാത്ക്കാരത്തിനു് അന്തര്യാമിയായ കരുവിനെ തെരുതെരെ വീണുവണങ്ങിയതുപോലെ എല്ലാ ജ്ഞാനവിഷയങ്ങളുടെയും ഉറവിടമായി പരമമായാആകാശത്തിൽ പ്രകാശം പരത്തി, എല്ലാത്തിനും ശക്തിയായി വർത്തിക്കുന്ന ആ ചൈതന്യത്തെ നാം സൂക്ഷമമായി പഠിച്ചു മനസ്സിലാക്കണം.

ചിന്തിക്കുക എന്നതു് ധാർമ്മീകമായ ഒരു കർമ്മം ആണു്. അതു നമ്മുടെ ഉള്ളിൽ നടക്കുന്നതും ആണു്. കാണുന്നതും കേൾക്കുന്നതും മണക്കുന്നതും മറ്റും  ഓരോ ഇന്ദ്രീയങ്ങളിൽക്കൂടിയാണു്. ഉള്ളിൽ നടക്കുന്ന ചിന്തയെ നയിക്കുന്നതും ഒരു ഇന്ദ്രീയം തന്നെ. അതാണു ചിത്തം. ഇങ്ങനെ ജോലിയിൽ മുഴുകിയിരിക്കുന്ന ഇന്ദ്രീയങ്ങളാണു് കരണങ്ങൾ. ആന്തരികമായ ജോലിചെയ്യുന്നവയെ അന്തക്കരണങ്ങൾ എന്നു പറയുന്നു. എന്തെങ്കിലും കണ്ടാൽ, കേട്ടാൽ, അല്ലെങ്കില്‍ അനുഭവിച്ചാൽ അതെന്താണെന്നറിയാൻ, അതെങ്ങനെ ഉണ്ടായി എന്നറിയാൻ ആഗ്രഹം ഉണ്ടാകുന്നു. അതുസ്സിന്‍റെ ജോലിയാണു്. അതറിയാനുള്ള ആഗ്രഹം അന്വഷണമായി മാറുന്നു. ഇതു ചെയ്യുന്നതു് ബുദ്ധിയാണു്. ബുദ്ധിയിൽ തെളിയുന്ന അറിവിന്‍റെയും നമ്മുടെ ആവശ്യത്തിന്‍റെയും വെളിച്ചത്തിൽ നാം തീരുമാനങ്ങൾ എടുക്കുന്നു. തീരുമാനങ്ങൾ എടുക്കുവാൻ അനുഭവങ്ങളും അറിവുകളും സഹായിക്കുന്നു. ഈ അറിവിനേയും അനുഭവങ്ങളേയും ബുദ്ധിക്കുപദേശിച്ചു കൊടുക്കുന്നതു് ചിത്തം എന്ന അന്തക്കരണമാണു (അന്ത-കരണമാണു). ആ ഉപദേശങ്ങൾക്കനുസരിച്ചു നാം കാര്യങ്ങൾ ചെയ്യുന്നു. ചെയ്യുന്ന കാര്യങ്ങൾ നമ്മിൽ പല അനുഭവങ്ങളും ഉണ്ടാക്കുന്നു. ഈ അനുഭവങ്ങളിൽ പ്രീയങ്ങളും അപ്രീയങ്ങളും ആയവ  ഉണ്ടാകാം. ഈ പ്രീയ-അപ്രീയഅനുഭൂതികൾ നമ്മിൽ ഉണ്ടാക്കുന്ന പ്രതികരണം  ആണു് അഹങ്കാരം. ഈ അഹങ്കാരം നമ്മുടെ  ഇന്ദ്രീയങ്ങളെ നീയന്ത്രിക്കുന്നു, അവയെ ചലനാത്മകമാക്കുന്നു, അല്ലെങ്കില്‍ നമുക്കു് വീണ്ടൂം അനുഭവങ്ങൾ തരുന്നു. അനുഭവങ്ങൾ ഇന്ദ്രീയാത്മകമാകാം, അതെപോലെ മാനസികവും ആകാം. ഈ അനുഭവങ്ങൾ നമ്മിൽ പല താല്പര്യങ്ങളും ഉണ്ടാക്കും. ഈ അനുഭവങ്ങൾ അന്തമില്ലാത്തവയാണു്. ഇതാണു നാം അനുഭവിക്കുന്ന ജഗത്തു്. നാം കാണുന്നതും അനുഭവിക്കുന്നതും എല്ലാം ആ ആത്മസൂര്യന്‍റെ  ശക്തിയാണു്. ആ ശക്തിയാണു് “തിരുവുരു”. അതിനെയാണു നാം തിരഞ്ഞു തേറിടേണ്ടതും.
ഇന്ദ്രീയങ്ങൾ നമ്മേ നീയന്ത്രിക്കാതെ നാം ഇന്ദ്രീയങ്ങളെ നീയന്ത്രിക്കണം. അപ്പോൾ നാം സത്ത്വഗുണധർമ്മമായ പ്രകാശത്തെയും, രജോഗുണധർമ്മമായ പ്രവൃത്തിയേയും, തമോഗുണധർമ്മമായ മോഹത്തേയും അറിയും. അവ ഉള്ളപ്പോൽ ദ്വേഷിക്കുകയോ ഇല്ലാത്തപ്പോൾ കാംഷിക്കുകയോ ചെയ്യാത്തവർ ഗുണാതീതരാകും. അവർ സ്ഥിരചിത്തരായി വർത്തിക്കും. അവരിൽ നിന്ദയും സ്തുതിയും വ്യതിയാനങ്ങൾ ഉണ്ടാക്കില്ല. മൺകട്ടയും കല്ലും സ്വർണ്ണവും എല്ലം അവർക്കു തുല്ല്യമായിരിക്കും. അവർ മാനത്തേയും അപമാനത്തേയും തുല്ല്യമായി കരുതും. മിത്രപക്ഷത്തേയും ശത്രുപക്ഷത്തേയും ഒരേ നിലയിൽ കാണും. അങ്ങനെയുള്ളവർ പക്ഷം നോക്കതെ തെറ്റിനെ തെറ്റായും ശരിയെ ശരിയായും കാണും.

ചില പണ്ഡിതർ പറയാറുണ്ട് ആത്മാവ് എങ്ങും പോകുന്നില്ലാ എന്നു്. ആത്മാവു് എങ്ങും ‘പോകുന്നില്ലാ’ എന്നുതു ശരിതന്നെ, എന്നാൽ ‘പോകുന്നു’ എന്നതും ശരിയാണു്. ഇവിടെ  ‘പോകുന്നു’ എന്നതുകൊണ്ടർദ്ധമാക്കുന്നത്; ‘ജടത്തെ പ്രവർത്തനയോഗ്യമാക്കിയിരുന്ന  ഊർജ്ജവും ചൈതന്യവും ആ ജടത്തിൽ  പ്രവർത്തക്കുന്നില്ല’  എന്നാണു്. ആത്മീയ ചിന്തയിൽ അല്ലെങ്കിൽ ചർച്ചയിൽ ‘പോകുന്നില്ലാ’,   ‘പോകുന്നു’  എന്ന  സംജ്ഞകളെ ഭൗതികതലത്തിൽ നിന്നു കാണാതിരിക്കുകയാണു് ഉത്തമം. ആത്മീയതയെ  ഭൗതികതയുടെ അളവുകോൽ കൊണ്ടളക്കുന്നതിനു തുല്ല്യമായിരിക്കും അതു് -  രണ്ടടി നീളം ചായ ചോദിച്ചതു പോലെ.

ജനിക്കാത്തവനും നശിക്കാത്തവനും ആണെന്നിരുന്നാലും;  ജീവജാലങ്ങളുടെയെല്ലാം നായകൻ എങ്കിലും; സ്വപ്രകൃതിയെ വശീകരിച്ചു്, അല്ലെങ്കിൽ  ആശ്രയിച്ച്; സ്വന്തം മായാശക്തികൊണ്ടു്  ആ സർവ്വവ്യാപി (പരമാത്മാവ് ജീവാത്മാവായി) ജന്മം എടുക്കുന്നു. എങ്കിലും, ഇവിടെ വരുന്നുമില്ല പോകുന്നും ഇല്ല; എന്നാൽ വരുന്നും  ഉണ്ട് പോകുന്നും ഉണ്ട്. അതാണു് ആത്മാവു്.

ഇന്ദ്രീയവേദ്യമല്ലാത്ത സ്വരൂപത്തോടുകൂടിയ പരബ്രഹ്മത്താൽ ഈ എല്ലാ ജഗത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു. ഭൂതങ്ങളെല്ലാം പരബ്രഹ്മത്തിൽ ഇരിക്കുന്നു. ആ പരബ്രഹ്മം അവയിൽ ഇരിക്കുന്നും ഇല്ല. എന്നാൽ (യഥാർത്ഥത്തിൽ) ഭൂതങ്ങൾ ബ്രഹ്മത്തിൽ ഇരിക്കുന്നില്ല. ബ്രഹ്മത്തിന്‍റെ ഐശ്വരമായ യോഗവൈഭവം ഭൂതങ്ങളെ ഉണ്ടാക്കുന്നു; ആ ഭൂതങ്ങളെ ഭരിക്കുന്നു; ഭൂതങ്ങളിൽ എരിക്കുന്നില്ല. അപ്പോൾ പോകുന്നില്ല, വരുന്നും ഇല്ല. എന്നാൽ പോകുന്നും ഉണ്ട്, വരുന്നും ഉണ്ട്. ഇരുണ്ട  രാത്രിയിൽ വഴിയിൽ കണ്ട (കണ്ടെന്നു് നമുക്കു തോന്നിയ പാമ്പ്), വെളിച്ചം കാട്ടിയപ്പോൾ എവിടയോ പോയി മറഞ്ഞു. അപ്പോൾ പാമ്പു വരികയും ചെയ്തു പോവുകയും ചെയ്തു. എന്നാൽ വന്നും ഇല്ല പോയും ഇല്ല.

വൃഷ്ണികളിലെ ശ്രീകൃഷ്ണനും, പാണ്ഡവരിലെ അർജ്ജുനനും മുനിമാരിലെ വ്യാസനും കവികളിലെ ശുക്രൻ (ഉശനസ്സ്) എന്ന കവിയും ഒരേ പരബ്രഹ്മം (അത്മാവു) തന്നെ ആകുന്നു. ഭരണാധിപന്മാരുടെ (ശാസകന്മാരുടെ) ദണ്ഡനവും (ശാസനാശക്തി) ജയേച്ഛുക്കളുടെ നയവും രഹസ്യങ്ങളിലെ മൗനവും ജ്ഞാനികളിലെ ജ്ഞാനവും ആ പരബ്രഹ്മം തന്നെ. മാത്രമല്ല, സർവ്വ ഭൂതങ്ങൾക്കും ബീജം യാതൊന്നോ അതും ആ പരബ്രഹ്മം തന്നെ. ചരമോ അചരമോ ആയ ഒന്നും തന്നെ ആ പരബ്രഹ്മത്തെക്കൂടാതെ നിലനില്ക്കുന്നില്ല. മഹിമയുള്ളതോ ഐശ്വര്യമുള്ളതോ ഉൾക്കരുത്തുള്ളതോ ആയി ഏതൊക്കെയുണ്ടോ അതൊക്കെയും ആ പരബ്രഹ്മതേജസ്സിന്‍റെ  അംശത്തിൽ നിന്നും ഉണ്ടായവതന്നെയാണു്.

മഹത്തായ പ്രകൃതിയും ബ്രഹ്മം തന്നെ. ആ പ്രകൃതിതന്നെയാണു് ആ പരബ്രഹ്മത്തിന്‍റെ  ഗർഭാധാനസ്ഥനാമാകുന്നതും. അതിൽ ആ പരബ്രഹ്മം തന്നെ ഗർഭാധാനം ചെയ്യുന്നു. അതിൽ നിന്നാണു സർവ്വചരാചരങ്ങളും ജനിക്കുന്നതു്. വിവിധ രൂപത്തിലുള്ള സർവ്വ ചരാ-ചരങ്ങളുടേയും ജനനി മഹത്തായ പ്രകൃതിയും, ആ ബീജധാനം ചെയ്യുന്ന ജനകൻ പരബ്രഹ്മവും ആണു്.

സാത്ത്വികങ്ങളായി എന്തൊക്കെയുണ്ടോ, അതുപോലെ തന്നെ രാജസങ്ങളായും താമസങ്ങളായും എന്തൊക്കെയുണ്ടോ; അവയൊക്കെയും ആ പരബ്രഹ്മത്തിൽ  നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണു്. അങ്ങനെയാണെങ്കിലും ആ പരബ്രഹ്മം  അവയിലില്ല; അവ പരബ്രഹ്മത്തിലാണുള്ളതു്. (ഇതു സംശയം കൂട്ടുന്നുണ്ടാകാം – ഇവിടെ മണ്ണു കലത്തിലുണ്ടു്, എന്നൽ കലം മണ്ണിലില്ല; “പാമ്പു കയറിലുണ്ടു്, എന്നാൽ കയർ പാമ്പിലില്ലന്നും ർക്കുക.)

കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുമോ? അതും ചിന്തിക്കേണ്ടതു തന്നെ. കർമ്മങ്ങളുടെ ഫലസിദ്ധി കൊതിക്കുന്നവർ ദേവതകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. എന്തെന്നാൽ മനുഷ്യലോകത്തിൽ കർമ്മത്തിനുള്ള ഫലസിദ്ധി വേഗത്തിൽ ലഭിക്കുന്നു. അപ്പോൾ കർമ്മങ്ങൾ ചെയ്യുന്നു, ആത്മാവു ശരീരം കൊണ്ടും മനസ്സുകൊണ്ടും കർമ്മം ചെയ്യുന്നു. എന്നാൽ, കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവിനു കർമ്മഫലത്തിൽ ആഗ്രഹവും ഇല്ല. (അഗ്രഹം പാടില്ലാ എന്നു പറയുകായാവും വേണ്ടതു്.) ഈ സത്യം അറിയുന്നവർ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നും ഇല്ല. ഈ സത്യം അറിയുന്നവരെ ആ കർമ്മങ്ങൾ ബാധിക്കുന്നും ഇല്ല. അങ്ങനെ എങ്കിൽ  ആ സത്യം അറിയാത്തവരെ ബാധിക്കുന്നുണ്ടാകണം.  അപ്പോൾ ആത്മാവു കർമ്മം ചെയ്യുന്നുണ്ട്, എന്നൽ ചെയ്യുന്നും ഇല്ല. ജീവാത്മാവു തന്നെയാണു പരമാത്മാവെങ്കിലും അതിസാധനയിൽക്കൂടി ആ സത്യം ആ  ജീവാത്മാവു മനസ്സിലാക്കും വരെ കർമ്മങ്ങൾ ജീവാത്മാക്കളെ ബാധിക്കും. അതുകഴിഞ്ഞാൽ ബാധിക്കില്ല.

കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും കാണുവാൻ സാധിക്കുന്നവർ ബുദ്ധിയുള്ളവർ  തന്നെ. അങ്ങനെയുള്ളവർ യോഗികളും, കർമ്മങ്ങൾ ധർമ്മാനുസാരം ചെയ്യുന്നവരും ആയിരിക്കും. ആരുടെ കർമ്മങ്ങൾ കാമസങ്കല്പ്പമുക്തമാണോ അവർ ജ്ഞാനാഗ്നിയിൽ തന്‍റെ കർമ്മങ്ങളെ ബലിയർപ്പിച്ചു ദഹിപ്പിക്കുന്നുമ്പോൾ അവർ ജ്ഞാനികൾ ആകും. കർമ്മഫലാസക്തി വെടിഞ്ഞ് ആത്മാനന്ദത്തിൽതന്നെ സദാ തൃപ്തരും മറ്റൊന്നും ആശ്രയിക്കാത്തവരും  ആയ അവർ, കർമ്മത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കയാണെങ്കിലും ഒന്നും ചെയ്യുന്നില്ല.

അവിദ്യയെ സേവിക്കുന്നവർ അന്ധമായ തമസ്സിനെ പ്രാപിക്കുന്നു. വിദ്യയിൽ മാത്രം തല്പരരായിരിക്കുന്നവർ അതിനേക്കാളും കൂടുതലായുള്ള ഇരുട്ടിനെ പ്രാപിക്കുന്നു, എന്നാണു് ഈശാവാസ്യോപനിഷത്തിൽ പറയുന്നതു്. കർമ്മാനുഷ്ടാനം ഒരു ഉപായവും ഉപേയവും ആയിക്കരുതി കർമ്മം ചെയ്യുന്നവർ അധോഗതിയിലേക്കു പോകും. എന്നാൽ കർമ്മങ്ങളെ  ഉപേക്ഷിച്ചു ദേവതാദി ജ്ഞാനത്തെയും ഉപാസനയേയും മാത്രം ആശ്രയിക്കുന്നവരുടെ ഗതി അതിലും വലിയ അധോഗതിയായിരിക്കും.

ജ്ഞാനികൾ  ഫലകാംഷയില്ലാതെ മനസ്സിനേയും ഇന്ദ്രീയങ്ങളെയും അടക്കി യാതൊരു വിധമായ ലാഭേശ്ഛയും കൂടാതെ കർമ്മം ചെയ്യും.  അവർക്കു മാലിന്യം അഥവാ പാപം ഉണ്ടാകയില്ല. കർമ്മഫലത്തിൽകൂടി (അവിചാരിതമായി) കിട്ടുന്നതെന്തും കൊണ്ടു അവർ ത്രപ്തിപ്പെടുന്നു. അവർ സുഖദുഃഖങ്ങളിൽ ഭേദഭാവനയില്ലാത്തവരായും സദാ  (സിദ്ധിയിലും അസിദ്ധിയിലും) സമചിത്തരായും ഇരിക്കുന്നു.  അങ്ങനെയുള്ളവർ കർമ്മങ്ങളാൽ ബാധിക്കപ്പെടുന്നില്ല. അവർ, ഈ പ്രപഞ്ചത്തിലുള്ള ഒന്നിനോടൂം  ആസക്തിയില്ലാത്തവരായി രാഗബംന്ധത്തിൽ നിന്നു മുക്തമാനസരായി ആത്മജ്ഞാനത്തിൽ ഉറച്ച മനസ്സോടുകൂടിയവരായി, യജ്ഞഭാവത്തിൽ ചെയ്യപ്പെടുന്ന എല്ലാ കർമ്മങ്ങളും യജ്ഞമാണു്. ആ കർമ്മം പുണ്യപാപങ്ങൾക്കു കാരണമാകാതെ വിലയം പ്രാപിക്കുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മങ്ങളായ  യജ്ഞങ്ങളിലെ അർപ്പണവും അർപ്പിക്കപ്പെട്ടതും അർപ്പിക്കുന്നവരും ആർക്കു്  അർപ്പിക്കപ്പെട്ടുവോ അതും  ബ്രഹ്മം തന്നെ. അങ്ങനെയുള്ള യജ്ഞം മോക്ഷപ്രാപ്തിക്കുള്ള മർഗ്ഗമാണു്.

യോഗികൾ “ദൈവയജ്ഞം” തന്നെ അനുഷ്ടിക്കുന്നു. ചിലർ ബ്രഹ്മമാകുന്ന അഗ്നിയിൽ യജ്ഞത്താൽ തന്നെ  (ആത്മാർപ്പണഭാവത്താൽ) യജ്ഞത്തെ അധവാ (സ്വ-വ്യക്തിത്വത്തെ) ആഹൂതി ചെയ്യുന്നു. വേറേ ചിലർ ശ്രോത്രം തുടങ്ങിയ ഇന്ദ്രീയങ്ങളെ സംയമമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. മറ്റു ചിലർ ശബ്ദം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രീയങ്ങളാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. വേറെ ചിലർ എല്ലാഇന്ദ്രീയവ്യാപാരങ്ങളേയും പ്രാണവൃത്തികളേയും വിവേകവിചാരത്താൽ ജ്വലിപ്പിക്കപ്പെട്ട ആത്മസംയമയോഗമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. വരെ കൂടാതെ വേറെയും ദ്രവ്യയജ്ഞം ചെയ്യുന്നവരും തപോയജ്ഞം ചെയ്യുന്നവരും യോഗയജ്ഞം ചെയ്യുന്നവരും സ്വാദ്ധ്യായയജ്ഞം ചെയ്യുന്നവരും ജ്ഞാനയജ്ഞം ചെയ്യുന്നവരുമായി ദൃഢവ്രതന്മാരായ സാധകർ ഉണ്ടു്.

‘പ്രാണായാമ’തല്പരരായ വേറെ ചിലർ പ്രാണാപാനന്മാരുടെ ഗതിയെ നിയന്ത്രിച്ചിട്ട് പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ആഹൂതി ചെയ്യുന്നു. മറ്റു ചിലർ   അഹാരം നീയന്ത്രിച്ച് പ്രാണങ്ങളെ പ്രാണങ്ങളിൽ ഹോമിക്കുന്നു: ഇവരെല്ലാവരും യജ്ഞതത്ത്വം അറിയുന്നവരും യജ്ഞം കൊണ്ടു പാപമറ്റവരും ആകുന്നു.

അപ്പോൾ കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുമോ? കർമ്മം ചെയ്യേണ്ടതുണ്ടോ? അതും ചിന്തിക്കേണ്ടതു തന്നെ. “ആരും ഒരിക്കലും - ക്ഷണനേരം പോലും, കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. എന്തെന്നാൽ, പ്രകൃതിയിൽ നിന്നുണ്ടായ ഗുണങ്ങളിൽ എല്ലാവരും അസ്വതന്ത്രരായിട്ട് കർമ്മം ചെയ്യിക്കപ്പെടുന്നു.”

അപ്പോൾ മോക്ഷം ലഭിക്കണമെങ്കിൽ നാം ആ അത്മാവിനെ, ആ ഭാനുമാനേ അറിയണം. അതിനെ അറിയാൻ തിരഞ്ഞു തേറിടേണം”.

ഒന്നാം ശ്ലോകത്തിലെ അറിവിലുമേറിയറിഞ്ഞിടുന്നവനും, രണ്ടാം ശ്ലോകത്തിലെ ഭാനുമാനും, മൂന്നാം ശ്ലോകത്തിലെ സമുദ്രവും അദ്വൈതത്തെയും;  ഒന്നാം ശ്ലോകത്തിലെ  കണ്ണുകളഞ്ചും, രണ്ടാം ശ്ലോകത്തിലെ അനേകജഗത്തും, മൂന്നാം ശ്ലോകത്തിലെ അനാത്മാവും അവിദ്യാപരമാഇന്ദ്രീയങ്ങളും, വിഭൂതികളും, തിരമാലകളുംദ്വൈതമല്ലാത്തതിനേയും സൂചിപ്പിക്കുന്നു.

ആത്മാവു് ഒരു ഘരവസ്തുവോ ദ്രാവകമോ വാതകമോ അല്ല. അതിനെ ഒരു ഭൗതീക വസ്തുവായിക്കാണ്ടു് അതിന്‍റെ   ആഗമനവിഗമനങ്ങളെ വിലയൊരുത്തിയാൽ അതു വരുന്നില്ലാ”, പോകുന്നില്ലാ എന്നു പറയാം. ആത്മാവു് ഒരു ഭൗതീക വ്സ്തു അല്ലാത്തതിനാൽ ഭൗതികമായ പോക്കു-വരവുകൾ അതിനില്ല. എന്നാൽ അതു പോകയും ചെയ്യും വരുകയും ചെയ്യും. ഒരു വ്യക്തി മരിക്കുമ്പോൾ ആത്മാവു എവിടെ പോകുന്നു? ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നതാണല്ലോ? ജീവൻ പോയി എന്നുപറയുമല്ലോ, അതുതന്നെ ഇതും.

അല്പം കൂടി ചിന്തിച്ചാൽ -  വന്നുവോ പോയോ എന്നെന്തിനു ചിന്തിക്കണം. അത്മാവിനെത്തന്നെ കണ്ടിട്ടില്ലല്ലോ! അപ്പോൾ അതുണ്ടോ എന്നും തേടേണ്ടിയിരിക്കുന്നു.  അങ്ങനെ  സത്യം അറിയാനുള്ള ഒരു അന്വഷണം; അതാണല്ലോ നമ്മുടെ ജീവിതലക്ഷ്യം.  പോകുന്നൂ എന്നും പോകുന്നില്ലാ  എന്നും ഉള്ള ആ ദ്വൈതതആണോ സത്യം, അതോ നിത്യ സത്യമായ ആത്മാവാണോ (അദ്വൈതം) സത്യം എന്നു് തിരഞ്ഞു തേടിറിയാനുള്ള ഒരു ഉപാധിയാണല്ലോ ഈ ആത്മോപദേശശതക പഠനം. അതാണല്ലോ നാം നേടേണ്ടതും. അതുകൊണ്ടു എല്ലാവരും അവരാൽക്കഴിയും  വിധം അഭിപ്രായങ്ങൾ പറയുക. അതു ദയവായി വെറും (സം)വാദത്തിനുവേണ്ടി  ആക്കാതിരിക്കുക. അറിയാനും അറിയിക്കാനും ആയിരിക്കട്ടെ.

ഈ ലേഖനങ്ങൾ ഭാരതത്തിന്‍റെ ആത്മീയകാര്യങ്ങളിൽ അറിവുനേടാനുള്ള എന്‍റെ ശ്രമത്തിന്‍റെ പ്രതിധ്വനികളാണു്. അവ അറിവിന്‍റെ മൂർത്തീമത്ഭാവം അയിരിക്കണം എന്നില്ല. ആയിരുന്നെങ്കിൽ പണ്ടേ മോക്ഷപ്രാപ്തി ലഭിക്കണമായിരുന്നു. “വാദിക്കായും ജയിക്കായുമല്ല” ലക്ഷ്യം; “അറിയലും അറിയിക്കലും” ആണെന്നുള്ള വിശ്വാസം കാരണം അഭിപ്രായം ഉള്ളവ അറിയിക്കുവാനപേക്ഷിക്കുന്നു. നാം അറിഞ്ഞതിനെ അന്യോന്യം പങ്കുവയ്ക്കുക. അതാണു ലക്ഷ്യം.

(ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവയെ വ്യക്താധിഷ്ടിതമാക്കാതെ തത്ത്വാധിഷ്ടിതമാക്കാനപേക്ഷിക്കുന്നു.)

ഇവിടെ എഴുതിയിരിക്കുന്നതൊന്നും എന്‍റെ സ്വന്തം സൃഷ്ടിയല്ല. ഇതിനെല്ലാം ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ,  സ്വാമി മധുസൂദന സരസ്വതി, വിവേകാനന്ദസ്വാമികൾ, പ്രഫ. ബാലകൃഷ്ണൻ നായർ,  ശ്രീ എം ദാമോദരൻ, നിഘിലാനന്ദസ്വാമി, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ, പ്രെഫസ്സർ തുറവൂർ വിശ്വംഭരൻ എന്നിവർ. എതിനെല്ലാം ഉപരിയായി എന്‍റെ  ബാല്ല്യകാല ഗുരുക്കന്മാരായി ഞാൻ കരുതുന്ന രണ്ടു ‘നാരായണ’ന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ‘നാരായണ’ന്മാർ രണ്ടും ഒരു കാലത്തു തൊടുകയും തീണ്ടുകയും പാടില്ലാ എന്നുമാത്രമല്ല ദൃഷ്ടിയില്പ്പോലും പെടാൻ പാടില്ലാ എന്നു കരുതപ്പെട്ടിരുന്ന സമുദായങ്ങളിലെ അംഗങ്ങാളായിരുന്നു എന്ന അസത്യമായ സ്ത്യവുംഞാൻ എവിടെ സ്മരിക്കുന്നു. തന്നെയുമല്ല അതിൽ ഒരു നാരായണൻ യാതൊരുവിധമായ വിദ്യാഭ്യാസവും ഇല്ലത്തയാളും രണ്ടാമത്തെ നാരായണൻ വെറും പത്താം തരം വരെ മാത്രം പഠിച്ച എന്‍റെ ഒരു സഹപാഠിയും ആയിരുന്നു. ഇവരിൽ നിന്നെല്ലാം കിട്ടിയവയോടൊപ്പം എന്‍റെ  മൻസ്സിൽ തോന്നിയ ചില ആശയങ്ങളും ചേർത്തു് എഴുതി. ചുരുക്കിപ്പറഞ്ഞാൽ ഇതെല്ലാം ഒരു കട്ട് ആൻഡ് പേസ്റ്റ്ആണെന്നു പറയാം. അല്പം ആത്മീയത കലർത്തി പറഞ്ഞാൽ നാമെല്ലാം (ഈ അഘിലാണ്ഡം മുഴുവനും തന്നെ)  ഒരു തരം കട്ട് ആൻഡ് പേസ്റ്റ്അണല്ലോ!
 
ഉപചാരപൂവ്വം, സ്നേഹപൂവ്വം,

ഉദയഭാനു.

© ഉദയഭാനു പണിക്കർ - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.

2 അഭിപ്രായങ്ങൾ:

  1. പണിക്കര്‍ ചേട്ടാ, ലേഖനം അസ്സലായി. യോഗവാസിഷ്ഠത്തിലും മറ്റും മുപ്പത്തി രണ്ടായിരം ശ്ലോകങ്ങള്‍ കൊണ്ട് പറയാന്‍ ശ്രമിക്കുന്നതാണ് ചേട്ടന്‍ ഈ ചെറിയ ലേഖനത്തിലൂടെ പറഞ്ഞു വച്ചത്. അതാണ്‌ ശ്രീ നാരായണ ഗുരുവിന്റെ മഹത്വം. നാല് വരികളില്‍ 'നാന്മറ നേരുകള്‍ ' പറയുന്നതാണവിടുത്തെ മഹിമ. കാരണം "ആരായുകില്‍ തിരകള്‍ നീരായിടും ' എന്നാണല്ലോ ഗുരു നമ്മെ മനസ്സിലാക്കിയത്. നല്ലൊരു പ്രഭാതം തന്നതിന് നന്ദി. ഇനി 'ലോകകല്യാണാര്‍ത്ഥം, ഉദരനിമിത്തമായ' ജോലിക്ക് പോവുക തന്നെ. കാരണം കര്‍മ്മരാഹിത്യം അസാദ്ധ്യമാണല്ലോ.
    സസ്നേഹം സുകുമാര്‍

    മറുപടിഇല്ലാതാക്കൂ
  2. “ആരും ഒരിക്കലും - ക്ഷണനേരം പോലും, കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. എന്തെന്നാൽ, പ്രകൃതിയിൽ നിന്നുണ്ടായ ഗുണങ്ങളിൽ എല്ലാവരും അസ്വതന്ത്രരായിട്ട് കർമ്മം ചെയ്യിക്കപ്പെടുന്നു.” നന്ദി സുകു. നമുക്കു കർമ്മം ചെയ്തുകൊണ്ടേ ഇരിക്കാം.

    മറുപടിഇല്ലാതാക്കൂ