2013, മേയ് 4, ശനിയാഴ്‌ച

ഗുരുദേവൻ അരുളിച്ചെയ്ത ഏകത്വവും ഉപനിഷത്തുക്കളിലെ ഏകത്വവും.



© ഉദയഭാനു പണിക്കർ
ആത്മീയത സാർവ്വലൗകികതയിൽ അധിഷ്ടിതമായിരിക്കുന്നു. അവിടെ എല്ലാവരേയും എല്ലാത്തിനേയും ഒന്നായിക്കാണുന്നു. മനുഷ്യനേയും  മൃഗങ്ങളേയും സർവ്വചരാചരങ്ങളേയും; മതങ്ങളിൽ അങ്ങിനെയല്ല. അവയിൽ (മതങ്ങളിൽ), അവയുടെ സ്ഥാപകന്റെ അഥവാ ആരേ ആരാധ്യനായി സ്വീകരിക്കപ്പെട്ടിരിക്കുന്നുവോ ആ വ്യക്തിത്വത്തെ അല്ലെങ്കിൽ മഹാത്മാവിന്റെ ഉപദേശങ്ങളെ മാത്രം സ്വീകരിക്കുന്നു; അവയെ മാത്രം അനുസരിക്കുന്നു, ചട്ടങ്ങളായി. അവിടെ ചിന്തയ്ക്കോ വിശകലനത്തിനോ അവസരമില്ല. വെറും അനുസരണം മാത്രം. മിക്ക മതങ്ങളും അവയിലുള്ളവരുടെ അഥവാ അവയിൽ വിശ്വസിക്കുന്നവരുടെ മാത്രം ഏകത്വത്തിൽ വിശ്വസിക്കുന്നു. അവരെല്ലാം തുല്ല്യർ മറ്റുള്ളവർ വ്യത്യസ്ഥർ.

ഭാരതത്തിന്റെ അത്മീയത ഉപനിഷത്തുക്കളിലാണുള്ളത്. അവയിലൊരിടത്തും അതിനെ സ്വീകരിച്ചിരിക്കുന്നവർക്കു മാത്രമേ ഏകത്വം ഉള്ളൂ എന്നു പറയുന്നില്ല. അവിടെ ഈശാവാസ്യോപനിഷത്ത്  പറയുന്നത് ഈശ്വാവാസമിദം സർവ്വംഎന്നാണു്; സർവ്വതും ഈശ്വരനാൽ മൂടപ്പെട്ടതാകുന്നു. മറ്റൊരു വിധം പറഞ്ഞാൽ ഈ ലോകത്തുള്ളതു സർവ്വതും ഈശ്വരനാണ്, അതൊന്നു മാത്രമേ നിത്യമായുള്ളൂ, മറ്റുള്ളതെല്ലാം വന്നും പോയും ഇരിക്കും; ആ ഒന്ന് മാത്രമേ സത്യമായതുള്ളൂ.

ബ്രഹ്മാണ്ഡമെല്ലാം നയിക്കപ്പെടുന്നത് ഏതൊരു പ്രജ്ഞാനത്താലാണോ ആ പ്രജ്ഞാനം ബ്രഹ്മമാകുന്നു; പ്രജ്ഞാനം ബ്രഹ്മ”. ന്നു് ഐതരേയോപനിഷത്തു പറയുന്നു. അതായത്  ജഗത്ത് എല്ലാം തന്നെ ബ്രഹ്മമാകുന്നു അഥവാ ഈശ്വരനാകുന്നു.

സർവ്വം ഖല്വിദം ബ്രഹ്മ തജ്ജലാനിതി”, അതായത്അതിൽ നിന്നും ജനിക്കുകയും അതിൽതന്നെ ലയിക്കുകയും ചെയ്യുന്ന ജഗത്ത് എല്ലാം തന്നെ ബ്രഹ്മം തന്നെയാകുന്നു’. ഇതാണു് ഛന്ദോഗ്യോപനിഷത്തു പറയുന്നത്. അപ്പോൾ ഈ "ഞാൻ" "ഞാൻ" എന്നു നാമെല്ലാം പറയുന്ന ആത്മാവും ബ്രഹ്മം ആകുന്നു. അതെ, അതാണല്ലോ അയം ആത്മ ബ്രഹ്മഎന്ന് മാണ്ടൂകോപനിഷത്തിൽ പറയുന്നത്. അതായത് ആത്മാവ് ബ്രഹ്മം ആകുന്നു

അങ്ങിനെയൊക്കെയെങ്കിൽ ആ ആത്മാവും ആത്മാവും ബ്രഹ്മം തന്നെ. അതായത്, ഞാനും നിങ്ങളും ബ്രഹ്മം തന്നെ. അതാണല്ലോ “അഹം ബ്രഹ്മാസ്മി” ഞാൻ ബ്രഹ്മം ആകുന്നു എന്നു് ബൃഹദാരണ്യകോപനിഷത്തും;തത് ത്വമസി”; നീ അതുതന്നെയാകുന്നു എന്നു ഛന്ദോഗ്യോപനിഷത്തും പറയുന്നത്.

ചുരുക്കത്തിൽ പറഞ്ഞ്ഞ്ഞാൽ നിങ്ങളും, അവരും, മറ്റുള്ളവരും, മറ്റുള്ളവയും, ഞാനും എല്ലാം ഒരേ ബ്രഹ്മം തന്നെ. അതായത് ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു്. “നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും; “സൃഷ്ടിക്കുള്ള സാമഗ്രിയായതും. രൂപത്തിലും ഭാവത്തിലും ഗുണത്തിലും വ്യത്യസ്ഥമെങ്കിലും എല്ലാം ഒന്നു തന്നെ, മനുഷ്യൻ മാത്രമല്ല, സകലചരാചരങ്ങളും.       

ഇതിനെയെല്ലാം തെറ്റായി വ്യാഖ്യനിച്ചും പ്രചരിപ്പിച്ചും പലരും പലതും നേടാൻ ശ്രമിക്കുന്നു, അന്നു ഇന്നും. എതിർത്തും, എതിർക്കാതെയും, പിന്താങ്ങിയും; ഭൂരിപക്ഷവും ഇതു ചെയ്യുന്നതോ, സ്വാർദ്ധലാഭത്തിനു വേണ്ടിയും. മനുഷ്യനിലെ മാത്രം അല്ല സകല ചരാചരങ്ങളിലേയും ഏകത്വത്തെക്കാണാൻ ഉത്ബോധിപ്പിക്കുന്ന, ആ ഏകത്വത്തെ തുറന്നു കാട്ടുന്ന ഗുരുദേവന്റെ ദൈവദശകം തന്നെ, ഒരുവിഭാഗം ജനങ്ങളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുരചിക്കപ്പെട്ടതാണെന്നുപോലും വ്യാഖാനിക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
ജയിയ്ക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ഔം ശാന്തിഃ ശാന്തിഃ ശാന്തിഃ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ