2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

“പ്രതിപത്തിയറ്റു - സത്ത് - ഔം - ഇതി മൃദുവായ് - മൃദുവായമർന്നിടേണം!”



© ഉദയഭാനു പണിക്കർ

ഈ ശരീരം  ഏതാനും  നാളുകളിലേയ്ക്ക്   ഈ ലോകത്തു്  അറിയപ്പെടാനുള്ള  ഒരു  അടയാളം  മത്രമാണു്.    അടയാളം  തിരിച്ചറിയാനുള്ള  ഒരു  സംജ്ഞ;  അതു  മാത്രമാണീ  നാമം.    രൂപത്തോടുമാത്രം  ബന്ധപ്പെട്ടിരിക്കുന്ന  നാമം;  അതിനുമുമ്പും  പിന്‍പും  ഇതിനു രണ്ടിനും  നിലനില്പ്പില്ല.   അതിനാലാണ്  ഇവയെ  “മായ”  എന്നറിയപ്പെടുന്നതും.   “എന്റെ”  നാമവും  “എന്റെ”  രൂപവും   ഞാനുമായുള്ള - (ഓരോ ഞാനുമായുള്ള - നാമോരോരുത്തരുമായുള്ള)  ബന്ധവും  ഏതാനും  ദിനങ്ങൾക്കുമാത്രം,  അനാദിയായ  കാലവുമായി  താരതാമ്യം  ചെയ്യുമ്പോൾ  വെറും  ക്ഷണങ്ങൾ  മാത്രം.  മായയില്‍  നിന്നും  മോചനം  നേടുകയാണു  ലക്ഷ്യം. 

മായയില്‍  നിന്നും  മോചിതരായി - അതിനെ  അതിജീവിച്ചു;    പരമാത്മാവിലേക്കുള്ള  അനന്ന്യ  ഭക്തിയിൽ  ലയിക്കുകയാണാവശ്യം,  അതാണു  ജീവിതലക്ഷ്യം.  അതാണു  ജീവാത്മക്കളുടെയെല്ലാം  അന്തിമലക്ഷ്യം.  മോക്ഷോപാധികളില്‍  ഏറ്റവും  ഉത്തമം  അനന്യ  ഭക്തിയാണു.  പരമാത്മാവിലുള്ള  അനന്യ ഭക്തി.  പരമാത്മാവു  തന്നെയാണു  ഗുരു,  ഗുരുതന്നെ  ഗുരുദേവനും.    സത്യങ്ങള്‍  മനസ്സിലാക്കാൻ  ജ്ഞാനവും,    ജ്ഞാനത്തിന്റെ  വിജ്ഞാനീകരണവും  അവശ്യം  ആവശ്യമാണുതാനും.  ജ്ഞാനവിജ്ഞാനത്തിന്റെ  പാതയിലെ  പ്രതിബന്ധങ്ങളാണു  നാമരൂപങ്ങൾ.  അവയെ  വെറും  തല്‍ക്കാലിക  അടയാളങ്ങൾ  മാത്രമായിക്കാണുക.  അവയോടു്  പ്രതിപത്തിയോ  വിപ്രതിപത്തിയോ  പാടില്ല.  അവ   ബന്ധങ്ങൾ  ആണെന്നോര്‍ക്കുക;  ബന്ധങ്ങള്‍  ബന്ധനങ്ങളും.

പ്രതിപത്തി  അഭിമാനത്തിനും  വിപ്രതിപത്തി  കോപത്തിനും  കാരണമാകും.  രണ്ടും  ആനന്ന്യഭക്തിക്കു  പ്രതിബന്ധങ്ങളാകും.  ഇവ  പരമാത്മാവിലേക്കുള്ള  പ്രായാണത്തിനു   വിലങ്ങുതടിയും  ആകുമെന്നതിനു  സംശയം  വേണ്ടാ.  എന്നാല്‍  ഇവയിൽ  വിരക്തി നേടിയാൽ   ഇവയെത്തന്നെ    പരമാത്മാവിലേക്കുള്ള  പ്രായാണത്തിനുള്ള  ഉപാധിയും  ആക്കാം. 

രൂപനാമങ്ങളിലുള്ള  ആകര്‍ഷകതയെ,  അഭിവാഞ്ചയെ  “ഞാനെ”ന്നും  “എന്റേ”തെന്നും  ഉള്ള  പ്രേമത്തെ   പരമാത്മാവിലേക്കുള്ള  പ്രേമമായി  തിരിച്ചു  വിടുക.  അപ്പോള്‍  അതു  ഭക്തിയാകും.  സര്‍വ്വതും   പരമാത്മാവിനുള്ള  അര്‍പ്പണമായി;  സര്‍വ്വകര്‍മ്മങ്ങളും  ചെയ്യുക.   അതും  അനന്ന്യഭക്തിതന്നെയാണ്.         

"  പരമാത്മസ്വരൂപത്തെ  അറിയാനും  കാണാനും  മാത്രമല്ല,  അതുമായി  ചേരാനും  (തന്മയീഭവിക്കാനും)  അനന്യഭക്തികൊണ്ടു  സാദ്ധ്യവുമാണു";  എന്നു   ഗീതപറയുന്നു.  പരമാത്മദര്‍ശനം  മാത്രമല്ല,    പരമാത്മാവില്‍  തന്മയീഭവിക്കാനും    അനന്ന്യഭക്തി  തന്നെയാണാധാരം.  പരമാത്മാവില്‍  സ്വവ്യക്തിത്വം;    “ഞാനെന്ന  ഭാവം”,  എന്റേതെന്ന”  അഹന്ത  വിലയിക്കുമ്പോൾ  അവ  രണ്ടും  മാറി  എല്ലാം  ഞാൻ  തന്നെ;  "അഹം  ബ്രഹ്മാസ്മി" എന്നനുഭവപ്പെടും.

അപ്പോൾ  സ്വന്തം  പേരിനോടൊപ്പമോ  സഹജീവികളുടെ  പേരിനോടൊപ്പമോ  "നമ്പൂതിരി"  ഉണ്ടായാലും  ഇല്ലാതിരുന്നാലും;  "തമ്പുരാന്‍"  ഉണ്ടായിരുന്നലും  ഇല്ലാതിരുന്നാലും;  "നായര്‍"  ഉണ്ടായാലും  ഇല്ലാതിരുന്നാലും;  "കുറവന്‍"  ഉണ്ടായാലും  ഇല്ലാതിരുന്നാലും;  "പറയന്‍"  ഉണ്ടായാലും  ഇല്ലാതിരുന്നാലും;  “പണിക്കർ”  ഉണ്ടായിരുന്നാലും  ഇല്ലെങ്കിലും”  അനുഭവം  ഒന്നുതന്നെയാകും.   ഭഗവാനും,  ഗുരുവും  ഒന്നുതന്നെ  എന്ന  ബോധവും  ഉണ്ടാകും.  നാമും    ഏകത്ത്വത്തിന്റെ  തന്നെ  ഭാഗം  എന്നും  മനസ്സിലാകും.  അപ്പോള്‍  വ്യത്യസ്ഥങ്ങളായ  മറ്റു  നാമരൂപങ്ങളും   ഇല്ലാതെയാകും.  അതാണു  ഭക്തിയുടെ  പാരമ്മ്യത.  അതാണു  മോക്ഷം.

  പാരമ്മ്യതയിലെത്താൻ  വിഷയാഭിമുഖ്യവും   ശരീരാനുഭവങ്ങളും  വെടിയണം.  ഇന്ദ്രീയാനുഭൂതികളും  വെടിയണം.  വെടിഞ്ഞു്  അന്തര്‍മുഖമായി  സ്വസ്വരൂപം    തേടണം.  നാനത്ത്വമായിക്കാണുന്ന    അഘിലാണ്ഡത്തിൽ   അനുസ്യൂതമായി  പ്രവഹിക്കുന്ന;    അഘിലാണ്ഡം  മുഴുവനും  വര്‍ത്തിക്കുന്ന;    ഏകത്ത്വത്തിൽ  അനന്യമായ  സകല  നാമരൂപങ്ങളേയും  ഭഗവത്  പ്രേമമായി  അര്‍പ്പിക്കുക.  അങ്ങനെ  അര്‍പ്പിക്കുമ്പോൾ  എല്ലാം  ഒന്നാണെന്ന  ജ്ഞാനം  ഉണ്ടാകും;  ഒന്നായിത്തോന്നും.    ജ്ഞാനം  വിജ്ഞാനമാകുമ്പോൾ   എല്ലാം  ഒന്നായി  അനുഭവപ്പെടും.  അര്‍ത്ഥമില്ലാത്ത  നാമരൂപങ്ങൾ   അപ്രത്ത്യക്ഷമാകും.  ഭഗവാന്‍  ആരെന്നറിയും.  സകലത്തിനും  ആധാരമായ    പരബ്രഹ്മം  പ്രത്യക്ഷീഭവിക്കും.

"പരബ്രഹ്മാര്‍പ്പണമായി  സർവ്വകർമ്മങ്ങളും  ചെയ്യുന്നവനും  പരമാത്മാവിനെത്തന്നെ  പരമാശ്രയമായി  കരുതുന്നവരും    എന്നാല്‍  പരമപ്രേമത്തോടുകൂടിയവരും  മറ്റൊന്നിനോടും    ബന്ധം  ഇല്ലാത്തവരും  ഒരു  ജീവിയുടെ  നേരേയും   ദ്വേഷബുദ്ധിയില്ലാത്തവനും  ആരോ,  അവന്‍  പരബ്രഹ്മത്തെ  പ്രാപിക്കുന്നു.  ഇതും  ഗീത  പറയുന്നു. 

ഇങ്ങനെ  അതും  ഇതും  ഞാനല്ലാ,  അതായതു  ജഢമായതൊന്നും  ഞാനല്ല,  മറ്റാരുമല്ല,  മറ്റൊന്നുമല്ല,  എന്നാല്‍  എല്ലാമായതു്    സച്ചിദാനന്ദസ്വരൂപമായ  പരമാത്മാവുതന്നെയാണെന്നുള്ള  സത്യം  തെളിഞ്ഞു  അതിൽ  ഏകാഗ്രത  നേടി,  ഉണ്ടു്”,  “ഇല്ല”,   എന്നിങ്ങനെയുള്ള  സാപേക്ഷാനുഭവങ്ങളിൽ  നിന്നും   പൂര്‍ണ്ണവിരക്തരായി   സത്തായ  അഥവാ  നിത്യസത്യമായ  ബ്രഹ്മത്തിന്റെ  പ്രതീകമായ  പ്രണവത്തെ  ഉപാസിച്ചു്  മൃദുവായി, പതിയെപ്പതിയെ    അഖണ്ഡബോധത്തിൽ  ലയിച്ചു് ഒന്നാകണം  എന്നാണു്  ഗുരുദേവൻ  അരുളിച്ചെയ്യുന്നതു്.

അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം!